Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ജർമനിക്ക് പോകുന്നു; ഇനി ചുമതല നിങ്ങൾക്ക്; വിദേശ യാത്രയ്ക്ക് പോകുമ്പോൾ സ്വന്തം ലെറ്റർ പാഡിൽ വകുപ്പ് കൈമാറ്റം നടത്തി മന്ത്രി കെ രാജു; പൊതുഭരണ വകുപ്പ് അറിയാതെ സ്വന്തം ഇഷ്ടപ്രകാരം വകുപ്പ് കൈമാറിയിട്ടും പാർട്ടിയെ പോലും അറിയിക്കാതെ രഹസ്യമാക്കി വച്ച് മന്ത്രി തിലോത്തമൻ; പ്രളയത്തിനിടെയിലെ ജർമ്മൻയാത്രാ വിവാദത്തിൽ രാജുവിനൊപ്പം തിലോത്തമനും പണി കിട്ടിയേക്കും; രണ്ട് സിപിഐ മന്ത്രിമാരിലും മുഖ്യമന്ത്രി അതൃപ്തൻ; നടപടിക്കൊരുങ്ങി കാനവും

ഞാൻ ജർമനിക്ക് പോകുന്നു; ഇനി ചുമതല നിങ്ങൾക്ക്; വിദേശ യാത്രയ്ക്ക് പോകുമ്പോൾ സ്വന്തം ലെറ്റർ പാഡിൽ വകുപ്പ് കൈമാറ്റം നടത്തി മന്ത്രി കെ രാജു; പൊതുഭരണ വകുപ്പ് അറിയാതെ സ്വന്തം ഇഷ്ടപ്രകാരം വകുപ്പ് കൈമാറിയിട്ടും പാർട്ടിയെ പോലും അറിയിക്കാതെ രഹസ്യമാക്കി വച്ച് മന്ത്രി തിലോത്തമൻ; പ്രളയത്തിനിടെയിലെ ജർമ്മൻയാത്രാ വിവാദത്തിൽ രാജുവിനൊപ്പം തിലോത്തമനും പണി കിട്ടിയേക്കും; രണ്ട് സിപിഐ മന്ത്രിമാരിലും മുഖ്യമന്ത്രി അതൃപ്തൻ; നടപടിക്കൊരുങ്ങി കാനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ രാജുവിനൊപ്പം തിലോത്തമനും മന്ത്രി പണി പോയേക്കും. പ്രളയകാലത്തെ രാജുവിന്റെ ജർമൻ യാത്രയിൽ മന്ത്രി തിലോത്തമനും വിവാദത്തിലാവുകയാണ്. മുഖ്യമന്ത്രി അറിയാതെ തിലോത്തമനാണ് വിദേശത്ത് പോകുമ്പോൾ രാജു ചുമതല കൈമാറിയത്. വകുപ്പുകൾ മറ്റൊരു മന്ത്രിക്ക് കൈമാറാൻ ഏറെ നടപടി ക്രമങ്ങളുണ്ട്. പൊതുഭരണ വകുപ്പ് ഉത്തരവിടണം. എന്നാൽ സ്വന്തം ലെറ്റർപാഡിൽ രാജു സ്വന്തം ഇഷ്ടപ്രകാരം തിലോത്തമന് ചുമതല കൈമാറി. ഈ കത്ത് കിട്ടിയതോടെ തിലോത്തമന് വനം വകുപ്പും ലഭിച്ചു. ഇതൊന്നും പാർട്ടിയേയും തിലോത്തമൻ അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് തിലോത്തമനെതിരേയും സിപിഐ നടപടിയെടുക്കാൻ സാധ്യത ഒരുങ്ങുന്നത്.

മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിമാരാണുള്ളത്. ഇതിൽ റവന്യൂ വകുപ്പിന്റെ ചുമതലയുള്ള സിപിഐയുടെ ചന്ദ്രശേഖരനെ സഹായിക്കാതെയാണ് വനംമന്ത്രിയായ രാജു ജർമനിയിലേക്ക് പോയത്. പ്രവാസി മലയാളി സംഘടനയുടെ പരിപാടിക്ക് സിപിഐയുടെ മന്ത്രിയായ വി എസ് സുനിൽകുമാറിനേയും ക്ഷണിച്ചിരുന്നു. എന്നാൽ പ്രളയത്തിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് സുനിൽകുമാർ യാത്ര റദ്ദാക്കി. ആരോടും പറയാതെ രാജു പോവുകയും ചെയ്തു. എന്നാൽ യാത്രാ വിവരവും വകുപ്പ് കൈമാറിയതും തിലോത്തമന് അറിയാമായിരുന്നു. എന്നാൽ വനം വകുപ്പിന്റെ അധിക ചുമതല കിട്ടിയത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനോട് പോലും തിലോത്തമൻ പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ രാജുവിനൊപ്പം തിലോത്തമനും തെറ്റ് ചെയ്തുവെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തൽ.

മന്ത്രി കെ.രാജുവിന്റെ പ്രളയകാല ജർമനി യാത്രയിൽ കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളിയിരുന്നു. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ രാജു കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ യാത്രയ്ക്ക് പോകുമ്പോൾ മന്ത്രിയുടെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. ഇതോടെ തിലോത്തമനോടും കാനം വിശദീകരണം തേടി. രാജു വകുപ്പ് ചുമതല നൽകിയ കത്ത് തന്നുവെന്നും അത് വാങ്ങി വച്ചുവെന്നും തിലോത്തമനും മറുപടി നൽകി. വനം വകുപ്പിന്റെ കാര്യങ്ങളിലൊന്നും താൻ ഇടപെട്ടിട്ടില്ലെന്നും തിലോത്തമൻ പറയുന്നു. എന്നാൽ സിപിഐ മന്ത്രിമാർക്ക് വകുപ്പ് കൈമാറ്റത്തിന് പൊതുഭരണവകുപ്പ് ഉത്തരവ് അനിവാര്യമാണെന്ന് പോലും അറിയില്ലേയെന്നാണ് ഉയരുന്ന ചോദ്യം.

വകുപ്പ് മാറ്റം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന സമാന്യ മര്യാധയും രാജുവും തിലോത്തമനും ലംഘിച്ചു. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് നേരെയുള്ള കടന്നു കയറ്റമാണ്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നാണ് രാജു മടങ്ങി എത്തിയ ശേഷം നൽകിയ വിശദീകരണം. പ്രശ്‌നമില്ലാത്ത സമയത്താണ് പോയതെന്നും പറയുന്നു. എന്നാൽ സ്വാതന്ത്ര്യ ദിന പരേഡിൽ തന്നെ പ്രളയത്തിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി രാജു സംസാരിച്ചിരുന്നു. അതിനാൽ ഈ വാദവും വിലപ്പോവില്ല. മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുനത്തലുണ്ട്. ജർമൻ യാത്രക്ക് പാർട്ടി അനുമതി നൽകിയത് ഒരുമാസം മുൻപാണ്. യാത്രക്കു മുൻപുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പോകുന്നതിന് മുമ്പ് പാർട്ടിയോട് ആലോചിക്കണമായിരുന്നു.

അത് ചെയ്യാതെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ രാജുവിനെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് സിപിഐയിലെ മുതിർന്ന നേതാക്കൾ. ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നിർവാഹകസമിതി അനുവാദം നൽകി. സംസ്ഥാന കൗൺസിൽ അംഗമാണു രാജു. എന്നാൽ അതിനുശേഷം സ്ഥിതിഗതികൾ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തിൽ ചില ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മന്ത്രി കുറച്ചുദിവസം താൻ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. ഇതും മറുന്നു.

യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാർട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താൻ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു. ദേശീയ മാധ്യമങ്ങളിലും വാർത്തയായതിനെത്തുടർന്നു ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇന്നലെ ചേരാനിരുന്ന നിർവാഹകസമിതി യോഗം മാറ്റിവച്ചിരുന്നു. നിലവിൽ നാല്, അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ രാജുവിന്റെ വിദേശയാത്രാ വിവാദം തന്നെയാകും പ്രധാന ചർച്ചാ വിഷയം.

പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ മന്ത്രി രാജു ഇന്നലെ വൈകിട്ടാണു ജർമൻ നഗരമായ ബോണിൽ നിന്നു തിരിച്ചെത്തിയത്. താൻ പോയ സമയത്തു കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നു രാജു അവകാശപ്പെട്ടു. (പെരുമഴ രണ്ടാമതും ശക്തമായത് 14 നായിരുന്നു. മന്ത്രി പുറപ്പെട്ടത് 15 ന് രാത്രിയും). താൻ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അതെന്നു രാജു പറഞ്ഞു. ലോക മലയാളി കൗൺസിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികൾ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവർ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതിൽ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാൽ പെട്ടെന്നു സ്ഥിതിഗതികൾ മാറി. അതു മുൻകൂട്ടി കണക്കിലെടുക്കാനായില്ല. ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. പാർട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയത് രാജു വിശദീകരിച്ചിരുന്നു.

അതേസമയം, മന്ത്രി ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് കാനം വ്യക്തമാക്കി. അതുകൊണ്ടാണു തിരിച്ചുവിളിച്ചത്. അതു ഞാൻ തന്നെയാണു ചെയ്തത്. നടപടിയുടെ കാര്യം ഞാൻ ഒറ്റയ്ക്കു തീരുമാനിക്കേണ്ടതല്ല. പാർട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോടു ചർച്ചചെയ്യാനും കഴിയില്ലകാനം വ്യക്തമാക്കിയത് ഇങ്ങനെയാണ്. സിപിഐയുടെ രണ്ട് മന്ത്രിമാരേയും മാറ്റാനാണ് കാനത്തിന്റെ നീക്കമെന്നാണ് സൂചന. തിലോത്തമനും രാജുവിനും എതിരെ പാർട്ടിയിൽ പലവിധ പരാതികളുണ്ട്. ഇതെല്ലാം ഈ അവസരത്തിൽ വീണ്ടും ചർച്ചയാക്കുകയാണ് സിപിഐയിലെ ഒരു വിഭാഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP