Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി മോഹൻദാസിന് ഇനി അധികനാൾ ആക്ടിങ് ചെയർമാനായി തുടരാൻ കഴിയില്ല; ശ്രീജിത്ത് വിഷയത്തിലെ വിവാദ പ്രസ്താവനയോടെ പുതിയ ചെയർമാനെ കണ്ടെത്താൻ തീവ്ര പ്രയത്‌നം ആരംഭിച്ച് സർക്കാർ; ജസ്റ്റിസ് ആന്റണി ഡൊമനിക് വിരമിച്ചാലുടൻ പദവി ഏറ്റെടുത്തേക്കും

പി മോഹൻദാസിന് ഇനി അധികനാൾ ആക്ടിങ് ചെയർമാനായി തുടരാൻ കഴിയില്ല; ശ്രീജിത്ത് വിഷയത്തിലെ വിവാദ പ്രസ്താവനയോടെ പുതിയ ചെയർമാനെ കണ്ടെത്താൻ തീവ്ര പ്രയത്‌നം ആരംഭിച്ച് സർക്കാർ; ജസ്റ്റിസ് ആന്റണി ഡൊമനിക് വിരമിച്ചാലുടൻ പദവി ഏറ്റെടുത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പദവി വഹിക്കുന്ന പാലാട്ട് മോഹൻദാസിനെ തുരത്താനുറച്ച് സർക്കാർ. വരാപ്പുഴ കസ്റ്റഡി മരണത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മോഹൻദാസിനെ തൽസ്ഥാനത്തു നിന്നും ഒഴിവാക്കി പുതിയ ചെയർമാനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിനകം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിരമിച്ച ജസ്റ്റിസുമാരെ സമീപിച്ചെങ്കിലും മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി കേരളത്തിലെത്താൻ ആർക്കും താൽപര്യവുമില്ല. പ്രധാനമായും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് തീർപ്പ് കൽപ്പിക്കേണ്ടതിനാൽ ഭാഷ പ്രശ്നമാകുന്നതിനാലും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലും സമീപിച്ചവരെല്ലാം ഒഴിഞ്ഞുമാറി.

ഇതേത്തുടർന്ന് നിലവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ പദവി ഒഴിഞ്ഞാലുടൻ തൽസ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും അടുത്ത മാസം വിരമിക്കുന്ന ആന്റണി ഡൊമനിക്കിനെ പുതിയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് ആന്റണി ഡൊമനിക്കുമായി ആശയവിനിമയം നടത്തിയെന്നും അനുകൂല നിലപാട് അദ്ദേഹം സ്വീകരിച്ചുവെന്നും സൂചനയുണ്ട്.

2016 സെപ്റ്റംബർ നാലിന്് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി അഞ്ചുവർഷം പ്രവർത്തിച്ചതിനു ശേഷം ജസ്റ്റിസ് ജെ.ബി കോശി പടിയിറങ്ങിയത്. അതിനുശേഷം യോഗ്യതയുള്ള മലയാളികൾ ഇല്ലാത്തതിനാൽ രണ്ടംഗങ്ങളിൽ നിന്നു ജില്ലാ ജഡ്ജിയായിരുന്ന പി. മോഹനദാസിനെ കമ്മിഷൻ ആക്ടിങ് ചെയർമാനായി ഗവർണർ നിയമിക്കുകയായിരുന്നു.

ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാരിനെതിരേ പല കേസുകളിലും മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നുവെങ്കിലും മലയാളികളായ ജസ്റ്റിസുമാരെ ലഭിക്കാത്തതിനാൽ മോഹനദാസിനെ തുടരാൻ അനുവദിക്കുകയായിരുന്നു. എന്നാൽ വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും പ്രസ്താവനകളും മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ചൊടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ധൃതിയിൽ പുതിയ ചെയർമാനെ പ്രതിഷ്ടിക്കാൻ തീരുമാനിച്ചതും തിരഞ്ഞിറങ്ങിയതും.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനമാണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തുന്നതിന് വ്യക്തമായ മാനദണ്ഡമുണ്ട്. 70 വയസിൽ താഴെയുള്ള ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവരെ മാത്രമേ കമ്മിഷൻ ചെയർമാൻ പദവിയിലേക്ക് നിയമിക്കാവൂ എന്നാണ് ചട്ടം. ചെയർമാനായി എത്തുന്ന വ്യക്തി 70ാമത്തെ വയസിൽ വിരമിക്കണമെന്ന ചട്ടവും നിലവിലുണ്ട്.

മനുഷ്യാവകാശ കമ്മിഷനിൽ ഓരോ വർഷവും കേസുകളുടെ എണ്ണം കൂടിവരികയാണ്. 2011ൽ 5,000 കേസുകൾ മാത്രമാണ് ഫയൽചെയ്തിരുന്നത്. 2012ൽ 7,489, 2013ൽ 9,144 എന്നിങ്ങനെ കേസുകൾ വർധിച്ചു. 2014ലും 2015ലും 13,000കേസുകളുണ്ടായി. 2016ലും 17ലും ഇത് 15,000 കടന്നു. രണ്ടംഗങ്ങൾ മാത്രമുള്ള കമ്മിഷൻ ഏറെ ബുദ്ധിമുട്ടിയാണ് പ്രവർത്തിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന് സൗകര്യമുള്ള കെട്ടിടമില്ല. ഓഫിസിലാകട്ടെ ആവശ്യത്തിന് കംപ്യൂട്ടറോ ഉദ്യോഗസ്ഥരോ മറ്റു സൗകര്യങ്ങളോ സർക്കാർ ഒരുക്കിയിട്ടുമില്ല. പുതിയ ചെയർമാൻ വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP