Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആസാദി ഗാനത്തിന് പണ്ട് കോറസ് പാടാൻ കൂടെ നടന്ന കേരളത്തിലെ എസ്എഫ്‌ഐക്കാരെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ; രാജ്യത്തെ കാമ്പസുകളിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് കനയ്യ ചൂണ്ടിക്കാട്ടിയത് യൂണിവേഴ്‌സിറ്റി കോളജിന് മീറ്ററുകൾ മാത്രം അകലെ നിന്ന്; 'മണിയും മസിലും' ഉപയോഗിച്ച് മറ്റ് സംഘടനകളെ അടിച്ചമർത്തുന്നതിനെതിരെ ശക്തമായ പോരാട്ടം എന്നും എഐഎസ്എഫ് നേതാവ്; ആസാദി ഗാനം കൊണ്ട് ആവേശം തീർത്ത് സംസ്ഥാന സമ്മേളനത്തിന് തുടക്കം

ആസാദി ഗാനത്തിന് പണ്ട് കോറസ് പാടാൻ കൂടെ നടന്ന കേരളത്തിലെ എസ്എഫ്‌ഐക്കാരെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ; രാജ്യത്തെ കാമ്പസുകളിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് കനയ്യ ചൂണ്ടിക്കാട്ടിയത് യൂണിവേഴ്‌സിറ്റി കോളജിന് മീറ്ററുകൾ മാത്രം അകലെ നിന്ന്; 'മണിയും മസിലും' ഉപയോഗിച്ച് മറ്റ് സംഘടനകളെ അടിച്ചമർത്തുന്നതിനെതിരെ ശക്തമായ പോരാട്ടം എന്നും എഐഎസ്എഫ് നേതാവ്; ആസാദി ഗാനം കൊണ്ട് ആവേശം തീർത്ത് സംസ്ഥാന സമ്മേളനത്തിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ ആവേശമായി മാറിയ കനയ്യകുമാർ ഇക്കുറി തലസ്ഥാനത്തെത്തിയപ്പോൾ പണ്ട് ആസാദി ഗാനത്തിന് കോറസ് പാടാൻ എത്തിയ എസ്എഫ്‌ഐക്കാർ ആ പരിസരത്ത് പോലും എത്തിനോക്കിയില്ല. സംസ്ഥാനത്ത് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ജനാധിപത്യ ധ്വംസനം നടക്കുന്ന യൂണിവേഴ്‌സിറ്റി കോളജിന് ഏതാനും വാര അകലെ പാളയം രക്തസാക്ഷി മണ്ഡപത്തിനരികെ ക്രമീകരിച്ച വേദിയിൽ നിന്ന് കനയ്യകുമാർ ഇക്കുറി പറഞ്ഞത് ഫാസിസത്തെ കുറിച്ചല്ല, കാംപസുകളിലെ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ്. തങ്ങൾ കൊണ്ടാടിയ നേതാവ്, തങ്ങൾ പോസ്റ്ററിൽ പടം വച്ചാഘോഷിച്ച വിപ്ലവകാരി, തങ്ങളിട്ട ടീ ഷർട്ടിൽ ചെഗുവേരക്കു ശേഷം സ്ഥാനം പിടിച്ചവൻ, തങ്ങളെ ഇങ്ങനെ തള്ളിപ്പറയും എന്ന് എസ്എഫ്‌ഐക്കാർ സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. അതും തങ്ങളുടെ കോട്ട എന്ന് അഹങ്കരിക്കുന്ന യൂണിവേഴ്‌സിറ്റി കോളജിന് മുന്നിൽ വന്ന് നിന്ന്.

രാജ്യത്തെ ഭൂരിഭാഗം ക്യാംപസുകളിലും ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണന്ന് കനയ്യ കുമാർ ചൂണ്ടിക്കാട്ടി. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കനയ്യകുമാർ. മസിലും മണിയും ഉപയോഗിച്ച് മറ്റ് സംഘടനകളെ അടിച്ചമർത്തുന്ന പ്രവണതയ്ക്കെതിരെ ശക്തമായ പോരാട്ടമാണ് രാജ്യവ്യാപകമായി എഐഎസ്എഫ് നടത്തിവരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അഴിമതിയും ഗുണ്ടായിസവും ഒഴിവാക്കാനാണ് ലിങ്ദോ കമ്മിഷൻ കൊണ്ടുവന്നത്. എന്നാൽ വിദ്യാർത്ഥി സ്വാതന്ത്ര്യം നിഷേധിക്കാനും വിദ്യാർത്ഥി രാഷ്ട്രീയം കാമ്പസുകളിൽ നിന്നും ഇല്ലാതാക്കുകയെന്ന ബിജെപി സർക്കാരിന്റെ അജണ്ടയാണ് ലിങ്ദോ കമ്മിഷൻ ശുപാർശകളിലുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി, രാജ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് എന്നും ഒരു ചാലക ശക്തിയായി എഐഎസ്എഫ് മുൻ നിരയിലുണ്ടാകും. സമൂഹത്തിന്റെ അടിത്തറ വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തുകൊണ്ട് 1936 ൽ ബ്രട്ടീഷുകാർക്കെതിരെ പോരാട്ടം ആരംഭിക്കുകയും രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി നിലകൊണ്ട ചരിത്രമാണ് എഐഎസ്എഫിനുള്ളത്. അനീതികൾക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പ് തുടരുന്ന എഐഎസ്എഫ് നാളെയും അത് തുടരും. എല്ലാവരും എംഎൽഎയും എംപിയുമായി മാറുകയെന്നതല്ല, ചോദ്യങ്ങൾ ചോദിക്കുകയെന്നതാണ് ഓരോ എഐഎസ്എഫ് കാരുടെയും ധർമ്മം. രാജ്യത്ത് ആര് ഭരിക്കുന്നുവെന്ന് നോക്കാതെ സ്വന്തം വീട്ടിലോ, പാർട്ടിയിലോ, നേതൃത്വത്തിലോ ആണെങ്കിൽപോലും എഐഎസ്എഫുകാർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും കനയ്യകുമാർ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജെ അരുൺ ബാബു ആധ്യക്ഷ്യം വഹിച്ചു. മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കെ.രാജു, ഡപ്യൂട്ടി സ്പീക്കർ വി.ശശി, ഗവ.ചീഫ് വിപ് കെ.രാജൻ, ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് സജി ലാൽ, സ്വാഗതസംഘം ചെയർമാൻ ജി.ആർ.അനിൽ, ആർ.എസ്.രാഹുൽരാജ് എന്നിവർ പ്രസംഗിച്ചു.

ഒരിക്കൽ കൂടി 'ആസാദി' ആവശ്യവുമായി സഖാക്കൾ

തന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയിലും സദസ്സിലും നിന്ന് പലരും കനയ്യയോട് ആവശ്യപ്പെട്ടത് ആസാദി മുദ്രാവാക്യം മുഴക്കണം എന്നായിരുന്നു. ഒടുവിൽ, സഖാക്കളുടെ നിർബന്ധം സഹിക്കാതെ എല്ലാവരും പ്രസംഗിച്ച് കഴിഞ്ഞതിന് ശേഷം വീണ്ടും ഒരിക്കൽ കൂടി കനയ്യ മൈക്കിന് മുന്നിലെത്തി. ആസാദി ഗാനം ചിട്ടപ്പെടുത്തിയത് ഇപ്റ്റയാണെന്ന് പറഞ്ഞ കനയ്യ, പിന്നീട് ഈ മുദ്രാവാക്യം വനിതാ വിമോചന പ്രവർത്തകർ ഏറ്റെടുത്തിരുന്നെന്നും ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സിപിഐക്കാരും കനയ്യയെ കേൾക്കാൻ എത്തിയിരുന്നു. സമ്മേളനത്തിന് ശേഷം പലരും കനയ്യയോടൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.

ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 'സംഘപരിവാർ കാലത്ത് മതേതര വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാർ ഞായാറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP