Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനപ്രിയ വിവാദം മുരളീധരനെ വിട്ടൊഴിയുന്നില്ല; നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ചാനലിന്റെ കണക്കുകൾ മറച്ചുവച്ചു; വട്ടിയൂർക്കാവിലെ മുരളിയുടെ വിജയത്തിൽ നിയമ പോരാട്ടവും

ജനപ്രിയ വിവാദം മുരളീധരനെ വിട്ടൊഴിയുന്നില്ല; നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ചാനലിന്റെ കണക്കുകൾ മറച്ചുവച്ചു; വട്ടിയൂർക്കാവിലെ മുരളിയുടെ വിജയത്തിൽ നിയമ പോരാട്ടവും

കെ വി നിരഞ്ജൻ

കൊച്ചി: ജനപ്രിയ ചാനൽ തുടങ്ങാനായി കോടികൾ പിരിച്ചതും പിന്നീട് അതിന്റെ രജിസ്ട്രഷൻ അടക്കമുള്ളവ മറ്റൊരു ചാനലിന് കൈമാറിയതായുമായ വിവാദങ്ങൾ കോൺഗ്രസ് നേതാവ് കെ.മുരളീധരനെ വിട്ടൊഴിയുന്നില്ല. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ജനപ്രിയയുടെ ചില കണക്കുകൾ മറച്ചുവച്ചെന്നും,അതിനാൽ വട്ടിയൂർക്കാവിൽ നിന്നുള്ള കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ ഹരജി നൽകി. ജനപ്രിയയുടെ യഥാർഥ വരവ് ബാധ്യതകൾ മറച്ചുവച്ചുവെന്നും പരാതിയുണ്ടായിട്ടും വരണാധികാരി പത്രിക സ്വീകരിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തിയുടെ മുഴുവൻ ആസ്ഥിയും വരവും ബാധ്യതയും കാണിക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലുള്ളത്. എന്നാൽ, മുരളീധരൻ മാനേജിങ് ഡയറക്ടറായ ജനപ്രിയ കമ്യൂണിക്കേഷൻ കോർപറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിച്ച റിട്ടേണിലെ സാമ്പത്തിക ബാധ്യതകളേയോ വരവിനെയോ കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശമില്‌ളെന്ന് ഹരജിയിൽ പറയുന്നു. ഇതേ കമ്പനിയിൽനിന്ന് മാനേജ്‌മെന്റിലെ പ്രധാന വ്യക്തിയെന്ന നിലയിൽ മുരളീധരന് വ്യക്തിഗത വായ്പയായി 2.28 കോടി രൂപ നൽകിയിട്ടുള്ളതായാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്. കമ്പനി എം.ഡിക്ക് വായ്പ നൽകുകയെന്നത് കമ്പനി നിയമ പ്രകാരം സാധ്യമാകില്ല. എന്നാൽ, പണം കൈപ്പറ്റിയ കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല.

ജനപ്രിയ കമ്യൂണിക്കേഷനിൽനിന്ന് കെട്ടിട വാടകയിനത്തിൽ 16.85 ലക്ഷം കൈപ്പറ്റിയതും വ്യക്തമാക്കിയിട്ടില്ല. അതേസമയം, ജനപ്രിയ കമ്യൂണിക്കേഷനിലെ പ്രധാന ഓഹരി ഉടമ എന്ന നിലയിൽ 3.39 കോടി രൂപ നിക്ഷേപിച്ചത് നാമനിർദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മറ്റ് രണ്ട് കാര്യങ്ങൾ കൂടി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. പത്രിക സൂക്ഷ്മ പരിശോധന വേളയിൽ ചില കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചിട്ടുള്ളതായി വരണാധികാരി മുമ്പാകെ പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

മതിയായ തെളിവുകൾ സൂക്ഷ്മ പരിശോധന സമയം പൂർത്തിയാകും മുമ്പേ എത്തിക്കാമെന്ന് അറിയിച്ചിട്ടും അനുവദിച്ചില്ല. തുടർന്നാണ് മുരളീധരന്റെ പത്രിക സ്വീകരിച്ച് മത്സരിക്കാൻ അനുമതി നൽകിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം തള്ളേണ്ട പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി നിയമ ലംഘനമാണ്. വരണാധികാരിയുടെ നടപടി സ്വേച്ഛാപരവും സ്വാഭാവിക നീതിയുടെ ലംഘനവുമാണ്. അതിനാൽ, തെരഞ്ഞെടുപ്പിൽ മുരളീധരന്റെ മത്സരം തന്നെ സാധുതയില്ലാത്തതാണ്. ഈ സാഹചര്യത്തിൽ മുരളീധരന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും തെഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

അതേസമയം ലക്ഷക്കണക്കിന് രൂപ മലയാളികളിൽ നിന്ന് പിരിച്ചടെുത്തെങ്കിലും കെ മുരളീധരന്റെ ജനപ്രിയ ചാനലിൽ വിശ്വസിച്ച് പണം നിക്ഷേപിച്ച നിരവധി പേർക്ക് ഇപ്പോഴും പണം തിരച്ചുകിട്ടിയില്‌ളെന്ന് ആക്ഷേപമുണ്ട്. ജനപ്രിയ കമ്മ്യൂണിക്കേഷൻ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ജനപ്രിയ ചാനൽ തുടങ്ങാൻ കെ മുരളീധരൻ തയ്യറെടുത്തിരുന്നത്. കമ്പനിയുടെ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു ചാനൽ. ഇതിനായി സംസ്ഥാനത്തും വിദേശത്തുമൊക്കെ പോയി മുരളീധരന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ പിരിച്ചടെുക്കുകയും ചെയ്തു.

മുരളീധരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചതിന് ശേഷമാണ് സ്വന്തമായൊരു ചാനൽ തുടങ്ങിയാലോ എന്ന മോഹം കെ മുരളീധരന് ഉണ്ടായത്. ഇതോടെ സാമ്പത്തിക സമാഹരണം നടത്താനായി രംഗത്തിറങ്ങി. നാട്ടിലും മറുനാട്ടിലുമെല്ലാം ചെന്ന് പാട്ട കുലുക്കി ഇരുപത് കോടിയോളം രൂപ മലയാളികളിൽ നിന്ന് സമാഹരിക്കുകയും ചെയ്തു. തിരുവനന്തപുരം പിഎംജി ജംഗ്ഷനിലായിരുന്നു ഡി ഐ സി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഡി ഐ സി സ്വന്തം പാർട്ടിയെന്നത് പോലെ ഇത് മുരളീധരന്റെ സ്വന്തം കെട്ടിടമായിരുന്നു. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം ചാനൽ ആസ്ഥാനമായി മാറ്റുകയും ചെയ്തു. മറ്റു ജില്ലകളിലും കൊട്ടിഘോഷിച്ച് ഉഗ്രൻ ഓഫീസുകളും ആരംഭിച്ചു. മുരളീധരൻ പിന്നെ എൻ സി പിയിലേക്ക് പോയപ്പോഴും ചാനലിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി. ഡി ഐ സിയുടെ ചാനൽ എൻ സി പി യുടെ ചാനലായി എന്നു മാത്രം.

ഇതിനിടയിലാണ് കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോയാലെ എന്നൊരു ആലോചന നടക്കുന്നത്. ഉടൻ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പക്ഷെ അപ്പോഴും മുരളീധരൻ ചാനലിനായുള്ള പണപ്പിരിവ് മുടക്കിയില്ല. കോൺഗ്രസിന് നിലവിൽ ജയ്ഹിന്ദ് ചാനലുണ്ട്. മുരളി കോൺഗ്രസിലത്തെിയാൽ ഈ ചാനൽ പിന്നെ തുടങ്ങുമോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. താൻ കോൺഗ്രസിൽ പോയാലും ചാനൽ ആരംഭിക്കുക തന്നെ ചെയ്യം. സംശയങ്ങൾ ഉന്നയിച്ചവരോടെല്ലാം അദ്ദഹത്തേിന്റെ മറുപടി ഇതായിരുന്നു. ചാനലിന് കോൺഗ്രസുമായി ബന്ധമൊന്നുമില്ല. തമിഴ്‌നാട്ടിൽ പോയ് നോക്കൂ മൂന്ന് കോൺഗ്രസ് നേതാക്കൾ അവിടെ ചാനൽ നടത്തുന്നുണ്ട്. പാർട്ടിക്കതൊന്നും പ്രശ്‌നമല്ല ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു പലരിൽ നിന്നും പണം സ്വീീകരിച്ചത്.

കാര്യങ്ങൾ പക്ഷെ മാറി മറഞ്ഞു. മുരളീധരൻ കോൺഗ്രസിലത്തെിയതോടെ സ്ഥിതിയാകെ വെള്ളത്തിലായി. ചാനലിനെതിരെ കോൺഗ്രസിൽ പലർക്കും എതിർപ്പ്. കോൺഗ്രസിന് ജയ്ഹിന്ദ് ചാനലുണ്ടല്ലോ അതുകൊണ്ട് മുരളീധരൻ ജനപ്രിയ ചാനലുകമായി മുന്നോട്ട് പോകാൻ പാടില്ലന്നെ് ചില പാർട്ടി നേതാക്കൾ താക്കീത് നൽകി. പക്ഷെ മുരളീധരനുണ്ടോ പിന്മാറുന്നു. ജനപ്രിയയെ കോൺഗ്രസിന്റെ ദേശീയ ചാനലാക്കി മാറ്റിയാലോ എന്നദ്ദഹേം ആലോചിച്ചു. കോൺഗ്രസിന് ദേശീയ തലത്തിൽ ചാനലൊന്നുമില്ല. ജനപ്രിയയുടെ പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിച്ച് ഹിന്ദിയിലോ ഇംഗ്‌ളീഷിലോ ജനപ്രിയ ചാനൽ ആരംഭിക്കാനുള്ള നീക്കമായിരുന്നു പിന്നീട്. പിന്നീട് മുരളീധരൻ കോൺഗ്രസിൽ കൂടുതൽ സജീവമാകുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന് സീറ്റ് ലഭിക്കുക കൂടി ചെയ്തതോടെ പാർട്ടിയിൽ പിടിച്ച് നിൽക്കാൻ ചാനൽ മോഹം പൂർണ്ണമായി ഉപേക്ഷിക്കാൻ മുരളീധരൻ തീരുമാനിച്ചു. ഡി ഐ സിയുടെ വിദേശമലയാളികളുടെ കൂട്ടായമയുടെ നേതൃത്വത്തിലായിരുന്നു ജനപ്രിയയ്ക്ക് വേണ്ടി ധനസമാഹാരണം നടത്തിയിരുന്നത്. ഈ സംഘടന ഉൾപ്പെടെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

ഇതിനിടെ ഒരു സ്വകാര്യ ചാനൽ തുടങ്ങാൻ ആഗ്രഹിച്ചിരുന്നവർ ജനപ്രിയ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. പക്ഷെ നിക്ഷേപകർ പ്രശ്‌നമുണ്ടാക്കുമോ എന്ന ഭയത്തിൽ അവർ നീക്കത്തിൽ നിന്ന് പിന്നോക്കം പോയി. ഇവർ പിന്നീട് ഒരു വിനോദ ചാനൽ ആരംഭിക്കുകയും ചെയ്തു. ഇവർ പുതുതായി ആരംഭിക്കാൻ പോകുന്ന ന്യൂസ് ചാനൽ ജനപ്രിയയുടെ ലൈസൻസിലാണ് ആരംഭിക്കുന്നത്. പക്ഷെ വൻകിട നിക്ഷേപകക്ക് പണം തിരിച്ചു കൊടുത്തെങ്കിലും ചെറുകിടക്കാർക്ക് പണം കിട്ടിയിട്ടിയിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് കാലത്തുതന്നെ വലിയ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP