Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണ്ണാടകത്തിലെ നഴ്സിങ് കോളേജുകളുടെ അംഗീകാരം തെറിപ്പിച്ചത് ദേശീയ നഴ്സിങ് കൗൺസിലുമായുള്ള അധികാരത്തർക്കം; അംഗീകാരം റദ്ദായിട്ടും ഫീസ് മടക്കി നൽകാത്ത കോളജുകളുടെ നടപടിൽ ദുരിതത്തിലായത് മലയാളി വിദ്യാർത്ഥികൾ; കെസി വേണുഗോപാലിന്റെ ഇടപെടലിൽ പ്രശ്‌നപരിഹാരത്തിന് വഴിതെളിയുന്നു

കർണ്ണാടകത്തിലെ നഴ്സിങ് കോളേജുകളുടെ അംഗീകാരം തെറിപ്പിച്ചത് ദേശീയ നഴ്സിങ് കൗൺസിലുമായുള്ള അധികാരത്തർക്കം; അംഗീകാരം റദ്ദായിട്ടും ഫീസ് മടക്കി നൽകാത്ത കോളജുകളുടെ നടപടിൽ ദുരിതത്തിലായത് മലയാളി വിദ്യാർത്ഥികൾ; കെസി വേണുഗോപാലിന്റെ ഇടപെടലിൽ പ്രശ്‌നപരിഹാരത്തിന് വഴിതെളിയുന്നു

രഞ്ജിത് ബാബു:

മംഗളൂരു: കർണ്ണാടകത്തിലെ നഴ്സിങ് കോളേജുകൾക്ക് അംഗീകാരം റദ്ദാക്കിയതിനു പിന്നിൽ സംസ്ഥാന ദേശീയ നഴ്സിങ് കൗൺസിലുകളുടെ അധികാര തർക്കവും ധനമോഹവും. ഇന്ത്യൻ നഴ്സിങ് കൗൺസിലിന് നഴ്സിങ് കോഴ്സിന്റെ സിലബസ് ഉണ്ടാക്കാനുള്ള അധികാരം മാത്രമേയുള്ളൂവെന്ന നിലപാടിലായിരുന്നു കർണ്ണാടക സർക്കാർ.

കോളേജുകളുടെ പശ്ചാത്തല സൗകര്യങ്ങൾ, നിലവാരം, സീറ്റുകളുടെ എണ്ണം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കർണ്ണാടക സർക്കാരും കെ.എൻ.സി യുമാണെന്ന് കർണ്ണാടകം അവകാശപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സർക്കാർ നിലപാടിനെ തുടർന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ കർണ്ണാടകത്തിലെ കോളേജുകളുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു. കർണ്ണാടകത്തിലെ നഴ്സിങ് കോഴുകൾക്ക് മുൻകാലങ്ങളിൽ അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട് വൻ പണത്തിന്റെ സ്വാധീനം നിലനിന്നിരുന്നു. സംസ്ഥാന ദേശീയ കൗൺസിലുകളും ഈ സ്വാധീനത്തിന്റെ വലയത്തിലായിരുന്നു. അതിന്റെ തെളിവുകൾ അവിടങ്ങളിലെ ചില കോളേജുകളുടെ കെട്ടിടങ്ങളും സൗകര്യങ്ങളും കണ്ടാലറിയാം. ഇന്ത്യൻ നഴ്സിങ് കൗൺസിലും ഇക്കാര്യത്തിൽ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് വ്യക്തമാവുന്നുണ്ട്. സത്യത്തിൽ നഴ്സിങ് കൗൺസിലുകളുടെ അംഗീകാരം സംബന്ധിച്ച പ്രശ്നത്തിന്റെ മുഖ്യകാരണം അധികാരവും പണവും തന്നെയാണ്.

കർണ്ണാടകത്തിലെ നഴ്സിങ് കോളേജുകൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം മലയാളികളുൾപ്പെടെയുള്ള അന്യ സംസ്ഥാനത്തിലെ വിദ്യാർത്ഥികളെയാണ് പൂർണ്ണമായും ബാധിച്ചിട്ടുള്ളത്. കർണ്ണാടക നഴ്സിങ് കൗൺസിലിന്റെ അംഗീകാരം മാത്രമുള്ള കോഴ്സിന് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ജോലി ചെയ്യാൻ അനുമതിയില്ല. കർണ്ണാടകത്തിൽ തന്നെ ജോലിക്ക് ആശ്രയിക്കേണ്ടിയിരിക്കുന്നു. ഇതാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ആശങ്കയിലാഴ്‌ത്തിയത്.

ഐ.എൻ.സി. അംഗീകാരമില്ലെന്ന വാർത്ത പുറത്ത് വന്നതോടെ ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പയും നിഷേധിച്ചു. അടച്ച ഫീസ് പോലും തിരിച്ച് വാങ്ങി പഠനം ഉപേക്ഷിക്കാൻ തയ്യാറായവരും നിരവധിയാണ്. എന്നാൽ കോളേജുകൾ ഫീസ് മടക്കി നൽകിയിരുന്നില്ല.

കർണ്ണാടകത്തിലെ നഴ്സിങ് വിദ്യാർത്ഥികളിൽ 75 ശതമാനത്തോളം മലയാളികളാണ്. കേരളത്തെ കൂടാതെ നേപ്പാളിൽ നിന്നും തമിഴ്‌നാട്, മണിപ്പൂർ, രാജസ്ഥാൻ, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നും കർണ്ണാടകത്തിൽ നഴ്സിങ് പഠനത്തിന് വിദ്യാർത്ഥികൾ എത്തുന്നുണ്ട്. പ്രശ്നം രൂക്ഷമായതിനാൽ പരിഹാരം തേടി കർണ്ണാടകത്തിലെ കോളേജ് മാനേജ്മെന്റുകളും വിദ്യാർത്ഥികളും സ്റ്റുഡന്റ് നഴ്സസ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസ് കഴിഞ്ഞ ദിവസം വാദം കേട്ട ശേഷം അടുത്ത ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റി വച്ചിരിക്കയാണ്. നഴ്സിങ് വിഷയം കോടതിയിലെത്തിയതോടെ കർണ്ണാടക സർക്കാർ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥി പ്രശ്നത്തിൽ സമ്മർദ്ദം തുടരുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഐ.എൻ.സി. അംഗീകാരം നിർബന്ധമാണ്.

കർണ്ണാടകത്തിലെ കോൺഗ്രസ്സ് ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി സിദ്ധ രാമയ്യയുമായി വിഷയം ചർച്ചചെയ്തു. മലയാളി വിദ്യാർത്ഥികളുടേതടക്കമുള്ള പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരം വേണമെന്ന് വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ പ്രശ്നത്തിലെ ആശങ്ക പരിഹരിക്കാൻ ഒരാഴ്‌ച്ചക്കകം നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡോ.ശരണ പ്രകാശ് പാട്ടീൽ വ്യക്തമാക്കിയിരിക്കയാണ്.

ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളെയാണ് അംഗീകാര പ്രശ്നം ബാധിച്ചിട്ടുള്ളത്. കർണ്ണാടക സർക്കാരും ഇന്ത്യൻ നഴ്സിങ് കൗൺസിലും തമ്മിലുള്ള ദുരഭിമാന പ്രശ്നം വെടിഞ്ഞാൽ ഈ വിഷയത്തിൽ പരിഹാരം കാണാനാകുമെന്നാണ് മാനേജുമെന്റുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP