Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; മൂന്ന് പേരെ കൂടി പ്രതി ചേർത്തു; പ്രതികൾക്കെതിരെ ചാർത്തിയത് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ; എല്ലാ കല്ലട ഓഫീസുകളും അടച്ചു പൂട്ടി; ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിക്കുന്ന കല്ലട ഉടമയെ പ്രതി ചേർക്കാൻ പൊലീസിന് ഇപ്പോഴും മടി; ബസിൽ നിന്നും യുവാക്കളെ പുറത്താക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചത് മുതലാളിയുടെ ഗുണ്ടകൾ; സ്ഥലത്തെത്തിയ പൊലീസ് പ്രതികൾ കല്ലടയാണെന്ന് അറിഞ്ഞതോടെ മുങ്ങി; ബസ് മാഫിയയെ പൂട്ടിയത് സോഷ്യൽ മീഡിയ തന്നെ

നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; മൂന്ന് പേരെ കൂടി പ്രതി ചേർത്തു; പ്രതികൾക്കെതിരെ ചാർത്തിയത് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ; എല്ലാ കല്ലട ഓഫീസുകളും അടച്ചു പൂട്ടി; ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിക്കുന്ന കല്ലട ഉടമയെ പ്രതി ചേർക്കാൻ പൊലീസിന് ഇപ്പോഴും മടി; ബസിൽ നിന്നും യുവാക്കളെ പുറത്താക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചത് മുതലാളിയുടെ ഗുണ്ടകൾ; സ്ഥലത്തെത്തിയ പൊലീസ് പ്രതികൾ കല്ലടയാണെന്ന് അറിഞ്ഞതോടെ മുങ്ങി; ബസ് മാഫിയയെ പൂട്ടിയത് സോഷ്യൽ മീഡിയ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബെംഗളൂരുവിലേക്കുള്ള 'സുരേഷ് കല്ലട' ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെ ക്രൂരമായി ആക്രമിച്ച കേസിൽ 4 ബസ് ജീവനക്കാർ അറസ്റ്റിൽ. സോഷ്യൽ മീഡിയയുടെ ഇടപെടലാണ് ഇതിന് കാരണം. ഞായറാഴ്ചയാണ് സംഭവം നടന്നത്. അന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ പത്രങ്ങളോ മുൻനിര ചാനലുകളോ ഇതിനെ പ്രധാന വാർത്തയാക്കിയില്ല. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ കടന്നാക്രമാണം നടത്തി. മറുനാടൻ പുറത്തുവിട്ട വിവരങ്ങളും വൈറലായി. ഇതോടെ കല്ലടയ്‌ക്കെതിരെ ജനരോഷം ശക്തമായി. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിക്ക് തയ്യാറായത്. ഒന്നാം പ്രതി ചിറയിൻകീഴ് മടവൂർ ജയേഷ് ഭവനത്തിൽ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂർ മണപ്പിള്ളിൽ ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ 3 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മൂന്നാം പ്രതി കൊല്ലം സ്വദേശി ഗിരിലാലിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

പരാതി കിട്ടിയപ്പോൾ സ്‌റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇത് അറിഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായത്. കല്ലടയിലെ ക്രൂരതകളെ കുറിച്ച് കുറിപ്പുകൾ ഫെയ്‌സ് ബുക്കിലെത്തി. ഇതോടെ സംഭവത്തിൽ ഗതാഗത കമ്മിഷണറോടു റിപ്പോർട്ട് തേടിയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് അറിയിച്ചു. പിടിച്ചെടുത്ത ബസ് മരട് സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. 'സുരേഷ് കല്ലട'യുടെ കേരളത്തിലെ എല്ലാ ഓഫിസുകളും ഇന്നലെ പൂട്ടിയതായി പൊലീസ് അറിയിച്ചു. 'സുരേഷ് കല്ലട' ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണർ എഡിജിപി: സുധേഷ് കുമാർ അറിയിച്ചു. അങ്ങനെ എല്ലാം വേഗത്തിലായി. മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ക്രൂരതയിൽ മുഖ്യധാരാ മാധ്യമങ്ങളും കണ്ണു തുറുന്നു. കല്ലടയുടെ കള്ളക്കളികൾ അവരും വാർത്തയാക്കി. വോട്ടെടുപ്പ് കാലമായതു കൊണ്ട് ജനങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരും നിന്നു.

സുരേഷ് കല്ലട ബസിന്റെ ഉടമയെ വിളിച്ചു വരുത്താൻ ദക്ഷിണ മേഖലാ എഡിജിപി: മനോജ് ഏബ്രഹാമിനു ഡിജിപി: ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. തിരുവനന്തപുരത്തെ മാനേജർ മനുവിനെ പൊലീസ് ആസ്ഥാനത്തു വരുത്തി ചോദ്യം ചെയ്തു. അക്രമത്തിന്റെ വിഡിയോ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച ജേക്കബ് ഫിലിപ്പിനെ ഫോണിൽ വിളിച്ച് ഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്‌കർ എന്നിവർക്കാണു ക്രൂരമർദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തതു യുവാക്കൾ ചോദ്യം െചയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാൻ കാരണം. സംഭവത്തിലെ ഗൂഢാലോചനയിൽ കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. എന്നാൽ മുതലാളിയെ പൊലീസ് കേസിൽ പ്രതിചേർക്കില്ല. ഇതിനുള്ള കള്ളക്കളികൾ അണിയറയിൽ പുരോഗമിക്കുകയാണ്.

അതിനിടെ യാത്രക്കാർക്കുനേരെ അതിക്രമം ഉണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് കല്ലട ട്രാവൽസ് രംഗത്ത് വന്നു. യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്ന് അവർ പറഞ്ഞു. എന്നാൽ, ബസ് ജീവനക്കാർക്ക് നേരയും ആക്രമണം ഉണ്ടായതായി അവർ വിശദീകരണക്കുറിപ്പിൽ ആരോപിച്ചു. ബസിൽ യാത്രക്കാരാണ് ആദ്യം അക്രമത്തിന് മുതിർന്നതെന്നാണ് കല്ലട ട്രാവൽസ് ആരോപിക്കുന്നത്. വൈറ്റിലയിൽവച്ച് യാത്രക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് ഖേദ പ്രകടനവുമായി ബസ് ഉടമകൾ രംഗത്തെത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ പ്രചരിച്ചശേഷമാണ് സംഭവത്തെപ്പറ്റി അറിഞ്ഞതെന്ന് വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നു. ഇത് കേസിൽ പ്രതിയാകാതിരിക്കാനുള്ള മുതലാളിയുടെ തന്ത്രമാണ്. കഴിഞ്ഞ ദിവസം വൈറ്റിലയിൽവെച്ച് പതിനഞ്ച് അംഗസംഘം ബസിലേക്ക് ഇരച്ചുകയറി യുവാക്കളെ മർദ്ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യാത്രക്കാരെ ബസ്സിൽനിന്ന് ഇറക്കിവിടുകയും അക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. യാത്രക്കാരെ ക്രൂരമായിമർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനേത്തുടർന്നാണ് സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ് കടന്നത്.

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട സുരേഷ് ട്രാവൽസിന്റെ ബസ്സിലാണ് യാത്രക്കാർ മർദ്ദനത്തിന് ഇരയായത്. ബസ് ഹരിപ്പാട്ടെത്തിയപ്പോൾ തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോൾ യാത്രക്കാരായ യുവാക്കൾ ചോദ്യം ചെയ്തു. ഇത് തർക്കത്തിന് കാരണമായി. ഹരിപ്പാട് പൊലീസെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാൻ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂർ പിന്നിട്ടിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോൾ ബസ് ഏജൻസിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസിൽ കയറി യുവാക്കളെ മർദിക്കുകയും ഇറക്കി വിടുകയുമായിരുന്നു. തുടർന്ന് മർദ്ദനവും.

ബസിൽ യുവാക്കൾക്കേറ്റത് അതിക്രൂര മർദനമായിരുന്നു. കരിങ്കല്ലു കൊണ്ടു തലയ്ക്കടിച്ചും ബീയർ കുപ്പിയെറിഞ്ഞും വസ്ത്രങ്ങൾ വലിച്ചുകീറിയും അക്ഷരാർഥത്തിൽ നടന്നതു നരനായാട്ട്. പൊലീസിന്റെ നിസ്സംഗതയും ഗുണ്ടകൾക്ക് തുണയായെന്ന് ആക്ഷേപമുണ്ട്. ക്രൂരമർദനമേറ്റ് അവശനിലയിൽ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഷ്‌കർ, സച്ചിൻ എന്നീ ബിടെക് വിദ്യാർത്ഥികൾ. ഹരിപ്പാടിനടുത്തു വച്ച്, വാക്തർക്കത്തിനു ശേഷം പുതിയ ബസിൽ യാത്ര തുടർന്ന ഞങ്ങൾ നല്ല ഉറക്കത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ, ബഹളം കേട്ടാണു കണ്ണു തുറന്നത്. ബസ് വൈറ്റിലയിൽ നിർത്തിയിരിക്കുകയായിരുന്നു അപ്പോൾ. മുൻ സീറ്റിലുണ്ടായിരുന്ന അജയ്‌ഘോഷിനെ മർദിച്ച ശേഷം, വലിച്ചു പുറത്തിടുന്നതാണു കണ്ടത്. പിന്നീടു ഞങ്ങളുടെ നേരെയാണു വന്നത്. 1012 പേർ ബസിലേക്കു ചാടിക്കയറി ഞങ്ങളെ തല്ലാൻ തുടങ്ങി. അവരെല്ലാം മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെയും വലിച്ചു ബസിനു പുറത്താക്കിയെന്ന് അഷ്‌കർ പറയുന്നു.

അജയ്‌ഘോഷ് ബോധമില്ലാതെ താഴെവീണു കിടക്കുന്നുണ്ടായിരുന്നു. ബസ് വിട്ടുപോയി. പുറത്ത് ഇറങ്ങിയയുടൻ വീണ്ടും ഞങ്ങളെ അവർ ആക്രമിച്ചു. ഞങ്ങൾ 2 വഴിക്ക് ഓടി. അവർ പിന്നാലെ വന്നു തല്ലി. ഞാൻ ആദ്യം കണ്ട എടിഎമ്മിനകത്തു കയറി പൊലീസിന്റെ ഹെൽപ് ലൈനിലേക്കു വിളിച്ചു. അവിടെത്തന്നെ കാത്തിരിക്കാനായിരുന്നു പൊലീസിന്റെ നിർദ്ദേശം. ഇതിനു ശേഷം സച്ചിനെ വിളിച്ചു നോക്കി. അക്രമികളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടോടിയ അവൻ ഒരു കുഴിയിൽ വീണു കിടക്കുകയായിരുന്നു. ഗൂഗിൾ ലൊക്കേഷൻ പരസ്പരം കൈമാറി. അവനോട് എടിഎമ്മിന് അടുത്തേക്കു വരാൻ പറഞ്ഞു. അപ്പോഴേക്കും മരട് സ്റ്റേഷനിൽ നിന്നു പൊലീസ് ജീപ്പെത്തി. ഞങ്ങളെ രക്ഷിക്കാൻ അപേക്ഷിച്ചു. എല്ലാം കേട്ട ശേഷം, മറ്റൊരു അത്യാവശ്യ കോൾ വന്നിട്ടുണ്ടെന്നും പോയി വരാമെന്നും അതിനകം കൂട്ടുകാരനെ കണ്ടെത്താനും പറഞ്ഞ് പൊലീസ് പോയി. കല്ലടയെ തൊടാനുള്ള മടി കാരണമായിരുന്നു ഇത്. പൊലീസ് ജീപ്പ് പോയ ഉടൻ, ബൈക്കുകളിൽ അക്രമികൾ വീണ്ടുമെത്തി. എന്നെ ബലം പ്രയോഗിച്ച് ബൈക്കിന്റെ മധ്യത്തിലിരുത്തി. 'നിന്റെ അന്ത്യമായി. നിന്നെ ബസ് കയറ്റിക്കൊല്ലും.' എന്നൊക്കെയായിരുന്നു ഭീഷണിയെന്ന് അഷ്‌കർ വിശദീകരിക്കുന്നു.

വൈറ്റിലയിലെ 'സുരേഷ് കല്ലട' ഓഫിസ് പരിസരത്തേക്കാണ് എന്നെ കൊണ്ടുപോയത്. ഓഫിസിനകത്തു കയറ്റി മർദിക്കാൻ നോക്കുന്നതിനിടെ, പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ, സച്ചിനെ ഗുണ്ടകൾ കണ്ടെത്തിയിരുന്നു. വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ, അവൻ രക്ഷപ്പെട്ടോടി. പിറകെയോടിയ ഗുണ്ടകൾ, അവന്റെ മുടിപിടിച്ചു വലിച്ചു. കരിങ്കല്ലു കൊണ്ട് അവന്റെ നെറ്റിയിലിടിച്ചു. ജാക്കറ്റും ഷർട്ടും വലിച്ചു കീറി. നടുവിനു ചവിട്ടി. രക്ഷപ്പെട്ടോടുന്നതിനിടെ ബീയർ കുപ്പി കൊണ്ട് എറിഞ്ഞു. മരണവെപ്രാളത്തിൽ അവൻ ഓടി ഒരു കടയുടെ മുന്നിൽ ചെന്നു വീഴുകയായിരുന്നുവെന്നും അഷ്‌കർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP