Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുള അരിയുടെ ചാക്കിലുള്ളത് ആറന്മുളയിൽനിന്നു കൊയ്‌തെടുത്ത നെല്ലു കുത്തിയ അരി തന്നെയോ? ഓയിൽപാമിനു കൊടുത്ത 50 ടൺ നെല്ല് എവിടെപ്പോയി? ആറന്മുള വിമാനത്താവള ഭൂമിയിലെ നെൽകൃഷി-അരിയുൽപാദനത്തിനുള്ള കൃഷിവകുപ്പിന്റെ സ്വപ്‌നപദ്ധതിക്കെതിരേ ശിവദാസൻ നായരുടെ ചോദ്യങ്ങൾ

ആറന്മുള അരിയുടെ ചാക്കിലുള്ളത് ആറന്മുളയിൽനിന്നു കൊയ്‌തെടുത്ത നെല്ലു കുത്തിയ അരി തന്നെയോ? ഓയിൽപാമിനു കൊടുത്ത 50 ടൺ നെല്ല് എവിടെപ്പോയി? ആറന്മുള വിമാനത്താവള ഭൂമിയിലെ നെൽകൃഷി-അരിയുൽപാദനത്തിനുള്ള കൃഷിവകുപ്പിന്റെ സ്വപ്‌നപദ്ധതിക്കെതിരേ ശിവദാസൻ നായരുടെ ചോദ്യങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ പ്രത്യേകിച്ച് സിപിഐയുടെയും കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും സ്വപ്നപദ്ധതിയായ ആറന്മുള വിമാനത്താവള ഭൂമിയിലെ നെൽകൃഷി വിവാദത്തിൽ. ഇവിടെ ഉൽപാദിപ്പിച്ച നെല്ല് കുത്തിയുണ്ടാക്കിയ അരി ആറന്മുള അരി എന്ന ബ്രാൻഡ് നെയിമിൽ വിപണിയിൽ എത്തിയതോടെയാണ് വിവാദം തല പൊക്കിയിരിക്കുന്നത്. നെല്ല് ഏറ്റെടുത്ത് കുത്തി അരിയാക്കുന്നതിനുള്ള ചുമതല ഓയിൽ പാമിനാണ് നൽകിയിരുന്നത്. ഇവർ കൊണ്ടു പോയ നെല്ലിൽ 50 ടൺ കാണാതായതാണ് വിവാദത്തിന് തിരി കൊളുത്തിയത്. എന്നാൽ, ഇതിനൊക്കെ ഉപരിയായി നെൽകൃഷിയിലെ കള്ളക്കളി പൊളിച്ചടുക്കി ആറന്മുളക്കാരനായ മുൻഎംഎൽഎ കെ. ശിവദാസൻ നായരും രംഗത്തു വന്നു.

ആറന്മുള നെൽകൃഷി പുനരുദ്ധാരണ പദ്ധതി കഴിഞ്ഞ ഒക്‌ടോബർ 29 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിത്ത് വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമി ഏറ്റെടുത്ത് സർക്കാർ കൃഷി ഇറക്കുന്നുവെന്നായിരുന്നു അവകാശവാദം. എന്നാൽ, പദ്ധതി പ്രദേശത്ത് ഒരു വിത്തു പോലും വിതയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ല. വിതച്ചതാകട്ടെ സഹകരണ എൻജിനീയറിങ് കോളജിന് മുന്നിലുള്ള സ്വകാര്യ ഭൂമിയിൽ. പിന്നെ കൃഷി നടന്നത് കിലോമീറ്ററുകൾ അകലെയുള്ള പുന്നയ്ക്കാട്, നീർവിളാകം പാടശേഖരങ്ങളിലും. ലക്ഷങ്ങളാണ് ഇതിനായി വകയിരുത്തിയത്. ഈ പാടശേഖരങ്ങളിൽ നിന്നും കൊയ്ത നെല്ലാണ് ആറന്മുള അരിയാക്കാൻ ഓയിൽ പാമിന് നൽകിയത്.

ഫെബ്രുവരി 20നായിരുന്നു കൊയ്ത്തുത്സവം. നീർവിളാകം പുഞ്ചയിൽ മാത്രം കൊയ്ത നെല്ല് 120 ടണ്ണായിരുന്നുവെന്ന് കർഷകർ വ്യക്തമാക്കുന്നു. ഇക്കാര്യം ആറന്മുള നെൽകൃഷി പുനർജീവന പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ ജെ. സജീവും ശരി വയ്ക്കുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓയിൽപാമിൽ നെല്ല് എത്തിയപ്പോൾ 70 ടണ്ണായി കുറഞ്ഞു. 50 ടൺ നെല്ല് എവിടെ പോയി എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർ കൈമലർത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ ഓഫീസർ കഴിഞ്ഞ 20ന് ആറന്മുള കൃഷി ഓഫീസർക്ക് കത്തു നൽകി.

ഒരു കിലോഗ്രാം നെല്ലിന് ഇപ്പോൾ സർക്കാർ 22.50 രൂപായാണ് നൽകുന്നത്. അങ്ങനെ വരുമ്പോൾ 50,000 കിലോ നെല്ലിന് 11.25 ലക്ഷം രൂപാ ലഭിക്കേണ്ടതാണ്. ഇത്രയും തുകയുടെ നഷ്ടമാണ് നീർവിളാകം പുഞ്ച കൃഷിയിൽ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. ആറന്മുള നീർവിളാകം പുഞ്ചയിൽ നെല്ല് വിളഞ്ഞ് പാകമായപ്പോൾ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റ് ഇവിടെ സർവേ നടത്തിയിരുന്നു. ഇതനുസരിച്ച് റോഡിന്റെ വടക്കുവശത്തുള്ള 75 ഏക്കർ (30 ഹെക്ടർ) പുഞ്ചയിൽ 1 ഹെക്ടറിൽ 12 ടൺ നെല്ലും റോഡിന് തെക്കുഭാഗത്തുള്ള 75 ഏക്കർ (30 ഹെക്ടർ) പുഞ്ചയിൽ നിന്നും 1 ഹെക്ടറിൽ 8.5 ടൺ അരിയും ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നു.

അങ്ങനെ വരുമ്പോൾ ഇപ്പോൾ കൊയ്ത്തുനടന്ന വടക്കുഭാഗത്തെ വയലിൽ നിന്നുമാത്രം ഉദ്ദേശം 180 ടൺ നെല്ല് ലഭിക്കേണ്ടതാണ്. എന്നാൽ ഇവിടം കൊയ്തപ്പോൾ 120 ടൺ നെല്ല് മാത്രമാണ് ലഭിച്ചത്. വിളവെടുപ്പിനുശേഷം നീർവിളാകം പുഞ്ചയിൽനിന്ന് ഗവൺമെന്റ് ഓയിൽപാം ഇന്ത്യയുടെ വൈക്കം വെച്ചൂർ മില്ലിലേക്കാണ് നെല്ല് കൊണ്ടുപോയത്. ഇവിടെ എത്തിയ ശേഷമാണോ നെല്ലിന്റെ അളവ് കുറഞ്ഞത് എന്നതിനെപ്പറ്റിയാണ് ഇപ്പോൾ ആശങ്ക ഉയർന്നിട്ടുള്ളത്. നീർവിളാകം പാടശേഖരത്തിന്റെ ഭാഗമായി റോഡിന് തെക്കുഭാഗത്തുള്ള വയൽ ഇതുവരെ പൂർണമായും കൊയ്തിട്ടില്ല. ഈ ഭഗത്ത് ശേഷിക്കുന്ന നെല്ല്
വെള്ളത്തിനടിയിലാണിപ്പോൾ. വെള്ളം ഇറങ്ങാതെ ഇവിടെ കൊയ്ത്തു നടക്കില്ല.

നീർവിളാകത്തിനൊപ്പം കൃഷി ചെയ്ത പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി പാടശേഖരങ്ങളിൽ നിന്ന് ഓയിൽപാം ഇന്ത്യയിലെത്തിയ നെല്ലിന്റെയും ഏരിയായുടെയും അളവും അഴിമതി നടന്നതായുള്ള സംശയം ബലപ്പെടുത്തുന്നു. പുന്നയ്ക്കാട് പാടശേഖരത്തിൽ 25 ഏക്കറിൽ കൃഷി ചെയ്തപ്പോൾ 45 ടൺ നെല്ലാണ് മില്ലിൽ എത്തിയത്. മല്ലപ്പുഴശേരിയിൽ 14 ഏക്കറിൽ കൃഷി ചെയ്തപ്പോൾ 28.5 ടൺനെല്ല് മില്ലിലെത്തി. എന്നാൽ വിശാലമായ നീർവിളാകം പാടശേഖരത്തിലെ 75 ഏക്കറിൽനിന്ന് 120 ടൺ നെല്ല് മാത്രമാണ് വൈക്ക മില്ലിലെത്തിയതെന്ന് പറയുമ്പോൾ തട്ടിപ്പ് നടന്നതായുള്ള സംശയത്തിന് ആഴം കൂട്ടുന്നു.

ഇതിനെതിരേയാണ് മുൻഎംഎൽഎ കെ ശിവദാസൻ നായർ രംഗത്തു വന്നിരിക്കുന്നത്. വിമാനത്താവള ഭൂമിയിലെ നെൽകൃഷി എന്നു പറയുന്നത് തട്ടിപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആറന്മുള അരിയുടെപേരിൽ നടക്കുന്ന കൊള്ളയെ കുറിച്ച് വിജിലൻസ് അന്വേഷിക്കണം. ആറന്മുള അരിയെന്ന ലേബൽ ചാക്കിന് പുറത്ത് പതിച്ച് സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. വിമാനത്താവള പദ്ധതി അട്ടിമറിച്ചതിനെ ന്യായീകരിക്കാനുള്ള വൃഥാവ്യായാമമാണ് ആറന്മുള അരി. വിമാനത്താവള പദ്ധതി പ്രദേശത്തോ കെജിഎസിന്റെ കൈവശമുണ്ടായിരുന്ന സ്ഥത്തോ ഒരു മണി നെല്ല് പോലും കൃഷി ചെയ്തിട്ടില്ല. എൻജിനീയറിങ് കോളജിന് മുൻവശത്ത് വ്യക്തിയുടെ സ്ഥലത്ത് കൃഷി നടത്തി. ഉൽപാദനത്തിന്റെ വിഹിതം ഇദ്ദേഹത്തിന് നൽകിയതുമില്ല. എത്ര ഏക്കറിൽ കൃഷി നടന്നു, ചെലവാക്കിയ തുക, എത്ര നെല്ല് കിട്ടി, എത്ര അരി ഉൽപാദിപ്പിച്ചു എന്നീ ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മറുപടി നൽകണമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP