Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

100 കിലോ മീറ്ററർ വേഗതയിൽ ചീറിപാഞ്ഞ് 514 കിലോമീറ്റർ താണ്ടിയത് വെറും 6 മണിക്കൂറും 50 മിനിട്ടും കൊണ്ട്; പതിനാല് മണിക്കൂർ യാത്രയെ പകുതിയായി ചുരുക്കി കുരുന്നിന്റെ ജീവൻ രക്ഷിച്ചു; പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പൊലീസും നാട്ടുകാരും വഴിയൊരുക്കി ഒപ്പം നിന്നു; ട്രാഫിക്കിലെ ശ്രീനിവാസന്റെ റോളിൽ ജീവിതത്തിൽ തിളങ്ങി തമീം

100 കിലോ മീറ്ററർ വേഗതയിൽ ചീറിപാഞ്ഞ് 514 കിലോമീറ്റർ താണ്ടിയത് വെറും 6 മണിക്കൂറും 50 മിനിട്ടും കൊണ്ട്; പതിനാല് മണിക്കൂർ യാത്രയെ പകുതിയായി ചുരുക്കി കുരുന്നിന്റെ ജീവൻ രക്ഷിച്ചു; പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പൊലീസും നാട്ടുകാരും വഴിയൊരുക്കി ഒപ്പം നിന്നു; ട്രാഫിക്കിലെ ശ്രീനിവാസന്റെ റോളിൽ ജീവിതത്തിൽ തിളങ്ങി തമീം

ആർ.കണ്ണൻ

തിരുവനന്തപുരം: തീയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റിയ ചിത്രമായിരുന്നു 2011 ൽ രാജേഷ് പിള്ള പുറത്തിറക്കിയ ട്രാഫിക് എന്ന മലയാള സിനിമ. എറണാകുളം ലേക് ഷോർ ഹോസ്പ്പിറ്റലിൽ നിന്നും പാലക്കാട് അഹല്യ ഹോസ്പിറ്റലിലേ ക്ക് തിരക്കേറിയ നാഷണൽ ഹൈവേ വഴി 12 മണിക്കൂർ കൊണ്ട് ഹൃദയം എത്തിക്കുക എന്ന മിഷനായിരുന്നു ചിത്രത്തിന്റെ കഥ. രണ്ടര മണിക്കൂർ പ്രേക്ഷക മനസ്സ് പിടിച്ചിരുത്തിയ ട്രാഫിക് സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു ഇന്നലെ രാത്രി 8.30 മുതൽ കേരള ജനത സോഷ്യൽ മീഡിയയുടെ മുന്നിൽ ഇരുന്നത്.

ഹൃദയ സംബന്ധമായ രോഗം ബാധിച്ച 57 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഹോസ്പിറ്റലിലേക്ക് റോഡ് മാർഗ്ഗം എത്തിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ളവർ സോഷ്യൽ മീഡിയ വഴി ഒന്നിച്ചപ്പോൾ കാരുണ്യം വറ്റാത്ത മനുഷ്യ മനസ്സുകളുടെ നേർക്കാഴ്ചയ്ക്ക് കേരളം സാക്ഷിയായി. 14 മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം 6 മണിക്കൂറും 50 മിനിട്ടും കൊണ്ട് എത്തിയപ്പോൾ പ്രാർത്ഥനയും കൈയടിയുമായി അഭിനന്ദന പ്രവാഹമായിരുന്നു.

കാസർ ഗോഡ് ബദിയടുക്ക സ്വദേശികളായ സിറാജ് - ആയിഷ ദമ്പതികളുടെ 57 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്താൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഓക്‌സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവുമായിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും നില വഷളായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ആംബുലൻസിൽ കൊണ്ടുപോകാൻ ഏറെ ശ്രമകരമായിരുന്നു. ഒരു മിനുട്ടിൽ തുടർച്ചയായി നാലു ലിറ്റർ ഓക്‌സിജൻ അവശ്യമായിരുന്നു. തുടർന്ന് കണ്ണൂരിലെ 108 ആംബുലൻസ് അധികൃതരുമായി ബന്ധപ്പെടുകയും മിഷൻ രൂപീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി പൊലീസ് അധികാരികളുമായും കേരളത്തിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർമാരുമായും സന്നദ്ധ സംഘടനാ പ്രവർത്തകരുമായി സംസാരിച്ച് കണ്ണൂർ റ്റു എസ്.സി.റ്റി എന്ന മിഷൻ രൂപീകരിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശി തമീം കുഞ്ഞിനെ കൊണ്ടു പോകാനായുള്ള ആംബുലൻസിന്റെ അമരക്കാരനായി.

ഐ.സി.യു. ആംബുലൻസായ സി.എം.സി.സി ആംബുലൻസ് മിഷനായി തയ്യാറായി. ആംബുലൻസ് കെയർ നൽകാനായി കാസർഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ ഐ.സി.യു. നേഴ്‌സ് റ്റിന്റോയെ പ്രത്യേകം വിളിച്ചു വരുത്തി. രാവിലെ മുതൽ തയ്യാറായി വന്ന മിഷന്റെ ഭാഗമായി സോഷ്യൽ മീഡിയ വഴി ആംബുലൻസ് കടന്നു വരുന്ന വിവരം ഏവരെയും അറിയിച്ചു. 8.30 ന് പരിയാരത്ത് നിന്നും ആംബുലൻസ് യാത്ര തിരിച്ചു. എസ്‌കോർട്ടായി പൊലീസും. സോഷ്യൽ മീഡിയ വാഹനം പുറപ്പെട്ടതോടെ സജീവമായി.

 ഓരോ സ്ഥലം കഴിയുംമ്പോഴും നിർദ്ധേശങ്ങൾ പാസ് ചെയ്തു. പൊലീസും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും റോഡിലെ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസ് കടത്തിവിട്ടു. ആലപ്പുഴ വഴി തിരുവനന്തപുരം വരെ ഒരു തടസ്സവുമില്ലാതെ 6.50 മണിക്കൂർ കൊണ്ട് ആംബുലൻസ് എത്തി . 3.20 ന് എസ്.സി.ടി ഹോസ്പ്പിറ്റലിൽ എത്തിച്ചു. കുഞ്ഞിനെ ഉടൻ എൻ.ഐ.സി.യുവിലേക്ക് പ്രവേശിപ്പിച്ചു. ഇതോടെയാണ് ഏവർക്കും ശ്വാസം നേരെ വീണത്. കേരളം കണ്ട മറ്റൊരു മിഷൻ പൂർത്തിയായതിന്റെ സംതൃപ്തി ഏവരുടെയും മുഖങ്ങളിൽ മിനി തിളങ്ങി.

കേരളത്തിലെ റോഡ് മാർഗ്ഗം എങ്ങനെ ഏഴു മണിക്കൂർ കൊണ്ട് എത്താനാകും എന്ന് ആശങ്കയുണ്ടായിരുന്നതായി ആംബുലൻസ് ഡ്രൈവർ തമീം മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ വന്ന വഴിയിൽ ഒരിടത്തും വാഹനം നൂറിൽ താഴെ പോയില്ല. ഇടയ്ക്ക് കുഞ്ഞിന് പാൽ കൊടുക്കാൻ മാത്രം പത്ത് മിനിട്ട് നിർത്തിയതല്ലാതെ മറ്റെങ്ങും നിർത്തേണ്ട സാഹചര്യം ഉണ്ടായില്ല. പൊലീസും നാട്ടുകാരും ആംബുലൻസ് ഡ്രൈവേഴ്സ് സംഘടനയായ കെഎഡിടിഎ പ്രവർത്തകർ ആംബുലൻസിനു വഴിയൊരുക്കാൻ ടൗണുകളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു. മറ്റു ആംബുലൻസ് ജീവനക്കാരും പൊലീസും തിരക്ക് പരിഹരിച്ചു കൊടുക്കുകയും ചൈൽഡ് പ്രൊട്ടക്ഷൻ സംഘം മറ്റു സഹായങ്ങൾ ലഭ്യമാക്കിയും ഓരോ ജില്ലയിലും നിലയുറപ്പിച്ചിരുന്നു എന്നും തമീം പറഞ്ഞു.

ജീവനുവേണ്ടി കിലോമീറ്ററുകൾ വാഹനങ്ങളിൽ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തത് ഏറെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കേരളത്തിൽ അടിയന്തിര സാഹചര്യത്തിൽ എയർ ആംബുലൻസ് ല്യമാക്കാനുള്ള നടപടികൾ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP