Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിപിഎമ്മിനകത്ത് ഇന്നും ടിപിയുടെ കൊലപാതകത്തിൽ അമർഷമുള്ള നിരവധി കുടുംബങ്ങളുണ്ട്; കൊലയ്ക്ക് പിന്നിലെ കിങ്‌മേക്കർ പി. ജയരാജനാണെന്ന് ആ കുടുംബങ്ങൾക്കറിയാം'; ടിപി വധവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കിൽ കുടുങ്ങുന്നത് പിണറായിയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ; ശാസന ലഭിച്ചതിന് പിന്നാലെ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പേന വലിച്ചെറിഞ്ഞുവെന്നും ആരോപണം

'സിപിഎമ്മിനകത്ത് ഇന്നും ടിപിയുടെ കൊലപാതകത്തിൽ അമർഷമുള്ള നിരവധി കുടുംബങ്ങളുണ്ട്; കൊലയ്ക്ക് പിന്നിലെ കിങ്‌മേക്കർ പി. ജയരാജനാണെന്ന് ആ കുടുംബങ്ങൾക്കറിയാം'; ടിപി വധവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കിൽ കുടുങ്ങുന്നത് പിണറായിയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ; ശാസന ലഭിച്ചതിന് പിന്നാലെ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പേന വലിച്ചെറിഞ്ഞുവെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കേരളത്തിൽ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ചയൊന്നായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസ്. രാഷ്ട്രീയ രംഗത്ത് പ്രത്യേകിച്ച് സിപിഎമ്മിനുള്ളിൽ ഏറെ വിവാദച്ചൂടയർത്തിയ ഒന്നായിരുന്നു ടി.പി വധം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാനത്ത് കനത്ത് തോൽവി ഏറ്റുവാങ്ങിയിരിക്കുന്ന വേളയിലാണ് വധക്കേസ് ഉദ്ധരിച്ച് സിപിഎമ്മിനെതിരെ ആരോപണ ശരവുമായി കണ്ണൂർ എംപി കെ. സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.

ടിപി വധത്തിന് പിന്നിൽ സിപിഎം നേതാവ് പി. ജയരാജനാണെന്ന് വടകരയിലെ എല്ലാവർക്കും അറിയാമെന്നും ചന്ദ്ര ശേഖരന്റെ വധത്തിൽ അമർഷമുള്ള ഒട്ടേറെ പേർ സിപിഎമ്മിനകത്ത് ഇപ്പോഴുമുണ്ടെന്നും സുധാകരൻ ആരോപിച്ചു. 24 ന്യൂസ് ചാനലിന്റെ വാർത്താ വ്യക്തി എന്ന പരിപാടിക്കിടെയാണ് സിപിഎമ്മിനും ജയരാജനുമെതിരെ സുധാകരൻ ആഞ്ഞടിച്ചത്. സുധാകരന്റെ വാക്കുകളിങ്ങനെ: സിപിഎമ്മിനകത്ത് ഇന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ അമർഷമുള്ള നിരവധി കുടുംബങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിലെ കിങ് മേക്കർ ജയരാജനാണെന്ന് ആ കുടുംബങ്ങൾക്കൊക്കെയറിയാം. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കിൽ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നെന്നും സുധാകരൻ പറഞ്ഞു.

24 ന്റെ വാർത്തവ്യക്തിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയ പോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കിൽ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിരുന്നു. അത് താൻ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തിൽ പല ഇടപെടലുകൾ നടന്നിട്ടുണ്ട്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താൻ സംസാരിച്ചിട്ടുണ്ട്.

അതിൽ ഒരു ഡിവൈഎസ്‌പിക്ക് കേസന്വേഷണം ഇവിടെവെച്ച് നിർത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സർക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവിൽ കേന്ദ്ര സർക്കാരിന്റെ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുകകയാണെന്നും കെ സുധാകരൻ പറഞ്ഞു.

രക്തത്തിന്റെ മണമുള്ള 2012 മാർച്ച് നാല്

2012 മാർച്ച് നാല്. രാത്രി പത്തുമണിക്കാണ് വടകരയ്ക്കടുത്ത് വള്ളിക്കോട് വച്ച് അജ്ഞാത സംഘം ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ബൈക്കിൽ സഞ്ചരിച്ച ചന്ദ്രശേഖരനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം ബോബെറിഞ്ഞും 51 വെട്ട് വെട്ടിയും നിർജ്ജീവമാക്കി.പ്രത്യയശാസ്ത്ര വ്യതിയാനങ്ങളുടെ പേരിൽ 2009 ൽ സിപിഎം വിട്ട ടിപിയെ ആശയങ്ങൾ കൊണ്ട് നേരിടാനായിരുന്നില്ല എതിരാളികൾക്ക് ഇഷ്ടം. അവർ അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചത്.ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് ആർഎംപി പിടിച്ചെടുത്തതോടെ ടിപിയുടെ നാളുകൾ എണ്ണപ്പെട്ടു. ഗൂഢാലോചനയുടെ വേരുകൾ ആഴ്ന്നിറങ്ങി. എങ്ങനെയും ഈ മാർഗ്ഗം മുടക്കിയെ നീക്കം ചെയ്യാൻ!

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം വിട്ട് വിമതപ്രവർത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതർ ടിപിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

മേഖലയിൽ അടിക്കടിയുണ്ടായ ആർഎംപി-സിപിഎം സംഘർഷങ്ങൾ കൂടിയായതോടെ ചന്ദ്രശേഖരനോടും ആർഎംപിയോടുമുള്ള സിപിഎം വൈര്യം വർധിച്ചു. ഇത്തരമൊരു സംഘർഷത്തിനിടെ പാർട്ടി നേതാവ് പി.മോഹനന് മർദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് എത്തി. ആ തീരുമാനം ക്വട്ടേഷൻ സംഘം നടപ്പാക്കുകയും ചെയ്തു. കേസിന്റെ ഗൗരവം മനസ്സിലാക്കിയ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.എഡിജിപി വിൻസന്റ്.എം. പോളായിരുന്നു കേസന്വേഷണത്തിന്റെ തലവൻ.എഐജി അനൂപ് കുരുവിള ജോൺ, ക്രെംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്.കെ.വി, തലശേരി ഡിവൈഎസ്‌പി ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി, ജോസി ചെറിയാൻ, കുറ്റ്യാടി സിഐ പി.വി. ബെന്നി എന്നിവരെ ഉ്രൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചു.

കൊലയാളി സംഘത്തിൽ ആദ്യം പിടികൂടിയത് അണ്ണൻ സുജിത്തിനെ. ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൊസൂരിൽ നിന്ന് സുജിത്തിനെ അറസ്റ്റ് ചെയ്തതിനെ പിന്നാലെ, ടി.കെ.രജീഷും പിടിയിലായി. ടി.കെ. രജീഷ് മുംബൈയിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെയെത്തിയപ്പോൾ രജീഷ് അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. വിവിധ പൊലീസ് സംഘാംഗങ്ങൾ, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലേക്കു പോയി. അവസാനം മഹരാഷ്ട്ര ഗോവ അതിർത്തിലെ ഒരു ഗ്രാമത്തിലെ ബേക്കറിൽ നിന്നും പൊലീസ് സംഘം രജീഷിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എം.സി. അനൂപ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായി.

എന്നാൽ, കൊടിസുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി എന്നീ പ്രതികളെ സാഹസികമായി മുടക്കോഴി മലയിൽ നിന്ന് പിടികൂടിയത് പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലായി മാറി.ടി പി വധക്കേസ് പ്രതികളെ നിശ്ശബ്ദമായ ഓപ്പറേഷനിലൂടെ പിടികൂടിയതോടെയാണ് ഷൗക്കത്തലി എന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥനെ കേരളം മനസിലാക്കുന്നത്. അതോടെ ഷൗക്കത്തലി രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ശത്രുവാകുകയും ചെയ്തു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാനാണ് കേരള പൊലീസിലെ സീനിയർ ഡിവൈഎസ്‌പിയായിരിക്കെ എൻഐഎയിൽ അഡീഷണൽ സൂപ്രണ്ടായി ചേക്കേറിയത്. പിന്നീട് സംസ്ഥാന പൊലീസ് എസ്‌പിയായി പ്രമോഷൻ നൽകിയതോടെ എൻഐഎയിലും എസ്‌പിയായി.

കനകമലയിലെ ഐഎസ് ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും ഷൗക്കത്തലിയുടെ എൻഐഎയിലെ സുപ്രധാന നേട്ടമായി എണ്ണാം. 1995ലെ എസ്‌ഐ ബാച്ചിൽ ഒന്നാം റാങ്കുകാരനായിരുന്നു ഷൗക്കത്തലി. ടി പി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹം എൻഐഎയിൽ എത്തിയത്. 2012 ജൂലൈ 14നാണ് മുടക്കോഴി മലയിൽ വച്ച് ടിപി വധക്കേസിലെ കൊലയാളി സംഘത്തെ ഇദ്ദേഹം കുരുക്കിയത്. കൊടി സുനിയെയും സംഘത്തെയും മലയിൽ വച്ച് അതിസാഹസികമായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.

കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ലംബു പ്രദീപിനെ കുടുക്കിയത്, ടി കെ രജീഷിനെ തേടി മുംബൈയിലേക്ക് യാത്ര ചെയ്തത്, പി മോഹനനെ അറസ്റ്റ് ചെയ്തത് എല്ലാം ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇതിൽ പി മോഹനന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മോഹനനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സിപിഎം നേതാവ് എംവി ജയരാജൻ ഷൗക്കത്തലിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞതെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP