Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തിനാണീ നാടകം.. ഒരു ഓഫറും ഇങ്ങോട്ട് വെയ്ക്കണ്ട..! വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ച രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്; നിയമസഭാ സീറ്റും യുഡിഎഫ് കൺവീനർ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നൽകാമെന്നും പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കാതെ കട്ടക്കലിപ്പിൽ എറണാകുളം സീറ്റു കൈമോശം വന്ന മുതിർന്ന നേതാവ്; അനുനയ നീക്കം പാളിയെങ്കിലും 'ഏയ്, അദ്ദേഹം എങ്ങോട്ടും പോകില്ല' എന്നു പറഞ്ഞ് ചെന്നിത്തല

എന്തിനാണീ നാടകം.. ഒരു ഓഫറും ഇങ്ങോട്ട് വെയ്ക്കണ്ട..! വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ച രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്; നിയമസഭാ സീറ്റും യുഡിഎഫ് കൺവീനർ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നൽകാമെന്നും പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കാതെ കട്ടക്കലിപ്പിൽ എറണാകുളം സീറ്റു കൈമോശം വന്ന മുതിർന്ന നേതാവ്; അനുനയ നീക്കം പാളിയെങ്കിലും 'ഏയ്, അദ്ദേഹം എങ്ങോട്ടും പോകില്ല' എന്നു പറഞ്ഞ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എറണാകുളം ലോക്‌സഭാ സീറ്റ് കൈമോശം വന്നതോടെ കട്ടക്കലിപ്പിലാണ് കെ വി തോമസ്. മുതിർന്ന നേതാവ് ഇടഞ്ഞതോടെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതാക്കൾ. സോണിയാ ഗാന്ധിയും അഹമ്മദ് പട്ടേലും അടക്കമുള്ളവർ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതേസമയം നേതാവിനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ശ്രമവു പരാജയപ്പെട്ടു. ചെന്നിത്തലയോട് പൊട്ടിത്തെറിച്ചു കൊണ്ടാണ് കെ വി തോമസ് പ്രതികരിച്ചത്.

'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം. ചില ഓഫറുകൾ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. ഹൈബി വിജയിച്ചാൽ ആ മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന ഓഫറും ചെന്നിത്തല മുന്നോട്ടു വെച്ചിരുന്നു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു കൊണ്ടാണ് കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

സംഘടനാനേതൃത്വത്തിൽ സുപ്രധാനപദവി തന്നെ നൽകി കെ വി തോമസിനെ അനുനയിപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ ശ്രമം. കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചാടിയ ടോം വടക്കന്റെ നേതൃത്വത്തിൽ ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്നെ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള അനുനയനീക്കങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കെ വി തോമസിന്റെ വീട്ടിൽ കണ്ടത്.

യുഡിഎഫ് കൺവീനർ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നൽകാമെന്നും, കെ വി തോമസിനെ പറഞ്ഞ് അനുനയിപ്പിക്കണം എന്നുമായിരുന്നു ദേശീയനേതൃത്വം ചെന്നിത്തലയ്ക്ക് നൽകിയ നിർദ്ദേശം. എന്നാൽ അത്തരമൊരു അനുനയത്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച നിലയിലാണ് കെ വി തോമസ്. താൻ എറണാകുളത്തേക്ക് വരില്ലെന്ന് ചെന്നിത്തലയോട് കെ വി തോമസ് തീർത്തു പറഞ്ഞു. തൽക്കാലം ഡൽഹിയിൽ തുടരാനാണ് തീരുമാനം. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് മാഷ്.

അവസാനനിമിഷം വരെ താനായിരിക്കും സ്ഥാനാർത്ഥി എന്ന പ്രതീക്ഷയിലാണ് കെ വി തോമസ് മുന്നോട്ട് പോയത്. എന്നാൽ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് നേരത്തേ അറിയിച്ചത് പോലുമില്ല എന്ന നിരാശയിലും അമർഷത്തിലുമാണ് കെ വി തോമസ്. അക്കാര്യം തന്നെയാണ് തോമസ് മാഷ് നേരിട്ട് കണ്ട ചെന്നിത്തലയോട് പറഞ്ഞതും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച എന്തായാലും അരമണിക്കൂർ പോലും നീണ്ടില്ല. അതിനുള്ളിൽത്തന്നെ, തന്റെ ക്ഷോഭം അടക്കിവയ്ക്കാതെ അതൃപ്തി ചെന്നിത്തലയോട് കെ വി തോമസ് നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു.

എന്തായാലും പാർട്ടിയുടെ സമുന്നതനായ നേതാവാണ് കെ വി തോമസ് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. കെ വി തോമസ് ബിജെപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ ചെന്നിത്തല തള്ളി.  'ഏയ്, അദ്ദേഹം എങ്ങോട്ടും പോകില്ല', എന്ന് മാത്രം പറഞ്ഞ ചെന്നിത്തല കൂടുതലൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. പരിചയസമ്പന്നനായ കെ വി തോമസിന്റെ സേവനം ഇനിയും പാർട്ടിക്ക് ആവശ്യമുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. മറ്റൊരു സീറ്റ് നൽകി തോമസിനെ അനുനയിപ്പിക്കുമോ എന്ന ചോദ്യത്തിനും ചെന്നിത്തലയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP