Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരെ വിളിച്ചിറക്കി കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ റിമാൻഡിലായത് കല്ലടയുടെ ഏഴ് ജീവനക്കാർ; ഗുണ്ടാ സംഘത്തിലെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കം; ചുമത്തിയിരിക്കുന്നത് മോഷണവും പിടിച്ചുപറിയും അടക്കമുള്ള വകുപ്പുകൾ; ജീവനക്കാർ അകത്തായപ്പോഴും സുരേഷ് കല്ലടയെ ചോദ്യം ചെയ്യാൻ പോലും ശ്രമിക്കാതെ പൊലീസ്; കേസ് മുമ്പോട്ട് നീങ്ങുന്നത് ഉദ്യോഗസ്ഥന്മാർക്കും നേതാക്കൾക്കും മാസപ്പടി കൊടുത്തുകൊണ്ടുള്ള അനധികൃത സർവ്വീസിനെ രക്ഷിക്കാൻ ഉതകുന്ന വിധത്തിൽ തന്നെ

യാത്രക്കാരെ വിളിച്ചിറക്കി കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ റിമാൻഡിലായത് കല്ലടയുടെ ഏഴ് ജീവനക്കാർ; ഗുണ്ടാ സംഘത്തിലെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കം; ചുമത്തിയിരിക്കുന്നത് മോഷണവും പിടിച്ചുപറിയും അടക്കമുള്ള വകുപ്പുകൾ; ജീവനക്കാർ അകത്തായപ്പോഴും സുരേഷ് കല്ലടയെ ചോദ്യം ചെയ്യാൻ പോലും ശ്രമിക്കാതെ പൊലീസ്; കേസ് മുമ്പോട്ട് നീങ്ങുന്നത് ഉദ്യോഗസ്ഥന്മാർക്കും നേതാക്കൾക്കും മാസപ്പടി കൊടുത്തുകൊണ്ടുള്ള അനധികൃത സർവ്വീസിനെ രക്ഷിക്കാൻ ഉതകുന്ന വിധത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ മർദിച്ച കേസിൽ 'സുരേഷ് കല്ലട' ബസ് ജീവനക്കാരായ 3 പേർ കൂടി അറസ്റ്റിൽ. കേസിൽ മൊത്തം 7 പേർ അറസ്റ്റിലായി. ഇവർ റിമാൻഡിലായി. എന്നാൽ മർദ്ദനം നടന്നത് ബസ് ഉടമ സുരേഷ് കുമാറിൻ അറിവോടെയാണെന്നാണ് സൂചന. എന്നാൽ കേസിൽ സുരേഷിനെ പൊലീസ് പ്രതിചേർക്കുന്നില്ല. മുതലാളിയെ രക്ഷിച്ചെടുത്ത് ജീവനക്കാരെ ബലിയാടാക്കാനാണ് നീക്കം.

കൊല്ലം മൺറോത്തുരുത്ത് സ്വദേശി ഗിരിലാൽ, തമിഴ്‌നാട് തിരുച്ചിറപ്പള്ളി നാച്ചിയാർപാളയംസ്വദേശി കുമാർ, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു (29) എന്നിവരാണ് ഇന്നലെ പിടിയിലായത്. തൃശൂർ കൊടകര മണപ്പുള്ളി ജിതിൻ (25), തിരുവനന്തപുരം പള്ളിക്കൽ മടവൂർ ജയേഷ് ഭവനിൽ ജയേഷ് (29), കരുനാഗപ്പള്ളി സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവറുദ്ദീൻ (38) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 3 പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഇതിന് അപ്പുറത്തേക്ക് അന്വേഷണം നീളില്ല. മുതലാളി അറിയാതെ ജീവനക്കാർ നടത്തിയ ഓപ്പറേഷനായിരുന്നു അടിപിടിയെന്ന കല്ലട സുരേഷിന്റെ വാദം പൊലീസ് അംഗീകരിക്കുകയാണ്.

ഇവർക്കെതിരെ വധശ്രമവും പിടിച്ചുപറിയും അടക്കമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു ജീവനക്കാരെ പിടികൂടിയത്. കസ്റ്റഡിയിലുണ്ടായിരുന്ന ഒരാളെ, അക്രമത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. ഉടൻ ജാമ്യം കിട്ടുന്ന തരത്തിലേക്ക് കേസ് എടുക്കാനും നീക്കമുണ്ട്. അതിനിടെ നിയമവിരുദ്ധമായി സർവ്വീസ് നടത്തുന്ന കല്ലട ബസുകളുടെ ഓട്ടത്തെ വിവാദം ബാധിച്ചിട്ടില്ല. യാത്രാ ക്ലേശം എന്ന ന്യായം പറഞ്ഞ് കല്ലടയ്‌ക്കെതിരെ നടപടി ഒഴിവാക്കും. ഓവർ സ്പീഡ് വരുത്തിയതിന് അടയ്ക്കാനുള്ള പിഴയും മറക്കാനാണ് നീക്കം. ഇതിനൊപ്പമാണ് കേസിൽ കല്ലട സുരേഷിനെ പ്രതിയാക്കാതിരിക്കാനുള്ള കള്ളക്കളിയും.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്‌കർ എന്നിവർക്കാണു വൈറ്റിലയിൽ ഞായറാഴ്ച പുലർച്ചെ ക്രൂരമർദനമേറ്റത്. അർധരാത്രി ഹരിപ്പാടിനു സമീപം കരുവാറ്റയിൽ ബസ് തകരാറിലായി 3 മണിക്കൂറോളം പെരുവഴിയിലായിട്ടും പകരം സംവിധാനം ഏർപ്പെടുത്താത്തതു ചോദ്യം ചെയ്തതാണു കാരണം. വൈറ്റിലയിൽ മർദ്ദനമേറ്റ യുവാക്കൾ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പൊലീസ് കാര്യമായ ഇടപെടൽ നടത്തിയില്ല. കല്ലടയുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. തുടക്കത്തിൽ പരാതി കിട്ടിയപ്പോൾ ജാമ്യമുള്ള വകുപ്പ് പ്രകാരം കേസുമെടുത്തു. എന്നാൽ സോഷ്യൽ മീഡിയ ഇടെപട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു. അപ്പോഴും അതിനപ്പുറത്തേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ വേണ്ടപ്പെട്ടവർ ശ്രമിക്കുന്നുണ്ട്.

ജീവനക്കാരടങ്ങിയ സംഘം ബസിനകത്തും പുറത്തും വച്ച് 3 പേരെയും ക്രൂരമായി മർദിക്കുകയായിരുന്നു. സഹയാത്രികൻ ജേക്കബ് ഫിലിപ് ഇതിന്റെ വിഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. അജയഘോഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു 2 പേർ തമിഴ്‌നാട്ടിലെ ഈറോഡിൽ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മർദനമേറ്റ 3 പേരുടെയും മൊഴി മരട് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ സ്റ്റുവർട്ട് കീലർ ഇന്ന് ഈറോഡിലെ ആശുപത്രിയിലെത്തി സച്ചിന്റെയും അഷ്‌കറിന്റെയും മൊഴി രേഖപ്പെടുത്തും. ഇതോടെ അന്വേഷണം പുതിയ തലത്തിലെത്തുമെന്നാണ് സൂചന.

അറസ്റ്റിലായ 7 പ്രതികളെയും മർദനമേറ്റ അജയഘോഷ് തിരിച്ചറിഞ്ഞു. 2 ബാഗുകളും ഒരു മൊബൈൽ ഫോണും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഒരു ബാഗും മൊബൈലും അജയഘോഷിന്റേതാണ്. ഹരിപ്പാട് വച്ച് ബസ് ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം അജയഘോഷ് നിഷേധിച്ചു. സംഭവിച്ചതു മുഴുവൻ എഴുതിത്ത്ത്തരാൻ സച്ചിനോടും അഷ്‌കറിനോടും ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഫേസ്‌ബുക് പോസ്റ്റിൽ അറിയിച്ചു. 'സച്ചിനുമായി ഫോണിൽ സംസാരിച്ചു. ലാപ്‌ടോപ്, ഹാൾടിക്കറ്റ്, പ്രൊജക്ട് റിപ്പോർട്ട് തുടങ്ങിയവ അടങ്ങിയ സച്ചിന്റെ ബാഗ് വീണ്ടെടുക്കാൻ പൊലീസ് സഹായിക്കും' ഡിജിപി അറിയിച്ചു. ഇത്തരത്തിൽ ഉന്നത ഇടപെടലിന് ഇടയിലും കല്ലട സുരേഷിനെ രക്ഷിക്കാനാണ് നീക്കം.

മുതലാളിയുടെ അനുമതിയില്ലാതെ ജീവനക്കാർ ഇത്രയും വലിയ ഓപ്പറേഷന് മുതിരില്ലെന്നാണ് ഉയരുന്ന വാദം. പ്രതികളുടേയും സുരേഷ് കല്ലടയുടേയും ഫോൺ വിശദാംശങ്ങൾ പരിശോധിച്ചാൽ ഗൂഢാലോചന വ്യക്തമാകുമെന്നും പറയുന്നു. എന്നാൽ പൊലീസ് അന്വേഷണം ഈ രീതിയിലേക്ക് കൊണ്ടു പോകില്ലെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP