Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്താകുന്നത് കടകംപള്ളിയുടെ രണ്ടാമത്തെ ജീവനക്കാരൻ; മന്ത്രിമാർ പേടിച്ചു നിൽക്കുമ്പോഴും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ അഴിമതിക്കാരെന്ന റിപ്പോർട്ട് നൽകിയത് ജേക്കബ് തോമസ്; മുഴുവൻ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; മന്ത്രിമാർ അറിയാതെ ഒന്നും നടക്കുന്നില്ലെന്ന് കരുതുന്നവരും ഏറെ

പുറത്താകുന്നത് കടകംപള്ളിയുടെ രണ്ടാമത്തെ ജീവനക്കാരൻ; മന്ത്രിമാർ പേടിച്ചു നിൽക്കുമ്പോഴും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ അഴിമതിക്കാരെന്ന റിപ്പോർട്ട് നൽകിയത് ജേക്കബ് തോമസ്; മുഴുവൻ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; മന്ത്രിമാർ അറിയാതെ ഒന്നും നടക്കുന്നില്ലെന്ന് കരുതുന്നവരും ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിനേയും സ്റ്റാഫിനേയും നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ മൂന്നാം കണ്ണിൽപ്പെട്ടത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ രണ്ട് ജീവനക്കാരാണ്. ഇതിൽ രണ്ടാമനെയാണ് പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത്. അസുഖം കാരണം പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് സ്വയം ഒഴിഞ്ഞതാണ് പികെ വൽസല കുമാറെന്ന് കടകംപള്ളിയുടെ ഓഫീസ് വിശദീകരിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന.

ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സനൽ സ്റ്റാഫിന്റെ യോഗം 26നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവ. ഗെസ്റ്റ് ഹൗസിൽ വിളിച്ചു ചേർക്കന്നത്. പഴ്‌സനൽ സ്റ്റാഫിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും കുറ്റമറ്റതും ആക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണു യോഗം വിളിച്ചു ചേർക്കുന്നത്. താൽപര്യമുണ്ടെങ്കിൽ മന്ത്രിമാർക്കും പങ്കെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പഴ്‌സനൽ സ്റ്റാഫിലെ എല്ലാവരെയും യോഗത്തിലേക്ക് അയയ്ക്കണമെന്നു മുഖ്യമന്ത്രി രേഖാമൂലം മന്ത്രിമാരോടു നിർദേശിച്ചു. നേരത്തേ, സിപിഐ(എം) മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന്റെ യോഗം പാർട്ടി വിളിച്ചു ചേർത്തു നിർദേശങ്ങൾ നൽകിയിരുന്നു. പഴ്‌സനൽ സ്റ്റാഫിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണു കഴിഞ്ഞ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതും ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്യും. പഴ്‌സനൽ സ്റ്റാഫ് എങ്ങനെ പ്രവർത്തിക്കണമെന്നും അവരിൽ നിന്നു താൻ പ്രതീക്ഷിക്കുന്നത് എന്തെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചർച്ചാവിഷയങ്ങൾ മുൻകൂട്ടി അറിയിച്ചിട്ടില്ല. ഇതെല്ലാം കടകംപള്ളിയുടെ ഓഫീസുമായി ഉണ്ടായ വിവാദങ്ങൾ കാരണമാണ്. വളരെ കരുതലോടെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ജേക്കബ് തോമസ് നൽകിയത്. ഇതു പ്രകാരം മന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ മന്ത്രിമാരുടെ ഓഫീസിൽ അഴിമതിക്കാരുണ്ടെന്നാണ് വിശദീകരിച്ചത്. എന്നാൽ മന്ത്രിമാരറിയാതെ അഴിമതി നടക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയത് ഒരു കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണെന്നറിയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചതു തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവാണെന്നും സൂചനയുണ്ട്. മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനായിരുന്നു പി.കെ.ശ്രീവൽസ കുമാർ. എന്നാൽ മുൻ ഏര്യാ സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ഔദ്യോഗിക പക്ഷത്തെ നേതാവിന്റെ അടുപ്പക്കാരനായി മന്ത്രിയുടെ സ്റ്റാഫ് ആയതോടെ ശ്രീവൽസ കുമാർ മാറി. ഇതാണ് അഴിമതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കടകംപള്ളിയെപ്പോലൊരു മന്ത്രിയുടെ ഓഫിസിലിരുന്ന് ഒരു പഴ്‌സനൽ സ്റ്റാഫിന് അഴിമതി നടത്താൻ എങ്ങനെ കഴിഞ്ഞു എന്നതു മുഖ്യമന്ത്രി വളരെ ഗൗരവത്തോടെയാണു കാണുന്നത്. ഒരു മാസത്തിനിടെ കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിൽ നിന്നു പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ആളാണു പി.കെ.ശ്രീവൽസ കുമാർ. ഒരു മാസം മുൻപ് അഡീഷനൽ പിഎസ് രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ട് അന്വേഷണം നടത്തിയാണു ശ്രീവൽസ കുമാറിനെതിരെ നടപടിയെടുത്തതെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ നേരിട്ടാണ് റിപ്പോർട്ട് നൽകിയത്.

ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിൽ ഇടപെട്ടതിനാണു ശ്രീവൽസ കുമാറിനെതിരെ നടപടിയെടുത്തത് എന്നാണു സൂചന. ഈ കേസിൽ ഹാജരായ സർക്കാർ പ്ലീഡർ തന്നെയാണ് ഇതു സംബന്ധിച്ചു കോടിയേരിക്കു വിശദമായ കത്തെഴുതിയത്. അഞ്ചു കോടി രൂപ പിഴ അടയ്‌ക്കേണ്ട കേസിൽ അത് ഒഴിവാക്കാൻ ഒരു കോടിയോളം രൂപ കോഴയായി പാർട്ടിയിലെ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു നേതാവിനു കൈമാറി എന്നാണ് ആരോപണം. മന്ത്രി അറിയാതെ നേതാവ് ശ്രീവൽസ കുമാറിനെ സ്വാധീനിച്ച് ഇതിനുള്ള അരങ്ങ് ഒരുക്കുകയായിരുന്നുവത്രെ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട കേസാണിത്.

അതേസമയം, ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടുവെന്ന വാർത്ത മന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥനായ ശ്രീവൽസ കുമാർ ഇതുവരെ അഴിമതിയാരോപണം നേരിട്ടിട്ടില്ല. മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹത്തെ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നു ചികിൽസയിലായ ഇദ്ദേഹം പഴയതു പോലെ വിശ്രമമില്ലാതെ പ്രവർത്തിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പഴ്‌സനൽ സ്റ്റാഫിൽ നിന്നു സ്വയം പിരിഞ്ഞുപോവുകയായിരുന്നുവെന്നാണ് വിശദീകരണം. കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് റെയ്ഡ് വാർത്തയ്ക്ക് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന സംശയം മന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരനെ പിണക്കാത്ത തരത്തിൽ പത്രക്കുറിപ്പ് ഇറക്കിയത്.

സഹകരണ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് കടകംപള്ളി പ്രതിക്കൂട്ടിലാണ്. അഴിമതിയുടെ പേരിൽ മന്ത്രി പുറത്താക്കിയ ഉദ്യോഗസ്ഥൻ ങ്ങെനെ സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നുവെന്ന ചോദ്യവും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സർവ്വീസിലെ ജോലിയും ഈ ഉദ്യോഗസ്ഥന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അതുണ്ടായാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഈ ഉദ്യോഗസ്ഥൻ നടത്തുമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരനെ സംരക്ഷിക്കുന്ന പത്രക്കുറിപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP