Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താനും തന്റെ അച്ഛനും മാർക്‌സിസ്റ്റുകാർ; എന്നും കാണുന്ന മാർക്‌സിസ്റ്റുകാരായ ചെറുപ്പക്കാരാണ് ഭർത്താവിനെ കൊന്നതെന്ന് തലശേരി എഴുത്താൻ സന്തോഷിന്റെ ഭാര്യ; ഐപിഎസുകാരിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മകൾ വിസ്മയ; ജയരാജന്മാരടക്കം സിപിഐ(എം) നേതാക്കളുൾപ്പെടുന്ന സർവകക്ഷി സംഘം വീട് സന്ദർശിച്ചപ്പോൾ കൊല്ലപ്പെട്ട സന്തോഷിന്റെ കുടുംബം പ്രതികരിച്ചതിങ്ങനെ

താനും തന്റെ അച്ഛനും മാർക്‌സിസ്റ്റുകാർ; എന്നും കാണുന്ന മാർക്‌സിസ്റ്റുകാരായ ചെറുപ്പക്കാരാണ് ഭർത്താവിനെ കൊന്നതെന്ന് തലശേരി എഴുത്താൻ സന്തോഷിന്റെ ഭാര്യ; ഐപിഎസുകാരിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മകൾ വിസ്മയ; ജയരാജന്മാരടക്കം സിപിഐ(എം) നേതാക്കളുൾപ്പെടുന്ന സർവകക്ഷി സംഘം വീട് സന്ദർശിച്ചപ്പോൾ കൊല്ലപ്പെട്ട സന്തോഷിന്റെ കുടുംബം പ്രതികരിച്ചതിങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയിൽ നിന്നു പുസ്തകസഞ്ചി ഏറ്റുവാങ്ങിയപ്പോൾ വിസ്മയയുടെ മനസ്സ് ഒന്നു കൂടി പിടഞ്ഞു. തലശ്ശേരിക്കടുത്ത അണ്ടലൂരിൽ കൊല ചെയ്യപ്പെട്ട എഴുത്താൻ സന്തോഷ് കുമാറിന്റെ കുടുംബത്തെ സാന്ത്വനിപ്പിക്കാൻ സർവ്വകക്ഷി സംഘത്തോടൊപ്പം എത്തിയതായിരുന്നു കലക്ടർ.

സ്‌ക്കൂൾ വിട്ടു വീട്ടിലെത്തിയ സന്തോഷിന്റെ മകൾ വിസ്മയ ആൾക്കൂട്ടം കണ്ട് ആശങ്കയിലായിരുന്നു. അച്ഛൻ കൊല ചെയ്യപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിട്ട വിസ്മയക്കും അമ്മ ബേബിക്കും കണ്ണുനീർ വറ്റിയിരുന്നില്ല. കലക്ടർ സ്വന്തം അമ്മയോടെന്നപോലെ പദവികൾ മറന്ന് കട്ടിലിൽ ഇരുന്ന് സന്തോഷിന്റെ ഭാര്യ ബേബിയോട് കാര്യങ്ങൾ തിരക്കി. ഭർത്താവിന്റെ ജോലി എന്തായിരുന്നെന്നായിരുന്നു കലക്ടർ മീർ മുഹമ്മദ് അലിയുടെ പതിയെ ഉള്ള ചോദ്യം. കൂലിപ്പണിയായിരുന്നു സാറേ, എന്ന മറുപടിയോടൊപ്പം അവരുടെ കരച്ചിലും. ഞാനും കൂലിപ്പണിക്ക് പോയാണ് കുട്ടികളെ പഠിപ്പിക്കുന്നതും കുടുംബം പുലർത്തിയിരുന്നതും. ബേബി പറഞ്ഞു തുടങ്ങി.

മാർക്‌സിസ്റ്റുകാരാണ് അദ്ദേഹത്തെ കൊന്നത്. വെട്ടേറ്റ ഉടൻ എന്റെ ഭർത്താവ് എന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നും കാണുന്ന ചെറുപ്പക്കാർ തന്നെയാണ് അദ്ദേഹത്തെ ആക്രമിച്ചത്. ചാരായവാറ്റും ബോംബു നിർമ്മാണവുമാണ് അവരുടെ പ്രധാന തൊഴിൽ. ഞാനും മാർകിസ്റ്റ് കുടുംബത്തിലാണ് ജനിച്ചത്. എന്റെ അച്ഛനും മാർകിസ്റ്റുകാരനായിരുന്നു. ഭർത്താവ് ആരോടും രാഷ്ട്രീയ വിരോധം വച്ച് പുലർത്തുന്ന ആളായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായതോടെയാണ് എല്ലാറ്റിനും തുടക്കം. അപ്പോൾ തന്നെ ഭീഷണിയും ഉയർത്തിയിരുന്നു. എന്റെ മകനേയും അവർ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.... സിപിഐ(എം) നേതാക്കളായ പി.ജയരാജൻ, എം വി ജയരാജൻ, ബിജെപി.- ആർ.എസ്.എസ് നേതാക്കളായ കെ. പ്രമോദ്, പി. സത്യ പ്രകാശ്, കോൺഗ്രസ്സ് നേതാക്കളായ സതീശൻ പാച്ചേനി, കെ. സുരേന്ദ്രൻ എന്നിവർക്ക് മുന്നിലാണ് രാഷ്ട്രീയ പകയിൽ വിധവയാക്കപ്പെട്ട ബേബിയുടെ തുറന്നുപറച്ചിൽ.

ഇതിനിടയിലാണ് സ്‌കൂളിൽ നിന്നും വിസ്മയ വീട്ടിലേക്ക് കയറി വന്നത്. അന്ധാളിപ്പോടെ എല്ലാവരേയും നോക്കിയ വിസ്മയക്ക് കോൺഗ്രസ്സ് നേതാവ് കെ.സുരേന്ദ്രൻ ഒരോരുത്തരെയായി പരിചയപ്പെടുത്തി. ഇത് ജില്ലാ കല്ക്ടർ മീർ മുഹമ്മദ് അലി. എന്നു പറഞ്ഞപ്പോൾ വിസ്മയ ബഹുമാനത്തോടെ കലക്ടർക്കു നേരെ കൈ കൂപ്പി.

അതോടെ കലക്ടറുടെ ചോദ്യം, ഇഷ്ടവിഷയം ഏതെന്നായിരുന്നു. സംസ്‌കൃതമെന്ന് വിസ്മയയുടെ മറുപടി. മികച്ച രണ്ടാമത്തെ വിഷയം ഏതെന്ന് കലക്ടർ. കണക്കെന്ന് വിസ്മയ. ഗുഡ്, എന്നു പറഞ്ഞ് കലക്ടർ സ്നേഹത്തോടെ വിസ്മയയുടെ ചുമലിൽ തട്ടി. ഭാവിയിൽ ആരാകണമെന്നായിരുന്നു അടുത്ത ചോദ്യം. ഐ.പി.എസ്. കാരിയാകണമെന്ന് ഉടൻ വിസ്മയയുടെ മറുപടി. എന്താ ഐ.എ.എസിനോട് പിണക്കം. കലക്ടർ ചോദിച്ചപ്പോൾ വിസ്മയുടെ മുഖത്ത് അല്പം നാണം. ഹോബി.എന്തെന്ന് ചോദിച്ചു. നീന്തൽ എന്നു മറുപടി. ആരാണ് നീന്തൽ പഠിപ്പിച്ചത്? അച്ഛൻ എന്നു പറയുമ്പോൾ വിസ്മയുടെ മുഖത്ത് ദുഃഖഭാവം. പിന്നെ കലക്ടർ ഏത് ഉപദേശത്തിനും നിർദേശങ്ങൾക്കും തന്നെ വന്ന് കാണാൻ മടിക്കരുതെന്ന് ഓർമ്മിപ്പിച്ചു. ഇറങ്ങാൻ നേരം മനോഹരമായ കൈത്തറി സഞ്ചിയിൽ ഇഗ്ലീഷിലും മലയാളത്തിലുമുള്ള ഇയർ ബുക്കുകൾ സമ്മാനിച്ചു. സെൽ മി. ദ ആൻസർ ലെ വിജയിയായ വിസ്മയക്ക് കലക്ടർ നൽകിയ സമ്മാനം നന്നേ പിടിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP