Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോമ്പ് നോറ്റ് ഇരുമുടികെട്ടെടുത്ത് മല ചവിട്ടി ശബരീശന് കണ്ണീർ പ്രണാമം; കോടതി വിലക്കും ജയിൽ വാസവും കഴിഞ്ഞുള്ള ഭഗവൽ ദർശനത്തിൽ മനം നിറഞ്ഞ് വിങ്ങി കരഞ്ഞ് നേതാവ്; നേതൃത്വം ഒന്നുപോലെ എതിർത്തിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാകുന്ന ബിജെപി നേതാവ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അയ്യപ്പ സന്നിധാനത്തെത്തി അനുഗ്രഹിക്കണമേ എന്ന് അഭ്യർത്ഥിച്ച് തുടങ്ങിയത് അനൗദ്യോഗിക പ്രചരണം; ആവേശത്തോടെ സുരേന്ദ്രനെ സ്വീകരിച്ച് സംഘപരിവാർ പ്രവർത്തകരും അയ്യപ്പഭക്തരും

നോമ്പ് നോറ്റ് ഇരുമുടികെട്ടെടുത്ത് മല ചവിട്ടി ശബരീശന് കണ്ണീർ പ്രണാമം; കോടതി വിലക്കും ജയിൽ വാസവും കഴിഞ്ഞുള്ള ഭഗവൽ ദർശനത്തിൽ മനം നിറഞ്ഞ് വിങ്ങി കരഞ്ഞ് നേതാവ്; നേതൃത്വം ഒന്നുപോലെ എതിർത്തിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാകുന്ന ബിജെപി നേതാവ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അയ്യപ്പ സന്നിധാനത്തെത്തി അനുഗ്രഹിക്കണമേ എന്ന് അഭ്യർത്ഥിച്ച് തുടങ്ങിയത് അനൗദ്യോഗിക പ്രചരണം; ആവേശത്തോടെ സുരേന്ദ്രനെ സ്വീകരിച്ച് സംഘപരിവാർ പ്രവർത്തകരും അയ്യപ്പഭക്തരും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മണ്ഡലകാലത്ത് ശബരിമല യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തതിനാൽ മുടങ്ങിപ്പോയ തീർത്ഥാടനം കെ സുരേന്ദ്രൻ പൂർത്തിയാക്കി. പത്തനംതിട്ടയിലെ ബിജിപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മലകയറ്റം. തൃശ്ശൂരിൽനിന്ന് ബുധനാഴ്ച രാത്രിയാണ് പന്തളത്തെത്തിയത്. തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്. തികച്ചും സ്വകാര്യയാത്രയാക്കി മലചവിട്ടി. സന്നിധാനത്ത് അയ്യപ്പനെ വണങ്ങി ഇനി തെരഞ്ഞെടുപ്പ് പ്രചരണത്തിനും. ശബരിമല ദർശനത്തോടെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ശബരിമലയിലെ സമര നായകനെന്ന പ്രതിച്ഛായയുമായി സുരേന്ദ്രൻ എത്തുമ്പോൾ പത്തനംതിട്ടയിൽ ത്രികോണ പോര് മുറുകും.

കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയോഗിച്ച സമയത്ത് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള മുരളീധരപക്ഷത്തിന്റെ നീക്കത്തെ തകർത്തത് ആർഎസ്എസായിരുന്നു. അന്ന് എന്തുവന്നാലും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ ആക്കാൻ അനുവദിക്കില്ലെന്ന നിലപാട് എടുത്ത ആർഎസ്എസ് തന്നെയാണ് ഇപ്പോൾ സുരേന്ദ്രനുവേണ്ടി കേന്ദ്രനേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയത്. പി എസ് ശ്രീധരൻപിള്ളയും അൽഫോൻസ് കണ്ണന്താനവും നോട്ടമിട്ട പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ അങ്ങനെ സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. ശബരിമലയിലെ പോരാട്ടം തന്നെയാണ് ആർ എസ് എസിനെ സുരേന്ദ്രനുമായി അടുപ്പിച്ചത്. ബിജെപിയിലെ നേതാക്കളിൽ ബഹുഭൂരിഭാഗവും എതിർത്തിട്ടും സുരേന്ദ്രൻ പത്തനംതിട്ടയിൽ എത്തുന്നത് ആർഎസ്എസ് പിന്തുണയുടെ ഫലമാണ്. ശബരിമല വികാരം അതിശക്തമായി ചർച്ചയാക്കാനാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ പരിവാറുകാർ ആഗ്രഹിക്കുന്നത്.

ശബരിമലയിൽ ഇത് ഉത്സവകാലമാണ്. ശബരിമല പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ സുരേന്ദ്രനെ മല ചവിട്ടുന്നതിന് കോടതി വിലക്കിയിരുന്നു. പത്തനംതിട്ട ജില്ലയിൽ പോലും പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇത് മാറിയ ശേഷം ബിജെപിയുടെ റാലിയുമായി പത്തനംതിട്ടയിൽ സുരേന്ദ്രൻ എത്തി. ശബരിമലയിൽ ആറാട്ട് നടക്കുമ്പോൾ ഇപ്പോൾ ദർശനവും. ഏറെ വികാരപരമായിരുന്നു സന്നിധാനത്തെ സുരേന്ദ്രന്റെ പ്രാർത്ഥന. അയ്യപ്പനെ നോക്കി തൊഴുതപ്പോൾ കണ്ണുകൾ നിറഞ്ഞു. അനുഗ്രഹിക്കണമേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ച് ശബരീശന്റെ പിറന്നാൾ ദിനത്തിൽ ബിജെപി നേതാവിന്റെ ദർശനം. അവിടെയുണ്ടായിരുന്ന പരിവാറുകാരും പ്രതീക്ഷയോടെയാണ് സുരേന്ദ്രനെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കാകും സുരേന്ദ്രൻ ഇനി ഇറങ്ങുകയെന്ന് ഏവർക്കും അറിയാം,.

ശബരിമല വിഷയത്തിൽ സുരേന്ദ്രൻ അറസ്റ്റിലാവുകയും ഒരു മാസത്തോളം ജയിൽ വാസം അനുഭവിക്കുകയും ചെയ്തതോടെയാണ് ആർഎസ്എസിന്റെ നീരസം നീങ്ങിത്തുടങ്ങിയത്. ശബരിമല വിധിയെ തുടർന്ന് രൂപപ്പെട്ട സാഹചര്യം സംഘപരിവാറിന് അനുകൂലമാക്കി തിരിച്ചതിൽ കെ സുരേന്ദ്രന് വലിയ പങ്കുണ്ടെന്നാണ് ആർഎസ്എസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് പത്തനംതിട്ട സീറ്റിനുവേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തിയിട്ടും ശ്രീധരൻ പിള്ളയെ ഒഴിവാക്കി കെ സുരേന്ദ്രനെ പിന്തുണയ്ക്കാൻ ആർഎസ്എസ് തീരുമാനിച്ചത്.പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും തമ്മിൽ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും എത്തി. എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സുരേന്ദ്രന് ഒപ്പമായിരുന്നു. എൻ എസ് എസും സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷയാണ് സുരേന്ദ്രനുള്ളത്.

പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ ഒന്നാം പേരുകാരൻ ശ്രീധരൻ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരൻ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയത്. എന്നാൽ സുരേന്ദ്രനുവേണ്ടി ബിജെപിയുടേയും അമിത് ഷായുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കും ബിജെപി ആസ്ഥാനത്തെ ഫാക്‌സ് നമ്പറുകളിലേക്കും നൂറുകണക്കിന് സന്ദേശങ്ങൾ എത്തി. ഇതോടെയാണ് സുരേന്ദ്രൻ പത്തനംതിട്ട ഉറപ്പിച്ചത്.

സുരേന്ദ്രനെ പത്തനംതിട്ടയിൽ നിന്ന് മത്സരിപ്പിക്കാൻ ആർഎസ്എസ് നിർദ്ദേശിച്ചതിന് പിന്നിൽ നിർണായകമായത് ശബരിമല പ്രക്ഷോഭമാണ്. ബിജെപിയുടെ മറ്റ് നേതാക്കൾ മടിച്ച് നിന്നപ്പോൾ ശക്തമായി രംഗത്തിറങ്ങി അറസ്റ്റ് വരിച്ചതും ജയിലിൽ കിടന്നതും സുരേന്ദ്രനെ തുണച്ചു. വോട്ടർമാർക്കിടയിൽ അനുകൂല തരംഗം ഉണ്ടാക്കാൻ സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യവും നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ട ശ്രീധരൻപിള്ള പിറകോട്ട് മാറി നിന്നപ്പോൾ സന്നിധാനത്തെത്തി നാമജപത്തിൽ പങ്കെടുത്തത് കെ.സുരേന്ദ്രനാണ്. സർക്കാർ സംവിധാനങ്ങൾ തടയുമെന്ന് പ്രഖ്യാപിച്ചപ്പോൾ കാനനപാത വഴി സാഹസികമായാണ് സുരേന്ദ്രനും സംഘവും ഇവിടെത്തിയത്. പിന്നീട് പൊലീസ് പിടിയിലാകുന്നതും വിവിധ കേസുകൾ ചുമത്തി നിരവധി ദിവസങ്ങൾ ജയിലിൽ ഇട്ടതും വോട്ടാകുമെന്നാണ് ആർ.എസ്.എസിന്റെ കണക്കുകൂട്ടൽ

പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപി അണികളും നേതൃത്വവും രണ്ടു തട്ടിലായതോടെ കേരളത്തിലെ പ്രശ്‌നങ്ങൾ രൂക്ഷമാണെന്ന് മനസ്സിലാക്കിയ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വം നൽകിയ സ്ഥാനാർത്ഥി പട്ടിക വെട്ടിത്തിരുത്തി. ശബരിമല സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്നാണ് പാർട്ടി അണികളുടെ നിലപാട്. ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കിയാൽ പത്തനംതിട്ടയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും സംഘടനാപരമായ അച്ചടക്കം തകരുമെന്നും ആർ.എസ്.എസും മുന്നറിയിപ്പ് നൽകിയിരുന്നു.

പത്തനംതിട്ടയിൽ സുരേന്ദ്രനെ നിറുത്തിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം മറ്റ് മണ്ഡലങ്ങളിലുമുണ്ടാകുമെന്നും സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്നും ആർ.എസ്. എസ് നേതൃത്വം ബിജെപിയിലെ ഉന്നതരെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP