Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം നഷ്ടത്തിലെത്തന്ന വ്യാജ പ്രചരണം; റൺവേ അസൗകര്യവും വൈഡ് ബോഡീഡ് വിമനങ്ങൾക്കുള്ള പ്രശ്‌നങ്ങളും ചർച്ചയാക്കി വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി; കരിപ്പൂരിന്റെ സ്വപ്‌നങ്ങൾക്ക് ചിറകരിഞ്ഞ് ഉദ്യോഗസ്ഥ-സ്വകാര്യ വിമാനത്താവള ലോബികൾ; കണ്ണും പൂട്ടി കേന്ദ്രസർക്കാരും; മലബാറിന്റെ സ്വന്തം എയർപോർട്ടിനെ തകർക്കുന്നത് ആശങ്കയിലാക്കുന്നത് പ്രവാസികളെ മാത്രം

ആദ്യം നഷ്ടത്തിലെത്തന്ന വ്യാജ പ്രചരണം; റൺവേ അസൗകര്യവും വൈഡ് ബോഡീഡ് വിമനങ്ങൾക്കുള്ള പ്രശ്‌നങ്ങളും ചർച്ചയാക്കി വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി; കരിപ്പൂരിന്റെ സ്വപ്‌നങ്ങൾക്ക് ചിറകരിഞ്ഞ് ഉദ്യോഗസ്ഥ-സ്വകാര്യ വിമാനത്താവള ലോബികൾ; കണ്ണും പൂട്ടി കേന്ദ്രസർക്കാരും; മലബാറിന്റെ സ്വന്തം എയർപോർട്ടിനെ തകർക്കുന്നത് ആശങ്കയിലാക്കുന്നത് പ്രവാസികളെ മാത്രം

എം പി റാഫി

മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിന്റെ ചിറകരിയുന്നത് ഉദ്യോഗസ്ഥ-സ്വകാര്യ വിമാനത്താവള ലോബികളോ..? അതോ കേന്ദ്ര സർക്കാറോ..? മലബാറിന്റെ വ്യോമയാന സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ ചിറക് മുളപ്പിച്ച വിമാനത്താവളമായിരുന്നു കരിപ്പൂരിലേത്. എന്നാൽ ഇന്ന് കേന്ദ്രസർക്കാർ എന്തിന്റെ പിരേലെന്നറിയാതെ കരിപ്പൂർ വിമാനത്താവളത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരികയും ലാഭത്തിൽ മുന്നോട്ടു പോകുകയും ചെയ്തിരുന്ന കരിപ്പൂർ വിമാനത്തവളത്തിന്റെ ഭാവി ഇപ്പോൾ ആശങ്കയിലാണ്. ഇത് ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ ദുരിതത്തിലായ്ത്തിയിരിക്കുകയാണ്.

നഷ്ടത്തിലാണെന്ന പ്രചരണം അഴിച്ചു വിട്ടായിരുന്നു മൂന്ന് വർഷം മുമ്പ് കരിപ്പൂർ വിമാനത്തവളം പൂട്ടുമെന്ന അഭ്യൂഹം പരന്നത്. പിന്നീട് റൺവേ അസൗകര്യവും, വൈഡ് ബോഡീഡ് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള പ്രശ്നങ്ങളുമായിരുന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ കാലയളവ് നിശ്ചയിച്ച് പഠിക്കാൻ സമിതിയെ വച്ച് പഠനം പൂർത്തിയാക്കിയിട്ടും ഈ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കാണാത്ത സ്ഥിതിയാണ് . സമരങ്ങളും പ്രതിഷേധങ്ങളും ആർത്തിരമ്പിയിട്ടും വിമാനത്താവളത്തെ രക്ഷിക്കാൻ ഇപ്പോഴും നടപടിയൊന്നുമായില്ല. മുബൈ, കോയമ്പത്തൂർ ലോബികളുടെ പിടിയുള്ളതായി എയർപോർട്ടിന്റെ ആരംഭഘട്ടം മുതലുള്ള ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് കരിപ്പൂർ വിമാനത്തവളത്തിന്റെ ഇന്നത്തെ അവസ്ഥ.

പഠനം പൂർത്തിയാക്കി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ സംബന്ധിച്ച പഠനം പൂർത്തിയായെങ്കിലും റിപ്പോർട്ട് ഡിജിസിഎക്കു(ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) മുന്നിൽ എത്താൻ മാസങ്ങൾ വീണ്ടും കാത്തിരിക്കേണ്ടി വന്നു. റിപ്പോർട്ട് പൂഴ്‌ത്തിവെച്ച് മനഃപൂർവം വിമാനത്താവളത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സമരക്കാർ വിശ്വസിക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തിന്റെ വികസന മോഹങ്ങളുടെ ചിറകരിയാൻ കാത്തുനിൽക്കുന്നവരുടെ കയ്യിൽ റൺവേ വികസനം, ടേബിൾ ടോപ് റൺവേ നീട്ടാനുള്ള മണ്ണിന്റെ ലഭ്യത, പരിസ്ഥിതി പ്രശ്നം കൂടുതൽ സ്ഥലം ലഭിക്കാനുള്ള പ്രയാസം എന്നിങ്ങനെയുള്ള കാരണങ്ങളാണുള്ളത്. വിമാനത്താവളത്തിന്റെ വെല്ലുവിളികൾ അറിയാവുന്നവാണ് എതിർപക്ഷത്തുള്ളതും. അതിനാൽ തീരുമാനങ്ങളാകാതെ കരിപ്പൂരിന്റെ അനിശ്ചിതത്വം അവസാനിക്കാതെ നീളുകയാണ്.

രണ്ട് വർഷത്തെ റൺവേ നവീകരണം 2017ൽ പൂർത്തിയാക്കിയതോടെ താൽക്കാലികമായി പിൻവലിച്ച വലിയ വിമാനങ്ങളെല്ലാം കോഴിക്കോട്ട് തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നീണ്ട മുറവിളികൾക്കു ശേഷം ഇവിടെ പരിശോധനയ്ക്കെത്തിയ ഡിജിസിഎ സമിതി വീണ്ടും വിമാനത്താവളത്തിന്റെ പഴയ വെല്ലുവിളികളെല്ലാം ഉയർത്തി. 385 എക്കർ ഭൂമി ഏറ്റെടുത്ത് റൺവേ വികസിപ്പിച്ചാൽ മാത്രമേ ഇവിടെ വലിയ വിമാനം പറക്കൂവെന്ന് തറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ചെറുവിമാനങ്ങൾ മാത്രം പറക്കുന്ന വിമാനത്താവളമാണിത്. സ്ഥലം ഏറ്റെടുത്തു നൽകാൻ തീരുമാനിച്ചാലും നടപടികൾ പൂർത്തിയാക്കാനും റൺവേ വികസിപ്പിക്കാനും വർഷങ്ങളുടെ സമയമെടുക്കും. അതുവരെ വലിയ വിമാനങ്ങൾ ഇറങ്ങാൻ പറ്റില്ല. ഇതു വിമാനത്താവളത്തെയും മലബാർ മേഖലയെയും തളർത്തുകയും എയർപോർട്ട് അഥോറിറ്റിക്ക് കോടികളുടെ നഷ്ടവും ഉണ്ടാകും.

വലിയ വിമാനങ്ങളെന്ന സ്വപ്നം മാറ്റിവച്ചാണ് ഇടത്തരം വിമാനങ്ങൾ ഇറക്കാൻ തീരുമാനിച്ചത്. ഇടത്തരം വലിയ വിമാനം പറത്താനായാൽ കരിപ്പൂർ-ജിദ്ദ സർവീസ് പുനരാരംഭിക്കാനാകും. മാത്രമല്ല, യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെത്തുകയും ഹജ്ജ് എംബാർക്കേഷൻ തിരികെ കൊണ്ടുവരാനും സാധിക്കും.

ഇടത്തരം വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി തേടിയുള്ള പഠന റിപ്പോർട്ട് പൂഴ്‌ത്തിവച്ച വഴി ഇങ്ങനെ

ഡിജിസിഎയിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഉറപ്പായിരുന്നു ഇടത്തരം വലിയ വിമാനങ്ങൾ (കോഡ് ഡി) ഇറക്കുന്നതിനായി നേരത്തേ നൽകിയത്. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളും റൺവേ എൻഡ് സേഫ്റ്റി ഏരിയാ സജ്ജീകരണങ്ങളും ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. അധികൃതർ ആവശ്യപ്പെട്ട പണികളെല്ലാം ഇതിന്റെ ഭാഗമായി ചെയ്തു. 90 മീറ്ററായിരുന്നു റൺവേ എൻഡ് സേഫ്റ്റി ഏരിയ 240 മീറ്ററാക്കി. വിമാന സർവീസുകളുമായി ബന്ധപ്പെട്ട് സാധ്യതാ പഠനവും സാങ്കേതിക പഠനങ്ങളും നടത്തി റിപ്പോർട്ടുകളും ഓരോന്നായി സമർപ്പിച്ചു. കാലിക്കറ്റ് എയർപോർട്ടിൽ ഇടത്തരം വലിയ വിമാനങ്ങളിൽ സന്നദ്ധത അറിയിച്ച് സൗദി എയർലൈൻസും മുന്നോട്ടെത്തി. എന്നാൽ എയർപോർട്ടിന്റെ പ്രതീക്ഷകളുമായി പറന്ന ആ റിപ്പോർട്ടുകൾ പൂഴ്‌ത്തി വെയ്ക്കാൻ എയർപോർട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ മത്സരിച്ചു.

2017 നവംബറിലായിരുന്നു ഇടത്തരം വലിയ വിമാന സർവീസിന് അനുമതി തേടിയുള്ള ആദ്യ സുരക്ഷാ റിപ്പോർട്ട് കാലിക്കറ്റ് എയർപോർട്ടിൽ നിന്നും അയച്ചത്. റിപ്പോർട്ട് പരിശോധിച്ച ഡിജിസിഎ സാങ്കേതിക പഠനം, വിമാനക്കമ്പനികളുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെ അന്തിമ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 2018 മാർച്ചിൽ കരിപ്പൂരിൽ നിന്നും അയച്ച ആ അന്തിമ റിപ്പോർട്ട് പക്ഷേ നാലുമാസം വെളിച്ചം കണ്ടില്ല. റിപ്പോർട്ടിൽ സീൽവച്ച് അനുമതിക്കായി ഡിജിസിഎക്ക് കൈമാറേണ്ട ജോലിയേ എയർപോർട്ട് അഥോറിറ്റി ഡൽഹി കേന്ദ്രത്തിനുണ്ടായിരുന്നുള്ളൂ. എന്നാൽ ഒന്നു തുറന്നു നോക്കാനുള്ള മനസു പോലും കാട്ടാതെ എയർപോർട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ പൂഴ്‌ത്തിവയ്ക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രശ്നത്തിൽ ഇടപെട്ട എയർപോർട്ട് അഥോറിറ്റിയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മുക്കിയ റിപ്പോർട്ട് കണ്ടെടുത്ത് ജൂലൈ നാലിന് ഡിജിസിഎയുടെ അനുമതിക്കയച്ചു.

കരിപ്പൂർ വിമാനത്താവളെത്തെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന എയർപോർട്ട് അയോറിറ്റി ഉദ്യോഗസ്ഥനെതിരെ മലബാർ ഡവലപ്പ്മെന്റ് ഫോറം അന്വേഷണം ആവശ്യപ്പെട്ടു. ഇയൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ വിജിലൻസ്, എയർപോർട്ട് അഥോറിറ്റി എന്നിവയ്ക്ക് രേഖാമൂലം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വിമാനത്താവളങ്ങൾക്കു വേണ്ടി കരിപ്പൂരിനെ തകർക്കുന്ന സിവിൽ ഏവിയേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ചോദ്യം ചെയ്ത് നിരവധി സംഘടനകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.എയർപോർട്ട് വിഷയത്തിൽ മലപ്പുറം ജില്ലാ മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ സമര പരമ്പര ഈ മാസം 21 മുതൽ ആരംഭിക്കും.

കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങളുടെ സർവീസ് അനുമതി നൽകുവാൻ വ്യോമയാന മന്ത്രി അശോക് ഗജ്പതി രാജുവിനെയും, ഡിജിസിഎ മേധാവിയേയും പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിൽ ഈ മാസം 18ന് കാണും. ഇന്നലെ ചേർന്ന കരിപ്പൂർ വിമാനത്താവള ഉപദേശക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മലബാറിന്റെ പ്രതീക്ഷയായ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കലാണ് മുഖ്യമെന്നും വേണ്ടിവന്നാൽ പ്രധാനമന്ത്രിയെ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യം വലിയ വിമാനങ്ങൾക്ക് തടസമല്ലെന്നും യോഗം വിലയിരുത്തി. യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കു പുറമെ എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, എം.കെ രാഘവൻ എംഎ‍ൽഎമാരായ ടിവി ഇബ്രാഹീം, പി അബ്ദുൽ ഹമീദ്, എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസറാവു എന്നിവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP