Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ മാസം 20 മുതൽ 23 വരെ ടോക്കിയോയിൽ; ഒക്ടോബറിൽ 17 മുതൽ 19വരെ മൂന്ന് ദിവസത്തേക്ക് യാത്ര സിംഗപ്പൂരിലേക്ക്; ഒക്ടോബർ പകുതിയോടെ സഖാവ് ചൈനയിലുമെത്തും; എല്ലാ ചെലവും ഖജനാവിൽ നിന്ന്; റൂട്ട് ക്ലിയറാക്കാൻ വിദേശകാര്യമന്ത്രാലയത്തിന് പ്രോട്ടോക്കോൾ ഓഫീസർ കത്തുമയച്ചു; പുനർനിർമ്മാണകാലത്തെ കടകംപള്ളിയുടെ ട്രാവൽമാർട്ട് യാത്രകളുടെ വിശദാംശങ്ങൾ കേട്ട് ഞെട്ടി മലയാളികൾ

ഈ മാസം 20 മുതൽ 23 വരെ ടോക്കിയോയിൽ; ഒക്ടോബറിൽ 17 മുതൽ 19വരെ മൂന്ന് ദിവസത്തേക്ക് യാത്ര സിംഗപ്പൂരിലേക്ക്; ഒക്ടോബർ പകുതിയോടെ സഖാവ് ചൈനയിലുമെത്തും; എല്ലാ ചെലവും ഖജനാവിൽ നിന്ന്; റൂട്ട് ക്ലിയറാക്കാൻ വിദേശകാര്യമന്ത്രാലയത്തിന് പ്രോട്ടോക്കോൾ ഓഫീസർ കത്തുമയച്ചു; പുനർനിർമ്മാണകാലത്തെ കടകംപള്ളിയുടെ ട്രാവൽമാർട്ട് യാത്രകളുടെ വിശദാംശങ്ങൾ കേട്ട് ഞെട്ടി മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയ ബാധിതരെ സഹായിക്കാൻ സർക്കാർ ജിവനക്കാരുടെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചു വാങ്ങാനാണ് സർക്കാർ തീരുമാനം. കലോത്സവത്തിന് മാറ്റ് കുറയും. സർവ്വകലാശാലാ യുവജനോത്സവങ്ങളുടെ ഫണ്ടിലും കൈവയ്ക്കും. എന്നാൽ മന്ത്രിമാർക്ക് ഇതൊന്നും ബാധകമാകില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്ന് രാജ്യങ്ങളാണ് മൂന്ന് മാസങ്ങളിലായി സന്ദർശിക്കുക. ഈ മാസം 20 മുതൽ 23വരെ ടൂറിസം മന്ത്രി ടോക്കിയോവിലായിരിക്കും. ജപ്പാൻ ടൂറിസം മാർട്ടിൽ പങ്കെടുക്കാനാണ് യാത്ര. അടുത്ത മാസം സിംഗപ്പൂരിലും പോലും. ഐടിബി ഏഷ്യയുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഒക്ടോബർ 17മുതൽ 19 വരെ ടോക്കിയോടിൽ പോകുന്നത്. തൊട്ടടുത്ത മാസം ചൈനയിലേക്കും. നവംബർ 16മുതൽ 18 വരെയാണ് മന്ത്രിയുടെ ഷാങ്ഹായ് യാത്ര.

ഈ മൂന്ന് വിദേശയാത്രയ്ക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ യാത്രയ്ക്ക് അനുമതി നൽകണമെന്ന് കാട്ടി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ കത്തയച്ചു. എല്ലാ യാത്രയുടെ ചെലവും സർക്കാരാണ് വഹിക്കുന്നതെന്നും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ യാത്ര ചെയ്യൂവെന്നും വ്യക്തമാണ്. സാധാരണ ഇത്തരം യാത്രകൾ കേന്ദ്രം തടയാറില്ല. എന്നാൽ കർശന പ്രോട്ടോകോൾ പരിശോധന നടത്തും. കഴിഞ്ഞ വർഷം കടകംപള്ളി ചൈനയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്രം അനുമതി നൽകിയില്ല. അതുകൊണ്ട് തന്നെ പ്രളയാനന്തര കാലത്തെ കടകംപള്ളിയുടെ യാത്രകളോട് കേന്ദ്രം എന്ത് നിലപാട് എടുക്കുമെന്നത് നിർണ്ണായകമാണ്. അതിനിടെ മൂന്ന് മാസം മൂന്ന് വിദേശ യാത്ര ചെയ്യാനുള്ള കടകംപള്ളിയുടെ തീരുമാനം സർക്കാർ ഉദ്യോഗസ്ഥരിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റിവെക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതാണ്. സ്‌കൂൾ കലോത്സവവും ചലച്ചിത്ര മേളയും പോലും ഒഴിവാക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമാണ് ഇത്. ഇതിനിടെയാണ് മന്ത്രിമാർ വിദേശത്തേക്ക് അനാവശ്യ യാത്രകൾ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. തീർത്തും അപ്രസക്തമായ യാത്രകളാണ് കടകംപള്ളി നടത്തുന്നത്. ജപ്പാനിലും സിംഗപ്പൂരിലും ചൈനയിലും പോകുന്നതുകൊണ്ട് കേരളത്തിലെ ടൂറിസത്തിന് ഗുണമുണ്ടാകില്ല. പ്രളയത്തിൽ തകർന്ന കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് ഉടൻ വിദേശികൾ ആരും എത്തില്ല. എല്ലാ പണവും പുനർനിർമ്മാണത്തിന് വേണ്ടി മാറ്റുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി സർക്കാർ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്നു. ഈ പണം കൊണ്ട് മന്ത്രിമാർ ഉല്ലാസ യാത്രയും ചെയ്യുന്നുവെന്നാണ് ഉയരുന്ന ആരോപണം.

പ്രളയകാലത്തെ മന്ത്രി കെ രാജുവിന്റെ വിദേശ യാത്ര വിവാദമായിരുന്നു. പ്രളയത്തെ കുറിച്ച് അറിയാതെ പോയെന്നായിരുന്നു മന്ത്രിയുടെ വിവാദങ്ങളോടുള്ള പ്രതികരണം. എന്നാൽ പ്രളയം തകർത്ത കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് കടകംപള്ളിക്ക് നന്നായി അറിയാം. ഫണ്ടിലേക്ക് പണം കൊടുക്കാത്ത സിനിമാ താരങ്ങളെ പോലും നിശതമായി വിമർശിക്കുന്ന നേതാവാണ് കടകംപള്ളി. ഈ സാഹചര്യത്തിൽ എല്ലാം അറിഞ്ഞു കൊണ്ടുള്ള ഖജനാവ് മുടിക്കാൽ രാജുവിന്റെ യാത്രയെക്കാൾ ക്രൂരമാണെന്നാണ് ഉയരുന്ന ആരോപണം. മുഖ്യമന്ത്രി ചികിൽസയ്ക്ക് പോയ സാഹചര്യം മന്ത്രി മുതലെടുക്കുകയാണെന്നാണ് വാദം. ഈ സാഹചര്യത്തിൽ യാത്ര റദ്ദാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സിപിഎമ്മിലെ നേതാക്കൾക്ക് പോലും അഭിപ്രായമുണ്ട്. കടകംപള്ളിയുടെ യാത്ര സർക്കാരിനേയും സിപിഎമ്മിനേയും ജനങ്ങളുടെ മുന്നിൽ അപഹാസ്യരാക്കുമെന്നാണ് ഉയരുന്ന ആരോപണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് കടകംപള്ളി പോകരുതെന്ന അഭ്യർത്ഥനാ ട്രോളുകൾ സജീവമാണ്. അതിനിടെ ദുരിതാശ്വാസത്തിന് ഫണ്ട് പിരിക്കാനാണ് കടകംപള്ളിയുടെ യാത്രയെന്ന വാദം സൈബർ സഖാക്കളും സജീവമാക്കുന്നു. എന്നാൽ കേന്ദ്ര സർക്കാരിന് പ്രോട്ടോക്കോൾ ഓഫീസർ അയച്ച കത്തിൽ അങ്ങനെ പറയുന്നതുമില്ല. കടകംപള്ളിയും ഉദ്യോഗസ്ഥരും വിദേശത്തേക്ക് പോകുന്നത് അത്ര വലിയ ചെലവുണ്ടാക്കില്ലെന്നാണ് സർക്കാർ വാദം. എത്ര ചെറുതായാലും അത് പ്രളയബാധിത കേരളത്തിന്റെ പുനർനിർമ്മിതിക്കല്ലേ മാറ്റി വയ്‌ക്കേണ്ടതെന്ന ചോദ്യമാണ് മറു വിഭാഗം സജീവമാക്കുന്നത്. ലോകബാങ്കിൽ നിന്ന് വായ്പ എടുത്ത് വിദേശയാത്ര നടത്തുന്ന ശരിയാണോ എന്നും സിപിഎം വിരുദ്ധ ട്രോളർമാർ ചോദ്യം ഉയർത്തുന്നു.

ചൈനയിലെ ചെങ്ഡുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 11 മുതൽ 16 വരെ നടക്കുന്ന വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റേത് രാഷ്ട്രീയതിമിരം ബാധിച്ച നടപടിയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്ന് കളിയാക്കുകയും ചെയ്തിരുന്നു. സംസ്ഥാന മന്ത്രിമാർക്കു വിദേശരാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനു വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്രാനുമതി നിർബന്ധമാണ്. ഇന്ത്യ ചൈന ബന്ധത്തിൽ അന്ന് ഉണ്ടായിരുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഔദ്യോഗിക പദവികളിലുള്ളവരുടെ യാത്രകൾക്കു നിയന്ത്രണമേർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ബന്ധം ഊഷ്മളമായ ഈ സമയത്ത് ചൈനയിൽ പോകാൻ വീണ്ടും കടകംപള്ളി ശ്രമിക്കുന്നത്.

നേരത്തെ ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സന്ദർശിക്കാൻ 2016 ഓഗസ്റ്റിൽ സൗദിയിലേക്കു പുറപ്പെടാനിരുന്ന മന്ത്രി കെ.ടി.ജലീലിനു കേന്ദ്ര വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്പോർട്ട് നിഷേധിച്ചിരുന്നു വിവാദമായതോടെ സന്ദർശനത്തിനു പറ്റിയ സമയമല്ലെന്നു വിശദീകരണം. 2008 ഒളിംപിക്സിന് ബെയ്ജിങ്ങിലേക്കു പോകാൻ അന്നത്തെ മന്ത്രി എം.വിജയകമാറിന് അനുമതി നിഷേധിച്ചതും വിവാദമായിരുന്നു. പിന്നീട് ഉപാധികളോടെ യാത്രാനുമതി നൽകിയെങ്കിലും മന്ത്രി നിരാകരിച്ചു. ന്മ യുഎഇയിലെ ജയിലുകളും ലേബർ ക്യാംപുകളും സന്ദർശിക്കാൻ 2005 ജൂണിൽ അന്നത്തെ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, ബാബു ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷി സംഘത്തെ അയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രം അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചു. 1968ൽ മുഖ്യമന്ത്രി ഇഎംഎസിനു കിഴക്കൻ ജർമനി സന്ദർശിക്കാൻ അനുമതി നൽകിയില്ല. ഇതെല്ലാം രാഷ്ട്രീ കാരണങ്ങളുടെ പുറത്താണ്. അതുകൊണ്ട് തന്നെ കടകംപള്ളിയുടെ ലോകപര്യടനത്തിന് ഇത്തവണ കേന്ദ്ര സർക്കാരിന് അനുമതി കൊടുക്കേണ്ടി വരുമെന്നതാണ് സൂചന. ജപ്പാനും സിംഗപ്പൂരും ചൈനയുമായും നല്ല ഉഭയകക്ഷി ബന്ധമാണ് ഇന്ത്യക്കുള്ളത്.

പ്രളയദുരന്തത്തത്തുടർന്നു സ്‌കൂൾ കലോ ത്സവവും സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ മേളകളും ഉത്സവങ്ങളും ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു. വകുപ്പുകൾക്കു കീഴിലുള്ള ഒരു വർഷത്തെ പരിപാടികൾ ഒഴിവാക്കണമെന്നു തങ്ങളറിയാതെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതിരേ ഒരു വിഭാഗം മന്ത്രിമാർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിനു മുമ്പു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നു പൊതുഭരണ വകുപ്പ് അധികൃതർ അറിയിച്ചു. നെഹ്റു ട്രോഫി, സ്‌കൂൾ കലോത്സവങ്ങൾ, രാജ്യാന്തര ചലച്ചിത്രോത്സവം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ കീഴിലുള്ള മേളകൾ, ടൂറിസം വകുപ്പിന്റേത് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങൾ എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കിയാണു പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

നെഹ്‌റു ട്രോഫി ജലോത്സവം നടത്താൻ ടൂറിസം വകുപ്പു തയ്യാറെടുക്കുന്നതിനിടയിൽ ഉത്തരവിറങ്ങിയതു ടൂറിസം വകുപ്പിനേയും പ്രതിരോധത്തിലാക്കിയിരുന്നു. നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നു മറ്റു ചില മന്ത്രിമാരും അഭിപ്രായപ്പെട്ടിരുന്നു. കേരള ട്രാവൽ മാർട്ട് നടത്തിപ്പിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നീക്കിവച്ചിരുന്നു. ടൂറിസം വകുപ്പിനു കീഴിലുള്ള സമാനമായ എല്ലാ ആഘോഷപരിപാടികൾക്കും ഒരു വർഷത്തെ വിലക്കുണ്ട്. വിവിധ മേളകൾക്കു വേണ്ടി നീക്കിവച്ച തുക വകുപ്പു മേധാവികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതും സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്നതുമായ എല്ലാ മേളകൾക്കും വിലക്കു ബാധകമാണ്. ഇത്തരം സാമ്പത്തിക അച്ചടക്ക നടപടികൾ ഏർപ്പെടുത്തുന്ന സംസ്ഥാന സർക്കാരാണ് കടകംപള്ളിയുടെ യാത്രകൾക്ക് പച്ചക്കൊടിയും ചെലവും നൽകുന്നതെന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP