Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണക്കിടക്കയിലും മാണിസാർ അപേക്ഷിച്ചത് 'കാരുണ്യ' പദ്ധതിയെ ഉപേക്ഷിക്കരുതെന്ന്; അന്തരിച്ച നേതാവിന്റെ സ്വപ്നപദ്ധതി നിഷ്‌ക്കരുണം നിർത്തലാക്കി എൽഡിഎഫ് സർക്കാർ സഹായിച്ചത് അനിൽ അംബാനിയെ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ പ്രതിസന്ധിയിലാക്കിയതിന്റെ നേട്ടം ലഭിക്കുക റിലയൻസിനു തന്നെ; കാരുണ്യയിലെ കാരുണ്യം രോഗികൾക്ക് ഇല്ലാതാവുമ്പോൾ

മരണക്കിടക്കയിലും മാണിസാർ അപേക്ഷിച്ചത് 'കാരുണ്യ' പദ്ധതിയെ ഉപേക്ഷിക്കരുതെന്ന്; അന്തരിച്ച നേതാവിന്റെ സ്വപ്നപദ്ധതി നിഷ്‌ക്കരുണം നിർത്തലാക്കി എൽഡിഎഫ് സർക്കാർ സഹായിച്ചത് അനിൽ അംബാനിയെ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ പ്രതിസന്ധിയിലാക്കിയതിന്റെ നേട്ടം ലഭിക്കുക റിലയൻസിനു തന്നെ; കാരുണ്യയിലെ കാരുണ്യം രോഗികൾക്ക് ഇല്ലാതാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നിഴലിൽ ഇടത് സർക്കാർ കാരുണ്യാ ബെനവലന്റ് ഫണ്ടിന്റെ ചിറകരിഞ്ഞു മാറ്റി. നിരാലംബരായ രോഗികളുടെ ഒടുവിലത്തെ പ്രതീക്ഷയായിരുന്ന കാരുണ്യ നിർത്തലാക്കിയതിനെ തുടർന്ന് വൻ പ്രതിഷേധമാണ് കേരളത്തിൽ ഉടലെടുത്തത്. എന്നാൽ ഇതൊന്നും പിണറായി സർക്കാർ കണ്ടും കേട്ടുമില്ല. പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിക്കാനുള്ള കേരളത്തിലെ ഏറ്റവും ജനപ്രിയമായ പദ്ധതിയായിരുന്നു കാരുണ്യ. ലോകത്ത് ഈ രീതിയിൽ ചികിത്സാ പദ്ധതികളുണ്ടായിരുന്നില്ല. ഈ പദ്ധതി അവസാനിപ്പിച്ചാണ് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസുമായി ചേർന്ന് പുതിയ കാരുണ്യ എത്തിയതും. അതാണ് രോഗികൾക്ക് ഗുണമില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നത്.

കെ.എം.മാണിയുടെ സ്വപ്ന പദ്ധതി പുതിയ പദ്ധതിയുടെ നിഴലിൽ ഇടത് സർക്കാർ അവസാനിപ്പിക്കുകയായിരുന്നു എന്ന രാഷ്ട്രീയ ആരോപണവും ചർച്ചയായി. കെ.എം.മാണി വിടപറഞ്ഞപ്പോൾ കേരളത്തിൽ മുഴങ്ങിയ അനുശോചന യോഗങ്ങളിൽ കാരുണ്യയാണ് കെ.എം.മാണിയുടെ നിത്യസ്മാരകം എന്നാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ യോഗങ്ങളിൽ നേതാക്കൾ പറഞ്ഞത്. അതെല്ലാം വെറുവാക്കായി. സാധാരണക്കാരും തൊഴിലാളികളുമായ 41 ലക്ഷം കുടുംബങ്ങളുടെ സൗജന്യ ചികിത്സാ ഇൻഷുറൻസായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) നിലച്ചു. പദ്ധതിയിലെ സ്വകാര്യ ആശുപത്രികൾ ഡിസംബർ ഒന്നിനു സൗജന്യ ചികിത്സ നിർത്തുമെന്നാണു പ്രഖ്യാപിച്ചതെങ്കിലും ഫലത്തിൽ ഇപ്പോൾത്തന്നെ മുടങ്ങി.

സർക്കാർ ആശുപത്രികളിലെ ചെലവേറിയ മിക്ക പരിശോധനകളും സ്വകാര്യ ലബോറട്ടറികളിലാണു നടത്തുന്നത്. ഇൻഷുറൻസ് ഉള്ളവരുടെ തുക ആശുപത്രിയിൽ നിന്നു ലാബുകൾക്കു നൽകും. പണം മുടങ്ങിയതോടെ സൗജന്യ പരിശോധനകളും തുടർന്നുള്ള ചികിത്സകളും സർക്കാർ ആശുപത്രികൾ ഏതാണ്ടു മരവിപ്പിച്ചു. കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ കാസ്പിൽ ലയിപ്പിച്ചാണു കേരളത്തിൽ നടപ്പാക്കിയത്. ഇതുപ്രകാരം കേരളത്തിന് കേന്ദ്രം ഒരു വർഷം 252.40 കോടി രൂപ നൽകണം. ഇതുവരെ ലഭിച്ചത് 38 കോടി രൂപ. പദ്ധതി പ്രതിസന്ധിയിലാകുന്നതിന്റെ നേട്ടം റിലയൻസിനു ലഭിക്കും. കരാർ അനുസരിച്ചുള്ള തുക എപ്പോഴാണെങ്കിലും അവർക്കു സർക്കാർ നൽകണം. എന്നാൽ, പണമില്ലാത്തതിന്റെ പേരിൽ സൗജന്യ ചികിത്സ നിലയ്ക്കുമ്പോൾ രോഗികൾ സ്വന്തം തുക ചെലവഴിക്കണം. ആ തുക റിലയൻസ് പിന്നീട് നൽകേണ്ടതില്ല. ഇങ്ങനെ റിലയൻസിനെ സഹായിക്കും വിധമാണ് കരാറും. അങ്ങനെ കാരുണ്യയിലെ കാരുണ്യം രോഗികൾക്ക് ഇല്ലാതാവുകയാണ്.

ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ സർക്കാർ ആശുപത്രികൾക്കു 300 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 50 കോടി രൂപയും ചെലവായി. കരാറെടുത്ത റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽനിന്ന് ആശുപത്രികൾക്ക് ഇതുവരെ ലഭിച്ചത് 100 കോടി രൂപയാമ്. സർക്കാരിൽനിന്നു പണം ലഭിക്കുന്നതിനു മുൻപാണ് ഇതു കൈമാറിയത്. പിന്നീട് സർക്കാർ 140 കോടി രൂപ റിലയൻസിനു നൽകി. നേരത്തേ കൈമാറിയ 100 കോടി രൂപ കഴിഞ്ഞു 40 കോടി രൂപ ഇപ്പോൾ ബാക്കിയുണ്ട്. ഇത് വിതരണം ചെയ്തിട്ടില്ല. ഒരു വർഷത്തേക്ക് 692 കോടി രൂപയാണു കരാർ തുക. ഇതിൽ 90% തുക (623 കോടി രൂപ) സെപ്റ്റംബർ 30നകം കൈമാറേണ്ടതായിരുന്നു. ഇതിനാണ് വീഴ്ച വരുത്തിയത്.

കാരുണ്യ നിർത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിർത്തലാക്കിയതിന്റെ പേരിൽ യുഡിഎഫിൽ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പദ്ധതിയിൽ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് ഉയർന്ന വിലയിരുത്തൽ. സാന്റിയാഗോ മാർട്ടിനെ പോലുള്ള ലോട്ടറി രാജാക്കന്മാരെ പടിക്ക് പുറത്ത് നൽകി ലോട്ടറി കൊണ്ട് ജനങ്ങൾക്ക് സഹായമെത്തിച്ച പദ്ധതിയാണ് മാണിയുടെ കാരുണ്യ. പുതിയ ഇൻഷൂറൻസ് പദ്ധതിക്ക് പ്രീമിയം വേണം. ഒന്നുകിൽ ജനങ്ങൾ അടയ്ക്കണം. അല്ലെങ്കിൽ സർക്കാർ അടയ്ക്കണം. ഇവിടെ സ്‌കീം ഏറ്റെടുത്ത റിലയൻസ് കമ്പനിക്ക് സർക്കാർ ആണ് പ്രീമിയം അടിക്കുന്നത്. ഇപ്പോൾ 1600 രൂപ ഒരു കുടുംബത്തിൽ നിന്നും വിഹിതം അടയ്‌ക്കേണ്ടതുണ്ട്. അത് സർക്കാർ കയ്യിൽ നിന്നും നൽകും. കാരുണ്യ പദ്ധതിക്ക് പ്രീമിയം വേണ്ട. ഒരു ലോട്ടറി വരുമാനം കൊണ്ട് ജനങ്ങളെ, നിരാലംബരെ സഹായിക്കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതിയുമായിരുന്നു. അപേക്ഷിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ സഹായം ലഭിക്കും എന്നതായിരുന്നു കാരുണ്യയുടെ പ്രത്യേകത. 2318 കോടി രൂപ ചെലവിട്ട് 289000 പേർക്കു കാരുണ്യ സ്‌കീമിൽ നിന്നും സർക്കാർ സഹായമെത്തി. ഇത് കാരുണ്യയെ വേറിട്ട് തന്നെ നിർത്തി.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് കാരുണ്യ അധികൃതർ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി ശരിയായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്. രണ്ടു പദ്ധതികൾ ഒന്നിച്ച് തുടർന്ന് കൊണ്ട് പോവുക പ്രായോഗികമല്ല. കാരുണ്യ നിർത്തി. കേരളവും കേന്ദ്രവും കൈകോർക്കുന്ന പദ്ധതി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു- ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് ഈ പ്രതീക്ഷയാണ് നേരത്തെ പങ്കുവച്ചിരുന്നത്.

കാരുണ്യ ചികിത്സാസഹായ പദ്ധതിക്കു പുറമേ സാധാരണക്കാർക്ക് ആശ്വാസമായിരുന്നു കാരുണ്യ സമാശ്വാസപദ്ധതിയും സർക്കാർ നിർത്തലാക്കിയിരുന്നു. ഏതു രോഗത്തിനും ചികിത്സയ്ക്കു 3000 മുതൽ 5000 രൂപവരെ ഉടനടി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു കാരുണ്യ സമാശ്വാസ പദ്ധതി. ഒ.പി ടിക്കറ്റും ഡോക്ടറുടെ കുറിപ്പടിയും റേഷൻ കാർഡിന്റെ പകർപ്പും ഉൾെപ്പടെ ലോട്ടറി ഓഫീസുകളിൽ അപേക്ഷ നൽകിയാൽ ഉടനടി സഹായധനം കിട്ടുമായിരുന്നു. മൂന്നു ലക്ഷംവരെ വരുമാനമുള്ളവർക്കായിരുന്നു ഇത്. കിടത്തിച്ചികിത്സയിലുള്ള രോഗികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇൻഷ്വറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. ആശുപത്രിയിൽ അഡ്‌മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാൽ നേരത്തേ കാരുണ്യ വഴി ഇതു ലഭിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടന്ന അഞ്ച് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും മുഴുവൻ ഫണ്ട് ലഭിച്ചത് കാരുണ്യ ചികിത്സാസഹായ പദ്ധതിയിൽ നിന്നായിരുന്നു. ഒരു രോഗിക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചശേഷം അത്രയും തുക ചെലവായില്ലെങ്കിൽ ബാക്കി തുക രോഗിക്കു തുടർചികിത്സയ്ക്കുള്ള മരുന്നുകൾ നൽകുന്നതായിരുന്നു രീതി. വൃക്ക, കാൻസർ രോഗികൾ 2000 മുതൽ 4000 രൂപവരെ വിലയുള്ള മരുന്നുകൾ വാങ്ങി കഴിച്ചിരുന്നത് ഈ പദ്ധതിയിലൂടെ സൗജന്യമായി കിട്ടിയിരുന്നതിനാലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP