ഇതുപോലൊരു ഉൽസവം ഇനി വരാനില്ല; ഒരാഴ്ച മുമ്പ മട്ടന്നൂർ ഒരുങ്ങും ദീപാലങ്കാരങ്ങളോടെ; ഉദ്ഘാടനനാളിൽ ടെർമിനൽ കെട്ടിടത്തിൽ ആദ്യവിമാനത്തിലെ യാത്രക്കാർക്ക് വരവേൽപ്; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യവിമാനയാത്രയ്ക്കായി ഒരുക്കങ്ങൾ തകൃതി
November 20, 2018 | 09:00 PM IST | Permalink

രഞ്ജിത്ത് ബാബു
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാട് മുഴുവൻ ഉത്സവമായി കൊണ്ടാടാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനത്തിന്റെ ഒരാഴ്ചമുമ്പു തന്നെ വീടുകൾ വൈദ്യുതാലങ്കാരം നടത്താനും വിമാനത്തിന്റെ സൂചക ചിത്രങ്ങൾ കൊണ്ട് നാടുമുഴുവൻ പ്രചരിപ്പിക്കാനും സംഘാടക സമിതി ആഹ്വാനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ സംഘാടക സമിതിയോഗം ഉത്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി മട്ടന്നൂർ പട്ടണത്തിലും പരിസരങ്ങളിലും ദീപാലങ്കാരം ഒരുക്കും. മട്ടന്നൂർ പട്ടണത്തിൽ നഗരസഭയും വായന്തോട് മുതൽ വിമാനത്താവളം വരെയുള്ള ഭാഗത്ത് പ്രാദേശിക സംഘാടക സമിതിയുമായിരിക്കും ദീപാലങ്കാരം ഒരുക്കുക. പട്ടണത്തിലെ വ്യാപാരികളോട് വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കാനും അഭ്യർത്ഥിക്കും. ജില്ലയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ജില്ലാ അതിർത്തിയിലും കിയാലിന്റെ ആഭിമുഖ്യത്തിൽ ഹോർഡിങ്ങ് സ്ഥാപിക്കും. ഹരിത പെരുമാറ്റം പൂർണമായി പാലിച്ച് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രമേ പ്രചാരണ ബോർഡ്, ബാനർ എന്നിവക്ക് ഉപയോഗിക്കാവൂ എന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്നും യോഗം തീരുമാനിച്ചു. ഉദ്ഘാടന ദിവസം പ്രധാന വേദിയിൽ രാവിലെ എട്ട് മണി മുതൽ കലാപരിപാടികൾ ആരംഭിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ വി തുളസീദാസ് അറിയിച്ചു. ഒമ്പത് മണിക്ക് മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കോളികൊട്ട് നടക്കും.
10 മണിക്കായിരിക്കും ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ഉദ്ഘാടന വിമാനത്തിൽ പോകുന്ന യാത്രക്കാരെ വായന്തോട് ജങ്ങ്ഷനിൽ നിന്ന് പ്രത്യേക വാഹനത്തിലായിരിക്കും വിമാനത്താവളത്തിലേക്ക് കൊണ്ടുവരിക. ഏഴ് മണി മുതൽ യാത്രക്കാരെ ചെക്ക് ഇൻ ചെയ്യും. രാവിലെ 6.30 ന് ഇവരോട് വായന്തോട് ജങ്ങ്ഷനിൽ എത്താൻ നിർദ്ദേശിക്കുമെന്നും എംഡി അറിയിച്ചു. ടെർമിനൽ കെട്ടിടത്തിൽ ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് വരവേൽപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ദിവസം വിമാനത്താവളത്തിലേക്ക് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവ മട്ടന്നൂർ ഹൈസ്‌ക്കൂൾ, പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം. കിയാലിന്റെ പാസുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമേ വിമാനത്താവള പരിസരത്തേക്ക് കടത്തിവിടൂ. പാർക്കിങ്ങ് പോയിന്റിൽ നിന്ന് പ്രത്യേക ബസ്സുകൾ ഏർപ്പെടുത്തി യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കും. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് കുടിവെള്ള സൗകര്യം ഒരുക്കാനും യോഗം നിർദ്ദേശിച്ചു.
ഡിസംബർ ഏഴിന് മട്ടന്നൂരിൽ വിപുലമായ വിളംബര ഘോഷയാത്ര നടത്താനും യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഇ പി ലത, എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കിയാൽ മാനേജിങ്ങ് ഡയറക്ടർ വി തുളസീദാസ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ, കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ പി ജോസ്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ രാജൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.