Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഐയുടെ തൊപ്പി ഊരി വാങ്ങിയത് കണ്ണൂരിലെ ജയിലിൽ സുരേന്ദ്രനെ കൈകാര്യം ചെയ്യാനുള്ള മോഹം പൊളിച്ചതിന്റെ പ്രതികാരമോ? സുരേന്ദ്രന് ചായ വാങ്ങി കൊടുത്ത സിഐയെ സസ്‌പെന്റ് ചെയ്തതിന് പിന്നിൽ കണ്ണൂരിലെ ജയിലിലെത്തിക്കാനുള്ള പാർട്ടി നയം നടപ്പാക്കാത്തതു കൊണ്ടെന്ന് യുവമോർച്ചാ നേതാവ്; വിക്രമൻ നായർക്കെതിരായ ഐജി മനോജ് എബ്രഹാമിന്റെ അച്ചടക്ക നടപടിയും ചർച്ചയാക്കാൻ ബിജെപി

സിഐയുടെ തൊപ്പി ഊരി വാങ്ങിയത് കണ്ണൂരിലെ ജയിലിൽ സുരേന്ദ്രനെ കൈകാര്യം ചെയ്യാനുള്ള മോഹം പൊളിച്ചതിന്റെ പ്രതികാരമോ? സുരേന്ദ്രന് ചായ വാങ്ങി കൊടുത്ത സിഐയെ സസ്‌പെന്റ് ചെയ്തതിന് പിന്നിൽ കണ്ണൂരിലെ ജയിലിലെത്തിക്കാനുള്ള പാർട്ടി നയം നടപ്പാക്കാത്തതു കൊണ്ടെന്ന് യുവമോർച്ചാ നേതാവ്; വിക്രമൻ നായർക്കെതിരായ ഐജി മനോജ് എബ്രഹാമിന്റെ അച്ചടക്ക നടപടിയും ചർച്ചയാക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിൽ കഴിയവേ ബിജെപി നേതാവ് കെ.സുരേന്ദ്രനെ കോടതിയിൽ കൊണ്ടുപോയ കൊല്ലം എആർ ക്യാംപിലെ റിസർവ് ഇൻസ്‌പെക്ടർ ജി.വിക്രമൻ നായരെ സസ്പപെൻഡു ചെയ്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. സിഐ വിക്രമൻനായരെ സസ്‌പെന്റ് ചെയ്തത് സുരേന്ദ്രനെ കണ്ണൂർ ജയിലിൽ എത്തിക്കാത്തതു കൊണ്ടാണെന്നാണ് യുവമോർച്ച ഉയർത്തുന്ന ആരോപണം.

സിഐ വിക്രമൻ നായരെ സസ്‌പെന്റ് ചെയ്തത് സുരേന്ദ്രനെ കണ്ണൂർ ജയിലിൽ എത്തിക്കാത്തതിനാലെന്നാണ് യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആരോപിക്കുന്നത്. സുരേന്ദ്രനെ കണ്ണൂർ കോടതിയിൽ കൊണ്ട് പോക്കുവാൻ ഡ്യൂട്ടി നോക്കിയ സിഐ വിക്രമൻ നായരെ സസ്‌പെന്റ് ചെയ്തത് പാർട്ടി നയം നടപ്പാക്കാത്തതിനാലാണെന്ന് രാജീവ് ആരോപിക്കുന്നു. കോടതിയിൽ പോകുന്ന വഴിയിൽ ക്യാമ്പുകളിൽ നിന്നും, പൊലീസ് സ്റ്റേഷനുകളിൽ നിന്നുമാണ് സുരേന്ദ്രന് ഭക്ഷണവും, ചായയും നൽകിയത്. എന്നിട്ടും പുറത്ത് ചയ കുടിക്കാൻ അവനുവദിച്ചു എന്ന കാരണത്താൽ പുറത്താക്കിയത് പാർട്ടി നിശ്ചയിച്ച പ്രകാരം സുരേന്ദ്രനെ കണ്ണൂർ ജയിലിൽ എത്തിക്കുക എന്ന പാർട്ടി നയം നടപ്പാക്കത്തതിനാലാണെന്ന് ഫെയ്‌സ് ബുക്കിൽ രാജീവ് കുറിച്ചു. സിഐയെ സസ്‌പെന്റ് ചെയ്തത് പൊലീസിലും വലിയ ചർച്ചയായിട്ടുണ്ട്.

കണ്ണൂരിലെ സെൻട്രൽ ജയിലിൽ സുരേന്ദ്രനെ പാർപ്പിക്കാൻ നീക്കമുണ്ടെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. കണ്ണൂരിൽ വാറണ്ട് ഒപ്പിച്ച് പൊലീസ് കൊണ്ടു പോയത് ഇതിനാണെന്നും വാദമെത്തി. സിപിഎം ഗുണ്ടകളെ കൊണ്ട് സുരേന്ദ്രനെ കൈകാര്യം ചെയ്യിക്കാനായിരുന്നു ശ്രമമെന്നും ബിജെപി അന്ന് ആരോപിച്ചു. എന്നാൽ സുരേന്ദ്രനെ പൊലീസ് സംഘം കോഴിക്കോട് ജയിലിലാണ് കൊണ്ടു പോയത്. അവിടെ നിന്നും രാവിലെ കണ്ണൂരിലേക്കും. അങ്ങനെ കണ്ണൂരിലെ വാസം ഒഴിവായി. ഈ വൈരാഗ്യമാണ് സിഐയ്‌ക്കെതിരെ നടപടിക്ക് കാരണമെന്ന തരത്തിലാണ് രാജീവിന്റെ പ്രതികരണം.

സുരേന്ദ്രനു സ്വകാര്യ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കാൻ അവസരം ഒരുക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച മേലുദ്യോഗസ്ഥരോടു ധിക്കാരത്തോടെ സംസാരിക്കുകയും ചെയ്തതിനാണു വിക്രമൻനായർക്കെതിരെ നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇൻസ്‌പെക്ടറുടെ അച്ചടക്ക ലംഘനത്തെക്കുറിച്ചു കൊല്ലം റൂറൽ എസ്‌പിയും കമ്മിഷണറും പ്രത്യേക റിപ്പോർട്ടുകൾ പൊലീസ് ആസ്ഥാനത്തേക്കു കൈമാറിയിരുന്നു. തുടർന്നാണു റേഞ്ച് ഐജി: മനോജ് ഏബ്രഹാം സസ്‌പെൻഷൻ ഉത്തരവ് നൽകിയത്. സുരേന്ദ്രനെ കൊട്ടാരക്കര ജയിലിൽ നിന്നു കണ്ണൂർ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ സ്വകാര്യ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കാൻ പൊലീസ് സൗകര്യം ഒരുക്കിയിരുന്നു.

സുരക്ഷാ പ്രശ്‌നം മുൻനിർത്തി സുരേന്ദ്രനും ഒപ്പം പോകുന്ന പൊലീസുകാരും എആർ ക്യാംപുകളിൽ നിന്നു മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളുവെന്നു ഉദ്യോഗസ്ഥർക്കു മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കു പാർട്ടി നേതാക്കളോടും മാധ്യമ പ്രവർത്തകരോടും സംസാരിക്കാൻ അവസരം നൽകരുതെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ കൊട്ടാരക്കര ജയിലിൽ നിന്നു സുരേന്ദ്രനെ പുറത്തു കൊണ്ടുവന്ന പൊലീസ് നേരെ ജീപ്പിൽ കയറ്റുന്നതിനു പകരം കുറച്ചു ദുരം നടത്തിച്ചു നേതാക്കളോടു സംസാരിക്കാൻ അവസരം ഒരുക്കിയെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മാത്രമല്ല വഴിമധ്യേ ആദ്യ ഹോട്ടലിൽ സുരേന്ദ്രനെ കയറ്റിയപ്പോൾ റൂറൽ എസ്‌പി ഫോണിൽ വിക്രമൻ നായരെ വിളിച്ചു. 'സാർ പറയുന്നതു പോലെ ഒന്നും ചെയ്യാൻ പറ്റില്ല, സാഹചര്യം നോക്കി ഞാൻ കാര്യങ്ങൾ ചെയ്‌തോളം' എന്നായിരുന്നു മറുപടി. തുടർന്നു റൂറൽ എസ്‌പി കൊല്ലം കമ്മിഷണറെ വിവരം അറിയിച്ചു. കമ്മിഷണറും വിക്രമൻ നായരെ ഫോണിൽ വിളിച്ചു നടപടി ക്രമവിരുദ്ധമാണെന്നു പറഞ്ഞു. 'ഇതൊക്കെ എന്റെ ജോലിയാണ്. സാഹചര്യം നോക്കി ഞാൻ ചെയ്‌തോളാം .ഉത്തരവാദിത്വവും എനിക്കാണ്' എന്നായിരുന്നു മറുപടിയെന്നു കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണു വിക്രമൻ നായരെ അടിയന്തരമായി സസ്‌പെൻഡു ചെയ്തതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലാണ് കണ്ണൂർ കണക്ഷൻ ആരോപിച്ച് ബിജെപി രംഗത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP