Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെയും മറ്റന്നാളും കീഴല്ലൂർ പഞ്ചായത്തിലേയും മട്ടന്നൂർ നഗരസഭയിലേയും ആളുകൾക്ക് മാത്രം പ്രവേശനം; 12ന് സ്‌കൂൾ വിദ്യാർത്ഥികൾക്കും: ആൾക്കൂട്ടം തള്ളിക്കയറി നാശനഷ്ടങ്ങൾ ഉണ്ടായതോടെ കണ്ണൂർ എയർപോർട്ടിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ; പാസില്ലാതെ ആരെയും ഇനി സന്ദർശിക്കാൻ അനുവദിക്കില്ല; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

നാളെയും മറ്റന്നാളും കീഴല്ലൂർ പഞ്ചായത്തിലേയും മട്ടന്നൂർ നഗരസഭയിലേയും ആളുകൾക്ക് മാത്രം പ്രവേശനം; 12ന് സ്‌കൂൾ വിദ്യാർത്ഥികൾക്കും: ആൾക്കൂട്ടം തള്ളിക്കയറി നാശനഷ്ടങ്ങൾ ഉണ്ടായതോടെ കണ്ണൂർ എയർപോർട്ടിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ; പാസില്ലാതെ ആരെയും ഇനി സന്ദർശിക്കാൻ അനുവദിക്കില്ല; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം കാണാൻ നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം. വിമാനത്താവളം കാണാൻ ആളുകൾ തിക്കിത്തിരക്കിനാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നൽകുന്നത്. നാളെയും മറ്റന്നാളും കീഴല്ലൂർ പഞ്ചായത്തിലേയും മട്ടന്നൂർ നഗരസഭയിലേയും ആളുകൾക്കാണ് പ്രവേശനാനുമതി. 12-ന് വിമാനത്താവളം കാണാൻ ആഗ്രഹിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.

ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയത്. സന്ദർശകർ കണക്കില്ലാതെ ഇരച്ചു കയറിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. വിമാനത്താവളത്തിലെ അലങ്കാരപ്പണികൾ അലങ്കോലമായി. വിമാനത്താവളത്തിനകത്തെ വാതിൽ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകർന്നു. അലങ്കാര പണികൾ പൂർത്തിയാക്കിയ പലതും വികലമായി. ആൾക്കാർ തിക്കി തിരക്കിയതോടെ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിമാനത്താവളത്തിനകത്തെ ജീവനക്കാർ ദുരിതത്തിലായിരുന്നു.

കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാൽ എട്ട്, ഒൻപത് തീയതികളിൽ വിമാനത്താവളത്തിൽ പ്രവേശനം നിർത്തിവെച്ചിരുന്നു. സന്ദർശനം അനുവദിച്ച അഞ്ചുമുതൽ നിയന്ത്രണാതീതമായ ജനത്തിരക്കാണ് വിമാനത്താവളത്തിലുണ്ടായത്. ഇതേ തുടർന്ന് വിമാനത്താവളം കാണാൻ എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കിയാൽ തീരുമാനിക്കുക ആയിരുന്നു. പാസില്ലാതെ ഇനി ആരെയും വിമാനത്താവളം സന്ദർശിക്കാൻ അനുവദിക്കില്ല.

അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. ഡിസംബർ 11നാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ വിമാനത്താവളം സന്ദർശിച്ചു. കിയാൽ അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി. വിമാനത്താവളം സന്ദർശിക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായ സാഹചര്യവും തുടർന്ന് ഏർപ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളും യോഗം വിലയിരുത്തി.

വിമാനത്താവളത്തിൽ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷൻ അധികൃതർ പരിശോധന നടത്തുന്നുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് പരിശോധന. വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്ച കിയാൽ എം.ഡി. വി.തുളസീദാസ് ചർച്ച നടത്തും. സർവീസ് തുടങ്ങാൻ ധാരണയായ എയർ ഇന്ത്യ, ഇൻഡിഗോ, ഗോ എയർ കമ്പനികളോടൊപ്പം സർവീസിന് താത്പര്യമറിയിച്ച മറ്റുകമ്പനികളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തേക്കും. വിമാനത്താവളത്തിൽനിന്ന് ആദ്യം സർവീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചർച്ചയിൽ ധാരണയാകും.

കർണാടകത്തിലെ കുടകിൽ നിന്നും വയനാട്, കാസർഗോഡ് ജില്ലയിൽ നിന്നുമാണ് സന്ദർശകർ ഏറെയുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് വിമാനത്താവളത്തിലേക്ക് സന്ദർശകർക്ക് അനുവദിച്ച സമയം. എന്നാൽ രാവിലെ 9 ന് മുമ്പ് തന്നെ ജില്ലക്കകത്തും പുറത്തും നിന്നുള്ളവർ എത്തുന്നു. വിമാനത്താവളത്തിനു വേണ്ടി ഭൂമി വിട്ട് കൊടുത്തവരും ഓഹരി ഉടമകളും അവരുടെ ബന്ധുക്കളും സ്‌ക്കൂൾ, കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരാണ് സന്ദർശകരായി എത്തുന്നത്.

മട്ടന്നൂർ നഗരസഭയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും കാൽനടയായും ആളുകളെത്തിയിരുന്നു. സിഐ. എസ്. എഫും കിയാൽ ജീവനക്കാരും ചേർന്നാണ് സന്ദർശകരെ നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിന്റെ റൺവേ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ സന്ദർശകർക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ഡിസംബർ 9 നാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നുയരുക. അതിന് ഇനി 62 ദിവസങ്ങളാണ് ഉള്ളത്. പ്രവാസികൾക്കൊപ്പം നാട്ടുകാരും വലിയ പ്രതീക്ഷയിലാണ്. ചെലവ് കുറഞ്ഞ യാത്രക്കുള്ള ഉഡാൻ പദ്ധതിയിൽ കണ്ണൂർ വിമാനത്താവളം അർഹമായി എന്നതിനാൽ തങ്ങൾക്ക് രാജ്യത്തിനകത്തെങ്കിലും വിമാനത്തിൽ പറക്കാമെന്ന മോഹമാണ് സഫലീകരിക്കപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP