Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറാം പിറന്നാൾ ആഘോഷത്തിനെത്തുന്നവരുടെ 'ആദരവ്' സഹിക്കാനാകാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പൊട്ടിത്തെറിച്ചു; പണി കിട്ടിയത് ചുങ്കത്ത് ഗ്രൂപ്പുകാർക്ക്

നൂറാം പിറന്നാൾ ആഘോഷത്തിനെത്തുന്നവരുടെ 'ആദരവ്' സഹിക്കാനാകാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പൊട്ടിത്തെറിച്ചു; പണി കിട്ടിയത് ചുങ്കത്ത് ഗ്രൂപ്പുകാർക്ക്

കൊച്ചി: ഇതു കുറച്ചു കടന്നുപോകുന്നില്ലേ എന്ന് 'സദ്ഗമയ'യിലുള്ളവർ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാൽ 'ആദരിച്ചു സ്‌നേഹിക്കാനെ'ത്തുന്നവർ ഇതൊന്നും കാര്യമായി എടുക്കുന്നേയില്ലെന്നതാണ് സത്യം. നൂറാം പിറന്നാളിന്റെ പേരിൽ ആഘോഷക്കോപ്രായങ്ങൾ കാട്ടുന്നതിൽ സഹികെട്ട് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഒടുവിൽ പൊട്ടിത്തെറിച്ചപ്പോഴാണ് പലർക്കും ബോധോദയമുണ്ടായത്.

ഈ നിയമജ്ഞന്റെ നൂറാം പിറന്നാൾ പ്രമാണിച്ചാണ് കൊച്ചിയിൽ അദ്ദേഹത്തിന്റെ 'സദ്ഗമയ'യെന്ന വീട്ടിൽ വിവിധ സംഘടനകൾ ആദരിക്കാനെത്തുന്നത്. മന്ത്രിമാരുടെയും മറ്റു പ്രമുഖരുടെയും ആശംസാപ്രവാഹം കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് 'മീഡിയ മാനിക്കു'കൾ രംഗപ്രവേശം ചെയ്തത്. ഒന്നു വിശ്രമിക്കാൻ പോലും ജസ്റ്റിസ് കൃഷ്ണയ്യരെ അനുവദിക്കാതെയാണ് ആദരിക്കലും ആഘോഷവുമെന്ന പേരിൽ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനെത്തുന്നവരുടെ തള്ളിക്കയറ്റം.

കൃഷ്ണയ്യർക്ക് പൂക്കൾ സമ്മാനിച്ച് ഫോട്ടോയെടുക്കാൻ മാത്രമായി നിരവധി പേരാണ് സദ്ഗമയയിലേക്ക് ഇന്നലെ എത്തിയത്. ആദ്യമാദ്യം കൃഷ്ണയ്യർ എല്ലാവരെയും സ്വീകരിച്ചു. എന്നാൽ വയ്യായ്കകൾ മറന്നും ചിലർ മാദ്ധ്യമശ്രദ്ധ നേടാൻ എത്തിയതോടെ അദ്ദേഹത്തിന് നിയന്ത്രണം വിട്ടു. ഒടുവിൽ സഹികെട്ടു ജസ്റ്റിസ് കൃഷ്ണയ്യർക്കു ആഘോഷത്തിനെത്തിയവരോടു കയർത്തു സംസാരിക്കേണ്ടിയും വന്നു.

കഴിഞ്ഞ ദിവസം കേക്കുമുറിച്ച് ഫോട്ടോയെടുപ്പിനെത്തിയ ചുങ്കത്ത് ഗ്രൂപ്പുകാരോടാണ് കൃഷ്ണയ്യർ കയർത്തു സംസാരിച്ചത്. അദ്ദേഹത്തിന്റെ ചിത്രം പതിച്ചിട്ടുള്ള ഭീമൻ കേക്കുമായാണ് ചുങ്കത്ത് ഗ്രൂപ്പുകാർ എത്തിയത്. ഇതുമുറിക്കാൻ വലിയ വാൾപോലുള്ള കത്തിയും കൃഷ്ണയ്യരുടെ കൈയിൽ പിടിപ്പിച്ചു. അവശതകൾ കൊണ്ട് ആ വലിയ കത്തി കൈയിൽ പിടിക്കാൻ അയ്യർക്ക് ആകുമായിരുന്നില്ല. എന്നിട്ടും കത്തി പിടിപ്പിച്ച് ഫോട്ടോ ഗ്രാഫറെ അടക്കം ശരിയാക്കി നിർത്തി. എന്നാൽ കേക്കിൽ തന്റെ ചിത്രവും കണ്ടതോടെ കൃഷ്ണയ്യർ ഒരു നിമിഷം സ്തംഭിച്ചു. ചുറ്റുപാടുമുള്ള ആൾത്തിരക്കും എല്ലാകൂടിയായപ്പോൾ അദ്ദേഹം കുപിതനായി. തുടർന്ന് അദ്ദേഹം കേക്ക് മുറിക്കില്ലെന്ന് പ്രഖ്യാപിച്ച് തിരികെ തന്റെ മുറിയിലേക്ക് പോകുകയായിരുന്നു. ഇതോടെ 'മീഡിയാ മാനിയാക്കുകളും' ഇളിഭ്യരായി.

നൂറാം വയസ്സിലും ഊർജസ്വലനായിരിക്കുന്ന കൃഷ്ണയ്യർക്ക് ചെറുതല്ലാത്ത ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഈ അവസ്ഥയിൽ പിറന്നാൾ ആഘോഷത്തിന്റെ അപ്പോസ്തലന്മാരാകാൻ വിവിധ സംഘടനകൾ മത്സരിക്കുമ്പോൾ അത് അദ്ദേഹത്തിന് ഒരുതരത്തിൽ പീഡനം തന്നെയാണ്. എന്തായാലും പിറന്നാൾ ആഘോഷങ്ങൾ മതിയെന്നും കൃഷ്ണയ്യർക്ക് കുറച്ച് വിശ്രമം വേണമെന്നുമാണ് കുടുംബാംഗങ്ങളും സദ്ഗമയയിൽ ഉള്ളവരും ഇപ്പോൾ പറയുന്നത്. ഇത് പറയുമ്പോഴും സദ്ഗമയയിലേക്ക് വിവിധ തുറകളിലുള്ളവർ പ്രവഹിക്കുകയാണ്. നൂറാം വയസ്സിലെത്തിയ ഒരു മനുഷ്യനെ ആദരിച്ചു പീഡിപ്പിക്കാൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP