Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പോസിറ്റീവ് ആയ രോഗി മരിച്ചാൽ സർക്കാർ കണക്കിൽ അത് നെഗറ്റീവാക്കുന്നു; പാരിപ്പള്ളി, മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത് ഇതാണ്; കോയമ്പത്തൂരിൽ പാലക്കാട്ടുകാരൻ മരിച്ചാൽ അത് തമിഴ്‌നാടിന്റെ അക്കൗണ്ടിലാക്കും; പാമ്പിനെ കൊണ്ട് കൊല്ലിച്ചാലും അവർ രക്ഷിക്കും; സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

കോവിഡ് പോസിറ്റീവ് ആയ രോഗി മരിച്ചാൽ സർക്കാർ കണക്കിൽ അത് നെഗറ്റീവാക്കുന്നു; പാരിപ്പള്ളി, മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത് ഇതാണ്; കോയമ്പത്തൂരിൽ പാലക്കാട്ടുകാരൻ മരിച്ചാൽ അത് തമിഴ്‌നാടിന്റെ അക്കൗണ്ടിലാക്കും; പാമ്പിനെ കൊണ്ട് കൊല്ലിച്ചാലും അവർ രക്ഷിക്കും; സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് സർക്കാരിനെതിരേ കടുത്ത ആരോപണങ്ങൾ ബിജെപി അധ്യക്ഷൻ ഉന്നയിച്ചത്. കോവിഡ് പോസിറ്റീവായ രോഗി മരിച്ചാൽ അത് നെഗറ്റീവ് ആയി കണക്കാക്കി കോവിഡ് മരണത്തിന്റെ പട്ടികയിൽ നിന്നൊഴിവാക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. കുറച്ചു മാത്രം ടെസ്റ്റുകൾ നടത്തിയിട്ട് ഇവിടെ രോഗികൾ കുറവെന്ന് മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ.

പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളജുകളിൽ കോവിഡ് പോസിറ്റീവ് ആയി ചികിൽസയിൽ കഴിഞ്ഞവർ മരിച്ചു കഴിഞ്ഞപ്പോൾ അത് നെഗറ്റീവിന്റെ പട്ടികയിലായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ടു കേസുകൾ സംശയാസ്പദമാണ്. 16-ാം വാർഡിൽ മരിച്ച കേസ് പോസിറ്റീവ് ആണെന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നു.സർക്കാർ അതേപ്പറ്റി തുറന്നു പറയുന്നില്ല. മാഹിയിൽ മലയാളി മരിച്ചാൽ അതിൽ പോണ്ടിച്ചേരിയുടെ അക്കൗണ്ടിലാക്കും. കോയമ്പത്തൂരിൽ പാലക്കാട്ടുകാരൻ മരിച്ചാൽ അത് തമിഴ്‌നാടിന്റെ അക്കൗണ്ടിലേക്കിടും. ഇതൊന്നും ചോദിക്കേണ്ട എന്നു വിചാരിച്ചിരുന്നതാണ്. സർക്കാർ പലതും മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു.

പാമ്പിനെക്കൊണ്ട് കൊല്ലിച്ചാലും സ്വന്തം പാർട്ടിക്കാരനാണെങ്കിൽ രക്ഷിക്കും എന്നതാണ് സിപിഎം നയം. പാമ്പിനെ ഉപയോഗിച്ച നടത്തിയ പ്രമാദ കൊലപാതകം നടത്തിയത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനാണല്ലോ. അയാളെ രക്ഷിക്കാൻ രംഗത്തിറങ്ങിയതും അവരാണല്ലോ? പൊലീസും മറ്റു സർക്കാർ സംവിധാനങ്ങളുമെല്ലാം ദാുരണ കൊലപാതകത്തിലെ പ്രതിയെ സഹായിച്ചു. കേരളം കണ്ട ഏറ്റവും നീചമായ കൊലപാതകത്തിലെ പ്രതിയെ രക്ഷിക്കാൻ സിപിഎമ്മിന് നിൽക്കേണ്ടി വന്നു. നിൽക്കകള്ളിയില്ലാതെ വന്നപ്പോൾ തള്ളിപ്പറയേണ്ടി വന്നു. കോവിഡ് കാലത്ത് പോലും സിപിഎമ്മിന് ഇതു കഴിയുന്നു.

കോവിഡ് 19 ഭീഷണി നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെ ചെറുതായി കാണുന്നില്ല. പക്ഷേ, പിആർ. വക്കിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നില്ല. ഇന്ത്യയിൽ ഏറ്റവും കുറച്ച് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമുള്ള സംസ്ഥാനത്ത് നാം പ്രതീക്ഷിക്കുന്ന ടെസ്റ്റുകൾ നടക്കുന്നില്ല. കിറ്റുകൾ ആവശ്യത്തിനുണ്ട്. സ്വന്തമായി കിറ്റുകൾ നിർമ്മിക്കാനൂം സൗകര്യമുണ്ട്. 60000 ടെസ്റ്റ് മാത്രമാണ് ഇതു വരെ നടത്തിയത്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനത്താണ് ഇത്. ഇവിടെ രോഗം വന്നിട്ട് മൂന്നു മാസത്തോട് അടുക്കുന്നു. ഈ പറയുന്ന 60000 ൽ ഒരാളുടെ തന്നെ നാലും അഞ്ചും സാമ്പിൾ വീതമാണ് എടുക്കുന്നത്. ഇത് വച്ച് കണക്കെടുത്ത് നോക്കിയാൽ വ്യക്തികളുടെ എണ്ണം കുറവാണ്.

ദേശീയ ശരാശരിയേക്കാൾ കുറവാണ് ഇവിടെ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യത്തിന്റെ കുറവ് സംസ്ഥാനത്തിനില്ല. പരിശോധന കുറയുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണം കുറയുന്നത്. മുഖ്യമന്ത്രി ധരിപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വരുന്നതു കൊണ്ടാണ് രോഗികൾ വർധിപ്പിക്കുന്നത് എന്നാണ്. സമ്പർക്കം ഏതു വഴിയാണ് എന്നത് കണ്ടുപിടിക്കാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് പറയാൻ കഴിയില്ല. ഈ സന്ദർഭത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം. ഒരാഴ്ച മുമ്പ് വാർത്താ സമ്മേളനത്തിൽ 3000 ടെസ്റ്റ് ദിവസേന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നും അത്രയും നടത്തുന്നില്ല. 2000 ആണ് ശരാശരി. ടെസ്റ്റുകളുടെ എണ്ണം കുറവായതു കൊണ്ടാണ് കോവിഡ് 19 കേസുകൾ കുറയുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ രോഗികളും വർധിക്കുന്നു. അത് സ്വാഭാവികമാണെന്ന് കരുതാൻ കഴിയില്ല.

ക്വാറന്റൈൻ സംവിധാനം സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ഒരിടത്തും അത് പരിഹരിക്കാൻ ആളില്ല. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീന് നാഥനില്ല. പൊതുടോായ്ലറ്റുകൾ ആണ് നൂറുകണക്കിന് സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത്. പിന്നെന്തിനാണ് ക്വാറന്റൈൻ. എയർപോർട്ടിൽ നിന്ന് വരുന്നവർ തോന്നുന്നിടത്ത് ഇറങ്ങുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരണ്ട എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. വരുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ ട്രെയിനിലെ പിഎൻആർ നമ്പർ കൊടുക്കണം. ശ്രമിക് ട്രെയിനുകളിൽ വരുന്നവർക്ക് ബുക്കിങ് ഇല്ല. അതിനാൽ പിഎൻആർ നമ്പർ ലഭിക്കുകയുമില്ല. ഈ കാരണത്താൽ സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും കഴിയില്ല. ഇതു കാരണം വടക്കേ ഇന്ത്യയിൽ നിന്നുള്ള രണ്ടു ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. പിഎൻആർ നമ്പർ വേണമെന്ന നിബന്ധന ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ, സർക്കാർ അതിന് തയാറല്ല. നാലു വിമാനം ഒരുമിച്ച് വന്നാൽ എന്തു സൗകര്യമാണ് തങ്ങൾ വിമാനത്താവളത്തിൽ ഒരുക്കുക എന്നാണ് പിണറായി ചോദിക്കുന്നത്. ഒരു തരം കുറ്റസമ്മതമാണ് ഇത്.

സൗകര്യമൊരുക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? എന്തിനാണ് എല്ലാവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രവാസികളുടെ മടങ്ങി വരവ് രാഷ്ട്രീയ പ്രശ്നമാക്കാനാണ് സർക്കാർ ശ്രമിച്ചത്. പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം അനുവദിക്കില്ല എന്ന പ്രചാരണം നടത്തുക. കേന്ദ്രം ഇത് ഗൗനിക്കില്ല എന്നു കരുതിയായിരുന്നു അങ്ങനെ ഒരു പ്രചാരണം. എന്നാൽ, കേന്ദ്രം ആൾക്കാരെ കൊണ്ടുവരാൻ തയാറായപ്പോൾ ഇവിടെ സൗകര്യമില്ലെന്ന് പറയുന്നു. നാട്ടിൽ വന്നാൽ അവരെ നോക്കേണ്ട ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. ചെലവുകൾ അവർ വഹിക്കണം. അതിനുള്ള പണം സ്ഥാപനങ്ങൾക്ക് നൽകുന്നില്ല. ഒരു ചെലവും നൽകാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ കാശു കൊടുക്കണം.

ഗവൺമെന്റിന് പല കാര്യങ്ങളിലും നിയന്ത്രണം നഷ്ടമായി. എന്തിനാണ് ബെവ്കോ ആപ്പ്? ഞങ്ങൾ അന്നേ പറഞ്ഞിരുന്നു സ്റ്റാർട്ടപ്പുകളെ അപമാനിക്കരുതെന്ന്. സിപിഎമ്മിന്റെ സൈബർ പോരാളികൾ നടത്തുന്ന സ്ഥാപനമാണിത്. അതു കൊണ്ടാണ് അവർക്ക് കരാർ കൊടുത്തത്. കേരളത്തെ നാറ്റിക്കരുത്. കേരളത്തിൽ പ്രഗത്ഭരായിട്ടുള്ള നിരവധി സറ്റാർട്ടപ്പുകളുണ്ട്. അവർക്ക് നൽകാതെ ആപ്പുണ്ടാക്കാനുള്ള സൗകര്യം സർക്കാരിന്റെ സിൽബന്തികൾക്ക് ചെയ്തു കൊടുത്തു. സർക്കാർ തന്നെ ആപ്പിലായിരിക്കുന്നു. ആപ്പുണ്ട് താനും മദ്യം മാനുവൽ ആയി വിതരണം ചെയ്യുകയും ചെയ്യുന്നു. സ്വജനപക്ഷപാതം കൊണ്ടാണ് ഈ ദുർഗതി ഉണ്ടായത്. അഴിമതി ഇല്ലെന്നാണ് സർക്കാർ പറയുന്നത്. പച്ചയായ അഴിമതിയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സന്നദ്ധ വോളണ്ടിയർമാർ പൊലീസിനെ സഹായിക്കുമെന്ന് ഇപ്പോൾ പറയുന്നു. രണ്ടു ലക്ഷം വോളണ്ടിയർമാർ ഉണ്ട്. ഒരാളെയും എവിടെയും കാണാനില്ല. ഒരു ക്വാറന്റീൻ കേന്ദ്രത്തിലും റെയിൽവേ സ്റ്റേഷനിലും ഇവരെ കാണാനില്ല. ഇതു കുറേ ഡിവൈഎഫ്ഐക്കാരെ തിരുകിയിരിക്കുകയാണ്. വാളയാറിലും കളിയിക്കാവിളയിലും കർണാടക അതിർത്തിയിലും മലയാളികൾ കുടുങ്ങി കിടക്കുമ്പോൾ ഒരു വോളണ്ടിയറും ഉണ്ടായിരുന്നില്ല ഒരു കുപ്പി വെള്ളം കൊടുക്കാൻ. കമ്യൂണിറ്റി കിച്ചനോടെ വോളണ്ടിയർമാരുടെ കഥ കഴിഞ്ഞു. ഇപ്പോൾ പൊലീസിനെ സഹായിക്കുമെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP