Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കുന്ന 42 പ്രവാസികളെയും കോടതിയിൽ എത്തിക്കാനുള്ള വിമാനടിക്കറ്റ് അടക്കമുള്ള ചെലവുകൾ സുരേന്ദ്രൻ തന്നെ വഹിക്കണമെന്ന് കോടതി; എത്തിയാലും വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ തീരുമാനം എടുക്കാതെ ബിജെപിയുടെ യുവനേതാവ്; മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആകാമെന്നുള്ള സുരേന്ദ്രന്റെ മോഹത്തിന് കനത്ത തിരിച്ചടി

കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കുന്ന 42 പ്രവാസികളെയും കോടതിയിൽ എത്തിക്കാനുള്ള വിമാനടിക്കറ്റ് അടക്കമുള്ള ചെലവുകൾ സുരേന്ദ്രൻ തന്നെ വഹിക്കണമെന്ന് കോടതി; എത്തിയാലും വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ തീരുമാനം എടുക്കാതെ ബിജെപിയുടെ യുവനേതാവ്; മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആകാമെന്നുള്ള സുരേന്ദ്രന്റെ മോഹത്തിന് കനത്ത തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസിൽ കെ സുരേന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബിജെപി നേതാവ് തീർത്തും വെട്ടിലായി. കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രൻ ആരോപിച്ച 45 പ്രവാസികൾക്ക് കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്ന വിധിയാണ് ഇതിന് കാരണം. കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്ന 45 പേരിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലാണ്.

ഇവർക്ക് നാട്ടിലെത്തി ഹൈക്കോടതിയിൽ ഹാജരാകുന്നതിന് വരുന്ന ഭീമായ ചെലവ് ഹർജിക്കാരൻ തന്നെ നിർവഹിക്കണമെന്നാണ് കോടതി വിധി. ഇവരെ കോടതിയിൽ എത്തിച്ചാലും കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്നതും പ്രായോഗികമല്ല. പ്രവാസികൾക്ക് യാത്രാ ചെലവ് നൽകുന്ന കാര്യത്തിൽ ആലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ മരിച്ചുപോയവരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും പേരുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഇതാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുൽ റസാഖിനെ വിജയത്തിലെത്തിച്ചതുമെന്നാണ് സുരേന്ദ്രന്റെ ആരോപണം. 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. മരിച്ചുപോയവരാണെന്ന് സുരേന്ദ്രൻ പരാതിയിൽ പറയുന്നവരിൽ ഭൂരിഭാഗം പേരും നേരത്തെ കോടതിയിൽ ഹാജരായിരുന്നു.

ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള കൂടുതൽ പേരെ എത്തിക്കാനുള്ള കോടതി വിധി. 89 വോട്ടുകളിൽ കൂടുതൽ കൃത്രിമം നടന്നുവെന്ന് സുരേന്ദ്രൻ തെളിയിക്കണം. എങ്കിൽ മാത്രമേ വിധി റദ്ദാക്കുകയുള്ളൂ. സുരേന്ദ്രന്റെ പരാതിയിൽ കോടതിയിൽ ഹാജരാകാൻ മൂന്ന് പേർക്ക് ഹൈക്കോടതി വാറണ്ട് അയച്ചിരുന്നു. ബൂത്ത് നമ്പർ 43ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മർ ഫാറൂഖ്, ബൂത്ത് നമ്പർ 60ലെ വോട്ടർ ഉപ്പള സ്വദേശി ജബ്ബാർ, 85ലെ വോട്ടർ കുമ്പള സ്വദേശി മൊയ്തീൻകുഞ്ഞി എന്നിവർക്കാണ് വാറണ്ട് അയച്ചത്. ഇതിന് പിന്നാലെയാണ് വിദേശത്തുള്ളവർക്ക് വിമാനക്കൂലി നൽണമെന്ന കോടതി ഉത്തരവ്. കേസിൽ ഇതുവരെ ഹാജരായത് 154 പേർ. ആറ് പരേതർ അടക്കം 253 പേരുടെ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് വിജയിച്ചുവെന്നാരോപിച്ചാണ് കേസ് ഫയൽ ചെയ്തത്.

ആറ് പരേതരുടെതായി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ലിസ്റ്റിൽ ഇവരിൽ ഭൂരിഭാഗം പേരും ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവർ കോടതിയിൽ നേരിട്ട് ഹാജരായി സത്യാവസ്ഥ ബോധിപ്പിച്ചു. ഇതേ തുടർന്ന് കൂടുതൽ പേരെ വിസ്തരിക്കേണ്ടെന്ന് വാദിഭാഗം അഭിഭാഷകൻ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മഞ്ചേശ്വരം, മംഗൽപാടി, കുമ്പള, എന്മകജെ പഞ്ചായത്തുകളിൽ നിന്നുള്ള പത്തുപേർ കോടതിയിൽ ഹാജരായി തങ്ങൾ സ്വയം വോട്ട് ചെയ്തതാണെന്നും നാട്ടിൽ കൃഷി ചെയ്തു ജീവിക്കുകയാണെന്നും കോടതിയിൽ ബോധിപ്പിച്ചു. തങ്ങൾക്ക് ഭൂരിഭാഗം പേർക്കും പാസ്പോർട്ട് ഇല്ലെന്നും പ്രവാസികളല്ലെന്നും ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ കേസ് ജയിക്കുമെന്ന് സുരേന്ദ്രന് ഉറപ്പില്ല. അതുകൊണ്ട് കൂടിയാണ് 43 പേർക്ക് വിമാനടിക്കറ്റ് നൽകണമെന്ന കോടതി നിർദ്ദേശത്തിൽ സുരേന്ദ്രൻ തീരുമാനം എടുക്കാത്തത്. ഇതിന് വിസമ്മതം പ്രകടിപ്പിച്ചാൽ കേസ് തന്നെ ഇല്ലാതാകും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ ടിക്കറ്റ് എടുത്ത് നൽകാനാണ് നീക്കം.

ഒരാൾക്ക് കുറഞ്ഞത് 40,000 രൂപ വേണ്ടി വരും. അതായത് കാൽ കോടി രൂപയോളം ഉണ്ടെങ്കിൽ മാത്രമേ വിദേശത്തുള്ളവരെ കോടതിയിൽ എത്തിക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിയാൻ സുരേന്ദ്രൻ ശ്രമിക്കുന്നത്. വിജയിക്കുമെന്ന ഉറപ്പ് സുരേന്ദ്രന് ആർക്കും നൽകാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വം കാശ് കൊടുക്കുമോ എന്ന് ഉറപ്പില്ല. ഇതോടെ മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്താമെന്ന സുരേന്ദ്രന്റെ പ്രതീക്ഷയും മങ്ങുകയാണ്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എംഎ‍ൽഎ പി.ബി.അബ്ദുൽ റസാഖ് രംഗത്ത് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് രാജി വെക്കുന്ന പ്രശനമില്ല. കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞുവെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെ, അപ്പോൾ കാണാം- എംഎ‍ൽഎ പ്രതികരിച്ചിരുന്നു. മരിച്ചവരുടെ പേരിൽ വോട്ട് ചെയ്‌തെന്ന ആരോപണം കള്ളമാണ്. ജനങ്ങൾക്കിടയിൽ മുസ്‌ലിം ലീഗിനെ കള്ളന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റസാഖ് കുറ്റപ്പെടുത്തിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി അസിസ്റ്റന്റ് സൊളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രൻ നൽകിയ ഹരജിയിക്ക് ബലമേകുന്നതായിരുന്നു റിപ്പോർട്ട്. കള്ളവോട്ട് ആരോപണം തെളിയിക്കപ്പെട്ടാൽ മുസ്ലിം ലീഗ് എംഎ‍ൽഎയായ അബ്ദുൾ  റസാഖിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP