Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രസവ ചികിത്സക്ക് ഡോക്ടർമാരുടെ നിഷേധം; ഗൈനക്കോളജിസ്റ്റുകളുടെ വീടുകളിലെത്തി പണം നൽകിയാൽ മാത്രം മാന്യമായ ചികിത്സ; പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ജില്ലാ ആശുപത്രിയിലെ പ്രസവ ചികിത്സാ വിഭാഗം പേടിസ്വപ്നം; ആരോഗ്യമുള്ള അമ്മയിൽ നിന്നും ആരോഗ്യമുള്ള കുഞ്ഞ് എന്ന സർക്കാർ പദ്ധതി ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തന്നെ അട്ടിമറിക്കുമ്പോൾ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രസവ ചികിത്സക്ക് ഡോക്ടർമാരുടെ നിഷേധം; ഗൈനക്കോളജിസ്റ്റുകളുടെ വീടുകളിലെത്തി പണം നൽകിയാൽ മാത്രം മാന്യമായ ചികിത്സ; പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ജില്ലാ ആശുപത്രിയിലെ പ്രസവ ചികിത്സാ വിഭാഗം പേടിസ്വപ്നം; ആരോഗ്യമുള്ള അമ്മയിൽ നിന്നും ആരോഗ്യമുള്ള കുഞ്ഞ് എന്ന സർക്കാർ പദ്ധതി ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തന്നെ അട്ടിമറിക്കുമ്പോൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ പ്രസവ ചികിത്സാ ഡോക്ടർമാരുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തുന്ന ഗർഭിണികളേയും രോഗികളേയും വീട്ടിലേക്ക് നിർബന്ധ പൂർവ്വം ചികിത്സക്കായി ക്ഷണിക്കുന്നു. ഇടത്തരക്കാരും പാവപ്പെട്ടവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് വീട്ടിലെത്തി പണം നൽകിയാൽ മാത്രമേ മതിയായ ചികിത്സ നൽകാൻ തയ്യാറാകുന്നുള്ളൂ. ' ആരോഗ്യമുള്ള അമ്മയിൽ നിന്നും ആരോഗ്യമുള്ള കുഞ്ഞ് ' എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ തകിടം മറിക്കുന്ന രീതിയിലാണ് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളുടെ സമീപനം. അതുകൊണ്ടു തന്നെ ഒ.പി. വിഭാഗത്തിൽ ഒരിക്കൽ വന്നവർ പിന്നീടവിടെ വരാൻ മടിക്കുന്നു. പകരം ഡോക്ടറുടെ വീട്ടിൽ പോയി ചികിത്സ തേടുന്നു. അതിന് ഓരോ തവണയും 250 രൂപ വീതം നൽകുകയും വേണം. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സ്വന്തം ജില്ലയാണ് കണ്ണൂർ. അവിടെയാണ് ഇതെല്ലാം നടക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭാര്യയേയും കൊണ്ട് ചെന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അനുഭവം ഇങ്ങിനെ. ഉദ്യോഗസ്ഥൻ മറ്റൊരു സ്ഥലത്ത് ജോലി നോക്കുന്നതിനാൽ ഭാര്യ സ്വന്തം വീടിന് സമീപത്തെ ഡോക്ടറെ ആയിരുന്നു ആദ്യം പ്രസവ ചികിത്സക്ക് സമീപിച്ചിരുന്നത്. ഭർത്താവ് നാട്ടിലെത്തിയപ്പോൾ സർക്കാർ ആശുപത്രിയുടെ സേവനത്തിന്റെ മേന്മ വിശദീകരിക്കുകയും ഭാര്യയേയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ ഒ.പി.യിലെത്തിയപ്പോൾ നാമമാത്രമായവർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഡോക്ടറെ കാണാനുള്ള ഭാര്യയുടെ ഊഴം വന്നപ്പോൾ അവർ അകത്ത് കടക്കുകയും ഭർത്താവിനെ പുറത്ത് നിർത്തുകയുമാണുണ്ടായത്. അല്പ സമയത്തിന് ശേഷം ഭാര്യ പുറത്ത് വന്നപ്പോൾ വീട്ടിൽ ചെന്ന് കാണാത്തതിനാൽ ഡോക്ടർ അമർഷം രേഖപ്പെടുത്തിയെന്നും നല്ല രീതിയിലല്ല പെരുമാറിയതെന്നും ഭാര്യ പറഞ്ഞു. മാത്രമല്ല നേരത്തെ എടുത്ത സ്‌കാനിങിന് പകരം വീണ്ടും സ്‌ക്വാൻ ചെയ്യാൻ എഴുതിക്കൊടുക്കുകയും അതുമായി വീട്ടിൽ വരാനും പറഞ്ഞു.

ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടറെ കാണിച്ച സ്ഥിതിക്ക് സ്‌ക്വാനിങ് റിപ്പോർട്ടുമായി രണ്ടാം തവണ വീട്ടിലെത്തിയപ്പോൾ അവർ മാന്യമായി പെരുമാറി. എന്നാൽ ആശുപത്രിയിലുള്ളതിനേക്കാൾ ഗർഭിണികൾ ഡോക്ടരുടെ വീട്ടിലുണ്ടായിരുന്നു. ജില്ലാ ആശുപത്രിയിൽ പോയി കാണിച്ചാൽ പ്രസവ ചികിത്സാ ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ പെരുമാറ്റം ഇതു തന്നെയാണെന്ന് മറ്റ് ഗർഭിണികൾക്കൊപ്പം വന്നവരിൽ നിന്നും മനസ്സിലായി. അതാണ് ജില്ലാ ആശുപത്രിയിൽ പോയി കാണിക്കാൻ മെനക്കെടാതെ ഡോക്ടറുടെ വസതിയിലേക്ക് വരുന്നതെന്നും ഗർഭിണികൾ പറയുന്നു. ആശുപത്രിയിൽ വെച്ച് തന്നെ ഡോക്ടറെ കാണുന്ന ഗർഭിണികൾക്ക് സ്‌ക്വാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ യാതൊരു പരിധിയുമില്ലാതെ നടത്താൻ നിർബന്ധിക്കും.

കണ്ണൂർ താവക്കരയിൽ ഇത്തരം രണ്ട് ഗൈനക്കോളജിസ്റ്റുകളും ഒരു ലാപ്രോസ്‌ക്കോപ്പിക് വിദഗ്ദ്ധയുമുണ്ട്. ഇവരെല്ലാം സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണെങ്കിലും അവിടെ പേരിനു മാത്രമുള്ള സേവനമാണ് നടത്തുന്നത്. ഉച്ചതിരിഞ്ഞ് ഇവരുടെ വീടിന് മുന്നിൽ ഗർഭിണികളുടേയും രോഗികളുടേയും തിരക്ക് തന്നെ അതിനുദാഹരണമാണ്. സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണമുണ്ടെങ്കിലും ഇവരുടെ രോഗീ സേവനം വീടുകളിൽ വെച്ച് തന്നെയാണ്. സർക്കാർ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഗർഭിണികൾക്ക് ഇരിപ്പിടവും മറ്റുമുണ്ട്.

എന്നാൽ നിന്ന് തിരിയാൻ ഇടമില്ലാത്ത ഇവരുടെ വീടുകളിൽ ഗർഭിണികളും രോഗികളും ചികിത്സക്ക് നിർബന്ധിക്കപ്പെടുകയാണ്. പണം കൊടുത്ത് സർക്കാർ നൽകുന്ന സേവനം വിലക്ക് വാങ്ങേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ. ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്ന് രോഗികൾക്കൊപ്പമുള്ളവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP