Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴി ഫാമുകൾക്കും ആയുർവേദ മരുന്ന് കമ്പനികൾക്കും നികുതി കുറച്ചുകൊടുത്ത് കോടികൾ ഉണ്ടാക്കി; വാങ്ങിയത് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി: കെ എം മാണി നേരിടുന്നത് ബാർകോഴയെ കവച്ചുവെക്കുന്ന അഴിമതി കേസ്; ജേക്കബ് തോമസിനെതിരെ തിരിഞ്ഞത് കാൽച്ചുവട്ടിലെ മണ്ണൊലിക്കുമെന്ന് ഉറപ്പായപ്പോൾ

കോഴി ഫാമുകൾക്കും ആയുർവേദ മരുന്ന് കമ്പനികൾക്കും നികുതി കുറച്ചുകൊടുത്ത് കോടികൾ ഉണ്ടാക്കി; വാങ്ങിയത് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി: കെ എം മാണി നേരിടുന്നത് ബാർകോഴയെ കവച്ചുവെക്കുന്ന അഴിമതി കേസ്; ജേക്കബ് തോമസിനെതിരെ തിരിഞ്ഞത് കാൽച്ചുവട്ടിലെ മണ്ണൊലിക്കുമെന്ന് ഉറപ്പായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത പരീക്ഷണമാണ് കെ എം മാണി നേരിടുന്നത്. ബാർകോഴ കേസിൽ കുരുക്കു മുറുകുന്നതിന് പിന്നാലെ മറ്റൊരു സുപ്രധാന കേസു കൂടി മാണിയെ തേടി എത്തിയതോടെ കടുത്ത പ്രതിസന്ധിയാണ് മാണി അഭിമുഖീകരിക്കുന്നത്. യുഡിഎഫിനോട് പിണങ്ങി ഇറങ്ങിയ മാണിക്ക് മുന്നിൽ എൽഡിഎഫ് വാതിലുകൾ കൊട്ടിയച്ചിരിക്കയാണ്. ഇനിയുള്ള വഴി എൻഡിഎ ആണെന്നിരിക്കേ തന്നെ ആ നീക്കത്തിന് പോലും തടയിടുന്നതാണ് ഇപ്പോൾ മാണിക്ക് മേലുള്ള അഴിമതി ആരോപണങ്ങൾ.

കോഴി ഫാമുകൾക്കും ആയുർവേദ മരുന്ന് കമ്പനികൾക്കും അനധികൃതമായി നികുതി കുറച്ചുകൊടുത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിരിക്കുന്നത്. ഈ ആരോപണം ഏറെക്കാലങ്ങളായി കേരള രാഷ്ട്രീയത്തിൽ പലരും പറഞ്ഞു കേട്ടതാണ്. പി സി ജോർജ്ജ് മുതൽ സിപിഐ(എം) നേതാവും ധനമന്ത്രിയുമായ തോമസ് ഐസക്ക് വരെ ഈ ആരോപണം ഉന്നയിച്ചുണ്ട്. ഐസക്കിന് ലഭിച്ച വിവരങ്ങളുടെയും അദ്ദേഹം നടത്തിയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. മാണിയുടെ ബജറ്റിൽ എപ്പോഴു ഒളിപ്പിച്ചിരിക്കുന്നത് അഴിമതിയുടെ മാർഗ്ഗമാണെന്ന ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കേസ് മുന്നോട്ടു പോകുന്നത്.

തോംസൺ ഗ്രൂപ്പിനെ അനധികൃതമായി സഹായിക്കുക വഴി 65 കോടിയുടെ വെട്ടിപ്പ് നടന്നതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആർ. മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ആയുർവേദ കമ്പനികൾക്കും കോഴി ഫാമുകൾക്കും നികുതി ഒഴിവാക്കുകയും മുൻകാല പ്രാബല്യത്തോടെ കുറച്ചുകൊടുക്കുകയും ചെയ്ത ഇനത്തിൽ 265 കോടിയുടെ നഷ്ടം സർക്കാറിന് വരുത്തിയതായാണ് ആരോപണം. ഇങ്ങനെ ഇളവ് നൽകിയപ്പോൾ തന്നെ ഈ കമ്പനികളിൽ നിന്നും മാണി കോടികൾ പോക്കറ്റിലാക്കിയെന്നാണ് ആരോപണം.

ബിജെപി സംസ്ഥാന സമിതി അംഗവും മുൻ കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന നേതാവുമായിരുന്ന കോട്ടയം സ്വദേശി അഡ്വ. നോബിൾ മാത്യു നൽകിയ പരാതിയിന്മേലാണ് നടപടി. കോഴിക്കച്ചവടക്കാർ നികുതി വെട്ടിക്കുന്നു എന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയെത്തുടർന്ന് 65 കോടി രൂപ പിഴ ഈടാക്കാൻ ഉത്തരവ് ഇറക്കിയിരുന്നു. ഇത് മറികടന്ന് കോഴിക്കച്ചവടക്കാരെ അനധികൃതമായി സഹായിച്ചതാണ് ഒന്നാമത്തെ കേസ്. കോഴിക്കച്ചവടക്കാർ സുപ്രീം കോടതി വരെ പോയിട്ടും ഒഴിവാക്കിക്കിട്ടാതിരുന്ന പിഴ നികുതി കെ. എം. മാണി സ്വന്തം നിലയിൽ അധികാര ദുർവിനിയോഗം നടത്തി ഒഴിവാക്കിക്കൊടുക്കുകയായിരുന്നു എന്നാണ് കേസ്.

പിഴ പിടിച്ചെടുക്കാനുള്ള ജപ്തി നടപടികൾ ഇല്ലാതാക്കാനും പിഴ ഒഴിവാക്കാനുമായി വാണിജ്യ നികുതി വകുപ്പിൽ അപ്പീൽ ഡെപ്യൂട്ടി കമ്മിഷണറെ പലവട്ടം മാറ്റി നിയമിച്ചു എന്നും വാണിജ്യ നികുതി വ്യവസ്ഥകൾ മറികടന്നുവെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനായി കെ.എം. മാണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ജയചന്ദ്രൻ അനധികൃതമായി ഇടപെട്ടു എന്നും കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യവർദ്ധക ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ആയുർവേദ കമ്പനികൾക്ക് നിശ്ചയിച്ചിരുന്ന 12.5 ശതമാനം നികുതി 4 ശതമാനമാക്കി കുറച്ചു നൽകിയതിലൂടെ സർക്കാറിന് ഭാരിച്ച നികുതി നഷ്ടം വരുത്തിയെന്നതാണ് മറ്റൊന്ന്.

2009 മുതൽ മുൻ കാല പ്രാബല്യത്തോടെ നികുതി കുറച്ചുനൽകിയതു വഴി 200 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നിൽ അധികാര ദുർവിനിയോഗവും ക്രിമിനൽ ഗൂഢാലോചനയുമുണ്ടെന്നാണ് പരാതി. ഇതിന്മേലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. 2012 മുതൽ 2014 വരെയുള്ള കാലയളവിൽ നടന്ന ക്രമക്കേട് സംബന്ധിച്ചാണ് പരാതി. വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ വിജിലൻസ് എസ്‌പി. നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസ് ഡിവൈ.എസ്‌പി. ഫിറോസ് എം. ഷെഫീക്കിനായിരുന്നു അന്വേഷണ ചുമതല. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രൻ എട്ടാം പ്രതിയാണ്. രണ്ട് മുതൽ 7 വരെ തോംസൺ ഗ്രൂപ്പും 9 മുതൽ 12 വരെ വിവിധ ആയുർവേദ മരുന്ന് കമ്പനികളുമാണ് പ്രതി സ്ഥാനത്ത്.

അതേസമയം കേസിന് പിന്നിൽ വിജിലൻസ് ഡയറക്ടറാണെന്ന ആരോപണം ഉന്നയിച്ച് പ്രതിരോധം തീർക്കാനാണ് മാണിയുടെ നീക്കം. ബാർകോഴയിലും കുടുങ്ങുമെന്ന കടുത്ത ആശങ്ക ഉള്ളതു കൊണ്ടാണ് മാണി ഇത്തരത്തിൽ പ്രതിരോധം തീർക്കുന്നത്. മുമ്പൊരു അഴിമതിക്കേസിൽ ഉപദ്രവിച്ചു എന്ന തോന്നലാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നാണ് മാണി പറയുന്നത്. എന്നാൽ, ഈ അങ്കലാപ്പിലാണ് മാണി ഇപ്പോൾ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കുന്നത്. കാൽചുവട്ടിലെ മണ്ണ്് ഒലിച്ചുപോകുമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

ഉദ്യോഗസ്ഥരെ കയറൂരി വിടുന്നത് ശരിയാണോയെന്ന് എൽഡിഎഫ് ആലോചിക്കണമെന്ന് പറഞ്ഞും പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നുണ്ട് ജേക്കബ് തോമസ്. 50 വർഷത്തെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ള തന്നെ പാലായിലെ ജനങ്ങൾക്ക് അറിയാം. ഇത്തരം പേടിപ്പിക്കലുകളിലൊന്നും കുലുങ്ങുന്നവനല്ല ഞാൻ. നിയമം നിയമത്തിന്റെ വഴിക്കു പോകും. ഞാനും ഒരു വക്കീലാണ്. മുൻപ് ഒരു അഴിമതിക്കേസിൽ ജേക്കബ് തോമസിനെ താൻ ഉപദ്രവിച്ചുവെന്ന തോന്നലാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നുമാണ് പറഞ്ഞത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കെ എം മാണിക്ക് യുഡിഎഫിലേക്ക് തിരികെ പോകാതെ മറ്റു മാർഗ്ഗങ്ങളുമില്ലെന്ന സ്ഥിതിയാണ് ഉള്ളത്. മുന്നണികളുമായുള്ള രാഷ്ട്രീയ വിലപേശൽ ശക്തിയും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. തിരികെ യുഡിഎഫിലേക്ക് പോയാൽ വേണ്ടത്ര പരിഗണന ലഭിക്കില്ലെന്ന ആശങ്കയും ശക്തമാണ്. കോൺഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വിഴുങ്ങി കൊണ്ട് മുന്നണിയിലേക്ക് തിരികേ പോകേണ്ട സ്ഥിതായാണ് മാണിയെ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP