Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാട്ടുപോത്തുകളെ ഗണേശ് വെളിപ്പെടുത്തുമോ? ഉന്നമിടുന്നത് ഐപിഎസുകാരനേയും ഐഎഎസുകാരിയേയും; അഴിമതി ആരോപണങ്ങളുടെ മൂർച്ചയറിഞ്ഞ് പ്രതികരിക്കാൻ പ്രതിപക്ഷം; കരുതലോടെ മുഖ്യനും ആഭ്യന്തരമന്ത്രിയും

കാട്ടുപോത്തുകളെ ഗണേശ് വെളിപ്പെടുത്തുമോ? ഉന്നമിടുന്നത് ഐപിഎസുകാരനേയും ഐഎഎസുകാരിയേയും; അഴിമതി ആരോപണങ്ങളുടെ മൂർച്ചയറിഞ്ഞ് പ്രതികരിക്കാൻ പ്രതിപക്ഷം; കരുതലോടെ മുഖ്യനും ആഭ്യന്തരമന്ത്രിയും

ബി രഘുരാജ്

തിരുവനന്തപുരം: നിയമസഭ നാളെ സമ്മേളിക്കുമ്പോൾ കെ ബി ഗണേശ് കുമാറിന്റെ നിലപാടുകളാകും ശ്രദ്ധേയം. സംസ്ഥാനത്തെ രണ്ട് അഴിമതിക്കാരായ മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുവിവരം നിയമസഭയിൽ പ്രഖ്യാപിക്കുമെന്നാണ് ഗണേശ് കുമാർ സഭ തുടങ്ങുന്നതിന് മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാർകോഴയിൽ സഭ തുടർച്ചയായി പ്രതിപക്ഷം സ്തംഭിപ്പിച്ചതിനാൽ ഗണേശിന് അതിനുള്ള അവസരം കിട്ടിയില്ല. ബാർ കോഴയിൽ ഹൈക്കോടതി നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ നാളെ എന്തായാലും പ്രതിപക്ഷം സഭയിൽ നിലപാട് കടുപ്പിക്കില്ല. കോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ വിജിലൻസ് നിലപാട് വരും വരെ കാത്തിരിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ഗണേശിന്റെ പ്രഖ്യാപനത്തിനായി സഭയിൽ കാതോർക്കുകയാകും പ്രതിപക്ഷം ചെയ്യുക.

രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ. ഇവർ രണ്ടും ഐഎസ്എസുകാരെന്നാണ് ആദ്യ സൂചനകൾ പുറത്തുവന്നത്. ഗണേശിന്റെ കുടുംബത്തിൽ രണ്ട് ഐഎഎസുകാരുണ്ട്. സഹോദരിമാരുടെ ഭർത്താക്കന്മാരാണ് ഇരുവരും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന കെ മോഹൻദാസും അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണനും. ഇതിൽ കെ മോഹൻദാസ് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലാണ്. ബാലകൃഷ്ണനാകട്ടേ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ സംരഭങ്ങളുടെ നായകനായി വിരമിച്ച ശേഷവും സജീവമാണ്. അതുകൊണ്ട് തന്നെ രണ്ട് ഉദ്യോഗസ്ഥരുടെ പേര് ഗണേശ് കുമാർ അഴിമതിയുമായി ബന്ധപ്പെട്ട് ഉയർത്തിയപ്പോൾ അത് അഭ്യൂഹങ്ങളും ശക്തമാക്കി. അതിന് കാരണങ്ങളുമുണ്ട്. ഇതിനിടെയാണ് അടുത്ത സുഹൃത്തുക്കളോട് കുടുംബത്തിലെ ആരേയും ലക്ഷ്യവച്ചല്ല തന്റെ വെളിപ്പെടുത്തലെന്ന് വ്യക്തമാക്കിയത്. 

ഇവരോട് ചില സൂചനകളും ഗണേശ് പങ്കുവച്ചിട്ടുണ്ട്. ഐഎഎസുകാരൻ മാത്രമല്ല, ഐപിഎസുകാരനും രണ്ടു പേരിൽ ഉൾപ്പെടുമത്രേ. പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്ന സർക്കാർ ഇവരുടെ അനധികൃത സ്വത്തിനേയും ഇടപാടുകളേയും കുറിച്ച് അന്വേഷിക്കുമോ എന്നതാകും ഉയർത്തുന്ന ചോദ്യം. എഡിജിപി റാങ്കിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐപിഎസുകാരനെയാണ് ഗണേശ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഈ ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളിൽ എന്തുകൊണ്ട് സർക്കാർ നടപടി എടുക്കുന്നില്ലെന്നാകും ഉയർത്തുന്ന ചോദ്യം. നിയമസഭയിൽ പ്രശ്‌നം വരുന്നതിനാൽ ഈ പൊലീസുകാരനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർബന്ധിതമാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതൃത്വത്തെയൊന്നും പ്രതിക്കൂട്ടിൽ നിർത്താതെയാകും ഈ ആക്ഷേപം ഗണേശ് ഉന്നയിക്കുക.

ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് കേഡറിലെ വനിതാ ഉദ്യോഗസ്ഥയാകും നിയമസഭയിൽ ഗണേശ് ഉയർത്തിക്കാട്ടുക എന്നാണ് സൂചന. കോൺഗ്രസിലെ ഐ ഗ്രൂപ്പിന് ഏറെ താൽപ്പര്യമുള്ള ഉദ്യോഗസ്ഥയാണ് അവർ. മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങൾക്ക് എന്നും പ്രിയങ്കരി. വിദേശ യാത്രാ വിവാദങ്ങളിൽ മന്ത്രിക്കൊപ്പം ഉയർന്നു കേട്ട പേരുകാരികൂടിയാണ് ഇവർ. അഴിമതിയിലൂടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഇവർ സമ്പാദിച്ചെന്നാകും ഗണേശിന്റെ ആരോപണം. ക്വക്ക് വെരിഫിക്കേഷൻ നടത്തി താൻ ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടോ എന്ന് മനസ്സിലാക്കി നടപടി എടുത്താൽ മതിയെന്നും ഗണേശ് ആവശ്യപ്പെട്ടേയ്ക്കും. ഇതിനും ആഭ്യന്തര വകുപ്പ് മന്ത്രി നിർബന്ധിതനാകുമെന്നാണ് സൂചന. ഈ വെളിപ്പെടുത്തുന്ന രണ്ട് പേരുകാരോടും പ്രതിപക്ഷത്തിനുള്ള മമതയും വിശദീകരിക്കാനാണ് സാധ്യത. അങ്ങനെ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കാതെ ഇവർക്കെതിരെ വിജിലൻസ് അന്വേഷണമെന്ന ലക്ഷ്യം നേടാമെന്നാണ് സൂചന.

എഡിജിപി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥനെതിരെ സോളാർ കേസിലെ പ്രതിയായ സരിത എസ് നായരും ആക്ഷേപം ഉന്നയിച്ചിരുന്നു. ഡിജിപി ബാലസുബ്രഹ്മണ്യത്തിന് പരാതിയും നൽകി. പക്ഷേ ഒന്നും സംഭിവിച്ചില്ല. ഈ സാഹചര്യത്തിലാകും ഗണേശ് നിയമസഭയിൽ ഈ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിൽ നിർത്തുകയെന്നും വിലയിരുത്തലുണ്ട്. എന്നാൽ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നവരെ അപഹാസ്യപ്പെടുത്താനാണ് ഈ ആരോപണം ഉയർത്തുന്നതിന് പിന്നിലെന്നാണ് ഗണേശിന്റെ അഭിപ്രായം. പട്ടികയിലുള്ള രണ്ടാമത്തെ ഐഎഎസുകാരിയെ അഴിമതിക്കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസിലെ ഐ ഗ്രൂപ്പിനോടുള്ള കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തിനുള്ള വിരോധംമൂലമാണെന്നും പറയുന്നു. എന്നാൽ തെറ്റുചെയ്തിട്ടില്ലെങ്കിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്തി വിജിലൻസ് വെറുതേ വിടട്ടേ എന്നാണ് ഗണേശിന്റെ വാദം.

നാളെ നിയമസഭയിൽ ഗണേശിന് പേരുകൾ പറയാനുള്ള അവസരം കിട്ടുമോ എന്നതാണ് പ്രസക്തം. സഭയ്ക്ക് പുറത്ത് പറഞ്ഞകാര്യത്തിൽ ഗണേശ് ആയതുകൊണ്ട് ഉറച്ചു നിൽക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തിൽ ഗണേശ് പേരു പറയുമെന്ന് അവർ കരുതുന്നു. ഗണേശിന്റെ വാക്കുകൾ ശ്രദ്ധിച്ച ശേഷമേ ഇക്കാര്യത്തിൽ നിലപാട് എടുക്കൂ. പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്തി ഇവരുടെ പേരു പറഞ്ഞാലും അന്വേഷണം ആവശ്യപ്പെടാൻ തന്നെയാണ് സാധ്യത. അതിനിടെ ഗണേശിന്റെ മനസ്സ് മാറ്റാൻ യുഡിഎഫിൽ നീക്കങ്ങൾ സജീവമാണ്. മന്ത്രി സ്ഥാനം തിരികെ നൽകാത്തതിന്റെ പകവീട്ടലായി ഗണേശിന്റെ നീക്കത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ കേരളാ കോൺഗ്രസ് ബിക്ക് അർഹതപ്പെട്ട മന്ത്രിസ്ഥാനത്തേയും ഇതിനേയും കൂട്ടിക്കുഴക്കേണ്ടെന്നാണ് ഗണേശിന്റെ നിലപാട്. അച്ഛൻ ആർ ബാലകൃഷ്ണപിള്ളയും ഇക്കാര്യത്തിൽ ഗണേശിനെ പൂർണ്ണമായും പിന്തുണയ്ക്കും.

നിയമസഭയ്ക്കുള്ളിൽ രേഖാമൂലം ആർക്കെതിരേയും ആരോപണം ഉന്നയിക്കാനുള്ള അവകാശം എംഎൽഎ എന്ന നിലയിൽ ഗണേശിനുണ്ട്. ഇത്തരം ആക്ഷേപങ്ങളിൽ എംഎൽഎയ്ക്ക് എതിരെ നിയമനടപടികൾക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തെ കൂടിയാണ് ഗണേശ് കുമാർ സമർത്ഥമായി സഭയ്ക്കുള്ളിൽ വിനിയോഗിക്കാൻ തയ്യാറെടുക്കുന്നത്. മന്ത്രിസ്ഥാനം തിരിച്ചു നൽകാൻ നിർവ്വാഹകമില്ലാത്തതിനാൽ യുഡിഎഫിലേയോ കോൺഗ്രസിലേയോ മുതിർന്ന നേതാക്കൾക്കാരും ഗണേശിനെ സ്വാധീനിക്കാനും ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP