Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയുടെ സ്വാധീനം ഞെട്ടിച്ചു; അണിയറക്കാരിൽ പാർവ്വതി മാത്രമേ വിളിച്ചുള്ളൂവെന്ന പരിഭവവും; സെൽഫിയെടുക്കാനെത്തുന്നവരുടെ സഹായക്കരുത്തിൽ മൊയ്തീൻ സേവാമന്ദിർ മുന്നോട്ട്; കാഞ്ചനേട്ടത്തിയെ കാണാൻ മുക്കത്ത് എത്തുന്നവരിൽ വിദേശികളും

സിനിമയുടെ സ്വാധീനം ഞെട്ടിച്ചു; അണിയറക്കാരിൽ പാർവ്വതി മാത്രമേ വിളിച്ചുള്ളൂവെന്ന പരിഭവവും; സെൽഫിയെടുക്കാനെത്തുന്നവരുടെ സഹായക്കരുത്തിൽ മൊയ്തീൻ സേവാമന്ദിർ മുന്നോട്ട്; കാഞ്ചനേട്ടത്തിയെ കാണാൻ മുക്കത്ത് എത്തുന്നവരിൽ വിദേശികളും

എം പി റാഫി

കോഴിക്കോട്: അനശ്വര പ്രണയകഥയിലെ യഥാർത്ഥ നായികയെ കാണാനും സെൽഫിയെടുക്കാനുമായി ഇതുവരെ മുക്കത്തേക്കെത്തിയത്് അര ലക്ഷത്തിലധികം പേർ. 'എന്ന് നിന്റെ മൊയ്തീൻ' സിനിമ ഹിറ്റായതോടെയാണ് കാഞ്ചന കൊറ്റങ്ങൽ എന്ന കാഞ്ചനേടത്തിയുടെ കൂടെ നിന്ന് സെൽഫിയെടുക്കാൻ വൻ തിരക്ക് തുടങ്ങിയത്.

സിനിമ പുറത്തിറങ്ങി രണ്ടുമാസം തികയും മുമ്പേ അര ലക്ഷത്തിധികം സെൽഫി വേട്ടക്കാർ കാഞ്ചന ചേച്ചിയെ തേടിയെത്തിക്കഴിഞ്ഞു. കേരളത്തിനകത്തുനിന്നും ഇന്ത്യക്കകത്ത് നിന്നും മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവരും കാഞ്ചനമാലയെ തേടിയെത്തിയവരുടെ കൂട്ടത്തിലുണ്ട്. അതിരാവിലെ തുടങ്ങുന്ന സന്ദർശകർ രാത്രി പത്തു മണിവരെ നീളുമെന്ന് കാഞ്ചനേടത്തി പറയുന്നു. വരുന്നവർക്കെല്ലാം കൂടെനിന്നു പടമെടുക്കണമെന്ന താൽപര്യമായിരുന്നു. എന്നാൽ സന്ദർശകരെ ഒട്ടും നിരാശപ്പെടുത്താൻ കാഞ്ചനമാലയും തയ്യാറായില്ല. സ്ഥിരമായി സന്ദർശകരെത്തുന്നതോടെ മുക്കം അങ്ങാടിയും ഉണർന്നിരിക്കുകയാണിപ്പോൾ.

തന്നെ സന്ദർശിക്കാനെത്തുന്നവരോടെല്ലാം ബി.പി മൊയ്തീൻ സേവാമന്ദിറിനെകുറിച്ചുള്ള പരിഭവങ്ങൾ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. എന്നാൽ മൊയ്തീൻ സേവാ മന്ദിർ എന്ന സ്വപ്‌നം കൂടി സാക്ഷാൽകരിക്കുകയാണ്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ കാഞ്ചനാമ്മയെ തേടിയെത്തിയതോടെ സേവാമന്ദിറിനുള്ള പുതിയ ചുവടുവെയ്‌പ്പുകൂടിയായി മാറുകയായിരുന്നു. മൊയ്തീൻ സിനിമയുടെ അണിയറ പ്രവർത്തകർ എത്താതിരുന്നത് വിവാദമായിരുന്നെങ്കിലും സിനിമാ ബിസിനസ് രംഗത്തുള്ളവർ കൈകോർത്തപ്പോൾ മൊയ്തീൻ സേവാമന്ദിർ കൂടി പൂവണിയാനിരിക്കുന്നു. തന്റെയും മൊയ്തീന്റെയും ജീവിതം പ്രമേയമാക്കിയെടുത്ത 'എന്ന് നിന്റെ മൊയ്തീൻ' സിനിമയോട് എതിർപ്പില്ലെന്നും, എന്നാൽ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും കാഞ്ചനമാല പറഞ്ഞു.

മുക്കത്ത് പുതുതായി നിർമ്മിക്കുന്ന ബി.പി മൊയ്തീൻ സേവാമന്ദിർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടൻ ദിലീപ് നാളെ രാവിലെ 9.30നു നിർവഹിക്കുമെന്ന് കാഞ്ചന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നു നിലകളുള്ള സേവാമന്ദിർ കെട്ടിടത്തിന്റെ ആദ്യനില പൂർണമായും നിർമ്മിച്ചു നൽകാമെന്ന് നടൻ ദിലീപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. സിനിമയോടുള്ള എതിർപ്പുകൊണ്ടല്ല, എന്നാൽ ഇപ്പോൾ ഈ സിനിമ കാണാൻ മാനസികമായി താൽപര്യമില്ലെന്ന് കാഞ്ചനേടത്തി പറഞ്ഞു. സിനിമയിൽ കുടുംബത്തിനെതിരായ പരാമർശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ കോടതിയിൽ കേസ് നൽകിയിരുന്നത്. എന്നാൽ സിനിമ കണ്ട ബന്ധുക്കളും അടുപ്പക്കാരും ചിത്രത്തിൽ അത്തരം ആരോപണങ്ങളില്ലെന്ന് അറിയിച്ചതോടെ കേസുമായി മുന്നോട്ടു പോകുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. സിനിമയുടെ പേരിൽ പണം വാങ്ങിയിട്ടില്ലെന്നും സിനിമയുടെ അണിയറ പ്രവർത്തകരുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും കാഞ്ചന വ്യക്തമാക്കി.

എന്നാൽ സേവാ മന്ദിറിന്റെ പ്രവർത്തനത്തിനായി പലരും തുക നൽകിയിട്ടുണ്ട്. സംഭാവന എന്ന നിലയിൽ ഇതിനായി രസീത് നൽകിയ ശേഷമായിരുന്നു പണം സ്വീകരിച്ചിരുന്നത്. സിനിമക്കു ശേഷം വീട്ടിലേക്കുള്ള ആളുകളുടെ ഒഴുക്ക് തന്നെ അത്ഭുതപ്പെടുത്തിയതായും മൊയ്തീൻ സേവാമന്ദിർ യാഥാർത്ഥ്യമാക്കിയതിൽ എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ മൊയ്തീൻ സിനിമയുടെ അണിയറയിൽ നിന്നും ഇതുവരെ ആരും വിളിക്കാത്തതിലുള്ള നിരാശ കാഞ്ചനേടത്തിയുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. അതേസമയം നായികയായി അഭിനയിച്ച നടി പാർവതി മേനോൻ മാത്രമേ തന്നെ വിളിച്ചിരുന്നുള്ളൂവെന്നും കാഞ്ചന മാദ്ധ്യമങ്ങൾക്കു മുമ്പിൽ പരിഭവപ്പെട്ടു.

എന്നാൽ സിനിമ സ്വാധീനിച്ച് ഇത്രയധികം പേർ സന്ദർശിക്കാനെത്തുന്നത് ഇപ്പോഴും കാഞ്ചനമാലക്ക് വിശ്വസിക്കാനാകുന്നില്ല. ദൈനം ദിന പ്രവർത്തനങ്ങൾ വരെ താളം തെറ്റുന്ന അത്രയും തിരക്ക് ഇപ്പോഴുണ്ട്. എന്നാലും ആരെയും നിരാശപ്പെടുത്താൻ തയ്യാറല്ല, എല്ലാവരോടും നന്ദിയും കടപ്പാടും മാത്രം. സിനിമയെയും എന്നെയും സ്‌നേഹിച്ച് തേടിയെത്തിയവരുടെ പിന്തുണയാണ് ബി.പി മൊയ്തീൻ സേവാ മന്ദിറിന് തുണയായതെന്ന് കാഞ്ചനേടത്തി വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP