Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാർക്ക് ചെറുചിരി നൽകി പോകുന്ന സുബൈദ ടീച്ചറും മകനും ഇനിയില്ല; വിട്ടിലേക്ക് മടങ്ങാൻ ബസ്സുകാത്തു നിന്നവരുടെ യാത്ര അന്ത്യയാത്രയായതിൽ നടുങ്ങി ഒരു ഗ്രാമം; കൊടും വളവുകൾ നിവർത്താതെ റോഡുനിർമ്മിച്ച കെഎസ്ടിപിക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ

നാട്ടുകാർക്ക് ചെറുചിരി നൽകി പോകുന്ന സുബൈദ ടീച്ചറും മകനും ഇനിയില്ല; വിട്ടിലേക്ക് മടങ്ങാൻ ബസ്സുകാത്തു നിന്നവരുടെ യാത്ര അന്ത്യയാത്രയായതിൽ നടുങ്ങി ഒരു ഗ്രാമം; കൊടും വളവുകൾ നിവർത്താതെ റോഡുനിർമ്മിച്ച കെഎസ്ടിപിക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ

രഞ്ജിത് ബാബു

കണ്ണൂർ: സുബൈദ ടീച്ചറുടേയും മകൻ മൊഫീദിന്റെുയും മരണം ഏഴോം ഗ്രാമവാസികൾക്ക് വിശ്വസിക്കാനായില്ല. എന്നാൽ ഏറെ വേദനയോടെയാണ് ആ സ്ത്യം നാടിന് അംഗീകരിക്കേണ്ടി വന്നത്. ചെറുതാഴം മണ്ടൂർ കോക്കാട് പള്ളിക്ക് സമീപം ഇന്നലെ രാത്രി ബസ്സപകടത്തിൽ മരിച്ചവരാണ് ഇവർ. കണ്ടുമുട്ടുന്നവർക്കെല്ലാം ചെറുചിരി സമ്മാനിച്ച് സൗഹൃദം കാത്തുസൂക്ഷിക്കുന്ന സ്വഭാവക്കാരി ആയിരുന്നു സുബൈദ ടീച്ചർ. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും അവർ പ്രിയങ്കരിയാണ്. പുതിയങ്ങാടി ജമാ അത്ത് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയായ സുബൈദ മകൻ മൊഫീദിന് ഒപ്പം പയ്യന്നുരിൽ ഡോക്ടറെ കാണാൻ പോയതായിരുന്നു. ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങാനായി ബസ്സ് കാത്തിരിക്കുകയായിരുന്നു ടീച്ചറും മകനും. എന്നാൽ ആ കാത്തിരിപ്പിനിടെ മരണം എത്തി.

ബസിന് പിന്നിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു ബസ് ഇടിച്ചുകയറി അഞ്ചുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബസിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന്, അടുത്ത ബസ് കാത്തുനിന്നവരാണ് അപകടത്തിൽ മരിച്ചത്. എട്ടു പേർ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുമായി. പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിനു സമീപം മുസ്തഫ(58), ഏഴോം സ്വദേശിനിയും പുതിയങ്ങാടി ജമാഅത്ത് സ്‌കൂൾ അദ്ധ്യാപികയുമായ സുബൈദ (40), മകൻ മുഫീദ്(18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ സുജിത് പട്ടേരി (35), ചെറുവത്തൂരിലെ വ്യാപാരി പയ്യന്നൂർ പെരുമ്പ സ്വദേശി കോളയത്ത് കരീം(35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.

പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിത എന്ന ബസിന്റെ ടയർ മണ്ടൂർ ടൗണിനടുത്ത് കേടായിരുന്നു. ഈ ബസിൽ നിന്നിറങ്ങിയ യാത്രക്കാർ അഞ്ചു മിനിറ്റിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്‌നേശ്വര എന്ന ബസിന് കൈകാണിച്ചു. അമിതവേഗത്തിൽ വന്ന ബസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു നിർത്തിയിട്ട അൻവിതയിലും ഇടിച്ച ശേഷമാണ് വിഘ്‌നേശ്വര ബസ് നിന്നത്. ഓടിയൊളിച്ച ഡ്രൈവർ ദേർമാൽ രുധീഷ്(25) പിന്നീടു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഒരു അദ്ധ്യാപികയുടെ മകൻ എന്ന നിലയിൽ സൽസ്വഭാവിയായി ജീവിച്ചു വരികയായിുന്നു മൊഫീദ്. നെടുവമ്പ്രം അപ്‌ളൈഡ് സയൻസ് കോളേജിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിയായിരുന്നു. ഇവരുടെ ചേതനയറ്റ മൃതദേഹം നാട്ടിൽ എത്തിച്ചപ്പോൾ വേർപാട് താങ്ങാനാവാതെ നാടുമുഴുവൻ കണ്ണീരണിഞ്ഞു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സുബൈദ ടീച്ചറുടെ ഭർത്താവ് സമദ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകീ്‌ട്ടോടെ കബറടക്കം നടക്കും. പാപ്പിനിശ്ശേരി പൊന്നമ്പിലാത്ത് ഹൗസിൽ മുസ്തഫ രാത്രി എട്ടുമണിയോടെ വീട്ടിലേത്തുമെന്ന് അറിയിച്ചാണ് വീട്ടിൽ നിന്ന രാവിലെ തിരിച്ചത്. പക്ഷേ, അത് മു്‌സ്തഫയുടെ അന്ത്യയാത്രയായി. ചെറുകുന്ന സ്വദേശി സുജിത്ത് പട്ടേരി മഴകാരണം നേരത്തേ വീട്ടിലേക്ക് തിരിച്ചതായിരുന്നു. ഗ്രാഫിക് ആർട്ടിസ്റ്റായ സുജിത്തിനെയും മരണം കവർന്നു.

പട്ടേരി കൃഷ്ണന്റേയും ശാന്തയുടേയും മകനാണ് സുജിത്ത്. പയ്യന്നൂർ പെരുമ്പ സ്വദേശി കോളയത്ത് കരീമും അപകടത്തിൽ മരിച്ചു. മൃതദേഹങ്ങൾ എല്ലാം പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർ്ട്ടം ചെയ്തത്. നാല് പൊലീസ് സർജന്മാരെ പ്രത്യേകമായി ഇതിനായി നിയോഗിച്ചിരുന്നു. രാവിലെ എട്ടുമുതൽ ഇൻക്വസ്റ്റ് തുടങ്ങി. പന്ത്രണ്ടുമണിയോടെ പോസ്റ്റുമോർട്ടം പൂർത്തീകരിച്ച് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി.

അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയായിട്ടും കണ്ണുതുറക്കാത്ത അധികാരികളുടെ സമീപനമാണ് മണ്ടൂർ കോക്കാട്ട് ദുരന്തത്തിന് കാരണമായത്. മണ്ടൂർ, അടുത്തില, എരിപുരം എന്നീ വളവുകളിലുടേ വാഹനങ്ങൾ കാണുമ്പോൾ തന്നെ കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും ഓടി മാറുകയാണ് പതിവ്. അപകടം ഏതുനിമിഷവും വാരാം എന്ന രീതിയിൽ അശാസ്ത്രീയമാണ് ഈ വഴിയിലെ കെഎസ്ടിപി റോഡ് നിർമ്മാണം എന്നാണ് ആക്ഷേപം. ഒരു മുന്നറിയിപ്പോ, സിഗ്നൽ സംവിധാനങ്ങളോ ഇവിടെയില്ല. കഴിഞ്ഞദിവസം ഇതേ മേഖലയിൽ അപകടത്തിൽ പരിക്കേറ്റിരുന്നു. അമിത വേഗതയിൽ ഓടിയ ബസ്സ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിലേക്ക് ഓടിക്കയറുകയായിരുന്നു.

ഭാഗ്യം കൊണ്ടാണ് താമസക്കാർ രക്ഷപ്പെട്ടത്. നേരത്തെ മൂന്ന് ബൈക്ക് യാത്രികരും ബൈക്കുകൾ കൂട്ടിമുട്ടി ഇവിടെ മരണപ്പെട്ടിരുന്നു. ഒരു കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് മറ്റൊരു അപകടവും ഉണ്ടായി. നിലവിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ബസ് ഒഴികെ വൻകിട വാഹനങ്ങൾക്ക ഈ റൂട്ടിൽ നിരോധനം ഉണ്ട്. എന്നാൽ അതെല്ലാം ലംഘിച്ച് മത്സ്യ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി കുതിക്കുകയാണ്. കൊടുംവളവുകൾ അതേപടി നിലനിർത്തിയാണ് റോഡ് വികസിപ്പിച്ചത്. ഡിവൈഡറുകളോ വേഗ നിയന്ത്രണ ഉപാധികളോ ഇല്ല. ഇതെല്ലാം പിലാത്തറ- പഴയങ്ങാടി റൂട്ടിലെ വാഹനയാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു.

മരിച്ചവരെ തിരിച്ചറിയാൻ വൈകിയതു കൂടുതൽ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. പഴയങ്ങാടിയിലേക്കുള്ള ബസിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത് എന്നു മാത്രമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതോടെ സമീപപ്രദേശങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. ജോലി കഴിഞ്ഞു വീട്ടിലെത്താൻ വൈകിയവരെ തിരഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും അപകടസ്ഥലത്തേക്കും പരിയാരം മെഡിക്കൽ കോളജിലേക്കും ഓടിയെത്തി. കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാതെ ജനങ്ങൾ വലഞ്ഞപ്പോൾ, സ്ഥലത്തെത്തിയ ജനപ്രതിനിധികളാണു ലഭ്യമായ വിവരങ്ങൾ പൊതുജനങ്ങളോടു പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP