Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്ന് പറഞ്ഞിട്ടില്ല; ഇടപെട്ടത് കലാപം ഒഴിവാക്കാൻ ഉദ്ദേശിച്ച്; ശബരിമലയിൽ മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ; നിലപാട് മാറ്റം പ്രസ്താവന കോടിയേരി തള്ളിയതിന് പിന്നാലെ; ആക്റ്റിവിസ്റ്റുകൾക്ക് എതിരെ കേസെടുക്കണമെന്ന് പിഎസ് ശ്രീധരൻ പിള്ള

ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്ന് പറഞ്ഞിട്ടില്ല; ഇടപെട്ടത് കലാപം ഒഴിവാക്കാൻ ഉദ്ദേശിച്ച്; ശബരിമലയിൽ മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ; നിലപാട് മാറ്റം പ്രസ്താവന കോടിയേരി തള്ളിയതിന് പിന്നാലെ; ആക്റ്റിവിസ്റ്റുകൾക്ക് എതിരെ കേസെടുക്കണമെന്ന് പിഎസ് ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ശബരിമലയിലേക്ക് രണ്ട് ആക്ടിവിസ്റ്റുകളെ കയറ്റിവിട്ടവർക്കെതിരെ നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ആക്റ്റിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് പറഞ്ഞ കടകംപള്ളി പിന്നീട് നിലപാട് മാറ്റുകയും ചെയ്തിരുന്നു. ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുത് എന്ന നിലപാട് പാർട്ടിക്കില്ലെന്നും എന്നാൽ അത് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആകരുതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നിലപാട് മാറ്റിയത്.

പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്ന് മന്ത്രി പറഞ്ഞതും സിപിഎം സെക്രട്ടറി തിരുത്തിയിരുന്നു. പൊലീസ് ചെയ്തത് സുരക്ഷ ഒരുക്കുക എന്നതാണ്. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. കലാപം നടക്കും എന്ന സ്ഥിതിയിലാണ് താൻ ഇടപെട്ടതെന്നാണ് കടകംപള്ളി പറഞ്ഞത്. ശബരിമല വിഷയത്തിൽ സർക്കാരിന് വീഴ്ച പറ്റരുതെന്നും വളരെ ശ്രദ്ധിച്ച് വേണം ഈ വിഷയത്തിൽ ഇടപെടാനെന്നും പാർട്ടി നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു.

വിശ്വാസിയാണെങ്കിൽ ഏത് ആക്റ്റിവിസ്റ്റിനും മല കയറാം. എന്നാൽ സ്ത്രീയായാലും പുരുഷനായാലും ശരി അവർ ആക്റ്റിവിസ്‌റാറാണെങ്കിലും മറ്റാരെങ്കിലുമാണെങ്കിലും അത് പ്രശ്‌നമുണ്ടാക്കാൻ വേണ്ടി ആകരുത് എന്നാണ് നിലപാട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല.പക്ഷെ യുവതികൾ മടങ്ങിയത് പൊലീസിന്റെ വീഴ്‌ച്ച കൊണ്ടല്ല.തന്ത്രിയുടെ നിലപാട് കാരണമാണ് അവർ മടങ്ങിയത്.പൊലീസിന് യുവതികളെ എടുത്ത് സന്നിധാനത്തിലെത്തിക്കാൻ പറ്റില്ല.

സ്ഥിതി ഗതികൾ മനസ്സിലാക്കിയപ്പോൾ മന്ത്രി തന്റെ നിലപാട് മാറ്റിയിരുന്നു.പിന്നെ വിശ്വാസമാണെന്ന് പറഞ്ഞ് നൂറാളുകൾ സമരത്തിനിറങ്ങിയാൽ കോടതിയും,ഭരണഘടയുമൊക്കെ എന്തിനാണ്.പിന്നെ ഓർത്തഡോക്‌സ് സഭയിലെ സുപ്രീം കോടതി വിധിയും,ശബരിമലയും കൂട്ടിച്ചേർക്കണ്ട കാര്യമില്ല. ഓരോ കേസിലും വ്യത്യസ്തമായ തലങ്ങളാണ്.നിലയ്ക്കൽ കേന്ദ്രീകരിച്ച് സമരം നടത്തുന്നവർ ക്രിമിനലുകളാണ് എന്നും കോടിയേരി പറഞ്ഞിരുന്നു

സുപ്രീം കോടതി വിധി നടപ്പാക്കാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാടെടുത്തിരിക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായ നിലപാടാണ് കേരളത്തിലെ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അത് സംഘർഷം ഉണ്ടാക്കാൻ മാത്രമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റേണ്ടതില്ല. വ്യത്യസ്തമായ അഭിപ്രായമുള്ളവർ ചെയ്യേണ്ടിയിരുന്നത് റിവ്യു ഹർജി സമർപ്പിക്കുകയായിരുന്നു. ബിജപിയും കോൺഗ്രസും അതിന് തയ്യാറായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മുൻപ് ഹൈക്കോടതി വിധിയുണ്ടായപ്പോൾ അന്നത്തെ ഇടതുപക്ഷ സർക്കാർ അത് നടപ്പാക്കുകയാണുണ്ടായത്. ഇപ്പോഴത്തെ സുപ്രീം കോടതി വിധി സംസ്ഥാനസർക്കാർ ചോദിച്ചുവാങ്ങിയതല്ല. സ്ത്രീപ്രവശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബിജെപിയോ ആർഎസ്എസോ അഭിപ്രായം പറഞ്ഞിരുന്നില്ല. ഇപ്പോഴത്തെ വിധിയിൽ ഇടപെടാൻ ബിജെപി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരുടെ ഇരട്ടത്താപ്പാണ്.

ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിനെ കോടിയേരി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ രാമൻപിള്ള, പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെ കോൺഗ്രസ് ബിജെപിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ എതിർക്കാത്ത കോൺഗ്രസിന്റെ നിലപാടാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

കോടതിവിധിയെ അട്ടിമറിക്കാൻ നടത്തുന്ന സമരം വിശ്വാസികളെ രക്ഷിക്കാനല്ലെന്നും ഇതൊരു രാഷ്ട്രീയ സമരമാണെന്നും വ്യക്തമാണ്. പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ യാഥാർഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഇടതുപക്ഷ സംഘടനകൾ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും എൽഡിഎഫ് റാലികൾ സംഘടിപ്പിക്കും. കൂടാതെ എല്ലാ വീടുകളിലും പോയി വ്യക്തികളെ നേരിട്ടു കണ്ട് ശബരിമല വിഷയത്തിലെ വസ്തുതകൾ ധരിപ്പിക്കാൻ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. 140 അസംബ്ലി മണ്ഡലങ്ങളിൽ കാൽനട ജാഥ, വിപുലമായ കുടുംബമേളകൾ എന്നിവയും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷിക ദിനമായ നവംബർ 12ന് നവോത്ഥാന സദസ്സും സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

യുവതികളെ ബലം പ്രയോഗിച്ച് കയറ്റണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ല.സർക്കാരിന്റെ ഗൂഢ അജണ്ട ഭക്തർ മനസ്സിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിൽ പൊലീസിനെ അയച്ച് കലാപഭൂമിയാക്കാനുള്ള നീക്കം ചെറുക്കും.ഇതിന് വിശ്വാസികളായ പൊലീസുകാർ കൂട്ടുനിൽക്കരുതെന്നും വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP