Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ കടല വിൽപ്പന മകന് നൽകിയത് 'കടല സുരേഷ്' എന്ന വിളിപ്പേര്; അമ്മ കടല വിൽക്കുമ്പോൾ മകൻ വിദേശികൾക്ക് നൽകിയത് കഞ്ചാവിന്റെ ലഹരി; ഗ്രേഡ് എസ് ഐക്ക് ബിവറേജ് ഔട്ട്‌ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്ന പൊലീസ് ബന്ധം; ലഹരികളുടെ അടിമയ്ക്ക് കേസുകളിൽ നിന്ന് ഊരാൻ തുണയായി മാനസിക അസ്വാസ്ഥ്യമെന്ന ഡോക്ടർ സർട്ടിഫിക്കറ്റും; മറുനാടൻ തൊഴിലാളിയെ തൊഴിച്ചത് ആരും തൊടാത്ത മുക്കോലയിലെ സ്ഥിരം ക്രിമിനൽ; വിഴിഞ്ഞത്തെ വില്ലനെ സോഷ്യൽ മീഡിയ തളയ്ക്കുമ്പോൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിച്ച് മർദ്ദിച്ച ഓട്ടോ ഡ്രൈവർ കടല സൂരേഷ് പൊലീസുകാർക്ക് വേണ്ടപ്പെട്ട ക്രിമിനൽ. അതുകൊണ്ടാണ് ഇയാളുടെ അറസ്റ്റ് വൈകിയതെന്നാണ് സൂചന. മുക്കോല സ്വദേശിയായ സുരേഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിലെ സമ്മർദ്ദത്തെ തുടർന്നാണ്.

വിഴിഞ്ഞം-കോവളം ഭാഗത്തെ സ്ഥിരം പ്രശ്നക്കാരനാണ് കടല സുരേഷ്. ഇയാളുടെ അമ്മയ്ക്ക് കടല കച്ചവടമാണ്. കുട്ടിക്കാലത്ത് അമ്മയെ സഹായിക്കാൻ കടല കച്ചവടത്തിന് എത്തുമായിരുന്നു. അതുകൊണ്ടാണ് കടല സുരേഷ് എന്ന് വിളിക്കുന്നത്. സ്ഥിരം അടിപിടി കേസുകളിൽ പ്രതിയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ഇയാളെ സംരക്ഷിക്കാൻ പൊലീസിനും കഴിയാതെ വന്നു. പുതിയ സിഐയും അറസ്റ്റ് ചെയ്‌തേ മതിയാകൂവെന്ന നിലപാട് എടുത്തു. ഇതോടെ കടല സുരേഷ് അകത്തായി.

ഇപ്പോഴത്തെ പരാതിയിൽ ഇയാൾക്കെതിരെ വധശ്രമത്തിതിനടക്കം കേസെടുത്തതായി വിഴിഞ്ഞം സിഐ പ്രവീൺ പറഞ്ഞു.സംഭവം നടന്ന ശേഷം പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാനാവില്ല എന്ന നിലപാടിലായിരുന്ന പൊലീസ് ദൃശ്യമാധ്യമങ്ങളിലടക്കം മർദ്ദനത്തിന്റെയും അസഭ്യവർഷത്തിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കേസെടുത്തത്. ഇതിനിടെ പ്രതി ഇക്കഴിഞ്ഞ 7 ന് ഒരു കടയിൽ കയറി മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇയാൾ ഇത്തരത്തിൽ മറ്റ് പലരെയും മർദ്ദിച്ചതിനുള്ള തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിനിരയായ ഇതര സംസ്ഥാനത്തൊഴിലാളിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. തുടക്കത്തിൽ ജാമ്യമുള്ള കേസ് എടുക്കാനായിരുന്നു നീക്കം. എന്നാൽ വിവാദത്തിന് പുതിയ തലം വരുമെന്നതിനാൽ കൂടുതൽ ശക്തമായ വകുപ്പ് ചുമത്തുകയായിരുന്നു,

ഇതരസംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെയാണ് നാട്ടുകാർ നോക്കിനിൽക്കെ ശനിയാഴ്ച സുരേഷ് മർദ്ദിച്ചത്. ജോലി കഴിഞ്ഞ് വരുന്ന വഴി മുക്കോലയിലെ മൊബൈൽ റീചാർജ്ജ് കടയിലെത്തിയതായിരുന്നു ഗൗതം. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗൗതം മണ്ഡലിന്റെ തിരിച്ചറിയൽ രേഖയും ഇയാൾ പിടിച്ചുവാങ്ങിയിരുന്നു. മറ്റ് ഓട്ടോ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയൽ കാർഡ് തിരിച്ചുനൽകിയത്.

തുടക്കത്തിൽ പൊലീസ് കേസെടുത്തില്ല. ആരും പരാതി നൽകാത്തതാണ് ഡ്രൈവർക്കെതിരെ കേസെടുക്കാതിരിക്കാൻ കാരണമെന്നായിരുന്നു പൊലീസിന്റെ വാദം. സംഭവം വിവാദമായതോടെയാണ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. തുടർന്നാണ് ഇയാളെ ഓട്ടോസ്റ്റാൻഡിലെത്തി പിടികൂടിയത്. നേരത്തെയും ഇയാൾ ആളുകളെ അകാരണമായി മർദ്ദിച്ചതായി പരാതികൾ ഉയർന്നിട്ടുണ്ട്.

ഒരു മൊബൈൽ കട ഉടമയെ സുരേഷ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കഞ്ചാവിന് അടിമയാണ് എന്നാണ് സ്റ്റാൻഡിലെ മറ്റു ഡ്രൈവർമാർ പറയുന്നത്. പൊലീസുമായി അടുത്ത ബന്ധമുണ്ട്. ശനിയാഴ്ച മർദിച്ചതിനുശേഷം ഗൗതമിന്റെ കാർഡ് പിടിച്ചു വാങ്ങിയ സുരേഷ് പൊലീസ് സ്റ്റേഷനിൽ വന്നു വാങ്ങാൻ ആക്രോശിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. സുരേഷ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

സുരേഷിന് വർഷങ്ങളായി കഞ്ചാവ് വിൽപന ഉള്ളതായും ആരോപണമുയരുന്നു. കഞ്ചാവിന്റെയും മറ്റു ലഹരികളുടെയും അടിമയായ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമെന്ന സർട്ടിഫിക്കറ്റ് ഉള്ളതിനാൽ പൊലീസ് പിടിക്കില്ലെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്‌ഐക്ക് ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്നതും ഇയാളാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ ബന്ധം ആണ് ഇയാളെ പലപ്പോഴും പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെടുത്തുന്നതെന്നാണ് ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP