Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്താവളം എ ക്ലാസെന്ന കാര്യത്തിൽ നാട്ടുകാർക്കെല്ലാം ഒരേ അഭിപ്രായം; എന്നാൽ റോഡുകളെല്ലാം ദുർഘടം; വിമാനത്താവളം കാണാൻ ആളുകൾ ഒഴുകി എത്തിയതോടെ റോഡുകളെല്ലാം സ്തംഭിച്ചു; എല്ലാം അടിപൊളി ആയപ്പോഴും റോഡു വികസന കാര്യത്തിൽ സർക്കാർ വീഴ്‌ച്ച വരുത്തിയെന്ന് ആക്ഷേപം; ഉദ്ഘാടനത്തിന് രണ്ട് മാസം ബാക്കി നിൽക്കവേ റോഡ് വികസനം വേഗത്തിൽ വേണമെന്ന് ആവശ്യം

വിമാനത്താവളം എ ക്ലാസെന്ന കാര്യത്തിൽ നാട്ടുകാർക്കെല്ലാം ഒരേ അഭിപ്രായം; എന്നാൽ റോഡുകളെല്ലാം ദുർഘടം; വിമാനത്താവളം കാണാൻ ആളുകൾ ഒഴുകി എത്തിയതോടെ റോഡുകളെല്ലാം സ്തംഭിച്ചു; എല്ലാം അടിപൊളി ആയപ്പോഴും റോഡു വികസന കാര്യത്തിൽ സർക്കാർ വീഴ്‌ച്ച വരുത്തിയെന്ന് ആക്ഷേപം; ഉദ്ഘാടനത്തിന് രണ്ട് മാസം ബാക്കി നിൽക്കവേ റോഡ് വികസനം വേഗത്തിൽ വേണമെന്ന് ആവശ്യം

രഞ്ജിത്ത് ബാബു

കണ്ണൂർ: വിമാനത്താവളം മഹാശ്ചര്യം. എന്നാൽ വിമാനത്താവളത്തിലേക്കുള്ള വഴികളെല്ലാം ദുർഘടം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളുടെ അവസ്ഥയാണിത്. കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി നൽകിയതോടെയാണ് വിമാനത്താവളത്തിലേക്കുള്ള വഴികളുടെ യഥാർത്ഥ അവസ്ഥ വ്യക്തമാവുന്നത്. വിമാനത്താവളം കാണാൻ ജില്ലക്കകത്തും പുറത്തു നിന്നും ആയിരങ്ങളാണ് എത്തിച്ചേർന്നത്. എന്നാൽ റോഡുകളെല്ലാം സ്തംഭനാവസ്ഥയിലുമായി. മണിക്കൂറുകൾ വഴിയിൽ നിർത്തിയിട്ടാണ് കുറേ പേർക്ക് വിമാനത്താവളത്തിലെത്താൻ കഴിഞ്ഞത്. ഒട്ടേറെ പേർ വിമാനത്താവളം കാണണമെന്ന മോഹമുപേക്ഷിച്ച് തിരിച്ച് പോവുകയും ചെയ്തു. ഉത്സവ പ്രതീതിയിൽ സന്ദർശനത്തിന് വിമാനത്താവളം തുറന്ന് കൊടുത്തെങ്കിലും അധികൃതർക്ക് നിയന്ത്രിക്കാനാവുന്നതിലുമധികം ജനങ്ങളാണ് എത്തിച്ചേർന്നത്.

റോഡുകളുടെ അപര്യാപ്തത തീർത്തും അധികൃതർക്കും ജനങ്ങൾക്കും ബോധ്യപ്പെട്ടു. വിമാനത്താവളം പണി തുടങ്ങിയപ്പോൾ തന്നെ റോഡുകളെ പറ്റി ഏറെ ചർച്ചകൾ നടന്നിരുന്നു. പഠനങ്ങളും സർവ്വേ പ്രവർത്തനങ്ങളും നടത്തിയെങ്കിലും വിമാനത്താവളത്തിനൊത്ത റോഡ് വികസനം നടന്നില്ല. വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നവീകരിച്ച് ഗതാഗതം സുഗമമാക്കാൻ രണ്ട് വർഷത്തോളമായി പദ്ധതി തയ്യാറാക്കിയിട്ട്. എന്നാൽ അത് ഇപ്പോഴും പൂർത്തിയാകാത്തത് കടുത്ത വെല്ലുവിളിയായി അവശേഷിക്കുകയാണ്.

തലശ്ശേരി ഭാഗത്തു നിന്നും കൊടുവള്ളി വഴി മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂർ എയർപോർട്ട് റോഡിന് 25.5 കിലോ മീറ്റർ നീളമുണ്ട്. വടകര-മാഹി ഭാഗങ്ങളിൽ നിന്നും വിമാനത്താവളത്തിലേക്ക് വരാനും പോകാനുമുള്ള പ്രധാന പാതയായി മറേണ്ടതാണ് ഈ റോഡ്. എന്നാൽ വിമാനത്താവളം തുറക്കാൻ 62 ദിവസം മാത്രം അവശേഷിക്കുമ്പോഴും കാര്യ്മായ മാറ്റമൊന്നും ഈ റോഡിനുണ്ടായിട്ടില്ല. ഇതി വഴി ഗതാഗത സ്തംഭനം ഉറപ്പിക്കാം.

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയായ കുറ്റ്യാടി -നാദാപുരം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ-മേക്കുന്ന്-പാനൂർ-പൂക്കോട്-കൂത്തുപറമ്പ് വഴി മട്ടന്നൂർ എയർപോർട്ടിൽ എത്താനും റോഡുണ്ട്. 53.15 കിലോ മീറ്റർ വരുന്ന ഈ റോഡിന്റെ നിലയും പതിവുപോലെ തന്നെ. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും ബോയ്സ് ടൗൺ വഴി പേരാവൂർ-ശിവപുരം എന്നിവിടങ്ങളിലൂടെ 63.50 കിലോ മീറ്റർ ഉള്ള റോഡ് എയർപോർട്ടുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു.

അതും ഒരു സാധാരണ പാതയായി നിലനിൽക്കുന്നു. തളിപ്പറമ്പ് -മയ്യിൽ-ചാലോട് വഴി 27.20 കിലോ മീറ്റർ റോഡും വികസനം തൊട്ടു തീണ്ടിയിട്ടില്ല., ചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ്(26.30) കൂട്ടു പുഴ-ഇരിട്ടി-മട്ടന്നൂർ റോഡ് (32കി. മി) എന്നിവയെല്ലാം വിമാനത്താവളം പൂർത്തിയാകും മുമ്പ് നവീകരിക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ അതൊന്നും നടപ്പായില്ല. വീതി കൂട്ടി വികസിപ്പിക്കുന്നതിന് പകരം വെറും മുഖം മിനുക്കൽ മാത്രമാണ് നടത്തിയിട്ടുള്ളത്.

കണ്ണൂർ ജില്ല ആസ്ഥാനത്തു നിന്നും ചൊവ്വ ദേശീയ പാതയുമായി ബന്ധപ്പെടുത്തി കൂട്ടു പുഴ വരെ ദേശീയ പാതയാക്കി വിഞ്ജാപനം ചെയ്തിരുന്നു. കുടക്-വിരാജ് പേട്ട ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് തടസ്സം കൂടാതെ എയർപോർട്ടിലെത്തുന്നതിന് പുറമേ തലശ്ശേരിക്കിപ്പുറത്തു നിന്നും കണ്ണൂരിൽ നിന്നും വരുന്ന വാഹനങ്ങളിലെത്തുന്നവർക്ക് സുഗമമായ സഞ്ചാരം ആവുന്നതായിരുന്നു ഈ പാതയുടെ ഉദ്ദേശം. എന്നാൽ ഇപ്പോൾ വെറും ഇരട്ട പാതയായി നിശ്ചയിച്ച് അധികൃതർ ഭാവനയില്ലായ്മ കാട്ടിയിരിക്കയാണ്. രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന് അഭിമാനിക്കുമ്പോഴും അവിടെ എത്തിച്ചേരാനുള്ള സുപ്രധാനമായ ആറ് റോഡുകളുടെ അവസ്ഥ സാധാരണ നിലയിൽ നിന്നും താഴെയാണെന്നാണ് വസ്തുത.

വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകിയതോടെ കർണ്ണാടകത്തിലെ കുടക് മേഖലയിൽ നിന്നും വൻ ജനാവലിയാണ് എത്തിയത്. അതുപോലെ തന്നെ വയനാട്,കാസർഗോഡ്,കോഴിക്കോട് ജില്ലകളിൽ നിന്നും സന്ദർശകർ പ്രവഹിച്ചു. ഇതിനെല്ലാം പുറമേയാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ. എന്നാൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. വിമാനത്താവളത്തിൽ ഗതാഗത തടസ്സമില്ലാതെ എത്തിച്ചേരാനുകുമോ എന്ന്? അതിനുത്തരം പറയാൻ അധികൃതർക്ക് ആവുമോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP