Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പന്നതയുടെ പളപളപ്പിൽ നിയമവാഴ്‌ച്ചയെ തള്ളിപ്പറയാൻ തയ്യാറാകാത്ത പാർട്ടിയുമുണ്ടിവിടെ; മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും പറയാനാകില്ലെന്ന് സിപിഐ; ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിനില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

സമ്പന്നതയുടെ പളപളപ്പിൽ നിയമവാഴ്‌ച്ചയെ തള്ളിപ്പറയാൻ തയ്യാറാകാത്ത പാർട്ടിയുമുണ്ടിവിടെ; മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും പറയാനാകില്ലെന്ന് സിപിഐ; ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിനില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: സിപിഎമ്മിന് മുന്നിൽ ചെറിയ ഒരു ഇടവേളയിൽ നിശബ്ദമായി നിന്ന സിപിഐ നിലപാടുകൾ വീണ്ടും തുറന്നു പറയുന്നു. മരടിലെ ആഡംബര ഫ്‌ളാറ്റുകളുടെ കാര്യത്തിൽ സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെ തള്ളി സിപിഐ രംഗത്തെത്തി. മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിൽഡേഴ്സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. കേരളത്തിലേത് കെയർടേക്കർ സർക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിന്, ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിയിൽ നിൽക്കുന്ന ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ ഡി എഫ്. യോജിക്കാൻ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഐ ജില്ലാ സെക്രട്ടറിയും ഫ്‌ളാറ്റ് ഉടമകൾക്കെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ഏത് നിയമവും ലംഘിക്കാമെന്നു കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഇന്നലെ പറഞ്ഞു. മരട് ഫ്ളാറ്റ് കേസിൽ യഥാർഥ കുറ്റക്കാരായ ഫ്ളാറ്റ് നിർമ്മാതാക്കളെയാണ് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ സിപിഎം, ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ രംഗത്തെത്തിയപ്പോഴാണ് സിപിഐ വ്യത്യസ്ത നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച ഫ്ളാറ്റ് ഉടമകളെ സന്ദർശിച്ചിരുന്നു. സംഭവത്തിൽ പുതിയ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അനുമതി തേടണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിപ്രായം.

സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കേണ്ടതുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശങ്ക വേണ്ടെന്നും ആർക്കും ഫ്ളാറ്റുകളിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവരില്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഫ്ളാറ്റ് ഉടമകളെ പിന്തുണച്ച് പറഞ്ഞത്. നിയമത്തിൽ പിഴവുകളുണ്ടെങ്കിൽ പരിഹാരമാർഗം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നടൻ ഷമ്മി തിലകനാണ് മരട് ഫ്‌ളാറ്റ് വിഷയത്തിൽ നിയമത്തിന്റെയും സുപ്രീംകോടതിയുടെയും ഭാഗത്ത് നിന്ന് ആദ്യം ന്യായം പറഞ്ഞത്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോയെന്ന് ഷമ്മി തിലകൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. ഭരണഘടനയിലെ നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ലാതെ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണെന്നും ഷമ്മി തിലകൻ ചൂണ്ടിക്കാട്ടി.

തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?
ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്നും ഷമ്മി തിലകൻ പറയുന്നു.

ഈ മാസം 20നകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. വിഷയത്തിൽ മറ്റു ഹർജികൾ പരിഗണിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, മരടിലെ ഫ്ളാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നിന പ്രശ്നപരിഹാര നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരു എങ്കിൽ പുനഃരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു.

ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യവും സ്വരൂപിച്ച് ഫ്ളാറ്റുകൾ വാങ്ങിയവർക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് അവിടെ കാണേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരും ഇടത്തരക്കാരാണ്. കിടപ്പാടം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരുമെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, മരടിലെ ഫ്ളാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്ളാറ്റുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഫ്ളാറ്റുടമകൾ നടത്തുന്ന സമരം തുടരുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 357 കുടുംബങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP