Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാക്കി മനോരമ; കിട്ടിയ അവസരം മുതലെടുത്ത് കുമ്മനം; കണ്ണീരും കൈയുമായി കോൺഗ്രസ് നേതാക്കൾ; കൊലയാളി പാർട്ടിയെന്ന് അടിവരയിടാൻ ബിജെപിയും കോൺഗ്രസും മത്സരിക്കുമ്പോൾ കെട്ടുകഥയെന്ന് തെളിയിക്കാൻ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ട് സിപിഐ(എം)

മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാക്കി മനോരമ; കിട്ടിയ അവസരം മുതലെടുത്ത് കുമ്മനം; കണ്ണീരും കൈയുമായി കോൺഗ്രസ് നേതാക്കൾ; കൊലയാളി പാർട്ടിയെന്ന് അടിവരയിടാൻ ബിജെപിയും കോൺഗ്രസും മത്സരിക്കുമ്പോൾ കെട്ടുകഥയെന്ന് തെളിയിക്കാൻ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ട് സിപിഐ(എം)

എം ബേബി

കോഴിക്കോട്: കേരളം മുഴുവൻ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് വടകരയിലേത്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ചെറിയ സംഭവം പോലും മാദ്ധ്യമങ്ങളിൽ വലിയ തോതിലാണ് വാർത്തയാകുന്നത്. കഴിഞ്ഞ ദിവസം ടി പി ചന്ദ്രശേഖരന്റെ വിധവയും വടകരയിലെ ആർഎംപി സ്ഥാനാർത്ഥിയുമായ കെ കെ രമയ്ക്ക് നേരെ ആക്രമണം നടന്നെന്ന വിധത്തിൽ വാർത്തകൾ വന്നു. സിപിഐ(എം) പ്രവർത്തകരാണ് ആക്രമിച്ചതെന്നും വാർത്തകൾ വന്നു. എന്നാൽ, തങ്ങൾ ആരെയും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സിപിഐ(എം) രംഗത്തെത്തിയത്. ഇതിന് തെളിവായി വീഡിയോയും പുറത്തുവിട്ടു.

അവസാന നിമിഷം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വ്യാപകമായി നടക്കുന്നത്. കോൺഗ്രസ് നേതാക്കളും ബിജെപിക്കാരും അവസരം മുതലെടുത്ത് പ്രസ്താവനകൾ നടത്തി. കുമ്മനവും സുധീരനും ഉമ്മൻ ചാണ്ടിയും സിപിഐ(എം) ഭീകരയ്‌ക്കെതിരെ പ്രതികരിച്ചു. ഇതിനിടെ കെ.കെ രമക്കെതിരായ ആക്രമണം വ്യാജമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കൂടി എൽ.ഡി.എഫ് പുറത്തുവിട്ടു. വാക്കുതർക്കം ഉണ്ടായതല്ലാതെ രമയെ ആരും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. മാത്രമല്ല ഒരു പെൺകുട്ടിയെ 'നായിന്റെ മോളെ' എന്ന് വിളിച്ച് രമ അധിക്ഷേപിക്കുന്നതും കൈരളിപീപ്പിൾ ടീവി പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.

രമയും, ആർ.എംപി പ്രവർത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അധിക്ഷേപത്തിന് ഇരയായ തച്ചോളി മാണിക്കോത്ത് കല്ലുള്ള മീത്തൽ നീതു വ്യക്തമാക്കുന്നതും വീഡിയോയിലുണ്ട്.വോട്ടുചോദിച്ചുവന്ന രമയോടും കൂട്ടരോടും ഇവിടെല്ലാവരും സിപിഐ(എം) പ്രവർത്തകരാണെന്നും അതിനാൽ വോട്ടു പ്രതീക്ഷിക്കണ്ടെന്നും നീതു പറഞ്ഞത്രേ. അപ്പോൾ, വോട്ടുചോദിക്കേണ്ടത് തങ്ങളുടെ കടമയാണെല്ലോ എന്ന് പറഞ്ഞ് രമയും കൂട്ടരും മടങ്ങുകയായിരുന്നു. പോകുന്നതിനിടെ ഈ സംഘത്തിലൊരാൾ ദേഷ്യംകൊണ്ട് നീതുവിന്റെ വീട്ടിലെ പൂച്ചെട്ടി തട്ടിയിട്ട് പൊട്ടിച്ചു.ഈ സമയം താൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നാണ് നീതു പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ ഒപ്പമുള്ളവർ മോശമായി പെരുമാറി.

ഇത് കഴിഞ്ഞ് അൽപ്പം സമയംകഴിഞ്ഞാണ് തൊട്ടടുത്തുനിന്ന് ബഹളം കേട്ടത്.ഒരു ചാനൽ ദൃശ്യങ്ങൾ എടുത്തപ്പോൾ, തങ്ങളുടെ വീട്ടിൽനിന്ന് ഇത്തരം വിഷ്വലുകൾ വന്നാൽ അത് തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് പറഞ്ഞ് സിപിഐ(എം) പ്രവർത്തകർ ഷൂട്ട് തടയാൻ ശ്രമിച്ചതാണ് ബഹളമായത്. ഇതിനിടെ 'നിങ്ങളുടെ കേന്ദ്രത്തിൽ വോട്ടു ചോദിക്കാനത്തെിയ ഞങ്ങളുടെ ആളുകളോട് മോശമായി അല്ലേ പെരുമാറിയത്' എന്ന് നീതു ഒരു ആർ.എംപി പ്രവർത്തകനോട് ചോദിച്ചു.അപ്പോഴാണ് 'നായിന്റെ മോളെ നോക്കിയും കണ്ടും സൂക്ഷിച്ച് സംസാരിക്കണം' എന്ന് പറഞ്ഞ് രമ അധിക്ഷേപിക്കയായിരുന്നു.

ഏതായാലും ദൃശ്യങ്ങൾ പരിശോധിച്ചാൽ രമക്ക് ഒരു മർദനവും ഏറ്റിട്ടില്‌ളെന്ന് വ്യക്തമാണ്. രമയെ പരിശോധിച്ച ഡോക്ടർമാരും ഇക്കാര്യം ശരിവെക്കുന്നു. ഉച്ചക്ക് 12 മണിയോടെ നടന്ന സംഭവത്തിന്റെ പേരിൽ ഒന്നര മണിക്കുർ കഴിഞ്ഞാണ് ഇവർ ആശുപത്രിയിൽ എത്തിയത്.നിമിഷങ്ങൾക്കകം ആശുപത്രി വിട്ട് വീണ്ടും വോട്ടു ചോദിക്കാനപോയി. പിന്നീട് ഉച്ചക്ക് രണ്ടര മണിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി രമയെ ആക്രമിച്ച വിവരം വിഷയമാക്കിയതോടെ രമ 3.30 ന് വീണ്ടും ആശുപത്രിയിൽ എത്തി.തുടർന്ന് ആറുമണിയോടെ ആശുപത്രി വിട്ടു.പക്ഷേ അപ്പോഴേക്കും മർദനം വലിയ വിഷയമായി മാറിയിരുന്നു. പക്ഷേ എൽ.ഡി.എഫ്പ്രവർത്തർ വീഡിയോ പുറത്തുവിട്ട് സോഷ്യൽ മീഡിയിലൂടെ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ ആർ.എംപി പ്രതിരോധത്തിലുമായി.

ഇത്തരം നുണക്കഥകൾ അവസാനനിമിഷവരെ ആവർത്തിക്കപ്പെടുമെന്നും എൽ.ഡി.എഫ് പ്രവർത്തകൾ ജാഗ്രത കാട്ടണമെന്നും സിപിഐ.എം പോളിറ്റിബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.വോട്ടുചോദിക്കാൻ വന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ച് മടങ്ങിയ സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടു എന്ന ധാരണ പരത്താൻ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. ഇതിൽനിന്നും ഉമ്മൻ ചാണ്ടിയുടെ പരാജയ ഭീതി എത്രയാണെന്ന് മനസ്സിലാക്കാം.ഇത്തരം നീക്കങ്ങൾ അവസാന നിമിഷംവരെ പ്രതീക്ഷിക്കണമെന്നും പിണറായി തന്റെ ഫേസ്‌ബുക്ക്‌പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

അതിനിടെ രമയുടെ മകൻ അഭിനന്ദിന്റെ ഫേസ്‌ബുക്ക് പോസറ്റ് ചർച്ചയാക്കി മനോരമ രംഗത്തെത്തി. 'എനിക്ക് അമ്മയെ വേണം, കൊന്നുകളയരുത്...' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഭിനന്ദിന്റെ ഫേസ്‌ബുക്കു പോസ്റ്റ്. സിപിഎമ്മിന്റെ കൊലയാളി മുഖം വെളിപ്പെടുത്താൻ വേണ്ടിയായിരുന്നും ചന്ദ്രശേഖരന്റെ മകന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. കഴിഞ്ഞ ദിവസം രമയ്ക്കു നേരെയുണ്ടായ അക്രമത്തെ തുടർന്നാണ് അഭിനന്ദ് ഈ പോസ്റ്റിട്ടത്.

അഭിനന്ദിന്റെ വരികൾ ഇങ്ങനെ: ''പതിനേഴു വയസ്സിലാണ് എനിക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. അത്രയും കാലം എനിക്കു കിട്ടിയതിനെക്കാൾ അച്ഛനെ കിട്ടിയത് ഒഞ്ചിയത്തെ സാധാരണ മനുഷ്യർക്കായിരുന്നു. അദ്ദേഹത്തെ വെട്ടി നുറുക്കിയവർ അമ്മയെ അതിനെക്കാൾ വെട്ടുമെന്നു മുഴക്കിയ ഭീഷണി യഥാർഥത്തിൽ എന്നോടല്ലേ? ഞാനെന്തു തെറ്റു ചെയ്തു നിങ്ങളോട്? എന്തായിരുന്നു അച്ഛൻ ചെയ്ത തെറ്റ്? പ്രസ്ഥാനത്തിനു തെറ്റു പറ്റുന്നു എന്നു പറയുന്നതു വെട്ടി നുറുക്കാൻ മാത്രമുള്ള വലിയ തെറ്റായിരുന്നോ. അച്ഛൻ അവസാനിപ്പിച്ചു പോയതെല്ലാം നമ്മൾ മുഴുമിപ്പിക്കണമെന്നു പറഞ്ഞ് എനിക്കു ധൈര്യമേകിയ ആ അമ്മയെ അല്ല ഞാൻ ഇന്നലെ ആശുപത്രി കട്ടിലിൽ കണ്ടത്.

എന്നെക്കുറിച്ചോർത്ത് ആരോടും പങ്കു വയ്ക്കാത്ത വേവലാതികൾ അമ്മയ്ക്കുണ്ട്. എന്നാലും അമ്മ തളരില്ലെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് അമ്മയേ ഉള്ളൂ, എന്റെ അച്ഛന്റെ ഓർമയ്‌ക്കൊപ്പം ജീവിക്കാൻ എനിക്ക് അമ്മയെ വേണം, കൊന്നുകളയരുത്- നന്ദു. പോസ്റ്റിട്ട് നിമിഷങ്ങൾക്കകം ഒട്ടേറെ പേർ വായിച്ചു ഷെയർ ചെയ്ത അഭിനന്ദിന്റെ പ്രതികരണം സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുയും ചെയ്തു. യുഡിഎഫ് പ്രവർത്തകരാണ് കൂടുതലായി അഭിനന്ദിന്റെ പോസ്റ്റ് ഷെയർ ചെയ്തതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP