Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഹൻലാലിന്റെ ദേശീയ അവാർഡ് തട്ടിത്തെറിപ്പിച്ചതിന് പിന്നിൽ കരുണാനിധിയോ? എംജിആറിന്റെ കഥാപാത്രം അംഗീകരിക്കപ്പെടുന്നത് കലൈഞ്ജർക്ക് പിടിച്ചില്ലേ? മണിരത്നത്തിന്റെ ആനന്ദം ഇരുവർ ആയി മാറിയതെങ്ങനെ? കരുണാനിധി വിടവാങ്ങുമ്പോഴും മായാത്ത ചലച്ചിത്ര അവാർഡ് വിവാദം

മോഹൻലാലിന്റെ ദേശീയ അവാർഡ് തട്ടിത്തെറിപ്പിച്ചതിന് പിന്നിൽ കരുണാനിധിയോ? എംജിആറിന്റെ കഥാപാത്രം അംഗീകരിക്കപ്പെടുന്നത് കലൈഞ്ജർക്ക് പിടിച്ചില്ലേ? മണിരത്നത്തിന്റെ ആനന്ദം ഇരുവർ ആയി മാറിയതെങ്ങനെ? കരുണാനിധി വിടവാങ്ങുമ്പോഴും മായാത്ത ചലച്ചിത്ര അവാർഡ് വിവാദം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്നേഹിക്കുന്നവർക്ക് ഹൃദയം പറിച്ചുനൽകുന്ന സ്വഭാവക്കാരനായിരുന്നതുപോലെ എതിരാളികളോട വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാണ് കരുണാനിധി പുലർത്തിയത്. ജയലളിതയോടും എംജിആറിനോടുമുള്ള അദ്ദേഹത്തിന്റെ വൈരാഗ്യം ഒരിക്കൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ദേശീയ അവാർഡ് നിഷേധിക്കുന്ന ഘട്ടംവരെയെത്തിയത് പണ്ടേ വിവാദമായിരുന്നു. മണിരത്നത്തിന്റെ ഇരുവർ സിനിമയുടെ ലാലിന്റെ അവിസ്മരണീയമായ പ്രകടനത്തിന് അവാർഡ് കിട്ടാഞ്ഞത് എന്താണെന്നത് ഇന്നും വിവാദമാണ്.

1995 ഒക്ടോബറിൽ മണിരത്നം ഒരു പുതിയ ചിത്രം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. മോഹൻലാൽ, ആനന്ദൻ എന്ന് പേരുള്ള നായകനായി അഭിനയിക്കുന്ന ആ ചിത്രത്തിന് ആനന്ദം എന്നായിരുന്നു പേര്. തമിഴകത്തിന്റെ എക്കാലത്തെയും നായകനായ എം ജി ആറിന്റെ ജീവിതമാണ് ഈ സിനിമക്ക് ആധാരം എന്നും മണിരത്നം അറിയിച്ചു.എന്നാൽ, 1997-ൽ ഈ ചിത്രം റിലീസ് ആയപ്പോൾ ഇരുവർ എന്നായിരുന്നു പേര്. എം ജി ആറിന്റെ ജീവിതമായിരുന്നില്ല പകരം എം ജി ആറും കരുണാനിധിയും - ചിത്രത്തിൽ ആനന്ദനും, തമിഴ് ശെൽവനും - തമ്മിലുള്ള ബന്ധമായി കഥാതന്തു.

1996 ൽ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ജയലളിതയെ തോൽപ്പിച്ച് കരുണാനിധി അധികാരത്തിൽ വന്നു. ഈ സമയം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. താൻ കൂടി കഥാപാത്രമായി വരുന്ന സിനിമയുടെ കഥയിൽ കരുണാനിധി ഇടപെട്ടുവെന്നാണ് പിൽക്കാലത്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ വെളിപ്പെടുത്തിയത്. ആനന്ദന്റെ കഥയിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി തമിഴ് ശെൽവൻ മാറി. സിനിമയുടെ പേര് പോലും മാറ്റാൻ സംവിധായകൻ നിർബന്ധിതനായി. ആനന്ദന്റെ കഥ രണ്ടുപേരുടെ കഥയായി. കരുണാനിധിയുടെ വ്യക്തിത്വത്തിലെ കറുത്ത പാടുകൾ വെള്ള പൂശാൻ മണിരത്നത്തിന്റെ മേൽ ഉണ്ടായ സമ്മർദ്ദം അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഐശ്വര്യ റായി അവതരിപ്പിച്ച കൽപ്പന എന്ന കഥാപാത്രത്തെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു, സംവിധായകന്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി വളരുന്നതായി വിഭാവനം ചെയ്യപ്പെട്ടിരുന്ന കൽപ്പന ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് സംവിധായകൻ കരുണാനിധിക്ക് കീഴടങ്ങി.ദേശീയ അവാർഡ് നിർണ്ണയത്തിലും കരുണാനിധിയുടെ ഇടപെടൽ ഉണ്ടായതായി പറയുന്നു. അക്കാലത്ത് കേന്ദ്രം ഭരിച്ചിരുന്നത് ദുർബ്ബലമായ ഒരു സർക്കാർ ആയിരുന്നു. നാലു പ്രധാനമന്ത്രിമാർ ആണ് ആ വർഷം ഇന്ത്യ ഭരിച്ചത്.തൊട്ടു മുൻ വർഷം കമൽഹാസന് മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനാൽ ഈ വർഷം തമിഴിനെ പ്രസ്തുത അവാർഡിന് പരിഗണിക്കേണ്ട എന്ന തന്ത്രപൂർവമായ നിലപാടിലൂടെ എം ജി ആർ ആയി അഭിനയിച്ച നടന് അവാർഡ് ലഭിക്കില്ലാ എന്ന് കരുണാനിധി ഉറപ്പു വരുത്തി.

എം ജി ആർ മരിച്ച് 13 വർഷങ്ങൾക്കു ശേഷവും മലയാളിയായ എം ജി ആറിനോട് കരുണാനിധി വച്ചുപുലർത്തിയ ആ പകയുടെ ഗുണഭോക്താക്കൾ രണ്ടു മലയാളികൾ ആയിരുന്നു എന്നതാണ് കാവ്യനീതി. ബാലചന്ദ്രമേനോനും, സുരേഷ് ഗോപിയും ആണ് ആ വർഷത്തെ ദേശീയ പുരസ്‌ക്കാരം പങ്കുവെച്ചത്.പക്ഷേ ഈ ജയരാജിന്റെ കളിയാട്ടത്തിലെ സുരേഷ്ഗോപിയുടെ പ്രകടനവും, സമാന്തരങ്ങളിലെ ബാലചന്ദ്രമേനോന്റെ പ്രകടനവും, ഇരുവറിലെ ലാലിന്റെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ലായിരുന്നെന്ന് പിൽക്കാലത്ത് ചലച്ചിത്ര നിരൂപകർ വിലയിരുത്തിയിട്ടുണ്ട്.പ്രശസ്ത സംവിധായകൻ ഫാസിലിനെ
പ്പോലുള്ളവർ ലാലിന്റെ കരിയർ ബെസ്റ്റായി വിലയിരുത്തുന്നതും ഇരുവർ എന്ന ചിത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP