Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമായണം കത്തിക്കണമെന്ന് കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തെന്നത് വ്യാജം; ഇതിഹാസ പുരാണങ്ങളിൽ ലോകം സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാതെയാണ് കേശവദേവിന്റെ കഥാപാത്രം രാമായണം അഗ്നി കുണ്ഡത്തിൽ എറിയുമെന്ന് പറഞ്ഞത്; കേശവദേവ് കമ്യൂണിസ്റ്റായിരുന്നില്ല; ഒരു കൈയിൽ മതഗ്രന്ഥങ്ങളും മറുകൈയിൽ മൂലധനവും പിടിക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന ഇഎംഎസിന്റെ വാക്കുകളെ ഓർമ്മിപ്പിച്ച് ഇടതു ചിന്തകൻ കെഇഎൻ

രാമായണം കത്തിക്കണമെന്ന് കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തെന്നത് വ്യാജം; ഇതിഹാസ പുരാണങ്ങളിൽ ലോകം സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാതെയാണ് കേശവദേവിന്റെ കഥാപാത്രം രാമായണം അഗ്നി കുണ്ഡത്തിൽ എറിയുമെന്ന് പറഞ്ഞത്; കേശവദേവ് കമ്യൂണിസ്റ്റായിരുന്നില്ല; ഒരു കൈയിൽ മതഗ്രന്ഥങ്ങളും മറുകൈയിൽ മൂലധനവും പിടിക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന ഇഎംഎസിന്റെ വാക്കുകളെ ഓർമ്മിപ്പിച്ച് ഇടതു ചിന്തകൻ കെഇഎൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാമായണം കത്തിക്കാൻ കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തിരുന്നുവെന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ എഴുത്തുകാരൻ കെഇഎൻ കുഞ്ഞഹമ്മദ് രംഗത്ത്്. അരനൂറ്റാണ്ട് മുൻപ് മഹാകവി കേശവദേവാണ് ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കമ്യൂണിസ്റ്റ് ആയിരുന്നില്ലെന്നും കെഇഎൻ ഓർമ്മിപ്പിക്കുന്നു. ഇടത് അനുഭാവ സംഘടനയായ സംസ്‌കൃത സംഘം രാമായണം ആസ്പദമാക്കി സെമിനാറുകളും മറ്റും നടത്തവെയാണ് കെഇൻഎൻ ദേശാഭിമാനിയിൽ വിശദീകരണ കുറിപ്പ് എഴുതിയത്. പണ്ടു കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയോട് എതിർത്താണ് രാമായണം കത്തിക്കണമെന്ന് കേശവദേവ് പറഞ്ഞത്. അന്ന് ആര്യസമാജിൽ ആകൃഷ്ടനായ ദേവ് തന്റെ പേരിന്റെ അറ്റത്തുള്ള ജാതിപ്പേര് വരെ മാറ്റി. കേശവപിള്ള കേശവദേവായി മാറി.

ആര്യസമാജ സ്ഥാപകനും ആത്മീയ ചിന്തകനുമായ ദയാനന്ദസരസ്വതിയുടെ ''സത്യാർഥപ്രകാശം' വായിച്ചാൽ എന്തുകൊണ്ട് രാമായണം കത്തിക്കണമെന്ന് ദേവ് പറഞ്ഞെന്ന് ആർക്കും മനസ്സിലാകും. സാക്ഷാൽ ഭാഗവത രചയിതാവിനെക്കുറിച്ചുപോലും, നുണയെഴുതാൻ മടിയില്ലാത്ത നാണംകെട്ട ജന്തുവെന്നാണ്, സത്യാർഥപ്രകാശത്തിൽ ദയാനന്ദസരസ്വതി എഴുതിയിട്ടുള്ളത്. വേദമൊഴിച്ച് മറ്റെല്ലാറ്റിനെയും നിശിതവിമർശത്തിന് വിധേയമാക്കിയ ദയാനന്ദസരസ്വതിയിൽനിന്നാണ്, അല്ലാതെ പലരും പ്രചരിപ്പിക്കുന്നതുപോലെ മാർക്‌സിൽനിന്നല്ല, ആ രാമായണകാര്യത്തിൽ കേശവദേവ് ആവേശംകൊണ്ടത്. ശ്രീരാമദേവനുൾപ്പെടെയുള്ള അവതാരസങ്കൽപ്പങ്ങളെ അസംബന്ധമായി കണ്ട ദയാനന്ദസരസ്വതിയുടെ ആശയമാണ്, ദേവിന്റെ രാമായണം ചുട്ടുകരിക്കാനുള്ള ആഹ്വാനമായി രൂപപ്പെട്ടത്. ഇക്കാര്യം, ''മനസാസ്മരാമി' എന്ന തന്റെ ആത്മകഥയിൽ ഡോ. എസ് ഗുപ്തൻനായർ അടയാളപ്പെടുത്തിയിട്ടുണ്ട്.

വേദങ്ങളെ സർവപ്രധാനമായി കണ്ടിരുന്ന ആര്യസമാജത്തിന് രാമായണം ഒരു മതഗ്രന്ഥമായിരുന്നില്ല. അവതാരസങ്കൽപ്പങ്ങളിൽ വിശ്വസിക്കാത്ത അവർക്ക് രാമൻ ഒരു ഇതിഹാസകഥാപാത്രം മാത്രമായിരുന്നു. ആര്യസമാജത്തിന്റെ ഈ പശ്ചാത്തലമാണ് ദേവിനെക്കൊണ്ട് രാമായണം ചുട്ടെരിക്കണമെന്ന് പ്രസംഗിപ്പിച്ചത്.' എന്നാലേറെ വിചിത്രമായ കാര്യം, ''ദേവിന്റെ' രാമായണം ചുട്ടെരിക്കൽ പ്രസ്താവന ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലാണ് ഒരു സത്യസന്ധതയും പുലർത്താതെ വലതുപക്ഷക്കാർ എഴുതിച്ചേർക്കാറുള്ളതെന്നും കെഇഎൻ പറയുന്നു.

കേശവദേവ് രാഷ്ട്രീയമായി ഇടതുപക്ഷത്തോടും പുരോഗമന സാഹിത്യപ്രസ്ഥാനത്തോടും ആഴത്തിലുള്ള ആഭിമുഖ്യം പുലർത്തിയിരുന്നു. പക്ഷേ, ഒരിടതുപക്ഷ പാർട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. പാർട്ടിയെ പരിഹസിക്കുന്ന, ''മഴ അങ്ങും കുട ഇങ്ങും'പോലുള്ള നാടകങ്ങളും എഴുതിയിട്ടുണ്ട്. ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരെ, ''ഒരു കയ്യിൽ ഋഗ്വേദവും മറ്റേകയ്യിൽ മൂലധനവും വച്ച് നടക്കുന്നവർ' എന്ന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ''ആത്മകഥ'യുടെ പേരുതന്നെ ''എതിർപ്പ്' എന്നായിരുന്നു. ആര്യസമാജത്തിൽ ചേർന്നപ്പോൾപ്പോലും ആ ''പിള്ള'യ്ക്കുപകരം ചേർക്കാൻ നിർദേശിക്കപ്പെട്ട ''ദാസ്' സ്വീകരിക്കാതെ സ്വയം ''ദേവ്' എന്ന് ചേർത്തയാളാണ്, കേശവപ്പിള്ള! അദ്ദേഹം ''ആര്യസമാജ്' പ്രവർത്തകർ നിർദേശിച്ചവിധം, ''കേശവദാസ്' ആകാതെ ''കേശവദേവ്' തന്നെയാകുമ്പോഴും, ഞാനൊരു ''സാഹിത്യപ്പറയൻ' ആണെന്ന് പ്രഖ്യാപിക്കാൻ മടിക്കുകയും ചെയ്തില്ല. പറഞ്ഞുവരുന്നത്, ആര്യസമാജത്തിന്റെ സ്വാധീനത്തിനൊപ്പം, അദ്ദേഹത്തിന്റെ തീവ്രവൈകാരികസ്വഭാവവും അക്കാലത്തുകൊടികുത്തിവാണ കടുത്ത യാഥാസ്ഥിതികത്വത്തോടുള്ള വിരോധവും എല്ലാം ചേർന്നാണ്, ''രാമായണം ചുട്ടെരിക്കൽ' ആക്രോശം രൂപപ്പെട്ടത്.

ഇതിഹാസപുരാണങ്ങളുടെ സാംസ്‌കാരികമൂല്യം ഉൾക്കൊള്ളാനാകാത്തതുകൊണ്ടല്ല, ലോകം മുഴുവൻ ഇതിഹാസപുരാണങ്ങൾക്കകത്ത് സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാനാകാത്തതുകൊണ്ടാണ് ദേവ് അന്ന് പൊട്ടിത്തെറിച്ചത്. ''സ്വാതന്ത്ര്യംതന്നെ ജീവിതം' എന്നു മറ്റൊരു ഭാഷയിൽ ഗർജിക്കുകയായിരുന്നു അദ്ദേഹം. ''എനിക്ക് സ്വാതന്ത്ര്യം വേണ്ട, രാമായണവും ഭാരതവും ഭാഗവതവും മതി എന്നു ഞാൻ പറയും'. ഈ പ്രസംഗംകേട്ട് രോഷാകുലനായ വേലായുധനെന്ന ദേവിന്റെ കഥാപാത്രം സദസ്സിനിടയിലൂടെ സ്റ്റേജിലേക്കോടിക്കയറി പ്രഖ്യാപിച്ചു: ' രാമായണവും ഭാരതവും ഭാഗവതവും നശിപ്പിച്ചാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെങ്കിൽ ഞാനെന്തുചെയ്യുമെന്നറിയുമോ? ഒരു വലിയ അഗ്‌നികുണ്ഡമുണ്ടാക്കും.

ഇതിഹാസപുരാണങ്ങളോടുമാത്രമല്ല, മതഗ്രന്ഥങ്ങളോടും മാർക്‌സിസ്റ്റുകാർക്ക് തുറന്ന സമീപനമാണുള്ളത്. ഒരു കൈയിൽ ഋഗ്വേദവും മറുകൈയിൽ മൂലധനവും എന്ന പരിഹാസത്തോട് മുമ്പ് ഇ എം എസ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഇ എം എസ് എഴുതി: ''ഒരു കൈയിൽ ഋഗ്വേദം, ബൈബിൾ, ഖുർആൻ മുതലായ എല്ലാ വിശിഷ്ട സാഹിത്യകൃതികളും മറ്റേകൈയിൽ മാർക്‌സിന്റെ മൂലധനവും പിടിച്ചുനടക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിൽ രൂപംകൊണ്ട എല്ലാ സാഹിത്യകൃതികളുടെയും പാരമ്പര്യം ആധുനികവൽക്കരിച്ചുകൊണ്ടാണ് മാർക്‌സിസം ലെനിനിസം വളരുന്നതെന്നും കെഇഎൻ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP