Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നികുതി വെട്ടിച്ചവർക്ക് മാപ്പ് നൽകാൻ ബജറ്റിൽ ഉണ്ടായ നിർദ്ദേശവും തിരിച്ചടിയായി; 150 കോടി ശേഖരിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ നേടിയത് 20 കോടി മാത്രം; കാരാട്ട് ഫൈസലിന്റെതടക്കം നിരവധി പുതുചേരി കാറുകൾ വിറ്റ് കൈയൊഴിഞ്ഞു

നികുതി വെട്ടിച്ചവർക്ക് മാപ്പ് നൽകാൻ ബജറ്റിൽ ഉണ്ടായ നിർദ്ദേശവും തിരിച്ചടിയായി; 150 കോടി ശേഖരിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ നേടിയത് 20 കോടി മാത്രം; കാരാട്ട് ഫൈസലിന്റെതടക്കം നിരവധി പുതുചേരി കാറുകൾ വിറ്റ് കൈയൊഴിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച മാപ്പാക്കൽ പദ്ധതി പൊളിഞ്ഞു. ഒരു മാസം കൊണ്ട് 200 കോടി രൂപ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. കിട്ടിയത് വെറും 20 കോടിയും. പദ്ധതി പ്രകാരം നികുതിയടച്ചത് 247 പേർ മാത്രമാണ്.ഈ പദ്ധതിയിലൂടെ പിഴയടക്കം നികുതി പിരിച്ചെടുക്കാനായി മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും തുടങ്ങിവച്ച ക്രിമിനൽ അന്വേഷണം അട്ടമിറിക്കുകയും ചെയ്തുയ നികുതി അടയ്ക്കാനുള്ള 622 വാഹന ഉടമകളിൽ ചിലർ കോടതിയെ സമീപിക്കുകയും മറ്റു ചിലർ വാഹനം പുതുച്ചേരിയിലേക്കു കടത്തുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി എല്ലാം പൊളിച്ചു.

നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചു കേരളത്തിലെ 2357 വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ െചയ്തതായാണു മോട്ടോർ വാഹന വകുപ്പു കണ്ടെത്തിയിരുന്നത്. ഇതിൽ 1007 പേർക്കു നോട്ടിസ് നൽകി. നികുതി അടയ്ക്കാത്തവർക്കെതിരെ വ്യാജ രേഖ ചമച്ചതിനും മറ്റും ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ഫെബ്രുവരി രണ്ടിനു ബജറ്റിൽ മാപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ അന്വേഷണം തീർന്നു. ഏപ്രിൽ 30ന് അകം നികുതി അടയ്ക്കുന്നവർക്കു പിഴ ഒഴിവാക്കി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാപ്പാക്കലിനു മുൻപു 138 പേർ നികുതിയടച്ചതു വഴി 13 കോടി കിട്ടിയിരുന്നു.

സുരേഷ് ഗോപി എംപി, നടി അമലാ പോൾ തുടങ്ങിയ പ്രമുഖരൊന്നും നികുതി അടച്ചിട്ടില്ലെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. നടൻ ഫഹദ് ഫാസിൽ നോട്ടിസ് കിട്ടിയപ്പോൾ തന്നെ ഒരു വാഹനത്തിന്റെ നികുതിയായി 17.68 ലക്ഷം രൂപ അടച്ചിരുന്നു. മാപ്പാക്കൽ പ്രഖ്യാപിച്ചതോടെ രണ്ടാമത്തെ വാഹനത്തിനും അദ്ദേഹം കേരളത്തിൽ നികുതി അടച്ചു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ജനജാഗ്രത യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഡംബര മിനി കൂപ്പറിലൂടെ കയറിയതോടെ ഈ വിഷയം ചർച്ചയായത്. കോടിയേരി സഞ്ചരിച്ചത് പുതുച്ചേരി വാഹനത്തിലായിരുന്നു.

കരിപ്പൂർ സ്വർണ കടത്തു കേസിലെ പ്രതിയും കൊടുവള്ളി നഗരസഭാ അംഗവുമായ കാരാട്ട് ഫൈസലിന്റേതായിരുന്നു കാർ. നികുതി വെട്ടിക്കാനായി മിനി കൂപ്പർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു കേരളത്തിൽ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത രേഖകൾ ഹാജരാക്കാൻ കൊടുവള്ളി ജോയിന്റ് ആർടിഒ ജനുവരിയിൽ കാരാട്ട് ഫൈസലിനു നോട്ടിസ് നൽകി. ആദ്യം മറുപടി നൽകാതിരുന്ന ഫൈസൽ പിന്നീട് ഓഫിസിലെത്തി കൂടുതൽ സമയം ആവശ്യപ്പെട്ടു. രണ്ടു ദിവസം ജോയിന്റ് ആർടിഒ സമയം നൽകിയിട്ടും മറുപടി നൽകിയില്ല.

തുടർന്ന് ഈ കേസിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജോയിന്റ് ആർടിഒ ക്രൈംബ്രാഞ്ച് മേധാവിക്കും കോഴിക്കോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കും കത്തു നൽകി. എന്നാൽ ആരും ഒന്നും ചെയ്തില്ല. ബജറ്റ് പ്രഖ്യാപനം വരികയും ചെയ്തു. ഈ കാർ അനധികൃതമായി കേരളത്തിൽ ഓടിച്ചതിന് ഏഴു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു ജോയിന്റ് ആർടിഒ മറ്റൊരു നോട്ടിസും നൽകിയിരുന്നു. സ്ഥിരമായി ഈ കാർ കേരളത്തിൽ ഓടിച്ചിട്ടില്ലെന്നും കുറച്ചു പ്രാവശ്യം മാത്രം ഓടിച്ചതിനു പിഴ അടയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. അതിനു ശേഷം മോട്ടോർ വാഹന വകുപ്പ് ഈ കാർ കേരളത്തിൽ കണ്ടിട്ടില്ല.

അവരുടെ രഹസ്യാന്വേഷണത്തിൽ മിനി കൂപ്പർ പുതുച്ചേരി ആർടി ഓഫിസിൽ നിന്നു എൻഒസി വാങ്ങി വിറ്റതായാണ് അറിഞ്ഞത്. അതിനാൽ പിഴ അടയ്ക്കാത്തതിന്റെ പേരിൽ കാരാട്ട് ഫൈസലിനെതിരെ റവന്യു റിക്കവറി നടപടി ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് ഉന്നതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP