Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്തിന്റെ സുരക്ഷ നിശ്ചയിക്കുന്ന കണ്ണൂർ കന്റോൺമെന്റ് ഇനിമേൽ നിഗൂഢതയുടെ കേന്ദ്രമല്ല; ഇരുമ്പുമറ നീക്കി നാട്ടുകാർക്കും സ്വാഗതമോതുന്നു; പട്ടാളത്തിന്റെ അധീനതയിലുള്ള കടൽത്തീരങ്ങൾ ഇനി ജനസൗഹൃദ ബീച്ചാകും

രാജ്യത്തിന്റെ സുരക്ഷ നിശ്ചയിക്കുന്ന കണ്ണൂർ കന്റോൺമെന്റ് ഇനിമേൽ നിഗൂഢതയുടെ കേന്ദ്രമല്ല; ഇരുമ്പുമറ നീക്കി നാട്ടുകാർക്കും സ്വാഗതമോതുന്നു; പട്ടാളത്തിന്റെ അധീനതയിലുള്ള കടൽത്തീരങ്ങൾ ഇനി ജനസൗഹൃദ ബീച്ചാകും

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിനകത്ത്, എന്നാൽ കേരളത്തിന്റേതല്ലാത്ത ഒരു പട്ടാളഭരണ പ്രദേശം കണ്ണൂരിലുണ്ട്. 1938- ൽ ബ്രിട്ടീഷുകാരാണ് കണ്ണൂരിന്റെ കടലോരപ്രദേശത്തെ 450 ഏക്കർ സ്ഥലം പട്ടാള ആസ്ഥാനമാക്കിയതും കന്റോൺമെന്റായി പ്രഖ്യാപിച്ചതും.

സ്വാതന്ത്ര്യത്തിനു ശേഷവും കണ്ണൂർ കന്റോൺമെന്റ് പട്ടാളഭരണത്തിൻ കീഴിൽ തന്നെ തുടർന്നു. 4000 ൽ പരം വരുന്ന ജനങ്ങളിൽ പട്ടാളക്കാർക്കു പുറമേ തദ്ദേശിയരും ഇവിടെ കഴിയുന്നുണ്ട്. എന്നാൽ നാളിതുവരെ സാധാരണ ജനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ പട്ടാള ഭരണകൂടം പരിഗണന നൽകിയിരുന്നില്ല. പതിനൊന്നംഗ കന്റോൺമെന്റ് ഭരണസമിതിയുടെ ചെയർമാൻസ്ഥാനം ഡിഫൻസ് സെകൂരിറ്റി കോറിന്റെ തലവനും വൈസ് ചെയർമാൻ പദവി, തദ്ദേശത്തെ ജനപ്രതിനിധിക്കുമായി സംവരണം ചെയ്തതാണ്. ആറു സീറ്റുകളിൽ മത്സരിച്ചു ജയിക്കുന്ന തദ്ദേശീയർക്ക് കന്റോൺമെന്റ് ബോർഡിൽ അംഗമാകാം. പട്ടാളത്തിന്റെ അഞ്ചു പ്രതിനിധികളെ അവർ നാമനിർദ്ദേശം ചെയ്യും. ഇത്തരം സംവിധാനം നിലവിലുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാൻ ഈ സംവിധാനങ്ങളൊന്നും പര്യാപ്തമല്ല.

എന്നാൽ തദ്ദേശീയരോടുള്ള പട്ടാളത്തിന്റെ അകൽച്ചക്ക് പരിഹാരം കാണാൻ മലയാളിയായ ഒരു പട്ടാള കേണൽ തന്നെ രംഗത്തെത്തി. കന്റോൺമെന്റ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വെസ്റ്റ് ബംഗാളും സിക്കിമും ഉൾപ്പെടെ 66 എൻ.സി.സി. ബറ്റാലിയന്റെ കേണൽ, പി.പത്മനാഭൻ അവിടെ നടത്തിയ ജനസേവന പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ബഹുമതി നേടിയിരുന്നു. മിഡ്‌നാപൂരിലെ സാമൂഹ്യ സേവനത്തിനായിരുന്നു അംഗീകാരം ലഭിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി ഉൾപ്പെടെയുള്ള ആറു ജില്ലകളിൽ നടത്തിയ സാമൂഹ്യ സേവനത്തിന് മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു പട്ടേലിൽ നിന്നും പുരസ്‌ക്കാരം നേടിയ പത്മനാഭൻ കണ്ണൂരിലും ജനസേവനത്തിന് തുടക്കമിട്ടിരിക്കയാണ്.

കഴിഞ്ഞ വർഷം വരെ കന്റോൺമെന്റിൽ ഒച്ചിന്റെ വേഗതയിലായിരുന്നു വികസനം. പോർച്ചുഗീസ് ഭരണകാലത്തിന്റെ ശേഷിപ്പുകളായി നിൽക്കുന്ന പഴയ കെട്ടിടങ്ങളും മലിനമായ ഓടകളും ശുചിമുറി ഇല്ലായ്മയും പരിഹരിക്കാൻ പത്മനാഭൻ രംഗത്തിറങ്ങിയിരിക്കയാണ്. പട്ടാളക്കാരും പൊതുജനങ്ങളും തമ്മിൽ കടലോരത്തിലെ അധികാര തർക്കം, വഴിത്തർക്കം എന്നിവ മൂലം ഇവിടെ ഇടക്കിടെ സംഘർഷം നടക്കുമായിരുന്നു. അതിനാൽ തദ്ദേശീയർ പട്ടാളക്കാരെ ശത്രുക്കളായി കാണുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്.

സൗഹൃദമാണ് എല്ലാറ്റിനും പോംവഴി എന്ന അനുഭവപാഠം ഉൾക്കൊണ്ട് കേണൽ പത്മനാഭൻ രംഗത്തിറങ്ങിയതോടെ കന്റോൺമെന്റിലെ ജനത പട്ടാളക്കാരോട് മുഖം തിരിക്കാറില്ല. പട്ടാളക്കാർ വാണിരുന്ന രണ്ടു പാർക്കുകൾ പൊതുജനത്തിന് തുറന്നു കൊടുക്കാൻ തീരുമാനമെടുത്തതോടെ പത്മനാഭൻ അമരാവതിയിലേയും മിഡ്‌നാപൂരിലേയും പോലെ കന്റോൺമെന്റിനെ ജനങ്ങളെ സൗഹൃദത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ്. നാളിതുവരെ പട്ടാളക്കാർ കൈയടക്കി വാണ സുന്ദരമായ ബേബി ബീച്ച് ആസ്വദിക്കാൻ ഇനി കേരളീയർക്ക് കഴിയും. വടക്കേ ഇന്ത്യൻ പട്ടാള മേധാവികൾക്കും അവരുടെ കുടുംബത്തിനും മാത്രം ആസ്വദിക്കാൻ പറ്റുന്ന പ്രദേശങ്ങളിൽ ഇനി കേരളീയർക്ക് കടന്നു ചെല്ലാം. കന്റോൺമെന്റ് എന്ന ഇരുമ്പുമറയെ ഇനി ഭീതിയോടെ നോക്കിക്കാണേണ്ടതില്ല.

രാജ്യസുരക്ഷയുടെ പ്രധാന കേന്ദ്രമായ ഡിഫൻസ് സെക്യൂരിറ്റി കോർ ആസ്ഥാനവും 122 ടെറിട്ടോറിയൽ ആർമി ആസ്ഥാനവും ഉൾപ്പെടുന്നതാണ് കണ്ണൂർ കന്റോൺമെന്റ് എല്ലാ കവാടങ്ങളിലും തോക്കേന്തി നിൽക്കുന്ന പട്ടാളക്കാരും അവരുടെ ബൂട്ടിന്റെ ശബ്ദവും മാത്രം കേൾക്കുന്ന ജനങ്ങൾക്ക് പുതിയൊരു അനുഭവമാവുകയാണ് കന്റോൺമെന്റ് പ്രദേശം. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കണ്ടു പഠിക്കാൻ കന്റോൺമെന്റിലേക്ക് സ്വാഗതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP