Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് കൊല്ലം കൊണ്ട് ഭരണപ്പേടിയും പിണറായി പേടിയും മാറി ശൈലജ ടീച്ചർ; നിപ്പയിൽ തുടങ്ങിയ ധീരമായ നിലപാട് വിഷമീനുകളിലേക്കും വ്യാപിപ്പിച്ചു; ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് എടുത്തു തുടങ്ങിയതോടെ മന്ത്രിക്കെതിരെ വമ്പൻ മാഫിയകൾ രംഗത്ത്; ഒരാഴ്‌ച്ചക്കുള്ളിൽ മാരകവിഷം ചേർത്ത 28,000 കിലോ മത്സ്യം പിടിച്ചതോടെ ഇതുവരെ നമ്മൾ എത്ര വിഷം കഴിച്ചുകാണുമെന്നോർത്ത് മലയാളികൾ

രണ്ട് കൊല്ലം കൊണ്ട് ഭരണപ്പേടിയും പിണറായി പേടിയും മാറി ശൈലജ ടീച്ചർ; നിപ്പയിൽ തുടങ്ങിയ ധീരമായ നിലപാട് വിഷമീനുകളിലേക്കും വ്യാപിപ്പിച്ചു; ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് എടുത്തു തുടങ്ങിയതോടെ മന്ത്രിക്കെതിരെ വമ്പൻ മാഫിയകൾ രംഗത്ത്; ഒരാഴ്‌ച്ചക്കുള്ളിൽ മാരകവിഷം ചേർത്ത 28,000 കിലോ മത്സ്യം പിടിച്ചതോടെ ഇതുവരെ നമ്മൾ എത്ര വിഷം കഴിച്ചുകാണുമെന്നോർത്ത് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാർ മന്ത്രിസഭയിലെ മന്ത്രിമാരിലെ അടുത്തകാലത്ത് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചത് ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന പേര് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ കുറിച്ചു തന്നെയാണ്. കാരണം നിപ്പ ഭീതിയെ അകറ്റുന്നതിൽ ആരോഗ്യവകുപ്പ് കൈക്കൊണ്ട നടപടി അന്തർദേശിയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. മന്ത്രിയായ തുടക്കത്തിൽ ഭരണപ്പേടി കൊണ്ട് എന്തു ചെയ്യണം എന്ന വ്യക്തത ഇല്ലാതിരുന്ന ആ പഴയ ആരോഗ്യമന്ത്രിയിൽ നിന്നും ഇന്ന് കെ കെ ശൈലജ ഏറെ മാറിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം ആ വകുപ്പിൽ മൊത്തത്തിൽ കാണാനുണ്ട്. നിപ്പയെ സമർത്ഥമായി നേരിട്ടതിന് പിന്നാലെ മലയാളികളെ വിഷമീൻ തീറ്റിക്കുന്നവർക്കെതിരെ കർശന നിലപാടുമായി രംഗത്തെത്തിയിരിക്കയാണ് കെ കെ ശൈലജ.

ആന്ധ്രയിൽ നിന്നും മറ്റും കേരളത്തിലേക്ക് വിഷമീൻ എത്തിക്കുന്നത് കേരളത്തിലെ ചില വമ്പന്മാരാണെന്ന് അറിഞ്ഞിട്ടു അവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കയാണ് ആരോഗ്യമന്ത്രി. ഫോർമലിൻ സാന്നിധ്യം സ്ഥിരീകരിച്ചാലുടൻ കേസെടുക്കണമെന്ന് മന്ത്രി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. മീൻ കൊണ്ടുവരുന്നത് എവിടെനിന്നെന്ന് രേഖകളില്ലെങ്കിൽ ഡ്രൈവർക്കെതിരേ കേസെടുക്കും. ഓൺലൈനായി വിൽക്കുന്ന മീനിലും പരിശോധന നടത്തും. ഫോർമലിൻ കലർന്ന മീനെത്താൻ സാധ്യതയുണ്ടെന്ന് ആറ് സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണർമാർക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ വിവരം നൽകിയിട്ടുണ്ട്.

കേരളത്തിലേക്കെത്തുന്ന മീനിൽ ഫോർമലിൻ കലർത്തിയത് കണ്ടെത്തിയ സാഹചര്യത്തിൽ അതത് സംസ്ഥാനങ്ങളിൽത്തന്നെ തടയാൻ നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം പിടികൂടിയ മീൻ കൊച്ചിയിലെ ഒരു ഓൺലൈൻ വ്യാപാര കേന്ദ്രത്തിലേക്കുള്ളതാണെന്നും കണ്ടെത്തിയിരുന്നു. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ വൻതോതിൽ മത്സ്യം വിൽക്കുന്ന ഇക്കൂട്ടർക്കെതിരായി നടപടിയിൽ മന്ത്രിക്കെതിരെ പോലും ഭീഷണി ഉയർന്നിട്ടുണ്ട്.

ഇതുവരെ പിടികൂടിയത് 28,000 കിലോ വിഷമീൻ

17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മായം കലർത്തിയ 28,000 കിലോ മീനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മലയാളികളെ മൊത്തത്തിൽ ഞെട്ടിച്ചിട്ടുണ്ട്. . അമരവിള, വാളയാർ, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. മീനിൽ രാസവസ്തുക്കൾ ചേർത്ത് വിൽക്കുന്നത് തടയാൻ സർക്കാർ നടത്തുന്ന ഓപ്പറേഷൻ സാഗർറാണി എന്ന പരിശോധനയിലാണ് ഫോർമലിൻ സാന്നിധ്യമുള്ള മീൻ പിടിച്ചെടുത്തത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്) വികസിപ്പിച്ചെടുത്ത പേപ്പർ സ്ട്രിപ്പ് ഉയോഗിച്ചാണ് പരിശോധന.

ഫോർമലിൻ കലർന്ന മീൻ തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചന്തകളിലും പരിശോധന നടത്തും. ആവശ്യമെങ്കിൽ പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തും. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ട് മാർഗംവരുന്ന മത്സ്യങ്ങളും പരിശോധിക്കും. പിടിച്ചെടുക്കുന്ന മത്സ്യം അതുകൊണ്ടുവന്ന സ്ഥലത്തെത്തിച്ച് നശിപ്പിക്കും. ഇത് ഉറപ്പാക്കാൻ അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണറെയും ഉദ്യോഗസ്ഥരെയും വിവരമറിയിക്കും. തുടർന്ന് മത്സ്യം എന്തുചെയ്തുവെന്ന റിപ്പോർട്ട് ആവശ്യപ്പെടും.

മത്സ്യത്തിൽ ഫോർമാലിൻ കലർത്തുന്നത് എവിടെ നിന്ന്?

ഫോർമലിൻ കലർന്ന മീനിന്റെ ഉറവിടം എവിടെയാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഉറവിടം കണ്ടെത്താനാണ് ഭക്ഷ്യവകുപ്പിന്റെ ശ്രമം. മീൻ എത്തിക്കുന്ന വാഹനങ്ങളിൽ ഇവയുടെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകളില്ലാത്തതാണ് പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ ഇവ കേരളത്തിലേക്ക് എത്തുന്നത് തടയാൻ മറ്റുസംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ആശ്രയിക്കാനാകുന്നില്ല. മുന്പ് വിഷപച്ചക്കറികളും പഴങ്ങളും തടയാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിൽ പോയി പരിശോധനകൾ നടത്തുകയും അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, മീനിന്റെ കാര്യത്തിൽ ഇതിനായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പിടികൂടിയ മത്സ്യത്തിൽ ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയവയെല്ലാം തെലങ്കാനയിൽനിന്ന് എത്തിച്ച മത്സ്യമായിരുന്നു. എന്നാൽ, ഇത് ആരാണ് കയറ്റിയയച്ചതെന്നോ ഫോർമലിൻ കലർത്തിയിരിക്കുന്നത് എവിടെവച്ചാണെന്നോ വാഹനത്തിന്റെ ഡ്രൈവർക്ക് അറിയില്ല. ഇതേത്തുടർന്നാണ് ഇത്തരം സാഹചര്യത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കും ഉടമയ്ക്കുമെതിരേ കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് മീൻ അയച്ചയാളുടെ വിവരങ്ങൾ ലഭ്യമാകുന്നമുറയ്ക്ക് അവരെയും പ്രതിചേർക്കും. ആലപ്പുഴയിലേക്കാണ് ഫോർമലിൻ കലർന്ന മീൻ കൂടുതൽ എത്തിയത്. അരൂരിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങളിലേക്കാണ് ഇതുകൊണ്ടുവന്നിട്ടുള്ളത്. ഇത് കയറ്റുമതിക്ക് വേണ്ടിയായിരുന്നില്ലെന്നാണ് വിവരം.

ആര്യങ്കാവിൽ ഇന്നലെ പിടികൂടിയത് 9500 കിലോഗ്രാം മത്സ്യം

ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ ഫോർമലിൻ കലർന്ന 9500 കിലോഗ്രാം മീൻ പിടിച്ചെടുത്തു. ഇതരസംസ്ഥാനത്തുനിന്ന് വരുന്ന മീനിൽ വിഷവസ്തുക്കൾ ഉണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. തൂത്തുക്കുടിയിൽനിന്ന് കൊണ്ടുവന്ന 2500 കിലോ ചൂര, ആവോലി, കേര തുടങ്ങിയ മീനുകളിലും രാമേശ്വരം മണ്ഡപത്തിൽനിന്നുള്ള 7000 കിലോ ചെമ്മീനിലുമാണ് ഫോർമലിന്റെ സാന്നിധ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മീനിന്റെ സാമ്പിൾ പരിശോധനയ്ക്കായി കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബിലേക്കും മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്‌നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിലേക്കും അയച്ചിട്ടുണ്ട്.

സംസ്ഥാനസർക്കാരും ഭക്ഷ്യസുരക്ഷാവിഭാഗവും ചേർന്നുള്ള 'ഓപ്പറേഷൻ സാഗർ റാണി' എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു പരിശോധന. മൂന്നു ഘട്ടമായാണ് പദ്ധതി. വിവരശേഖരണം, ബോധവത്കരണം, നടപടികൾ എന്ന രീതിയിലാണിത്. ഇതിനായി ആധുനികരീതിയിലുള്ള 'സ്ട്രിപ്പ് പരിശോധന' ഉപയോഗിക്കുന്നു. അതിലൂടെ ലാബിൽ സാമ്പിൾ കൊണ്ടുപോകാതെ അപ്പോൾത്തന്നെ ഫോർമലിന്റെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയും. ആര്യങ്കാവ് അതിർത്തിയിലൂടെ വന്ന 11 വാഹനങ്ങളിലെ സാമ്പിൾ ശേഖരിച്ചു. ഇതിൽ അർധരാത്രിയോടെ വന്ന രണ്ടു വാഹനങ്ങളിലെ മീനുകളിലാണ് കുഴപ്പം കണ്ടെത്തിയത്.

മീൻ കഴുകിയപ്പോൾ സ്വർണവള വെള്ളിനിറമായി

പരപ്പനങ്ങാടി ചെറമംഗലത്തെ വീട്ടമ്മ കഴിഞ്ഞദിവസം മീൻ കഴുകി വൃത്തിയാക്കുന്നതിനിടയിൽ അവരുടെ ൈകയിലണിഞ്ഞ സ്വർണവള വെള്ളിനിറമായി. ചെറമംഗലം എ.യു.പി.സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപിക ഇന്ദിരാദേവിയുടെ വളകളാണ് നിറംമാറിയത്. തിരൂർ മാർക്കറ്റിൽനിന്നു വാങ്ങിയ നത്തോലി മീനാണ് ഇവർ വൃത്തിയാക്കിയത്. വലിയ മീനുകളിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ചെറുമീനായ നത്തോലി വാങ്ങിയതെന്ന് വീട്ടമ്മ പറഞ്ഞു.

മീൻ പാകംചെയ്ത് ഉച്ചഭക്ഷണം തയ്യാറാക്കി മകനും മരുമകൾക്കും ജോലിസ്ഥലത്തേക്ക് കൊടുത്തയച്ചശേഷമാണ് സ്വർണവള നിറംമാറിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവരോട് ഉച്ചഭക്ഷണം കഴിക്കരുതെന്ന് വിളിച്ചുപറയുകയായിരുന്നു. ഫോർമാലിൻ, അമോണിയ എന്നിവ മീനിൽ ചേർക്കുന്നതിനെക്കുറിച്ചും കഴിഞ്ഞദിവസങ്ങളിൽ ചെക്ക്‌പോസ്റ്റുകളിൽ 28 ടണ്ണോളം മത്സ്യം രാസവസ്തുക്കൾ ചേർത്തതിനാൽ പിടികൂടി നശിപ്പിച്ചതിനെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിഞ്ഞതുകൊണ്ടുകൂടിയാണ് വീട്ടുകാർ മീനിൽ ഫോർമാലിൻ സാന്നിധ്യം സംശയിച്ചത്. ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാവകുപ്പിനും പരാതി നൽകുമെന്ന് വീട്ടമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP