Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

89 വോട്ടുകൾക്ക് തോറ്റപ്പോൾ ഒറ്റയ്ക്ക് നിയമ പോരാട്ടം നടത്തി എതിരാളികളെ വിറപ്പിച്ചു; ശ്രീധരൻ പിള്ള പമ്പ കടക്കാൻ ഭയന്നുമാറി നിന്നപ്പോൾ ധീരതയോടെ നേതൃത്വം ഏറ്റെടുത്തു ശബരിമല സമരത്തിന്റെ നായകനായി; പത്തനംതിട്ടയിൽ മത്സരിച്ചു ഹീറോ ആകുന്നത് തടയാൻ സ്വന്തം പാർട്ടിക്കാർ ചരടുവലിച്ചിട്ടും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു ത്രികോണ മത്സരം കാഴ്‌ച്ചവെച്ചു; കോന്നി ഉപതിരഞ്ഞെടുപ്പിലും കളത്തിലിറങ്ങി ജനകീയനായി; ഉള്ള്യേരിയിലെ സാധാരണക്കാരൻ ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് നിരന്തര പോരാട്ടത്തിലൂടെ

89 വോട്ടുകൾക്ക് തോറ്റപ്പോൾ ഒറ്റയ്ക്ക് നിയമ പോരാട്ടം നടത്തി എതിരാളികളെ വിറപ്പിച്ചു; ശ്രീധരൻ പിള്ള പമ്പ കടക്കാൻ ഭയന്നുമാറി നിന്നപ്പോൾ ധീരതയോടെ നേതൃത്വം ഏറ്റെടുത്തു ശബരിമല സമരത്തിന്റെ നായകനായി; പത്തനംതിട്ടയിൽ മത്സരിച്ചു ഹീറോ ആകുന്നത് തടയാൻ സ്വന്തം പാർട്ടിക്കാർ ചരടുവലിച്ചിട്ടും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു ത്രികോണ മത്സരം കാഴ്‌ച്ചവെച്ചു; കോന്നി ഉപതിരഞ്ഞെടുപ്പിലും കളത്തിലിറങ്ങി ജനകീയനായി; ഉള്ള്യേരിയിലെ സാധാരണക്കാരൻ ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് നിരന്തര പോരാട്ടത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി പ്രവർത്തകരുടെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇന്ന് കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി നിയമിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി നിയോഗിച്ചത് നിലവിൽ സുരേന്ദ്രനോളം പോന്ന മറ്റൊരു ക്രൗഡ് പുള്ളർ പാർട്ടിയിൽ ഇല്ലെന്ന ഉത്തമ ബോധ്യത്തിലാണ്. കോഴിക്കോട് ഉള്ളിയേറി സ്വദേശിയായ സാധാരണക്കാരൻ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയത് കൃത്യമായ പോരാട്ടത്തോടെയൊണ്. ബിജെപി നേതാക്കൾ അനുഷ്ടാനം എന്ന വിധത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തുടങ്ങിയ കാലത്താണ് വിജയിക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ സുരേന്ദ്രൻ കളത്തിലിറങ്ങിയത്. സോഷ്യൽ മീഡിയയിൽ അടക്കം സുരേന്ദ്രന് നിരന്തരമായി വിമർശനങ്ങൾ ഉണ്ടായിരിക്കൊണ്ടിരിക്കുന്നതും അദ്ദേഹം കരുത്തനും ജനകീയനുമായ വ്യക്തി ആയതു കൊണ്ടായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മഞ്ചേശ്വരത്തായിരുന്നു സുരേന്ദ്രൻ മത്സരിച്ചത്. 89 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും അദ്ദേഹം നിയമപോരാട്ടത്തിലേക്ക് കടന്നു. ഇതോടെ എതിരാളികളെ വിറപ്പിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹം മുന്നേറിയത്. എബിവിപിയിലൂടെ തുടങ്ങി യുവമോർച്ചാ നേതാവായി ഇപ്പോൾ ബിജെപി അധ്യക്ഷ പദവിയിലേക്കാണ് സുരേന്ദ്രൻ ചവിട്ടിക്കയറിയത്. തടിയനങ്ങാതെ നേതാവാകുന്നവർക്കിടയിൽ വ്യത്യസ്തനായിരുന്നു സുരേന്ദ്രൻ. സമര മുഖത്ത് അണികൾക്കൊപ്പം ഇറങ്ങി രാഷ്ട്രീയ എതിരാളികളെ വിറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സൈബർലോകത്തും സജീവമായി അനുരഞ്ജനങ്ങൾക്ക് വഴങ്ങാത്ത നേതാവിനെ അണികളും നെഞ്ചിലേറ്റിയ അവസ്ഥ ഉണ്ടായി.

ഉള്ള്യേരിയിലെ  കർഷക കുടുംബത്തിലെ സാധാരണക്കാരൻ

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയാണ് കെ സുരേന്ദ്രൻ ജനിച്ചത്. കർഷകകുടുംബമായ കുന്നുമ്മൽ വീട്ടിൽ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാർച്ച് 10നാണ് കെ. സുരേന്ദ്രൻ ജനിച്ചത്. സ്‌കൂൾ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവർത്തകനായി മാറി. പിന്നീട് മുഴുവൻ സമയപ്രവർത്തകനായി മാറുകയായിരുന്നു. കെ.ജി. മാരാർജിയുടെ നിർദ്ദേശത്തെതുടർന്ന് ഭാരതീയ ജനതാ യുവമോർച്ചയുടെ മുഴുവൻ സമയപ്രവർത്തകനായി. യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.

യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രൻ എന്ന പേര് കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തിൽ മാറി മാറി വന്ന ഇടതുവലതു മുന്നണികളെ അദ്ദേഹം സമ്മർദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവർത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടൽ ഫോർ യു തട്ടിപ്പ്, മലബാർ സിമന്റ്സ് അഴിമതി, സോളാർ തട്ടിപ്പ് തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ച സുരേന്ദ്രൻ കേരളത്തിലെ തെരുവുകളിൽ അഗ്നി പടർത്തി. യുവമോർച്ചയിൽ നിന്നും ബിജെപിയിലെത്തിയ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ദക്ഷിണ കന്നഡയുടെ ചുമതലക്കാരനായിരുന്നു സുരേന്ദ്രൻ. ഈ മേഖലയിൽ മികച്ച നേട്ടമുണ്ടാക്കാൻ സുരേന്ദ്രന്റെ പ്രവർത്തനം കൊണ്ടു സാധിച്ചു. ദേശീയ നേതൃത്വവുമായി കൂടുതൽ അടുക്കാൻ ഇതിലൂടെ സുരേന്ദ്രന് കഴിയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പരിവാറുകാരുടെ കണക്കിൽ കാസർഗോഡ് കർണ്ണാടകയുടെ ഭാഗമാണ്. കേരളത്തിലെ ബിജെപിയിൽ വി മുരളീധരനൊപ്പമാണ് സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും കേരളത്തിൽ ഒതുക്കിയിരുന്നു. സംസ്ഥാനത്തെ ആർ എസ് എസുകാരിലെ ചിലരും സുരേന്ദ്രന് എതിരായിരുന്നു. യുവമോർച്ചയുടെ ചുമതലയുള്ള ബിജെപി ജനറൽസെക്രട്ടറിയായിരുന്നു സുരേന്ദ്രൻ. അത് പിടിച്ചെടുത്ത് മെഡിക്കൽ കോഴയിൽ കുടുങ്ങിയ എംടി രമേശിന് നൽകുകയാണ് കുമ്മനം ചെയ്തത്. രമേശ് ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലക്കാരനായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും വെട്ടിയൊതുക്കി. ഇതോടെ മലബാറിലേക്ക് സുരേന്ദ്രൻ പ്രവർത്തനം ചുരുക്കി. ഇതിനിടെയാണ് കർണ്ണാടകയിലെ സംഘടനാ ചുമതലകൾ തേടിയെത്തിയത്. വീറോടെ പ്രസംഗവുമായി സുരേന്ദ്രൻ അവിടെ നിറഞ്ഞു.

കേരളത്തിലെ സൈബർ ലോകത്ത് അപ്പോഴും സുരേന്ദ്രൻ സജീവമായി നിന്നു. പല സാമൂഹിക വിഷയങ്ങളിലും പ്രതികരിച്ചു. ഉള്ളിസുരയെന്ന് കളിയാക്കി സിപിഎം സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയപ്പോഴും സിപിഎമ്മിനേയും കോൺഗ്രസിനേയും തള്ളി ശക്തമായി തന്നെ പ്രതികരിച്ചു. കുമ്മനവും രമേശും അകറ്റി നിർത്തിയപ്പോഴും സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ചാണ് സുരേന്ദ്രൻ കേരളത്തിലെ പൊതു സമൂഹത്തിൽ നിറഞ്ഞത്. സുരേന്ദ്രൻ ഉയർത്തിയതു കൊണ്ട് മാത്രം പല വിഷയങ്ങളിലും സമരം ചെയ്യാൻ പോലും സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തിയില്ലെന്ന പരാതി അണികൾക്കും ഉണ്ട്. കേരളത്തിലെ പ്രതിപക്ഷമാണ് ബിജെപിയെന്ന തോന്നലുണ്ടാക്കിയതും സുരേന്ദ്രൻ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണ്.

ജനകീയനാക്കിയത് ശബരിമല സമരം

ശബരിമല പ്രക്ഷോഭത്തെ തുടർന്ന് കെ.സുരേന്ദ്രൻ ജയിലിൽ കഴിയേണ്ടി വന്നത് 21 ദിവസമാണ്. അന്ന് ബിജെപി അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരൻ പിള്ള അടക്കം പമ്പ കടക്കാൻ മടിച്ച് മാറി നിന്നപ്പോഴും സുരേന്ദ്രൻ സജീവമായി കളത്തിലിറങ്ങി. യുവതീ പ്രവേശന വിധിയെത്തുടർന്ന് ഇടതുസർക്കാർ ശബരിമലയിൽ ഭക്തർക്കുനേരെ നടത്തിയ ക്രൂരതയ്ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയർത്തി. ശബരിമല ദർശനത്തിനെത്തിയ കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടക്കുകയാിരുന്നു. ജാമ്യം നൽകാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ സുരേന്ദ്രൻ അയ്യപ്പവിശ്വാസികളുടെ പ്രിയങ്കരനായി മാറി. ഇത് കൂടാതെ നിരവധി കേസുകൾ ചുമത്തിയും പിണറായി സർക്കാർ പ്രതികാരം തീർത്തു. എന്നാൽ, ഇതിലൊന്നും അദ്ദേഹം തളർന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും പോരാടി സുരേന്ദ്രൻ.

ശബരിമല വിഷയത്തിലെ ജയിൽവാസത്തിന് ശേഷം വൻ സ്വീകരണമാണ് സുരേന്ദ്രന് ബിജെപി നൽകിയത്. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള തന്നെ സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിൽ അങ്കണത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു. ഒപ്പം വി.മുരളീധരൻ എംപിയും എത്തിയിരുന്നു. ആർഎസ്എസിന് അദ്ദേഹം പ്രിയങ്കരനായി മാറിയതും ഈ സമരതതോടെയാണ്. നേരത്തെ സുരേന്ദ്രൻ അല്ലാതെ മറ്റൊരു പേര് കഴിഞ്ഞ തവണ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലില്ലായിരുന്നു. പക്ഷെ അവസാന നിമിഷമാണ് സുരേന്ദ്രന്റെ പേര് വെട്ടിയത്. ഈ കുറവുകളെല്ലാം നികത്തിയാണ് സുരേന്ദ്രൻ ഇപ്പോൾ ബിജെപി അധ്യക്ഷനായത്.

മൂന്ന് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനവും കോന്നി ഉപതെരഞ്ഞെടുപ്പിൽ പിടിച്ച വോട്ടുമെല്ലാം തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തും കെ സുരേന്ദ്രനെ ശ്രദ്ധേയനാക്കി. പത്തനംതിട്ടല ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് സുരേന്ദ്രൻ കാഴ്‌ച്ചവെച്ചത്. അവസാന നിമിഷമാണ് സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയത്.

മൂന്നുഘട്ടങ്ങളിലായി നടത്തിയ ശബരിമല സമരം കെ സുരേന്ദ്രന് നൽകിയത് വൻ മൈലേജായിരുന്നു. ഒരു പാട് മടിച്ചു നിന്ന ശേഷമാണ് ശബരിമല സമരത്തിന്റെ മുൻനിരയിലേക്ക് സുരേന്ദ്രൻ എത്തിയത്. തുലമാസ പൂജ സമയത്ത് സമരം നയിക്കാൻ ആളില്ലാതെ വന്നപ്പോൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സുരേന്ദ്രൻ പക്ഷക്കാരാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഈ അവസരം വിനിയോഗിച്ചാൽ ശ്രദ്ധിക്കപ്പെടാമെന്ന് അറിയിച്ചതും അവർ തന്നെയാണ്. അങ്ങനെയാണ് അവരുടെ നിർബന്ധത്തിന് വഴങ്ങി സുരേന്ദ്രൻ നിലയ്ക്കലിലെ ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ എത്തിയത്. അന്നു തന്നെയാണ് പൊലീസും സമരക്കാരുമായി ലാത്തിച്ചാർജും നടന്നത്. ഇതിന് പിന്നാലെ സുരേന്ദ്രൻ മല കയറി. പിന്നീട് അവിടെ നടന്ന സമരമെല്ലാം നയിച്ചത് സുരേന്ദ്രനായിരുന്നു. തുലാമാസ പൂജ സമയത്ത് ആചാരലംഘനം നടക്കാതെ സഹായിച്ചതിന് തന്ത്രി സുരേന്ദ്രനോട് നന്ദി അറിയിക്കുകയും ചെയ്തു. ആദ്യ വരവ് ആകസ്മികമായിരുന്നുവെങ്കിൽ രണ്ടാം വരവ് കരുതി കൂട്ടി തന്നെയായിരുന്നു.

അന്ന് സുരേന്ദ്രനെ പമ്പയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുത്തിരുന്നു. വിവരം പൊലീസ് വൃത്തങ്ങളിൽ നിന്നു ചോർന്നു കിട്ടിയ സുരേന്ദ്രനും വിവി രാജേഷും കാട്ടിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് സന്നിധാനത്ത് എത്തുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രന്റെ ഇമേജ് വർധിച്ചത്. മണ്ഡല തീർത്ഥാടനകാലത്ത് നിലയ്ക്കലിലെ അറസ്റ്റും സുരേന്ദ്രന് ചർച്ചകളിൽ സ്ഥാനം നൽകി. ഇങ്ങനെ ശബരിമലയിലൂടെ സുരേന്ദ്രന് കിട്ടിയ ജനപ്രിയതക്ക് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് അധ്യക്ഷ പദവിയും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP