Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആവശ്യങ്ങളുമായി മുന്നിലെത്തിയ പിണറായിക്കും സംഘത്തിനും മുമ്പിൽ ഫണ്ട് അനുവദിച്ചിട്ടും കേരളം നടപ്പിലാക്കാത്ത പദ്ധതികളുടെ ലിസ്റ്റ് കൈയിൽ കൊടുത്ത് പ്രധാനമന്ത്രിയുടെ പൂഴിക്കടകൻ; കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 2012ൽ പണം അനുവദിച്ചിട്ടും നടപ്പാക്കാത്തത് എന്തെന്ന് ചോദ്യം; ഏഴിന ആവശ്യവുമായി എത്തിയ സർവകക്ഷി സംഘത്തെ ഞെട്ടിച്ച് മോദി; കേന്ദ്രസർക്കാർ സംസ്ഥാന വികസനത്തിന് തടസം നിൽക്കുന്നു എന്ന വാദത്തെ പൊളിച്ച് മറുതന്ത്രം

ആവശ്യങ്ങളുമായി മുന്നിലെത്തിയ പിണറായിക്കും സംഘത്തിനും മുമ്പിൽ ഫണ്ട് അനുവദിച്ചിട്ടും കേരളം നടപ്പിലാക്കാത്ത പദ്ധതികളുടെ ലിസ്റ്റ് കൈയിൽ കൊടുത്ത് പ്രധാനമന്ത്രിയുടെ പൂഴിക്കടകൻ; കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 2012ൽ പണം അനുവദിച്ചിട്ടും നടപ്പാക്കാത്തത് എന്തെന്ന് ചോദ്യം; ഏഴിന ആവശ്യവുമായി എത്തിയ സർവകക്ഷി സംഘത്തെ ഞെട്ടിച്ച് മോദി; കേന്ദ്രസർക്കാർ സംസ്ഥാന വികസനത്തിന് തടസം നിൽക്കുന്നു എന്ന വാദത്തെ പൊളിച്ച് മറുതന്ത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ മതിയായ ഫണ്ടുകൾ നൽകാതെ കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നു എന്ന ആരോപണമാണ് സംസ്ഥാന സർക്കാർ കുറച്ചു കാലമായി ഉന്നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്ത സാഹചര്യത്തിൽ ഈ ആരോപണം ശക്തമായി ഉന്നയിക്കാൻ കൂടിയാണ് കേരളത്തിലെ ഇടതു പാർട്ടികൾ പരിശ്രമിച്ചിരുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയെ കാണാൻ വേണ്ടി സർവകക്ഷി സംഘം ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ ആക്ഷേപത്തിന് ഒടുവിൽ മോദിയെ കാണാൻ ഇന്ന് അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം മോദിയെ കണ്ടെങ്കിലും അതുകൊണ്ടു യാതൊരു നേട്ടവും ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത. മാത്രമല്ല, കേരളത്തെ ഞെട്ടിച്ചുകൊണ്ട് മറുതന്ത്രം മെനയാനും പ്രധാനമന്ത്രി തയ്യാറായി.

ഏഴിന ആവശ്യങ്ങളുമായാണ് മോദിയെ കാണാൻ ഇക്കൂട്ടർ എത്തിയത്. എന്നാൽ, കേന്ദ്രത്തിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടും കേരളം നടപ്പിലാക്കാത്ത പദ്ധതികളുടെ ലിസ്റ്റ് നിരത്തിയാണ് പ്രധാനമന്ത്രി കേരള നേതാക്കളുടെ വായടപ്പിച്ചത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 2012ന് പണം അനുവദിച്ചെങ്കിലും അതുകൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതടക്കം നിരവധി കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്‌ച്ചയാണ് ചൂണ്ടിക്കാട്ടിയത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കേരളം സർവകക്ഷി സംഘത്തിൽ അൽഫോൻസ് കണ്ണന്താനത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് അതൃപ്തിയുണ്ടായെന്നാണ് അറിയുന്നത്. ഇതോടെയാണ് പണം നൽകിയിട്ടും നടപ്പാക്കാത്ത കേന്ദ്രപദ്ധതികളുടെ പട്ടിക മോദി പിണറായിക്ക് കൈമാറിയത്. അതേസമയം തട്ടിക്കൂട്ട് നിവേദനവുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. ഇന്നലെ രാവിലെ മാത്രമാണ് വിഷയങ്ങൾ സംബന്ധിച്ച രേഖ തനിക്കു പോലും ലഭിച്ചതെന്നുംഎ.എൻ.രാധാകൃഷ്ണൻ അറിയിച്ചു.

ആവശ്യങ്ങളോട് പ്രധാനമന്ത്രി മുഖം തിരിക്കാൻ കാരണം രാഷ്ട്രീയമാണെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഞ്ചികോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അവഹേളിക്കുന്ന നിലപാടായിരുന്നുവെന്നും സർവകക്ഷി സംഘം ആരോപിക്കുന്നു. നാല് തവണ അനുമതി നിഷേധിക്കപ്പെട്ട ശേഷം ഒടുവിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സർവകക്ഷിസംഘത്തിന് അവസരം ലഭിച്ചെങ്കിലും ഫലം നിരാശയായിരുന്നു. കേരളത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ച വിഹിതം മാത്രമേ തുടർന്നും നൽകാനാവൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ നിരാശാജനകമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുൻഗണനാ വിഭാഗവും അതിൽ പെടാത്ത വിഭാഗവുമുണ്ട്. കേരളത്തിൽ ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭിക്കാത്തതുകൊണ്ട് മുൻഗണനയിൽ പെടാത്ത വിഭാഗത്തിന് ജീവിക്കാനുള്ള ഭക്ഷ്യധാന്യം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ ആവശ്യമായ മാറ്റം വേണമെന്നാണ് സർവ്വകക്ഷി സംഘം ഉന്നയിച്ച ആവശ്യം. മുൻപുണ്ടായിരുന്നതിൽനിന്ന് വെട്ടിക്കുറച്ചത് നികത്തണമെന്നായിരുന്നു ആവശ്യം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ നൽകാനാകൂ എന്നാണ് പ്രധാനമന്ത്രി നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച് മുൻ നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്നോട്ടു പോയെന്നും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന വകുപ്പ് മന്ത്രി നേരത്തെ സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നിലപാട് മാറ്റി എന്നാണ് ഇവിടെ എത്തിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലിയിൽനിന്ന് ശബരിമലയിലേക്കുള്ള റെയിൽവേ പാതയുടെ കാര്യത്തിൽ റെയിൽവേയുമായി ആലോചിച്ച് സംസ്ഥാന സർക്കാരും റെയിൽവേയുമായുള്ള ചർച്ചക്ക് അവസരമൊരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ തീരുമാനം വേണമെന്ന ആവശ്യത്തിൽ കഴിയും വേഗത്തിൽ തീരുമാനത്തിലേക്ക് എത്തും എന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രകൃതി ക്ഷോഭം സംബന്ധിച്ച് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

എച്ച്എൻഎൽ സംസ്ഥാന സർക്കാരിന് കൈമാറുന്ന കാര്യം ആലോചിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും വലിയ വിമാനങ്ങൾ ഇരങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും പൂർണമായും പ്രവർത്തന സജ്ജമാക്കണമെന്നും പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP