Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൃഢപ്രതിജ്ഞ ചെയ്ത ശേഷം ദൈവത്തെ കുമ്പിട്ടത് ഇരട്ടത്താപ്പെന്ന് അണികളുടെ വിമർശനം; 'പൊതുജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്' എന്ന വർണനയിൽ എല്ലാമുണ്ടെന്ന് സോഷ്യൽ മീഡിയയും; ക്ഷേത്രത്തിൽ പോയെങ്കിലും വിവാദങ്ങൾക്ക് ഇടകൊടുക്കാത്ത ജി സുധാകരൻ മാതൃക: പാർട്ടി സമ്മേളനങ്ങളിൽ ദേവസ്വം മന്ത്രിയുടെ ഈശ്വര വിശ്വാസം ചർച്ചയാകും

ദൃഢപ്രതിജ്ഞ ചെയ്ത ശേഷം ദൈവത്തെ കുമ്പിട്ടത് ഇരട്ടത്താപ്പെന്ന് അണികളുടെ വിമർശനം; 'പൊതുജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്' എന്ന വർണനയിൽ എല്ലാമുണ്ടെന്ന് സോഷ്യൽ മീഡിയയും; ക്ഷേത്രത്തിൽ പോയെങ്കിലും വിവാദങ്ങൾക്ക് ഇടകൊടുക്കാത്ത ജി സുധാകരൻ മാതൃക: പാർട്ടി സമ്മേളനങ്ങളിൽ ദേവസ്വം മന്ത്രിയുടെ ഈശ്വര വിശ്വാസം ചർച്ചയാകും

അരുൺ ജയകുമാർ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ദർശനം നടത്തി കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തിയത് വലിയ വിവാദമായിരുന്നു. ആദ്യമായിട്ടാണ് ഒരു സി.പി.എം മന്ത്രി അഷ്ടമി രോഹിണി ദിനത്തിൽ ക്ഷേത്ര ദർശനം നടത്തിയതും. താൻ അവിടെ പോയത് ദേവസ്വം മന്ത്രിയെന്ന നിലയിലാണ് എന്ന് കടകംപള്ളി സുരേന്ദ്രൻ തന്നെ വിശദീകരണം നൽകിയെങ്കിലും നാളെ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ സംഭവത്തെ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാലക്കാട് പ്ലീനത്തിൽ പോലും പാർട്ടി അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിൽ അമ്പല വിശ്വസങ്ങളെക്കുറിച്ചും മറ്റും പ്രതിബാധിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി അംഗമായ നേതാവ് ഇങ്ങനെയൊരു ക്ഷേത്ര ദർശനം നടത്തിയതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകും.

ദേവസ്വം വകുപ്പ് സി.പി.എം കൈകാര്യം ചെയ്യുന്നത് ആദ്യമായിട്ടല്ല. വി എസ് സർക്കാറിന്റെ കാലത്ത് സി.പി.എം നേതാവായ ജി സുധാകരൻ ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. മന്ത്രി എന്ന നിലയിൽ പലപ്പോഴും അമ്പലങ്ങൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ശബരിമലയിൽ പോലും കൈകൂപ്പി നിൽക്കുന്ന ജി സുധാകരന്റെ ദൃശ്യമോ ചിത്രമോ ആർക്കും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കടകംപള്ളി സുരേന്ദ്രനെ തള്ളണോ കൊള്ളണോ എന്ന വിഷയത്തിൽ പാർട്ടി പ്രതിസന്ധിയിലാകുന്നത്.

വിശ്വവാസങ്ങൾക്കല്ല, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണത്തിനും എതിരാണ് തങ്ങളെന്നാണ് ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കൾ പലതവണ വ്യക്തമാക്കിയത്. പക്ഷേ വിശ്വാസം ഒളിപ്പിച്ചുവെക്കുന്ന നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് പല തവണ വിമർശനം ഉണ്ടായിരുന്നു. കൊട്ടാരക്കര എംഎ‍ൽഎയായിരുന്ന ഐഷാപോറ്റി, എംഎം മോനായി, തുടങ്ങിയ സി.പി.എം എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ അന്ന് പാർട്ടി സെക്രട്ടിയായിരുന്ന പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു.

അതേ പ്രശ്നം തന്നെയാണ് ഇപ്പോൾ കടകംപള്ളിക്കെതിരെയും ഉയരുന്നത്.തൊഴുത് മടങ്ങിയതിനുശേഷം വൈകീട്ട് ഗുരുവായൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി തനിക്കുണ്ടായ നവ്യാനുഭവത്തെ കുറിച്ച് വാചാലനാവുകയും ചെയ്തിരുന്നു.'എന്റെ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്' എന്ന് പറഞ്ഞാണ് അദ്ദേഹം ഗുരുവായൂർ അനുഭവം വർണ്ണിച്ചത്.അതായത് യാദൃഛികമായല്ല താൻ തികച്ചും ആലോചിച്ച് ഉറപ്പിച്ച തീരുമാനം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ മലക്കംമറിയുകയെന്നത് കടകംപള്ളിയെ സംബദ്ധിച്ചും ദുഷ്‌ക്കരമായിരക്കും.

ദേവസ്വം മന്ത്രി വിശ്വാസിയാകണമെന്ന് മന്ത്രിയുടെ അടുപ്പക്കാരും ചില ന്യായീകരണ വാദികളും പറയുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വമോ പ്രവർത്തകരോ ഈ വാദങ്ങൾ അംഗീകരിക്കുന്നില്ല. മുൻ ദേവസ്വം വകുപ്പ് മന്ത്രിമാരായ ജി സുധാകരൻ വി എസ് ശിവകുമാർ എന്നിവരുടെ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ മറുനാടൻ മലയാളി തേടിയിരുന്നു. മന്ത്രി ക്ഷേത്രത്തിൽ പോയതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് മുൻ യുഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന വി എസ് ശിവകുമാർ പറഞ്ഞത്. ദേവസ്വം മന്ത്രി വിശ്വാസിയായിരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവകുമാർ പറഞ്ഞു. ദേവസ്വം മന്ത്രി വിശ്വാസിയായിരിക്കണമെന്ന് റൂൾസ് ഓഫ് ബിസിനസിൽ പറയുന്നുവെന്ന വാദം തെറ്റാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ എന്നിവർ വിശ്വാസിയായിരിക്കണമെന്ന് മാത്രമെ നിയമമുള്ളു.

മന്ത്രി ക്ഷേത്രത്തിൽ പോയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന് വിശാസിയായിരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഈ വിഷയത്തിലെ സമീപനത്തെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും ശിവകുമാർ പറഞ്ഞു. മുൻ
ദേവസ്വം മന്ത്രിയും ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയുമായ ജി സുധാകരൻ പക്ഷേ കടകംപള്ളി സുരേന്ദ്രന്റെ അഷ്ടമി രോഹിണി ദിനത്തിലെ ക്ഷേത്ര സന്ദർശനത്തേക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ചില്ല. അതെക്കുറിച്ച് മന്ത്രി തന്നെ പറഞ്ഞ് കഴിഞ്ഞുവെന്നായിരുന്നു അദ്ദേഹം മറുനാടനോട് പറഞ്ഞത്.

ദേവസ്വം മന്ത്രിയാണെന്ന ന്യായം പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ ക്ഷേത്ര ദർശനം നടത്തിയതും അവിടെ പ്രകടിപ്പിച്ച ഭക്തിയും അതിരുകടന്നുവെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ദൈവവിശ്വാസം പാടില്ലെന്ന് സിപിഎമ്മിന്റെ ഭരണഘടനയിൽ പറയുന്നില്ല. ദൈവവിശ്വാസമുള്ളവർ പാർട്ടി അനുഭാവികളും അംഗങ്ങളും ആയിട്ടുണ്ട്.എന്നാൽ സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി ഭൗതികവാദത്തിൽ ഉറച്ച് നിൽകേണ്ടതാണ്. ഔചിത്യത്തോടെ മന്ത്രി പെരുമാറിയില്ലെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

അതേസമയം കടകംപള്ളി സുരേന്ദ്രനെ പിന്തുണയ്ച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രൻ ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്ന് മാത്രമല്ല അത് ശറിയായ കാര്യമാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കർ അഭിപ്രായപ്പെട്ടത്. വിമർശിക്കാൻ വേണ്ടി വിമർശിക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നതെന്നും കാര്യമറിയാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. ദൃഡ പ്രതിജ്ഞ ചെയ്തുവെന്ന് കരുതി അമ്പലത്തിൽ പോകരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

എന്തായാലും കടകം പള്ളി സുരേന്ദ്രന്റെ ഗുരുവായൂർ സന്ദർശനം പാർട്ടിക്കുള്ളിൽ ചർച്ചയാകാൻ തന്നെയാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ മന്ത്രിയുടെ പ്രവർത്തിയിൽ മുഖ്യമന്ത്രിക്കും സംതൃപിതിയില്ലെന്നാണ് സൂചന. പിണറായി വിജയൻ ഈ വിഷയത്തിൽ കടകംപള്ളിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. കടകംപള്ളിയെ തള്ളണോ കൊള്ളണോ എന്ന വിഷമ വൃത്തതിലാണ് പാർട്ടി. സി.പി.എം 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനത്ത് നാളെ ആരംഭിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾ പടിവാതിൽക്കൽ വന്ന് നിൽക്കുമ്പോൾ കടകംപള്ളിക്കുണ്ടായ നയവ്യതിയാനത്തെ എങ്ങനെ ന്യായീകരിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല.

മുൻ സി.പി.എം എംഎൽഎ മത്തായി ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തിയ കത്തോലിക്ക ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച പിണറായി വിജയൻ, തന്റെ മന്ത്രിസഭയിലെ അംഗമായ കടകംപള്ളിയെ ന്യായീകരിക്കാൻ രംഗത്ത് വരുമോ എന്നാണ് എല്ലാവരും ആകാംഷയോടെ നോക്കുന്നത്. വിശ്വാസ ആചാരങ്ങളിൽ നിന്നും പാർട്ടി നേതൃത്വത്തിലുള്ളവർ വിട്ടുനിൽക്കണമെന്നാണ് സി.പി.എം പൊതുവെ സ്വീകരിച്ച് വരുന്ന നയം. ഇക്കാര്യങ്ങൾ കഴിഞ്ഞ പാർട്ടി കോൺഗ്രസിലും പ്ലീനത്തിലും വ്യക്തമാക്കിയിരുന്നു. നേരത്തെ കാടാംമ്പുഴയും കോടിയേരി ബാലകൃഷ്ണന്റെ പത്നി പൂമൂടൽ നടത്തിയത് പാർട്ടി നിഷേധിച്ചിരുന്നു. വഴിപാട് കോടിയേരിയുടെ പേരിൽ നടത്തയെന്ന സ്ഥിരീകരിക്കുന്ന ക്ഷേത്ര രസീത് പുറത്ത് വന്നെങ്കിലും അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി അത് നിഷേധിക്കുകയായിരുന്നു.

ദൈവവിശ്വാസമുള്ളവർക്കും ഇല്ലാത്തവർക്കും പാർട്ടിയിൽ അംഗമാകാം. എന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്രി അംഗമായ കടകംപള്ളി സുരേന്ദ്രൻ, മാർക്സിസ്റ്റ് എന്ന നിലയിൽ ഭൗതികവാദം അദ്ദേഹത്തിന്റെ അടിസ്ഥാന തത്വമാണ്. അതിനെ ലംഘിക്കുന്ന പരസ്യപ്രവർത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.ഇക്കാര്യത്തിൽ പാർട്ടിയുടെ മുതിർന് നേതാവെന്ന നിലയിൽ പാലിക്കേണ്ട ഔചിത്യം അദ്ദേഹം പ്രകടിപ്പിച്ചില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്മ്മ്യൂണിസ്റ്റ്കാരനായ തോട്ടത്തിൽ രവീന്ദ്രൻ ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ദേവസ്വം ബോർഡ് അംഗമായതിനെ അക്കാലത്തെ ദേവസ്വം മന്ത്രിയായ ജി സുധാകരൻ അതി രൂക്ഷമായി വിമർശിച്ചിരുന്നു.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയും കമ്മ്യൂണിസ്റ്റാണെന്ന് പറയുകയും ചെയ്യുന്നത് ഇടത് പക്ഷ പാപ്പരത്വമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇടത് പക്ഷ രാഷ്ട്രീയത്തിലെ പാപ്പരത്വം നിമിത്തമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ദേവസ്വം ബോർഡിൽ അംഗമാകാൻ പാടില്ലെന്നായിരുന്നു അക്കാലത്ത് ജി സുധാകരന്റെ അഭിപ്രായം. തന്റെ സഹപ്രവർത്തകനായ മന്ത്രിയുടെ ഇപ്പോഴത്തെ നടപടിയെക്കുറിച്ച് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. നാളെ ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ മന്ത്രി കടകംപള്ളിയുടെ പരസ്യമായ ഈശ്വര വിശ്വാസ പ്രകടനം വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പാർട്ടി നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP