Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്തപുരത്തെ കൂടെകൂട്ടി ഐക്യം സാധ്യമാകില്ലെന്ന സത്യം മനസ്സിലാക്കി സുന്നി സംഘടനകൾ; കക്കോവ് പള്ളിയിലെ തെരഞ്ഞെടുപ്പും പുതിയ മുടികിട്ടിയതായ വെളിപ്പെടുത്തലും മുടിവെള്ള വിതരണവും കാന്തപുരത്തെ അകറ്റി നിർത്താൻ കാരണമായി; പ്രാദേശിക തലത്തിലെ ഐക്യനബിദിനാഘോഷങ്ങൾ വിലക്കിയതിന് പുറമെ കാന്തപുരത്തിന്റെ പുതിയ നടപടികൾക്കെതിരെ പ്രസ്താവന ഇറക്കി ഇ.കെ സുന്നിനേതാക്കൾ; മുടിവെള്ള വിതരണത്തിൽ കടുങ്ങി സുന്നി ഐക്യം

കാന്തപുരത്തെ കൂടെകൂട്ടി ഐക്യം സാധ്യമാകില്ലെന്ന സത്യം മനസ്സിലാക്കി സുന്നി സംഘടനകൾ; കക്കോവ് പള്ളിയിലെ തെരഞ്ഞെടുപ്പും പുതിയ മുടികിട്ടിയതായ വെളിപ്പെടുത്തലും മുടിവെള്ള വിതരണവും കാന്തപുരത്തെ അകറ്റി നിർത്താൻ കാരണമായി; പ്രാദേശിക തലത്തിലെ ഐക്യനബിദിനാഘോഷങ്ങൾ വിലക്കിയതിന് പുറമെ കാന്തപുരത്തിന്റെ പുതിയ നടപടികൾക്കെതിരെ പ്രസ്താവന ഇറക്കി ഇ.കെ സുന്നിനേതാക്കൾ; മുടിവെള്ള വിതരണത്തിൽ കടുങ്ങി സുന്നി ഐക്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രഖ്യാപിത സുന്നി ഐക്യത്തിൽ കാന്തപുരത്തെ ഒഴിവാക്കാൻ തീരുമാനമെടുക്കുന്നതായി സൂചനകൾ. കഴിഞ്ഞ ആഴ്ച വഖഫ് ബോർഡ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ കക്കോവ് പള്ളിയിലെ തെരഞ്ഞെപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും, പുതിയ മുടിയുമായി കാന്തപുരം രംഗപ്രവേശനം ചെയ്തതും, കഴിഞ്ഞ ദിവസം റബീഉൽ അവ്വലിന്റെ ഭാഗമായി മർകസിൽ മുടിവെള്ള വിതരണം നടത്തിയതുമെല്ലാം പുതിയ സുന്നി ഐക്യത്തിൽ നിന്ന് കാന്തപുരത്തെ മാറ്റിനിർത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ബലമേകും. നേരത്തെ പലയിടത്തും പ്രാദേശികമായി സംയുക്ത നബിദിന ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായിരുന്നെങ്കിലും നേതൃത്വം പറയാതെ അത്തരം പരിപാടികൾ നടത്തേണ്ടതില്ലെന്ന് നാസർഫൈസി കൂടത്തായി പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഒരാഴ്ച മുമ്പ് കോഴിക്കോട് നടന്ന ഇ.കെ സമസ്തവിഭാഗത്തിന്റെ യോഗത്തിലായിരുന്നു ഈ തീരുമാനമെടുത്തിരുന്നത്. കാന്തപുരം പുതിയ മുടിയുമായി രംഗത്ത് വരികയും കഴിഞ്ഞ ദിവസം റബീഉൽഅവ്വലിന്റെ ഭാഗമായുള്ള മുടിവെള്ള വിതരണവും നടത്തിയ പശ്ചാതലത്തിലാണ് ഇ.കെ സമസ്തയുടെ നേതൃത്വത്തിൽ കാന്തപുരവുമായി യോജിച്ചു പോകാനാകില്ലെന്ന നിലപാടിൽ ഇന്നലെ വീണ്ടും സംയുക്തപ്രസ്താവന ഇറക്കിയത്. കേരളത്തിലെ സുന്നീ സമൂഹം ഐക്യ സാധ്യതകൾക്ക് കാതോർത്തിരിക്കുമ്പോൾ അവക്ക് വിഘാതമാവുന്ന വിധത്തിൽ വീണ്ടും ഒരു കേശവുമായി പ്രത്യക്ഷപ്പെട്ട കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ നിലപാട് ഖേദകരമാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, എസ്‌കെഎംഇഎ സംസ്ഥാന ജനറൽ സെക്രട്ടരി മുസ്തഫ മുണ്ടുപാറ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടരി നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടരി സത്താർ പന്തലൂർ എന്നിവർ സംയുക്തമായി പ്രസ്താവന ഇറക്കിയത്.

യാതൊരു അടിസ്ഥാനവുമില്ലാതെ നേരത്തെ കൊണ്ടുവന്ന കേശം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിനിടയിലും ഉണ്ടാക്കിയ വിവാദങ്ങളും ആധികാരികത സ്ഥിരീകരിക്കാൻ കഴിയാതെ വന്നതും വിസ്മരിച്ചു കൂടാ. ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. വിശ്വാസി സമൂഹത്തെ വീണ്ടും വീണ്ടും വഞ്ചിക്കുക വഴി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന കാര്യം ആ വിഭാഗത്തിലെ മറ്റുള്ള നേതൃത്വമെങ്കിലും ഗൗരവപൂർവ്വം കാണണം. കക്കോവിലെ പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം കാണിച്ച അവിവേകങ്ങൾ സുന്നി സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് മലപ്പുറം ജില്ലയിൽ കക്കോവ് ജുമാ മസ്ജിദിൽ വഖഫ് ബോർഡിന്റെ ഉത്തരവിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നത്. തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ ബാലറ്റ് പെട്ടി എടുത്തോടിയ എപി വിഭാഗം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് തൊട്ടുടത്ത ദിവസങ്ങളിൽ തന്നെയാണ് കാന്തപുരം തനിക്ക് പ്രവാചകന്റെ തിരുകേശം വീണ്ടും ലഭിച്ചിട്ടുണ്ടെന്ന രീതിയിൽ പ്രസ്താവന നടത്തിയതും മർകസിൽ വെച്ച് പഴയ മുടിയുടെ പ്രദർശനവും മുടിവെള്ളം വിതരണം നടത്തുകയും ചെയ്തത്. കാന്തപുരത്തിന്റെയും അനുയായികളുടെയും ഈ നിലപാടുകളുമായി ഐക്യപ്പെട്ട് മുന്നോട്ട് പോകാനാകില്ലെന്ന തീരുമാനത്തിലാണിപ്പോൾ ബഹുഭൂരിപക്ഷ സുന്നി നേതാക്കളും. വരും ദിവസങ്ങളിൽ ഇവരെല്ലാവരും ചേർന്ന് പ്രഖ്യാപിത സുന്നി ഐക്യത്തിൽ നിന്ന് കാന്തപുരത്തെ മാറ്റിനിർത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കാരന്തൂർ മർകസിൽ തിങ്കളാഴ്ചയാണ് മുടിവെള്ള വിതരണം നടന്നത്. പതിനായിരങ്ങളാണ് ഇവിടെ ഇതിനായി തിക്കി തിരക്കിയത്. പുലർച്ചെ മുതൽ ആയിരക്കണക്കിന് വാഹനങ്ങളാണ് മർകസിലെത്തിയത്. ഇതിനെ തുടർന്ന് കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. അതീവ രഹസ്യമായി മർകസിലെ സ്ഥിരം സന്ദർശകരിലേക്ക് വിവരങ്ങൾ കൈമാറിയാണ് വെള്ളം വിതരണം ചെയ്യുന്ന അറിയിപ്പ് നൽകിയത്.

പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരം അവകാശപ്പെടുന്ന മുടിയിട്ട വെള്ളമാണ് കുപ്പിയിലാക്കി ഇന്ന് മർകസിൽ വിതരണം ചെയ്യുന്നത്. സിറാജ് ദിനപ്പത്രത്തിൽ പോലും ഇത് സംബന്ധിച്ച് അറിയിപ്പോ വാർത്തകളോ ഉണ്ടായിരുന്നില്ല. പുലർച്ചെ മുതൽ കാരന്തൂർ, കുന്ദമംഗലം ഭാഗങ്ങളിൽ പതിവിന് വീപരീതമായി വാഹനപ്പെരുപ്പം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ പോലും വിവരം അറിയുന്നത്. റോഡിലുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാൻ മർകസിലെ വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്. മാധ്യമങ്ങൾക്ക് അകത്തേക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫോട്ടെയെടുക്കുന്നതിനും വിലക്കുണ്ട്.

പലഘട്ടങ്ങളിലായി ഈ വെള്ളമാവശ്യപ്പെട്ടവരോടും, സ്ഥിരമായി മർകസിൽ വരുന്നവരം സംഭാവന നൽകുന്നവരുമാണ് മുടിവെള്ളം വാങ്ങാനെത്തിയത്. കാന്തപുരം നേരിട്ടാണ് വെള്ളം വിതരണം ചെയ്യുന്നത്. ആയിരം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഒരുകുപ്പി വെള്ളത്തിന് സംഭാവനയായി മർകസിന് ലഭിക്കുന്നുണ്ട്. നേരത്തെ അറിയിപ്പ് ലഭിക്കാത്തവർക്ക് വെള്ളം ലഭിച്ചില്ല. എങ്കിലും വിതരണമുണ്ടെന്ന് കേട്ടറിഞ്ഞും നിരവധിയാളുകൾ എത്തി.

മർകസ് നോളെജ് സിറ്റി, തിരുകേശം സ്ഥാപിക്കാനുള്ള പള്ളിയുടെ നിർമ്മാണം എന്നിവക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ഇന്ന് ഇത്തരത്തിലൊരു മുടിവെള്ള വിതരണം സംഘടിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. ഏതായാലും ഇപ്പോഴും പതിനായിരക്കണക്കിനാളുകളാണ് മർകസിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളുണ്ടാകുന്നുണ്ടെങ്കിലും നിമിഷ നേരംകൊണ്ട് അവ പരിഹരിക്കാനും മർകസിലെ വളണ്ടിയർമാർക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നുപോലും നിരവധിയാളുകൾ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP