Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃത്രിമ തണ്ടപ്പേർ ചമച്ച് കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം; തട്ടിപ്പിന് പിന്നിൽ കൊച്ചിയിലെ വനിതാ ഡോക്ടർ; വില്ലേജ് ഓഫീസറെ വ്യാജ ഭൂമി കൊണ്ടുകാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക്

കൃത്രിമ തണ്ടപ്പേർ ചമച്ച് കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം; തട്ടിപ്പിന് പിന്നിൽ കൊച്ചിയിലെ വനിതാ ഡോക്ടർ; വില്ലേജ് ഓഫീസറെ വ്യാജ ഭൂമി കൊണ്ടുകാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക്

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ഭൂമി തട്ടിപ്പ് നടന്ന കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം. കൃത്രിമ തണ്ടപ്പേർ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച കടകംപള്ളിയിലെ ഭൂമി അതേ തണ്ടപ്പേർ വച്ച് പോക്കുവരവ് നടത്താനാണ് നീക്കം നടന്നത്. 3587 എന്ന വ്യാജതണ്ടപ്പേർ ചമച്ച് ഭൂമി തട്ടിയെടുക്കാനാണ് നേരത്തെ മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ഈ കേസ് അന്വേഷിച്ച സി ബി ഐ 3587 എന്ന വ്യാജതണ്ടപ്പേർ റദ്ദാക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് നടപ്പാക്കിയില്ല.

ഇത് മുതലെടുത്താണ് വീണ്ടും ഭൂമി തട്ടിപ്പ് ശ്രമം നടന്നത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്ന വൻ കുംഭകോണം എൽ ഡി എഫ് സർക്കാരിന്റെ കാലത്തും നടത്താനായിരുന്നു നീക്കം. വ്യാജ തണ്ടപ്പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാനുള്ള നീക്കം റവന്യൂ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കൊണ്ട് ഒഴിവാകുകയായിരുന്നു. എറണാകുളം സ്വദേശിയായ വനിതാഡോക്ടർ വില്ലേജ് ഓഫീസറെ വ്യാജ ഭൂമി കൊണ്ടുകാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

വനിതാ ഡോക്ടർ കടകംപള്ളി വില്ലേജ് ഓഫീസറെ ഈ വർഷം ഓഗസ്റ്റ് നാലിന് വീണ്ടും സമീപിച്ച് 1207 സർവേ നമ്പറിലെ ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ പുതിയ അപേക്ഷ സമർപ്പിക്കുകയായിരുന്നു. 2012 ഇൽ ഇവർ വാങ്ങിയ വസ്തു കൃത്രിമ രേഖ ചമച്ചാണെന്ന് ഹൈക്കോടതി തീർപ്പുകല്പിച്ച കാര്യം മറച്ചുവച്ചായിരുന്നു പുതിയ നീക്കം. വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ അപേക്ഷയിൽ പറഞ്ഞ 3587 എന്ന തണ്ടപ്പേർ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് പോക്കുവരവ് അപേക്ഷ നിരസിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് വൻതട്ടിപ്പിന് തടയിട്ടത്. സി ബി ഐ അന്വേഷണത്തിനിടെ തന്നെ ഭൂമാഫിയ വീണ്ടും സജീവമായി രംഗത്തുവന്നതിൽ കടകംപള്ളി ഭൂമി തട്ടിപ്പിലെ ഇരകൾ ആശങ്കയിലാണ്. യഥാർഥ വസ്തു ഉടമസ്ഥനായ ജെ. മോഹനൻ ചെട്ടിയാർ സംഭവത്തിൽ പൊലീസിൽ പരാതി നൽകി.

സി ബി ഐ അന്വേഷിക്കുന്ന കേസിലെ വിവാദ ഭൂമി തന്നെ വ്യാജ തണ്ടപ്പേരിൽ വീണ്ടും പോക്കുവരവ് ചെയ്യാൻ ശ്രമിച്ചത് തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്. കടകംപള്ളി ഭൂമി തട്ടിപ്പിൽ ഉൾപ്പെട്ട 1270 എന്ന സർവേ നമ്പർ ഭൂമി തട്ടിയെടുക്കാനായിരുന്നു ശ്രമം. 2012 2013 ലാണ് കടകം പള്ളി വില്ലേജിലെ 44.5 ഏക്കർ വസ്തുവിന്റെ ആധാരങ്ങൾ ഉടമസ്ഥർ അറിയാതെ 3587 എന്ന കൃത്രിമമായി എഴുതി ചേർത്ത പട്ടയം അടിസ്ഥാനമാക്കി റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോക്കുവരവ് നടത്തിയത്. പിന്നീടിത് ക്രമവിരുദ്ധമായി വിറ്റു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെടെയുള്ളവരാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ഈ ഭൂമി തട്ടിപ്പിൽ കടകംപള്ളി വില്ലേജിലെ സർവേ നമ്പർ 1270 ഇൽ ഉൾപ്പെട്ട ജെ. മോഹനൻ ചെട്ടിയാരുടെ വസ്തുവും വിലയാധാര പ്രകാരം 2012 ഇൽ വിറ്റിരുന്നു.

അന്നിത് വാങ്ങിയ എറണാകുളം സ്വദേശിനി ബാപ്പനാ മാമ്മൻ വസ്തുപോക്കുവരവിലെ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഇൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഉടമസ്ഥർ അറിയാതെ ഭൂമി തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ എ.എം.അഷ്‌റഫ് കൈവശപ്പെടുത്തിയ വസ്തുവാണ് ഇതെന്ന് തിരുവനന്തപുരം അഡീഷണൽ തഹസിൽദാർ കോടതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ ചട്ടപ്രകാരം പോക്കുവരവ് സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടി കേസ് കോടതി തീർപ്പാക്കി.

ഈ വിവരം മറച്ചുവച്ചാണ് ഇപ്പോൾ പുതിയ പോക്കുവരവിന് അപേക്ഷ നൽകിയത്. വില്ലേജ് ഓഫീസറെ സ്ഥലം കൊണ്ടുകാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് മുകളിൽ കണ്ടത്. വിശദ പരിശോധന നടത്തിയ വില്ലേജ് ഓഫിസർ അപേക്ഷ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഭൂമി തട്ടാനായുള്ള ശ്രമം മുടങ്ങുകയായിരുന്നു. മുൻ തഹസിൽദാർ പുരുഷോത്തമൻപിള്ളയുടെ സഹായത്തോടെയായിരുന്നു ഇത്തവണത്തെ ഭൂമി തട്ടിപ്പിന് ശ്രമം നടന്നതെന്നും പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP