Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറക്കഗുളിക സാരിത്തലപ്പിൽ കെട്ടി സൂക്ഷിച്ച് ഒന്നിച്ച് കഴിച്ച് അത്മഹത്യക്ക് ശ്രമിച്ചു; കൈയിലെ ഞരമ്പ് മുറിച്ചില്ലെന്ന് സാരിത്തലപ്പിനുള്ളിൽ നിന്നും കൈകൾ മുന്നിലേക്ക് നീട്ടി മറിച്ചും തിരിച്ചും കാണിച്ച് അവർ ബോദ്ധ്യപ്പെടുത്തി; മൊയ്തീന്റെ അനശ്വര പ്രണയകഥ ഇനി കഥാപ്രസംഗമാകും; കാഞ്ചനമാലയെ കണ്ട കാഥികൻ പറയുന്നത്

ഉറക്കഗുളിക സാരിത്തലപ്പിൽ കെട്ടി സൂക്ഷിച്ച് ഒന്നിച്ച് കഴിച്ച് അത്മഹത്യക്ക് ശ്രമിച്ചു; കൈയിലെ ഞരമ്പ് മുറിച്ചില്ലെന്ന് സാരിത്തലപ്പിനുള്ളിൽ നിന്നും കൈകൾ മുന്നിലേക്ക് നീട്ടി മറിച്ചും തിരിച്ചും കാണിച്ച് അവർ ബോദ്ധ്യപ്പെടുത്തി; മൊയ്തീന്റെ അനശ്വര പ്രണയകഥ ഇനി കഥാപ്രസംഗമാകും; കാഞ്ചനമാലയെ കണ്ട കാഥികൻ പറയുന്നത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:'അവർ ആവശ്യപ്പെട്ടതുപ്രകാരം കഥയുടെ ഒരുഭാഗം അവതരിപ്പിച്ചപ്പോൾ സാരിതലപ്പുകൊണ്ട് മിഴിനീർ തുടയ്ക്കുന്നത് കണ്ടു. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കൊരുങ്ങിയെന്ന തരത്തിൽ ചിലർ യഥാർത്ഥ സംഭവമെന്ന പേരിൽ രചനകളിലൂടെ പ്രചരിച്ച വസ്തുതകൾ അടിസ്ഥാന രഹിതമാണെന്ന് സാരിത്തലപ്പിനുള്ളിൽ നിന്നും കൈകൾ മുന്നിലേക്ക് നീട്ടി മറിച്ചും തിരിച്ചും കാണിച്ച് അവർ ബോദ്ധ്യപ്പെടുത്തി. ഓരോ ദിവസത്തേയും ഉറക്കഗുളിക സാരിത്തലപ്പിൽ കെട്ടി സൂക്ഷിച്ച് ഒന്നിച്ച് കഴിച്ച് അത്മഹത്യക്ക് ശ്രമിച്ചു എന്നത് വാസ്തവമാണെന്നും അവർ കൂട്ടിച്ചേർത്തു.

പഠനകാലത്ത് സന്തത സഹചാരിയായിരുന്ന മുക്കം ഭാസിയുടെ സാന്നിദ്ധ്യത്തിൽ പരസ്പരം വെള്ളിമോതിരം കൈമാറിയിരുന്നെന്നും ആ മോതിരം ഉരുക്കി ചേർത്തതാണ് ഇതെന്ന് കൈവിരലിലെ മോതിരത്തെ തൊട്ട് അവർ വെളിപ്പെടുത്തുകയും ചെയ്തു.' അനശ്വര പ്രണയകഥയിലെ നായിക മുക്കത്തെ കാഞ്ചനമാലയെ കഴിഞ്ഞ ദിവസം നേരിൽകണ്ട ഓർമ്മ പുതുക്കുകയായിരുന്നു കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റുകൂടിയായ കാഥികൻ കെ എ ജോയി. 15 മിനിട്ടുനേരമെന്ന് നിശ്ചയിച്ച അറിയിച്ച കൂടിക്കാഴ്ച നാലുമണിക്കൂറിലേക്ക് വഴിമാറിയപ്പോൾ ആത്മീയവാദി തീർത്ഥാടനകേന്ദ്രത്തിലെത്തിയ അവസ്ഥയിലായിരുന്നു താനെന്ന് ജോയി വ്യക്തമാക്കി.

കാഞ്ചനമാലയെയും മൊയ്തീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള 'പ്രണയം അനശ്വരം' എന്ന തന്റെ ആറാമത്തെ കഥ വേദികളിലെത്തിക്കുന്നതിന് അനുമതി തേടുന്നതിനാണ് ജോയി കാഞ്ചന മാലയെ സന്ദർശിച്ചത്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ഏറെയുള്ള പുതിയകഥ യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്നതാണെന്നും വരും ദിവസങ്ങളിൽ ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വേദികളിൽ അരങ്ങേറുമെന്നും ജോയി അറിയിച്ചു.

തന്റെ പ്രണയം കഥാപ്രസംഗരൂപത്തിൽ അവതരിപ്പിക്കുന്നതിന് കാഞ്ചനമാല എല്ലാപിൻതുണയും അനുഗ്രഹവും നൽകിയെന്ന് ജോയി വ്യക്തമാക്കി.പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ,സിനിമയിലൂടെ കണ്ടറിഞ്ഞ ഇവരുടെ പ്രണയം കഥാപ്രസംഗരൂപത്തിൽ എത്തുന്നത് ആദ്യമാണ്. തനിമ ചോരാതെ കാഞ്ചമാലയുടെ അനുമതിയോടെയാണ് അവരുടെ പ്രണയചരിതം കഥാപ്രസംഗമായി ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും 'അനശ്വരം പ്രണയം 'എന്ന് പേരിട്ടിട്ടുള്ള ഈ സംഭവ കഥ കഴിഞ്ഞ ദിവസം വടാശ്ശേരി ചൊറിയൻ കാവ് ക്ഷേത്രാങ്കണത്തിൽ അവതരിപ്പിച്ചപ്പോൾ കാണികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ജോയി വ്യക്തമാക്കി.

കാഞ്ചനമാലയെ കണ്ട് , അവരുടെ അഅനുഗ്രഹവും അനുമതിയും വാങ്ങി ,അവർ പ്രണയിച്ച് നടന്ന വഴികളിലൂടെ സഞ്ചരിച്ചും വേദിയായ സ്ഥലങ്ങളിലൂടെ ചുറ്റിക്കറങ്ങിയും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളേ നേരിൽ കണ്ടും താൻ തിരിച്ചറിഞ്ഞ സത്യമാണ് തന്റെ കഥാതന്തു എന്നാണ് ജോയിയുടെ പക്ഷം. നാട്ടിൽ നിന്നും മുക്കത്തേക്കുള്ള കാർ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.രണ്ടുമണിക്കൂർ നീളുന്ന കഥ പറച്ചിലിൽ തനത് ശൈലിയിൽ ആയിരിക്കുമെന്നും ജോയി പറഞ്ഞു.അന്യം നിന്ന് പോയേക്കാവുന്ന കഥാപ്രസംഗകലയെ പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ലക്ഷ്യം കൂടി മുൻ നിർത്തിയാണ് തിരക്കിനിടയിലും പുതിയ ഉദ്യമമെന്നും ജോയി വെളിപ്പെടുത്തി.

മൊയ്തീന്റയും കാഞ്ചനമാലയുടെയും പ്രണയത്തിന്റെ തീവ്രത അതേപടി കഥാപാത്രങ്ങളിലേക്കും ആവാഹിക്കുക എന്ന ദൗത്യമായിരുന്നു ജോയിയുടെ മുക്കം യാത്രയുടെ ലക്ഷ്യം. 1982 ജൂലൈ 15 ന് ഇരുവഴിഞ്ഞിപ്പുഴയിൽ ഉണ്ടായ തോണി അപകടത്തിലാണ് മൊയ്തീൻ മരിച്ചത്. തോണിയപകടം നടന്നതിന് സമീപവും മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം തളിരിട്ട മറ്റു സ്ഥലങ്ങളും മൊയ്തീന്റെ  സന്തത സഹചാരിയും നാടക കലാകാരനുമായ മുക്കം ഭാസിയോടൊപ്പം ജോയി സന്ദർശിച്ചു.

1995-2000 കാലയളവിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോയി എബ്രഹാം 2000-2005 കാലയളവിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ട്രേഡ് യൂണിയൻ രംഗത്തും, രാഷ്ട്രീയത്തിലും സജീവമാണ്. കഴിഞ്ഞവർഷം ഇദ്ദേഹം അവതരിപ്പിച്ച 'മനുഷ്യ സ്‌നേഹി' എന്ന കഥാപ്രസംഗം ശ്രദ്ധയാകർഷിച്ചിരുന്നു. കോഴിക്കോട് മാങ്കടവിൽ മാൻഹോളിൽ അകപ്പെട്ട അയൽ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വന്തം ജീവൻ നഷ്ടമായ നൗഷാദ് എന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ ജീവിതമായിരുന്നു ഈ കഥയുടെ പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP