Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗംഗാശുചീകരണത്തിന് നൽകിയ ഒരു കോടിക്ക് പിന്നാലെ ജന്മഭൂമിക്കും ജനം ടിവിക്കും സ്‌പോൺസർഷിപ്പ്; കോടികളുടെ വിദേശ ഫണ്ട് എത്തിച്ചതിന്റെ പേരിലുള്ള അന്വേഷണം തടയാൻ കെപി യോഹന്നാൻ ഏതറ്റം വരേയും പോകുമെന്ന് ഉറപ്പായി; ആർഎസ്എസ് മുഖപത്രവും ഹിന്ദുസ്ഥാൻ ടൈംസും എഴുതിയിട്ടും സ്വയം പ്രഖ്യാപിത മെത്രാപൊലീത്തയെ താങ്ങി നിർത്തി കേരളത്തിലെ ബിജെപി നേതൃത്വം

ഗംഗാശുചീകരണത്തിന് നൽകിയ ഒരു കോടിക്ക് പിന്നാലെ ജന്മഭൂമിക്കും ജനം ടിവിക്കും സ്‌പോൺസർഷിപ്പ്; കോടികളുടെ വിദേശ ഫണ്ട് എത്തിച്ചതിന്റെ പേരിലുള്ള അന്വേഷണം തടയാൻ കെപി യോഹന്നാൻ ഏതറ്റം വരേയും പോകുമെന്ന് ഉറപ്പായി; ആർഎസ്എസ് മുഖപത്രവും ഹിന്ദുസ്ഥാൻ ടൈംസും എഴുതിയിട്ടും സ്വയം പ്രഖ്യാപിത മെത്രാപൊലീത്തയെ താങ്ങി നിർത്തി കേരളത്തിലെ ബിജെപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:  2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. പക്ഷേ മോദി പ്രഭാവത്തിൽ ബിജെപി കേന്ദ്രം പിടിച്ചതിന് പിറകെ അമേരിക്കയിലെ കോടികളുടെ തട്ടിപ്പ് കേസ് മെത്രോപൊലീത്തയെ ബിജെപി പക്ഷത്തേക്ക് അടുപ്പിക്കുകയായിരുന്നു. മോദിയുടെ ഗംഗാ ശുചീകരണത്തിന് എല്ലാ പിന്തുണയുമായി എത്തി ഒരു കോടി നൽകിയതോടെ അയിത്തം മാറി. ഒരിക്കൽ തള്ളിപ്പറഞ്ഞ ജന്മഭൂമിയുടെ വികസന കോൺക്ലേവിന് ബിലിവേഴ്‌സ് ചർച്ച് മുഖ്യ സ്‌പോണസറായി. ഇപ്പോൾ ആർഎസ്എസ് ബന്ധമുള്ള ജനം ടിവിയുടെ ഓണാഘോഷത്തിലും ബിലിവേഴ്‌സ് ചർച്ചിന്റെ ഫണ്ട് എത്തുന്നു. അമേരിക്കയിലെ കേസുകളിൽ മെത്രോപൊലീത്തയെ രക്ഷിക്കാമെന്ന ഉറപ്പ് കേരളത്തിലെ ബിജെപി നേതാക്കൾ നൽകിയതായാണ് സൂചന.

കോഴിക്കോട് നടക്കാനിരിക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് ഭംഗിയാക്കാനുള്ള ബിജെപി കേരള ഘടകത്തിന്റെ ഫണ്ട് പിരിവിലും കെപി യോഹന്നാൻ കാര്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ അമേരിക്കയിലെ കേസിലെ നിയമനടപടികൾ മറികടക്കാൻ യോഹന്നാൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ പിജെ കുര്യനുമായി കരുക്കൾ നീക്കിയാണ് മോദിയെ കാണാൻ കെപി യോഹന്നാൻ എത്തിയത്. ഇതിലെ കള്ളത്തരങ്ങൾ തുറന്ന് കാട്ടിയത് ആർഎസ്എസ് മുഖ പത്രമായ ജന്മഭൂമിയായിരുന്നു. യോഹന്നാന്റെ വലയിൽ മോദി വീഴില്ലെന്ന് ജന്മഭൂമി ലേഖനവും എഴുതി. ദേശീയ മാദ്ധ്യമമായ ഹിന്ദുസ്ഥാൻ ടൈംസും അമേരിക്കയിലെ ഫണ്ട് ദുർവിനിയോഗവും അതിന്റെ പേരിലെ കേസും കാട്ടി ഒന്നാം പേജിൽ തന്നെ മോദിയെ കണ്ട യോഹന്നാന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പൊളിച്ചെഴുതി. എന്നാൽ ഇതൊന്നും ബിജെപിയെ ബാധിച്ചിട്ടില്ല. പത്രവും ചാനലും പാർട്ടിയും മുന്നോട്ട് പോകണമെങ്കിൽ യോഹന്നാന്റെ പണം സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. ജന്മഭൂമി കോൺക്ലേവിലും ജനം ടിവിയുടെ ഓണപരിപാടിയിലും യോഹന്നാൻ സ്‌പോൺസറായത് അങ്ങനെയാണ്. കോഴിക്കോട്ടെ നാഷണൽ കൗൺസിലോടെ യോഹന്നാനും ബിജെപിയും തമ്മിലെ ബന്ധം ദൃഡപ്പെടുമെന്ന വാദവും ശക്തമാകുന്നു.

എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറല്ല. ബിലീവേഴ്‌സ് ചർച്ചിന്റെ മതപരിവർത്തനത്തിനെതിരെ ഏറെ പ്രക്ഷോഭങ്ങൾ ആർഎസ്എസ് നയിച്ചിട്ടുണ്ട്. ഹൈന്ദവ വിരുദ്ധതയാണ് കെപി യോഹന്നാന്റെ മുഖമുദ്രയെന്ന് ആർഎസ്എസ് തുറന്ന് പറഞ്ഞതുമാണ്. ഈ നിലപാടുമായി മുന്നോട്ട് പോകുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ സ്ഥാപനങ്ങളിലെ സാമ്പത്തിക ഭദ്രതയ്ക്കായി ബിലിവേഴ്‌സ് ചർച്ചുമായി സഹകരിക്കാനാണ് മറ്റൊരു കൂട്ടരുടെ നീക്കം. ഈ സാഹചര്യത്തിലാണ് ജനം ടിവിയിലേക്കും ജന്മഭൂമിയിലേക്കും കെപി യോഹന്നാൻ കടന്നു കയറുന്നത്. ഇതിന് വേണ്ടി കൂടിയാണ് മോദിയെ കാണാൻ യോഹന്നാൻ പോയതും. പ്രധാനമന്ത്രിയുമായുള്ള ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ അടുപ്പക്കാരനാണെന്ന ഇമേജ് യോഹന്നാൻ ഉണ്ടാക്കിയെടുത്തു. ഇതിനെല്ലാം പിന്നിൽ അമേരിക്കയിലെ നിയമനടപടികൽ കുടുക്കായി മാറാതിരിക്കുകയെന്നതായിരുന്നു. ഇതിൽ യോഹന്നാൽ വിജയിക്കുന്നുവെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. ജന്മഭൂമി കോൺക്ലേവിലെ വിവാദം അറിഞ്ഞു കൊണ്ട് തന്നെ ജനം ടിവി സ്‌പോൺസർ ഷിപ്പ് വാങ്ങിയത് ഇതിന്റെ വ്യക്തമായ സൂചനയാണ്.

2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. എന്നാൽ പ്രധാനമന്ത്രിയായതോടെ ഒരു കോടിയുടെ സംഭാവനയുമായി മോദി കണ്ടു. അമേരിക്കയിലെ കേസ് ഒഴിവാക്കാനുള്ള അവസാന തന്ത്രമെന്ന നിലയിൽ മോദിയെ പാട്ടിലാക്കാനാണ് യോഹന്നാൻ ശ്രമിച്ചതെന്ന വിലയിരുത്തലാണ് ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയത്. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിക്കേണ്ടതുമില്ല. എന്നാൽ വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റി. 2013ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനമായിരുന്ന ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും.

ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പൽ ഫോർ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസും. ജീവകാരുണ്യ പ്രവർത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളർ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കൽ കൗൺസിലും നടപടിയെടുക്കാൻ കാരണം. ഇതിനു പുറമേ കേസ് കൂടിയായതോടെ ഇനി അമേരിക്കയിൽനിന്ന് യോഹന്നാന് ഒഴുകിയെത്തുന്ന കോടിക്കണക്കിനു ഡോളറുകളിൽ കുറവുണ്ടായി. ഇതിനൊപ്പമാണ് നിയമനടപടികൾ. ഗോസ്പൽ ഫോർ ഏഷ്യയും ബിലീവേര്‌സ് ചർച്ചും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ സുവിശേഷീകരണത്തിനായ് സ്വീകരിച്ച പണം വക മാറ്റി ചിലവഴിച്ചുവെന്നും കെട്ടിട സമുച്ചയങ്ങൾ പണിയുവാൻ ഉപയോഗിച്ചതായും മുൻ ബോർഡ് മെമ്പർ കുറ്റ സമ്മതം നടത്തിയിരുന്നു.

ടെക്‌സാസിൽ പണി കഴിപ്പിക്കുന്ന ഹെഡ് ക്വാർട്ടെസ് കെട്ടിട സമുച്ചയത്തിന്റെ പണിക്കയാണ് തുക വകമാറ്റി ചിലവഴിച്ചത്. ഏകദേശം 120കോടി രൂപയാണ് ഇന്ത്യയിലെ സുവിഷേശീകരണത്തിനു ഉപയോഗിക്കാതെ കെട്ടിട സമുച്ചയങ്ങളുടെ പണിക്കു വേണ്ടി വകമാറ്റി ചിലവഴിച്ചത്. ഇപ്രകാരം ദാതാക്കളുടെ പണം സ്വീകരിച്ചു നടത്തുന്ന വൻ അഴിമതി മനസിലായതിനെ തുടർന്ന് മുൻ ബോർഡ് മെമ്പർ ഗയ്ൽ എർവിൻ തന്റെ അംഗത്വം രാജി വച്ചതായി മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ അമേരിക്കയിലെ നിയമനടപടിയും. ഇവാഞ്ചിക്കൽ കൗൺസിൽ ഫോർ ഫിനാൻസ്യൽ അക്കൗണ്ടബിലിറ്റിയുടെ 10 മാനദണ്ടങ്ങളിൽ 7 എണ്ണത്തിലും വീഴ്ച വരുത്തിയെന്നും ഇതോടെ തെളിഞ്ഞു. അങ്ങനെയാണ് സംഘടന യോഹന്നാനെ പുറത്താക്കിയത്. ഈ കേസിൽ അമേരിക്കയിലെ നിയമനടപടികൾ വിനയാകുമെന്ന് അറിഞ്ഞപ്പോഴാണ് മോദിയെ കൈയിലെടുക്കാനുള്ള നീക്കം നടന്നത്. പിജെ കുര്യൻ എല്ലാ ഒത്താശയും ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്.

ഇതോടെ ജന്മഭൂമി തന്നെ കാര്യങ്ങൾ വിശദീകരിച്ച് രംഗത്ത് വന്നു. 2016 മാർച്ചിൽ ജന്മഭൂമി ഇങ്ങനെയാണ് കാര്യങ്ങളെ കണ്ടത്-മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2015 മാർച്ച് വരെ 10,117 എൻജിഒകളുടെ അംഗീകാരം റദ്ദാക്കുകയുണ്ടായി. നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചതിനാണിത്. 23 എൻജിഒകളുടെ നിക്ഷേപങ്ങൾ മരവിപ്പിക്കുകയും വിദേശഫണ്ട് സ്വീകരിക്കുന്നതിന് 20 എൻജിഒകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. 2014 ൽ വാർഷിക വരവുചെലവ് കണക്ക് ബോധിപ്പിക്കാത്തതിനാൽ 341 സംഘടനകൾക്ക് അഞ്ചരക്കോടിയോളം (5,20,82,031) രൂപയും അംഗീകാരം നേടാതെയും മുൻകൂർ അനുമതിയില്ലാതെയും വിദേശഫണ്ട് സ്വീകരിച്ചതിനാൽ 24 സംഘടനകൾക്ക് 51 ലക്ഷത്തിലേറെ (51,99,526)രൂപയും പിഴ ചുമത്തി. തുടർച്ചയായി മൂന്നുവർഷം വരവ് ചെലവ് കണക്ക് ബോധിപ്പിക്കാത്തതിന് 2014 ൽ 10,343 സംഘടനകൾക്ക് നോട്ടീസ് അയക്കുകയും ഫോർഡ് ഫൗണ്ടേഷനെപ്പോലുള്ള സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആർഎ ചട്ടം ലംഘിച്ചതിന് നിരീക്ഷണ പട്ടികയിൽപ്പെടുത്തുകയും ചെയ്തു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എൻജിഒകൾക്കെതിരായ മോദി സർക്കാരിന്റെ ഈ നടപടികളുമായി കെ.പി.യോഹന്നാന് എന്ത് ബന്ധം എന്ന് ചോദിച്ചേക്കാം. ബീലിവേഴ്‌സ് ചർച്ച് ഒരു എൻജിഒയും യോഹന്നാൻ ഒരു എൻജിഒ സംഘാടകനുമാകുന്നു എന്നതാണ് ഇതിനുത്തരം. 1980 ൽ അമേരിക്കയിലെ ടെക്‌സാസിൽ സ്ഥാപിതമായ ഗോസ്പൽ ഫോർ ഏഷ്യ ഇൻകോർപ്പറേറ്റഡ് (ജിഎഫ്എഐ) എന്ന അന്താരാഷ്ട്ര സംഘടനയുടെ ഭാരതത്തിലെ ഒൻപത് അനുബന്ധ സംഘടനകളിലൊന്നാണ് ബിലീവേഴ്‌സ് ചർച്ച് ഓഫ് ഇന്ത്യ (ബിസിഐ). നിയതമായ അർത്ഥത്തിൽ ബിലീവേഴ്‌സ് ചർച്ച് ഒരു ക്രൈസ്തവസഭയല്ല. അത് മതത്തിന്റെ പരിവേഷമുള്ള യോഹന്നാന്റെ ഒരു പോക്കറ്റ് സംഘടന മാത്രമാണ്. ഗോസ്പൽ ഫോർ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവർ മിനിസ്ട്രി (എൽഎച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എൽഐഎം) ഷക്കീന പ്രോഫറ്റിക് മിഷൻ ട്രസ്റ്റ് (എസ്‌പിഎംടി), റെഹാബോത് ഇന്ത്യൻ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആർഐജിഎൻഎൽടി), ന്യൂ ഹോപ് ഫൗണ്ടേഷൻ (എൻഎച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇൻ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നിവയാണ് മറ്റ് സംഘടനകൾ.

ഇത്തരമൊരു വ്യക്തിയിൽ നിന്നാണ് ആറു മാസത്തിന് ശേഷം കേരളത്തിന്റെ വികസന യാഥാർത്ഥ്യത്തെ കുറിച്ച് മനസ്സിലാക്കാനായി സംഘടിപ്പിച്ച സെമിനാറിൽ ജന്മഭൂമി തന്നെ മുഖ്യ സ്‌പോണസറാക്കിയത്. കോൺക്ലേവിൽ പ്രധാനമായും അഞ്ച് സ്‌പോണസർമാരാണ് ഉണ്ടായിരുന്നത്. അതിൽ മുന്നെണ്ണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറെന്ന പൊതുമേഖലാ ബാങ്ക്. ഇവർക്കൊപ്പമാണ് ബിലിവേഴ്‌സ് ചർച്ചിന്റെ മെഡിക്കൽ കോളേജിനേയും സ്‌പോണസറാക്കിയത്. കേന്ദ്ര ഭരണമുള്ളതിനാൽ ആരെ വേണമെങ്കിലും ബിജെപി സ്വാധീനത്തിന്റെ ബലത്തിൽ സ്‌പോൺസർമാരായി കോൺക്ലേവിന് ലഭിക്കും. ബിലിവേഴ്‌സ് ചർച്ചിന്റെ കാശിന് വേണ്ടി നിൽക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് കൂടിയാണ് വ്യക്തമായ ഗൂഢാലോചനയുടെ ഫലമായിട്ടാണിത് സംഭവിച്ചതെന്ന വിലയിരുത്തലുകളെത്തുന്നത്. കോൺക്ലേവിന്റെ പ്രധാന വേദിയിൽ സ്ഥാപിച്ച ബാക്ക് ഡ്രോപ്പിൽ ബിലിവേഴ്‌സ് മെഡിക്കൽ കോളേജിന്റെ എബ്ലവും പതിച്ചിരുന്നു. ഇതോടെയാണ് കെപി യോഹന്നാന്റെ സഹായം പറ്റിയത് പുറം ലോകത്ത് അറിഞ്ഞത്. ജനം ടിവിയുടെ ഓണാഘോഷത്തിലെ ബിലിവേഴ്‌സ് ചർച്ചിന്റെ സാന്നിധ്യവും ബിജെപി കേരള ഘടകവുമായി യോഹന്നാൻ അടുത്തതിന്റെ വ്യക്തമായ തെളിവാണ്.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ൽ കേവലം 900 രൂപ മുടക്കുമുതലിൽ തിരുവല്ല സബ്‌രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി പ്രവർത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായധർമ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നത്. ഈ സ്ഥാപനത്തിന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന യാതൊരു വിധ നടപടികളും പാലിക്കാതെ ശ്രീ.കെ.പി.യോഹന്നാന്റെ സ്വാർത്ഥതാൽപര്യത്തിനും, സുഖലോപനങ്ങൾക്കുമായി ഈ സ്ഥാപനത്തെ ഉപയോഗിച്ചു വരുന്നുവെന്ന പരാതി ഉയർത്തിയ സംഘപരിവാറിനാണ് ഇപ്പോൾ ഈ മനംമാറ്റം.

മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങൾ പറഞ്ഞ് യു.കെ, യു.എസ്.എ, കാനഡ, സ്വിറ്റ്‌സർലാന്റ്, ജർമ്മനി, തായ്‌വാൻ ആസ്‌ട്രേലിയ, ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒഴുകുന്നുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന കോടിക്കണക്കിന് രൂപ സിനിമയ്ക്കും, ഫിലിമിനും, ചാനൽ ഇൻകംജനറേഷനും, അഗ്രികൾച്ചറൽ ആക്റ്റിവിറ്റിക്കും, സ്‌കൂൾ, കോളേജ്, മെയ്ന്റൻസിനും വസ്തുക്കച്ചവടത്തിനുമായി ഭൂരിഭാഗം തുകയും വകമാറ്റി ചിലവഴിച്ചതായി ആരോപണമുണ്ട്. 2005-2006 കാലഘട്ടത്തിൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്നും ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതിനായി 63 കോടി രൂപയാണ് വക മാറ്റി ചിലവഴിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP