Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മൊയ്തീൻ' ചരിത്രം കുറിക്കുമ്പോഴും കാഞ്ചനേടത്തി പരിഭവത്തിൽ തന്നെ! മാംസ നിബദ്ധമല്ലാത്ത ശുദ്ധ അനുരാഗം ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്; ചിത്രം തന്റെയും മൊയ്തീന്റെയും കുടുംബങ്ങളെ അപമാനിക്കുന്നുവെന്ന നിലപാടിൽ അനശ്വര പ്രണയ നായിക

'മൊയ്തീൻ' ചരിത്രം കുറിക്കുമ്പോഴും കാഞ്ചനേടത്തി പരിഭവത്തിൽ തന്നെ! മാംസ നിബദ്ധമല്ലാത്ത ശുദ്ധ അനുരാഗം ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്; ചിത്രം തന്റെയും മൊയ്തീന്റെയും കുടുംബങ്ങളെ അപമാനിക്കുന്നുവെന്ന നിലപാടിൽ അനശ്വര പ്രണയ നായിക

കെ വി നിരഞ്ജൻ

കോഴിക്കോട്: 'ആയിരം മലരിന് അര കാഞ്ചന' 'എന്ന് നിന്റെ മൊയ്തീൻ' എന്ന സൂപ്പർ ഹിറ്റ് സിനിമക്ക്‌ശേഷം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിരിക്കുന്ന ഈ വാചകങ്ങളിൽതന്നെ അറിയാം കാഞ്ചനയെന്ന കഥാപാത്രം പ്രേക്ഷകരെ എത്രമാത്രം ആകർഷിച്ചെന്ന്. ഈ വർഷത്തെ എറ്റവും വലിയ സിനിമാ തരംഗം 'പ്രേമത്തിലെ' മലരാണെന്ന് കരുതിയിരിക്കുമ്പോഴാണ്, മതവൈരം വേലികെട്ടാത്ത ശുദ്ധമായ അനുരാഗത്തിന്റെ കഥയുമായി 'മൊയ്തീൻ' എത്തുന്നത്.ജന്മദേശമായ കോഴിക്കോട് മുക്കത്തെ അഭിലാഷ് തീയറ്റർ തിരക്കുകൊണ്ട് അടച്ചിടേണ്ട അവസ്ഥയിലത്തെിയിട്ടും, ഈ അനശ്വര പ്രണയത്തിലെ ജീവിക്കുന്ന നായികയായ കൊറ്റങ്ങൽ കാഞ്ചനമാല ഇനിയും സിനിമകാണാൻ എത്തിയിട്ടില്ല.

തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ചിലഭാഗങ്ങളെന്ന നിലപാടിൽ ഉറച്ചു നിൽക്കയാണവർ. മരിച്ചുപോയ പ്രിയതമന്റെ ഓർമ്മകളുമായി സാമൂഹികപ്രവർത്തനത്തിൽ ഏർപ്പെട്ടു കഴിയുകയാണ് മുക്കത്തുകാരടെ പ്രിയപ്പെട്ട കാഞ്ചനേടത്തി. സിനിമ ഹിറ്റായതോടെ ഇവരെ കാണാനും സംസാരിക്കാനുമായി നിരവധിപേർ മുക്കത്തെ ബി.പി മൊയ്തീൻ സേവാമന്ദിറിൽ എത്തുന്നുണ്ട്.മാംസ നിബന്ധമല്ലാത്ത ശുദ്ധ അനുരാഗം ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെങ്കിലും, സിനിമയുടെ പലഭാഗങ്ങും തനിക്ക് വേദനയുണ്ടാക്കുന്നവയാണെന്ന് അവർ പറയുന്നു.

തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതെന്ന് ചിത്രം ഇറങ്ങുതിന് മുമ്പുതന്നെ കാഞ്ചനമാല ആരോപിച്ചിരുന്നു.ചിത്രീകരണത്തിനു മുമ്പ് തിരക്കഥ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംവിധായകൻ തയാറായില്ല. ചിത്രീകരണം പകുതിയായപ്പോഴാണത്രെ തിരക്കഥ വായിക്കാൻ കൊടുത്തത്. അതിൽ വാസ്തവവിരുദ്ധമായി ചില കാര്യങ്ങളുണ്ടെന്ന് കാഞ്ചന അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തന്റെ സഹോദരങ്ങളെ ചിത്രത്തിൽ വില്ലന്മാരായാണ് ചിത്രീകരിക്കുന്നത്. മൊയ്തീനെ അവർ ഒരിക്കൽപോലും ദ്രോഹിച്ചിരുന്നില്ല. മൊയ്തീനും ബാപ്പയും ആജന്മശത്രുക്കളായാണ് തിരക്കഥയിലുള്ളത്.

സ്വാതന്ത്ര്യസമര നേതാവായിരുന്ന മൊയ്തീന്റെ ബാപ്പയെ വർഗീയവാദിയാക്കിയിരിക്കുന്നു. ഇങ്ങനെ വസ്തുതാ വിരുദ്ധമായി സിനിമ വന്നാൽ താൻ ആത്മഹത്യ ചെയ്യണ്ടിവരുമെന്ന് കാഞ്ചന പറഞ്ഞിരുന്നു. എന്നാൽ അവർ ഉന്നയിച്ച പ്രശ്‌നങ്ങൾ സിനിമയിൽ അതേപടി നിലനിൽക്കുന്നുണ്ട്. കാഞ്ചനയുടെ സഹോദരന്മാർ മൊയ്തീനെ ആളെ വിട്ടു തല്ലുന്ന ദൃശ്യം ചിത്രത്തിലുണ്ട്. സംഘട്ടനരംഗത്തിനൊടുവിൽ സഹോദരൻ മൊയ്തീനു നേരെ തോക്കുചൂണ്ടുന്നുപോലുമുണ്ട്. മൊയ്തീനും ബാപ്പയും ചിത്രത്തിൽ ആജന്മശത്രുക്കൾ തന്നെയാണ്. ഈപ്രശന്ങ്ങളെല്ലാം കാഞ്ചനയെ വല്ലായെ വേദനിപ്പിച്ചിട്ടുണ്ട്. പ്രഥ്വീരാജ് അടക്കമുള്ള പലരും ഇടപെട്ടിട്ടും അവർ ആ നിലപാടിൽ ഉറച്ചുനിൽക്കയാണ്.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം അങ്ങേയറ്റം കൽപ്പനികമായി ചിത്രീകരിച്ച സിനിമ അവർ ഉയത്തിപ്പിടിച്ച രാഷ്ട്രീയത്തെയും സാമൂഹിക നിലപാടുകളെയും എറ്റെടുത്തിട്ടില്ലെന്നും വിമർശനമുണ്ട്.മൊയ്തീന്റെ മരണശേഷം അശരണർക്കും ആലംബഹീനർക്കുമായാണ് കാഞ്ചന ജീവിക്കുന്നത്. അവർ നടത്തുന്ന മൊയ്തീൻ സേവാമന്ദിർ അഗതികൾക്കും അബലകൾക്കും അത്താണിയാണ്.എന്നാൽ സിനിമ ആ വിഷയങ്ങളിലേക്ക് പോവുന്നില്ല.

പത്രപ്രവർത്തകനായ പി.ടി മുഹമ്മദ് സാദിഖ് എഴുതിയ 'മൊയ്തീൻ കാഞ്ചനമാല ഒരപൂർവ പ്രണയ ജീവിതം' എന്ന പുസ്തകം വായിച്ചവർക്കും മുക്കത്തെ പഴമക്കാർക്കും അറിയാവുന്ന മഹാനായ മനുഷ്യസ്‌നേഹിയായ മൊയ്തീനെ സിനിമയിൽ കാണുന്നില്ല.പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും രാഷ്പ്രതി വി.വി ഗിരിക്കും വരെ അറിയാവുന്ന പെരുമയിലേക്ക് മൊയ്തീൻ വളർന്നുവെന്ന് മുഹമ്മദ് സാദിഖ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. രാഷ്ട്രീയം, കല സാഹിത്യം, നാടകം, സിനിമ, സ്പോർട്സ് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മൊയ്തീൻ നിറഞ്ഞുനിന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത കേരളത്തിൽ വന്നപ്പോൾ മൊയ്തീൻ കൂടെ തന്നെ ഉണ്ടായിരുന്നു.

അനിതയുടെ പേരിൽ മൊയ്തീൻ ചിൽഡ്രൻസ് ക്‌ളബും ടൈലറിങ് ക്‌ളാസും തുടങ്ങി. സ്ത്രീശാക്തീകരണത്തിനായി മോചന വിമൻസ് ക്‌ളബ് തുടങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നേത്രരോഗ വിദഗ്ധനെ ചേന്ദമംഗലൂരിലത്തെിച്ച് സൗജന്യനേത്രപരിശോധന ക്യാമ്പ് നടത്തി അതിന്റെ ഫോട്ടോകൾ രാഷ്ട്രപതി വി.വി ഗിരിയെ കാണിച്ചു. മൊയ്തീന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതി പിന്തുണ വാഗ്ദാനം ചെയ്തു. നിരവധി നിർധനരോഗികൾക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ ഓടിനടന്നു. എന്നാൽ സിനിമ കാണുന്നവർക്ക് ഇന്ദിരാഗാന്ധിയെക്കൊണ്ട് തന്റെ സ്പോർട്സ് മാസിക പ്രകാശനം ചെയ്യച്ച സമർഥൻ മാത്രമാണ് മൊയ്തീൻ.മുക്കം അങ്ങാടിയിൽ അലഞ്ഞുതിരിഞ്ഞ മാനസികരോഗികളെ വീട്ടിലേക്കു കൂട്ടി പരിചരിച്ചിരുന്നു യഥാർഥ ജീവിതത്തിലെ മൊയ്തീൻ.

ഇത്തരം പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും സിനിമയെചൊല്ലി ഇനിയൊരു വിവാദം വേണ്ടെന്ന നിലപാടിലാണ് കാഞ്ചനേടത്തി. പാവപ്പെട്ടവരെ സഹായിക്കാനായി അവർ ബി.പി മൊയ്തീൻ സേവാമന്ദിറിന്റെ പ്രവർത്തനങ്ങളുമായി ഇരുകവിഞ്ഞിപുഴയെപ്പോലെ ഈ ജീവിത സായന്ദനത്തിലും പതുക്കെ ഒഴുകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP