Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളത്തുണിയിൽ പൊതിഞ്ഞ ദിൽനയുടേയും മുഹമ്മദിന്റെയും ശരീരം അവസാനമായി കാണാൻ മാതാപിതാക്കൾ എത്തിയത് സ്ട്രക്ചറിൽ; തന്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്ന കുഞ്ഞനുജൻ ഇനിയില്ലെന്ന തിരിച്ചറിവിൽ കരഞ്ഞ് തളർന്ന് ഫിദാ ഫാത്തിമ: മരണ ദൂതുമായി എത്തിയ പാറക്കഷണങ്ങളും മണ്ണിലും മൂടി കരിഞ്ചോലമല

വെള്ളത്തുണിയിൽ പൊതിഞ്ഞ ദിൽനയുടേയും മുഹമ്മദിന്റെയും ശരീരം അവസാനമായി കാണാൻ മാതാപിതാക്കൾ എത്തിയത് സ്ട്രക്ചറിൽ; തന്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്ന കുഞ്ഞനുജൻ ഇനിയില്ലെന്ന തിരിച്ചറിവിൽ കരഞ്ഞ് തളർന്ന് ഫിദാ ഫാത്തിമ: മരണ ദൂതുമായി എത്തിയ പാറക്കഷണങ്ങളും മണ്ണിലും മൂടി കരിഞ്ചോലമല

മറുനാടൻ ഡെസ്‌ക്‌

താമരശേരി: ചങ്കുപിളർക്കുന്ന കാഴ്ചയാണ് കരിഞ്ചോലമലയിൽ എങ്ങും. മരണത്തിന്റെ മണി മുഴക്കി എത്തിയ കൂറ്റൻ പാറക്കഷണങ്ങളും മണ്ണും എങ്ങും ചിതറിക്കിടക്കുന്നു. മണ്ണിനടിയിൽ ഇനിയും എത്ര പേരുണ്ടെന്ന് ആർക്കും അറിയാത്ത അവസ്ഥ. രക്ഷപ്പെടാൻ അൽപ്പം സമയം പോലും കൊടുക്കാതെയാണ് വളുപ്പാംൻ കാലത്തെ മരണം ഓടിയെത്തിയത്. പലരും മണ്ണിനടിയിൽ മൂടപ്പെടുമ്പോൾ ഉറക്കം വിട്ടുണർന്നിട്ടു പോലും ഇല്ലായിരുന്നു.

റോഡിനു ഇരുവശമായി തലയുയർത്തിനിന്ന നാലു വീടുകളാണ് തുടച്ചുനീക്കപ്പെട്ടത്. വലിയ പൊട്ടിത്തെറിപോലുള്ള ശബ്ദം കേട്ട് സമീപവാസികൾ പലരും വീടുവിട്ട് പുറത്തേക്ക് ഓടി. അപ്പോഴേക്ക് മലമുകളിൽനിന്ന് പാറകളും മണ്ണും കുതിച്ചെത്തിക്കഴിഞ്ഞു. രണ്ടര മീറ്ററിലധികം കനത്തിലാണ് നാലു വീടുകൾക്കു മുകളിൽ മണ്ണും പാറക്കല്ലുകളും വന്നുനിറഞ്ഞത്. കടപുഴകിയ മരങ്ങൾ മണ്ണിൽനിന്നു തുറിച്ചുനോക്കുന്നു. അഞ്ചുനിമിഷം കൊണ്ട് ഒന്നര കിലോമീറ്ററോളം വിസ്തൃതിയിൽ മണ്ണുംപാറയും വന്നുനിറഞ്ഞു. വീടുകളോ റോഡുകളോ ഉണ്ടായിരുന്നു എന്ന സൂചനപോലും ഇവിടെയില്ല.

പൊന്നുമക്കളെ കാണാൻ മാതാപിതാക്കൾ എത്തിയത് ആശുപത്രിയിൽ നിന്നും സ്ട്രക്ചറിൽ
ചങ്കു തകരുന്ന കാഴ്ചയായിരുന്നു അത്. വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ പൊന്നുമക്കളുടെ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ആ അച്ഛനും അമ്മയും എത്തിയത് മെഡിക്കൽ കോളേജിൽ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്‌ട്രെക്ചറിൽ ആയിരുന്നു. കാലൊടിഞ്ഞ സഹോദരനെ മറ്റുള്ളവർ എടുത്തു കൊണ്ടു വന്ന് കാണിക്കുക ആയിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം ജുമാ മസ്ജിദ് പരിസരം ഇന്നലെ ഉച്ചയ്ക്കു സങ്കടാങ്കണമായി. ആ കുടുംബത്തിന്റെ ദുഃഖം കണ്ടപ്പോൾ കൂടി നിന്നവരും കണ്ണീരണിഞ്ഞു.

കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ മരിച്ച ദിൽന ഷെറിൻ, സഹോദരൻ മുഹമ്മദ് ഷഹബാസ് എന്നിവരുടെ കബറടക്ക ചടങ്ങുകൾക്കിടയിലാണു കരളുലയ്ക്കുന്ന കാഴ്ചയായി പിതാവ് അബ്ദുൽ സലിം, മാതാവ് ഷെറീന, സഹോദരൻ ഷമ്മാസ് എന്നിവരെത്തിയത്. രണ്ടോടെയാണു ചടങ്ങുകൾ തുടങ്ങിയത്. ഉച്ചയ്ക്കു മുൻപേ പരിസരത്തു ജനം നിറഞ്ഞു. പൊതുദർശനത്തിനുശേഷം മയ്യത്ത് പള്ളിയിലേക്ക്.

അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റ സലിം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആംബുലൻസിൽ നട്ടെല്ലിനു കോളറിട്ടാണു സലിമിനെ സ്ഥലത്തെത്തിച്ചത്. പള്ളിക്കുള്ളിലേക്കു കയറ്റി കുട്ടികളെ കാണിച്ചതോടെ സലീമിന്റെ നിലവിളി. 'പൊന്നുമക്കളേ' എന്നു വിളിച്ചുകൊണ്ടുള്ള ആ പിതാവിന്റെ കരച്ചിൽ കണ്ടുനിന്നവർക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു. സലിമിനെ തിരികെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ആംബുലൻസ് വന്നു. കയ്യിലും കാലിലും പ്ലാസ്റ്ററിട്ട് ഷെറീനയെ സ്‌ട്രെച്ചറിൽ ബന്ധുക്കളും നാട്ടുകാരും കുട്ടികളുടെ അടുത്തേക്ക് എത്തിച്ചു. എന്നന്നേക്കുമായി നഷ്ടപ്പെട്ട പൊന്നുമക്കളെ അവസാനമായി കണ്ടപ്പോഴുണ്ടായ വേദനയിൽ ആ ഉമ്മയുടെ നിലവിളി ഉയർന്നപ്പോൾ പരിസരത്തുണ്ടായിരുന്നവരുടെയും ഹൃദയം തകർന്നു. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ളവർ കണ്ണീരണിഞ്ഞ നിമിഷം. ഷെറീനയെയും ആശുപത്രിയിലേക്കു മാറ്റി.

ശേഷം, അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മൂത്തമകൻ മുഹമ്മദ് ഷമ്മാസിനെ കൊണ്ടുവന്നു. കാലിനു പൊട്ടലേറ്റു പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ ബന്ധുക്കളിലൊരാൾ ഷമ്മാസിനെ എടുത്തുകൊണ്ടാണു പള്ളിയിലേക്കു വന്നത്. സഹോദരങ്ങളെ ഒരുമിച്ച് നഷ്ടപ്പെട്ടപ്പോൾ കരഞ്ഞു തളർന്ന ആ കുഞ്ഞു മനസിന്റെ വേദന കണ്ടു നിന്നവരിലും കൂട്ട നിലവിളിയായി ഉയർന്നു.

കുഞ്ഞു ജാസിമിന്റെ മുഖം കണ്ട് കരഞ്ഞ് തളർന്ന് ഫാത്തിമ ഫിദ
തലേ ദിവസം വരെ തന്റെ വിരൽ തുമ്പിൽ തൂങ്ങി നടന്ന കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ഫാത്തിമ ഫിദയ്ക്ക് സങ്കടം അടക്കാനായില്ല. അത് അവളിൽ കരച്ചിലായി ഉയർന്നു. കളിച്ച് ചിരിച്ച് സന്തോഷത്തോടെ ഉറങ്ങാൻ കിടന്ന അവൾക്ക് ഉറക്കമുണർന്നപ്പോൾ നഷ്ടമായത് കുഞ്ഞനുജനും ഉപ്പയും വല്യുപ്പയുമാണ്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ജാഫർ പിതാവ് ഉമ്മിണി അബ്ദുറഹിമാനും ജാഫറിന്റെ മകൻ ജാസിമിനേയും ആണ് ഒറ്റയടിക്ക് മരണം തട്ടിയെടുത്തത്. അവളുടെ വീട്ടിൽ ഇനി അവശേഷിക്കുന്നത് ഉമ്മ ഹന്നത്ത് മാത്രമാണ്.

ജാസിമിന്റെ ശരീരം ആദ്യം കണ്ടെടുത്തു. പിതാവ് കരിഞ്ചോല ജാഫറും ജാഫറിന്റെ പിതാവ് ഉമ്മിണി അബ്ദുറഹിമാനും മണ്ണിനടിയിൽപ്പെട്ടു മരിച്ചു. അവരുടെ ശരീരം ഏറെ വൈകിയാണ് കണ്ടെടുത്തത്. രാവിലെ വലിയ ശബ്ദം കേട്ടപ്പോൾ 'ഓടിക്കോ' എന്ന് ഉമ്മ ഹന്നത്ത് വിളിച്ചുപറയുന്നതു കേട്ടാണ് ഫാത്തിമ ഇറങ്ങി ഓടിയത്. പിറകെ ഉമ്മയും ഉപ്പ ജാഫറും അനിയനുമൊക്കെയുണ്ടാവും എന്നായിരുന്നു അവളുടെ പ്രതീക്ഷ. മുന്നോട്ടോടിയ ഫാത്തിമ ആദ്യം കണ്ടത് സലിമിന്റെ വീടായിരുന്നു. എന്നാൽ ആ വീട്ടിൽ ഫാത്തിമ ഫിദ കയറിയില്ല. കയറിയിരുന്നെങ്കിൽ ഇന്ന് ജീവനോടെ അവളുണ്ടാവില്ല. ആ വീട്ടിലെ രണ്ടു കുരുന്നുകളും മണ്ണിനടിയിലായി.

രണ്ടാമതു കണ്ട വീട്ടിലാണ് ഫാത്തിമ ഓടിക്കയറിയത്. പ്രദേശ വാസികളെ ദുരിതാശ്വാസ ക്യാംപിലാക്കിയപ്പോൾ അവളെയും ഗവ. എൽപി സ്‌കൂളിലെത്തിച്ചു. പ്രതീക്ഷയോടെ അവൾ ഉമ്മയേയും ഉപ്പയേയും അനിയനേയും തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. ക്യാംപിൽ അവൾ ഒറ്റയ്ക്കായി. തുടർന്ന് അൽപനേരം കഴിഞ്ഞു വന്ന ബന്ധുക്കൾ ഫാത്തിമയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പരുക്കേറ്റ ഉമ്മയ്‌ക്കൊപ്പം ആംബുലൻസിലാണ് കുഞ്ഞു ജാസിമിന്റെ ശരീരം കാണാൻ ഫാത്തിമ പള്ളിയിലേക്കെത്തിയത്. ഉമ്മയെ സ്‌ട്രെച്ചറിലെടുത്തുകൊണ്ടു പോവുമ്പോൾ കൂടെ നെഞ്ചു തകർന്നു കരഞ്ഞു നടന്നുനീങ്ങിയ ഫാത്തിമയെ കണ്ട് നാട്ടുകാർ കരച്ചിലടക്കാൻ പാടുപെട്ടു.

മരണനൃത്തം ചവിട്ടി കരിഞ്ചോലയിൽ ഉരുൾ പൊട്ടിയത് രണ്ട് തവണ
മരണനൃത്തം ചവിട്ടി പാറക്കഷണങ്ങളും മണ്ണും കുതിച്ചെത്തിയപ്പോൾ താഴ് വരയിലെ വീട്ടിൽ എല്ലാവരും സുഖ നിദ്രയിലായിരുന്നു. സമയം പുലർച്ചേ മൂന്നര മണി. കരിഞ്ചോല മലയിലെ വടക്കു ഭാഗത്താണ് വലിയ ശബ്ദത്തോടെ ആദ്യം ഉരുൾപൊട്ടിയത്. ഇതിലാണ് പ്രസാദിന്റെ വീട് മണ്ണിനടിയിലായത്. പ്രസാദിന്റെ ഇളയമകൻ പ്രബിൻ മാത്രം വീടിനുള്ളിൽ കുടുങ്ങി. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മണ്ണുനീക്കി. അലമാരയ്ക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു പ്രബിൻ. അലമാര വെട്ടിപ്പൊളിച്ച് പ്രബിനെ പുറത്തെടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

തുടർന്നാണ് അഞ്ചേമുക്കാലോടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാവുന്നത്. നോമ്പുകാലമായതിനാൽ പലരും പള്ളിയിൽ നമസ്‌കരിക്കാനായി പോയതായിരുന്നു. പള്ളിയിൽനിന്നു തിരിച്ചുവരികയായിരുന്നു അബ്ദുൽസലീം. ഭാര്യ ഷെറീന വീടിനകത്ത് നമസ്‌കരിക്കുകയായിരുന്നു. ഈ സമയത്താണ് ഉരുൾപൊട്ടിയത്. വീടിനു പുറത്തായതിനാൽ സലീമിനെ ഉടൻ രക്ഷിച്ചു. സ്ലാബിനടിയിൽപ്പെട്ട ഷെറീനയെയും മകനെയും രണ്ടു മണിക്കൂറോളം സമയമെടുത്താണ് രക്ഷിച്ചത്. ചെളിപുരണ്ട വെളുത്ത നമസ്‌കാരക്കുപ്പായത്തോടെയാണ് ഷെറീനയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്. ഇളയ രണ്ടുമക്കളുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കുമ്പോൾ സലീമും ഷെറീനയും മെഡിക്കൽകോളജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

തീരാത്ത ആശങ്ക
മറ്റു രണ്ടു വീടുകളുടെ മുകളിൽ മണ്ണു വന്നുനിറഞ്ഞതിനാൽ എന്തു ചെയ്യുമെന്നറിയാതെ നാട്ടുകാർ ആശങ്കയിലായി. വീടുകൾക്കകത്ത് എത്രപേരുണ്ടെന്ന്ആർക്കും കൃത്യമായ കണക്കില്ല. നോമ്പുതുറയ്ക്കായി കഴിഞ്ഞ ദിവസം രാത്രി വിരുന്നുവന്ന പലരുമുണ്ടെന്ന് പ്രദേശവാസികൾ ഊഹിച്ചു. പക്ഷേ, നിർത്താതെ പെയ്യുന്നമഴയും മലമുകളിൽനിന്ന് ഒഴുകിവരുന്ന മലവെള്ളവും ചേർന്ന് രക്ഷാപ്രവർത്തനം ദുരിതപൂർണമാക്കി. അരയറ്റം മണ്ണിൽനിന്നാണ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ദുരന്തനിവാരണ സേനക്കാരും രക്ഷാപ്രവർത്തനം നടത്തിയത്. ഇനിയും നിരവധി പേർ ഇവിടങ്ങളിൽ മണ്ണിൽ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP