Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ നിഴലായി പ്രചരണത്തിൽ സജീവമായ രുദ്രപ്പ; അയ്യപ്പ സേവാ ഭജനം മന്ദിരം ഭാരവാഹിയുടെ മരണം ഹൃദ് രോഗത്തെ തുടർന്ന് ചികിൽസ കിട്ടാതെ; രണ്ടാമത്തെ രക്തസാക്ഷി ഹൊസബേട്ട ഗുഡക്കേരി ശേഖറും ബിജെപിക്ക് വേണ്ടി ഓടി നടന്ന് വോട്ട് പിടിച്ച പരിവാറുകാരൻ; മണ്ണിട്ടുള്ള അതിർത്തി അടയ്ക്കലിൽ യദൂരിയപ്പയ്‌ക്കെതിരെ ആർ എസ് എസിലും അമർഷം; സംഘ ജില്ലയായ കാസർകോടുള്ളത് കർണ്ണാടയ്‌ക്കൊപ്പവും; ചികിൽസ കിട്ടാൻ ആർ എസ് എസുകാരും പ്രതിഷേധത്തിന്

മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ നിഴലായി പ്രചരണത്തിൽ സജീവമായ രുദ്രപ്പ; അയ്യപ്പ സേവാ ഭജനം മന്ദിരം ഭാരവാഹിയുടെ മരണം ഹൃദ് രോഗത്തെ തുടർന്ന് ചികിൽസ കിട്ടാതെ; രണ്ടാമത്തെ രക്തസാക്ഷി ഹൊസബേട്ട ഗുഡക്കേരി ശേഖറും ബിജെപിക്ക് വേണ്ടി ഓടി നടന്ന് വോട്ട് പിടിച്ച പരിവാറുകാരൻ; മണ്ണിട്ടുള്ള അതിർത്തി അടയ്ക്കലിൽ യദൂരിയപ്പയ്‌ക്കെതിരെ ആർ എസ് എസിലും അമർഷം; സംഘ ജില്ലയായ കാസർകോടുള്ളത് കർണ്ണാടയ്‌ക്കൊപ്പവും; ചികിൽസ കിട്ടാൻ ആർ എസ് എസുകാരും പ്രതിഷേധത്തിന്

ജാസിം മൊയ്ദീൻ

കാസർകോഡ്: കർണാടകയിലേക്കുള്ള കേരളത്തിൽ നിന്നുള്ള അതിർത്തികൾ കൊട്ടിയടച്ച കർണാടക സർക്കാറിന്റെ നടപടിയോട് കർണാടകയെ അുകൂലിക്കുന്ന നിലപാടായിരുന്നു ഇതുവരെ കേരളത്തിലെ ബിജെപി പ്രവർത്തകർ എടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് പ്രാദേശിക ബിജെപി പ്രവർത്തകർ ചികിത്സ കിട്ടാതെ വഴിയിൽ മരിച്ചപ്പോൾ കർണാടകത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കാസർകോട്ടെ ബിജെപി പ്രവർത്തകർ.

ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും രണ്ട് പ്രധാന പ്രവർത്തകർ അതിർത്തി അടച്ചതോടെ മതിയായ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഇതോടെയാണ് ഇത്രയും ദിവസം അതിർത്തി അടച്ചതിനെ കുറിച്ച് കർണാടകക്ക് അനുകൂലമായി സംസാരിച്ചിരുന്ന ബിജെപി പ്രവർത്തകർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കർണാടകവുമായുള്ള മദ്ധ്യസ്ഥ ചർച്ചക്ക് കേരളത്തിലെ ബിജെപി നേതാക്കൾ മുൻകൈയെടുക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കർണാടകയിലെ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോഴത്തെ കേരളത്തിലെ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് അദ്ദേഹം ഈ വിഷയത്തിൽ മദ്ധ്യസ്ഥ ചർച്ചകൾക്ക് മുൻകൈയെടുത്താൽ പ്രശ്നപരിഹാരം എളുപ്പമാകുമെന്നാണ് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നത്.

ഒരു പതിറ്റാണ്ടോളമായി കെ സുരേന്ദ്രന്റെ പ്രവർത്തന മേഖല പൂർണമായും കാസർകോഡായിരുന്നു. രണ്ട് തവണ കാസർകോഡ് നിന്ന് ലോക്സഭയിലേക്കും മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച ആളാണ് കെ സുരേന്ദ്രൻ. അദ്ദേഹം അദ്ധ്യക്ഷനായ ഉടൻ തന്നെയാണ് അതിർത്തി അടച്ച പ്രശ്നവുമുണ്ടായിരിക്കുന്നത്. അതേ സമയം രണ്ട് അർഎസ്എസ് നേതാക്കളാണ് ഇന്നലെ വരെ ചികിത്സ കിട്ടാതെ അതിർത്തിയിൽ മരിച്ചത്. വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവും മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയുമായ രുദ്രപ്പ മേസ്ത്രി(60)യാണ് ഇന്നലെ മരിച്ചത്.

വിവിധ സംഘപരിവാര സംഘടനകളിൽ പ്രധാന ചുമതലകൾ വഹിച്ച വ്യക്തിയാണ് മരണപ്പെട്ട രുദ്രപ്പ. കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. വിഎച്ച്പിയുടെ ഫിസിക്കൽ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഹൊസങ്കടിയിൽ വിഎച്ച്പിയുടെ കീഴിൽ പ്രവർത്തിക്കുന്ന അയ്യപ്പ സേവാ ഭജന മന്ദിരം ഭാരവാഹിയുമായിരുന്നു. കെ സുരേന്ദ്രൻ കാസർകോട്ടെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴല്ലാം അദ്ദേഹത്തിന് വേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന മഞ്ചേശ്വരം ഹൊസബേട്ട ഗുഡക്കേരി ശേഖർ(49)ആണ് ഹൃദ്രോഗത്തെ തുടർന്ന് മാർച്ച് 31 ന് പുലർച്ചെ മരണപ്പെട്ടത്.

ഉത്തര കേരളത്തിലെ സംഘപരിവാറിന്റെ മുതിർന്ന നേതാവായിരുന്നു ശേഖർ. കെ സുരേന്ദ്രൻ ചെറിയ വോട്ടുവ്യത്യാസത്തിന് മഞ്ചേശ്വരത്ത് പരാജയപ്പെട്ട തെരഞ്ഞെടുപ്പിലടക്കം പ്രചരണ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന ആളാണ് ശേഖർ. ഇത്തരത്തിൽ അടുത്ത ബന്ധമുള്ള രണ്ട് ആർഎസ്എസ്, വിഎച്ച്പി നേതാക്കളടക്കം ചികിത്സ കിട്ടാതെ മരിച്ചതോടെയാണ് ബിജെപിക്കാരിലും അമർഷം ശക്തമാകുന്നത്. ഇതോടെ ഇനി ഇടപെടൽ അനിവാര്യമാണെന്ന വാദം ശക്തമാകുകയാണ്.

ഈ വിഷയം കാസർകോട്ടെ ബിജെപിയിൽ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നേരത്തെ തന്നെ വിഭാഗീയത നിലനിൽക്കുന്ന കാസർകോഡ് ബിജെപിയിൽ ഇത് പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് കരുതുന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരെ കാസർകോട്ട് കൃഷ്ണദാസ് പക്ഷം നേരത്തെ തന്നെ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ആർ എസ് എസിൽ വലിയ അതൃപ്തിയാണ് ഈ വിഷയത്തിലുള്ളത്.

ആർ എസ് എസിന്റെ സംഘടനാ സംവിധാനത്തിൽ കാസർകോടിനെ ചേർത്തിരിക്കുന്നത് കർണ്ണാടക മേഖലയിലാണ്. എന്നിട്ടും കാസർഗോഡിനെ കർണ്ണാടകയിലെ തന്നെ പ്രമുഖ ആർഎസ്എസ് നേതാവായ മുഖ്യമന്ത്രി യദൂരിയപ്പ കാസർകോടിനെ തള്ളി പറയുന്നുവെന്നത് പരിവാറുകാർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇക്കാര്യം ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരും. ഇനിയും മരണങ്ങൾ ചികിൽസാ നിഷേധത്തിൽ ഉണ്ടാകരുതെന്നാണ് കാസർകോട്ടെ ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP