Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാന്തപുരത്തിന്റെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പദം: വ്യാജമാണെന്നാരോപിച്ച് മറ്റൊരു ഉദാഹരണവുമായി എതിർവിഭാഗം; ഫോട്ടോകളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ പ്രചാരണം; ബറേൽവി ശരീഫിൽ താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തിട്ടും കാന്തപുരത്തെ ക്ഷണിച്ചില്ലെന്ന് വാദം; ഉസ്താദിനോട് അസൂയയും കുശുമ്പും ഉള്ളവരാണ് പ്രചാരണത്തിന് പിന്നിലെന്ന് കാന്തപുരം അണികളും

കാന്തപുരത്തിന്റെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പദം: വ്യാജമാണെന്നാരോപിച്ച് മറ്റൊരു ഉദാഹരണവുമായി എതിർവിഭാഗം; ഫോട്ടോകളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ പ്രചാരണം; ബറേൽവി ശരീഫിൽ താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തിട്ടും കാന്തപുരത്തെ ക്ഷണിച്ചില്ലെന്ന് വാദം; ഉസ്താദിനോട് അസൂയയും കുശുമ്പും ഉള്ളവരാണ് പ്രചാരണത്തിന് പിന്നിലെന്ന്  കാന്തപുരം അണികളും

ജംഷാദ് മലപ്പുറം

മലപ്പുറം: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പദം വ്യാജമാണെന്നാരോപിച്ച് മറ്റൊരു ഉദാഹരണവുമായി എതിർവിഭാഗം സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം തുടരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേൽവി ശരീഫിൽ വെച്ചു നടന്ന താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തിട്ടും കാന്തപുരത്തെ ക്ഷണിച്ചില്ലെന്നും കാന്തപുരത്തിന് ഗ്രാൻഡ് മുഫ്തി പദമില്ലാത്തതിനാലാണ് ക്ഷണം ലഭിക്കാതിരുന്നതെന്നും അല്ലെങ്കിൽ ചടങ്ങിലെ മുഖ്യാതിഥി കാന്തപുരമാകുമായിരുന്നുവെന്നുമാണ് കാന്തപുരത്തെ എതിർക്കുന്നവർ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്.

താജുശരി അക്തു റസാഖാൻ എന്ന ബറേൽവികളുടെ പ്രമുഖ പണ്ഡിതൻ 2018 ജുലൈയിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിൻഗാമിയായാണ് കാന്തപുരത്തെ തെരഞ്ഞെടുത്തതെന്ന് കാന്തപുരം അണികൾ തന്നെ പറഞ്ഞിരുന്നുവെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചാരണം നടത്തുന്നവർ ആരോപിക്കുന്നത്. യഥാർത്ഥ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ കീഴിൽ ബറേൽവി ശരീഫിൽ വച്ച് നടന്ന താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തതായി കാണിച്ച് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളുമായാണ് കാന്തപുരത്തിന്റെ ഗ്രാൻഡ് മുഫ്തി പദത്തെ എതിർവിഭാഗം കളിയാക്കുന്നത്. ചടങ്ങിലേക്ക്, കേരളത്തിലെ വ്യാജ മുഫ്തിയെ ക്ഷണിക്കുക പോലും ഉണ്ടായില്ലെന്നും, ബറേൽവി വിഭാഗക്കാരാണ് കാന്തപുരത്തെ ഗ്രാൻഡ് മുഫ്തി ആയി നിയോഗിച്ചതെന്നും അവരുടെ അണികൾ തന്നെ വ്യക്തമാക്കുമ്പോൾ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് യാഥാർഥ്യം മനസ്സിലാക്കിത്തരുന്നതാണെന്നും കാണിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം. കാന്തപുരത്തിന്റെ നുണകൾ ഓരോന്ന് പൊളിഞ്ഞു വീഴുന്നത് കാണാൻ കാലം സാക്ഷിയാണെന്നും ഇവർ പറയുന്നു,

എന്നാൽ വിപുലമായ പരിപാടിയിൽ ഉത്തർപ്രദേശിലെ ബറേൽവിയിൽ നടന്ന ഒന്നാം ഉറൂസ് മുബാറക് ആഘോഷ പൂർവം കഴിച്ചപ്പോൾ ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പണ്ഡിതരും നേതാക്കന്മാരും പങ്കെടുത്തപ്പോഴും കാന്തപുരം പങ്കെടുത്തില്ല. സത്യത്തിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടത് കേരളത്തിൽനിന്നുള്ള കാന്തപുരം അബൂബക്കർ മുസ്ല്യാരായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണംപോലും ലഭിച്ചില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ എതിർവിഭാഗം ആരോപിക്കുന്നത്, ബറേൽവി വിഭാഗത്തിന്റെ ഉപാധ്യക്ഷൻ കൂടിയായ ഉപാധ്യക്ഷൻ കൂടിയായ ശൈഖ് സൽമാൻഖാൻ എന്ന അവരുടെ നേതാവ് അറിയിച്ചിട്ടുള്ളതെന്നും ആരോപിക്കുന്നു, ഇന്ത്യൻ ഗ്രാഫ്മുഫ്ത്തി പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്നും ഇതിനാലാണ് കാന്തപുരത്തിനും അദ്ദേഹത്തിന്റെ വിഭാഗത്തിനും ഇവിടേക്ക് ക്ഷണം ലഭിക്കാത്തതെന്നും ഇക്കൂട്ടർ പറയുന്നു,

എന്നാൽ ആരോപണത്തിൽ യാതൊരു കഴമ്പില്ലെന്നും കാന്തപുരം ഉസ്താദിനോട് അസൂയയും കുശുമ്പും ഉള്ളവരാണ് ഇത്തരത്തിൽ പ്രചരണവുമായി രംഗത്തിറങ്ങുന്നവരെന്നും കാന്തപുരം അണികൾ പറയുന്നു, വിഷയത്തിൽ കാന്തപുരത്തിനെതിരെ നേരത്തെ ഇ.കെ സമസ്ത നേതാക്കൾ പത്രസമ്മേളനം നടത്തിയതും ഇതിന്റെ ഭാഗമാണെന്നും ഇത്തരം ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും കാന്തപുരം വിഭാഗം നേതാക്കൾ പറഞ്ഞു. 200 അംഗ പണ്ഡിത സഭയാണ് കാന്തപുരത്തിന് ഗ്രാൻഡ് മുഫ്തി പദവി നൽകിയതെന്നും ഇതിലെ ഒരു വിഭാഗം മാത്രമാണ് ബറേൽവി വിഭാഗമെന്നും ഇവർ പറയുന്നു. ഇതിനാൽ ഇവരുടെ ചടങ്ങിൽ പങ്കെടുത്തില്ലെന്ന് പറയുന്നതിൽ അർഥമില്ലെന്നും ഇവർ പറയുന്നു.

അതേ സമയം കാന്തപുരത്തിന് ഗ്രാൻഡ് മുഫ്തി ലഭിച്ചതിനെ ചൊല്ലി കേരളത്തിലെ മുസ്ലിം സംഘടനകൾ തമ്മിൽ തർക്കം നേരത്തെ രൂപപ്പെട്ടിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ബറേലികളുടെ അഖിലേന്ത്യാ ഗ്രാൻഡ് മുഫ്തി പദവി ലഭിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നാരോപിച്ച് സമസ്ത വിഭാഗം നേതാക്കളാണ് രംഗത്തെത്തിയിരുന്നത്. തിരുകേശ വിവാദത്തിനു ശേഷം ഇതാദ്യമായാണ് ഇ.കെ സുന്നികളുടെ പണ്ഡിതസഭ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ പരസ്യമായി രംഗത്തു വന്നത്.

കഴിഞ്ഞ വർഷം നിര്യാതനായ ഗ്രാൻഡ് മുഫ്തി അഖ്തർ റസാഖാന്റെ ഔദ്യോഗിക പിൻഗാമിയായി നിയമിച്ചിരിക്കുന്നത് മകൻ മുഫ്തി അസ്ജാദ് റാസാഖാനെയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അസ്ജദ് റസാഖാനെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചതിന്റെ ഔദ്യോഗിക രേഖയും സമസ്ത നേതാക്കൾ മാധ്യമങ്ങൾക്ക് നൽകി. കാന്തപുരത്തിന്റേത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടെണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രറി കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.

പുതിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം അബൂബക്കർ മുസ്ലിയാരെ നിയമിച്ചൂവെന്ന് മാസങ്ങൾക്ക് മുമ്പാണ് എ.പി വിഭാഗം സുന്നികൾ അവകാശപ്പെട്ട് തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരിൽ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ സമസ്തയിൽ നിന്നു വിഘടിച്ചുപോയവരാണ് കാന്തപുരം വിഭാഗം. അവരുമായുള്ള ഐക്യചർച്ചകൾക്ക് സമസ്ത എന്നും അനുകൂലമാണെന്നും എന്നാൽ കാന്തപുരത്തിന്റെ ആത്മീയ ചൂഷണങ്ങളോടും വേഷംകെട്ടലുകളോടും ഒരുനിലക്കും രാജിയാവാനാകില്ലെന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. എ.പി വിഭാഗത്തിനെതിരേ ഇ.കെ വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന ഇരുസംഘടനകളുടെയും ലയന ചർച്ചകളും വഴിമുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP