Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണിൽ ചോരയില്ലാത്ത കാരുണ്യ ചതിയിൽ ഉറച്ച് പിണറായി സർക്കാർ; ആരോഗ്യ മന്ത്രിയുടെ കാലുപിടുത്തം തോമസ് ഐസക്കിന്റെ കടുംപിടുത്തത്തിന് മുമ്പിൽ ശൂവായി; കാരുണ്യ ബനവലന്റ് പദ്ധതിപ്രകാരം ചികിത്സ നൽകിയാൽ ബാധ്യത ആശുപത്രി അധികൃതർക്കെന്ന് പുതിയ തിട്ടൂരം

കണ്ണിൽ ചോരയില്ലാത്ത കാരുണ്യ ചതിയിൽ ഉറച്ച് പിണറായി സർക്കാർ; ആരോഗ്യ മന്ത്രിയുടെ കാലുപിടുത്തം തോമസ് ഐസക്കിന്റെ കടുംപിടുത്തത്തിന് മുമ്പിൽ ശൂവായി; കാരുണ്യ ബനവലന്റ് പദ്ധതിപ്രകാരം ചികിത്സ നൽകിയാൽ ബാധ്യത ആശുപത്രി അധികൃതർക്കെന്ന് പുതിയ തിട്ടൂരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഉറപ്പിനും പാവങ്ങളുടെ കണ്ണീരൊപ്പാനായില്ല. കാരുണ്യ പദ്ധതി നിർത്തലാക്കുക എന്ന ഭരണകൂട ക്രൂരതയുടെ തോത് കുറയ്ക്കാൻ മന്ത്രി കെ കെ ശൈലജ നടത്തിയ ശ്രമങ്ങളും ധനമന്ത്രി തോമസ് ഐസക്കിന്റെ കടുംപിടുത്തത്തിന് മുന്നിൽ നിഷ്ഫലമായി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) അംഗങ്ങളായവർക്കു തുടർചികിത്സയ്ക്കു കാരുണ്യ ബെനവലന്റ് ഫണ്ടിൽ (കെബിഎഫ്) നിന്നു സാമ്പത്തിക സഹായം നൽകുമെന്ന ഉറപ്പ് സംസ്ഥാന സർക്കാർ പിൻവലിച്ചതോടെ പാഴ് വാക്കാകുന്നത് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്. ചികിത്സാ സഹായത്തിനു ജൂൺ 30 വരെ അപേക്ഷ നൽകിയവർക്ക് കെബിഎഫിൽ നിന്നുള്ള സഹായം ഡിസംബർ 31 വരെ ലഭിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറപ്പ്. എന്നാൽ, കാസ്പ് അംഗങ്ങൾക്കു ജൂലൈ ഒന്നിനു ശേഷം കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം തുടർചികിത്സ നൽകിയാൽ അതിന്റെ സാമ്പത്തിക ബാധ്യത പൂർണമായും ആശുപത്രി അധികൃതർക്കായിരിക്കുമെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്.

കാരുണ്യ ചികിത്സാ സഹായം സംബന്ധിച്ച് ധന, ആരോഗ്യ വകുപ്പുകൾ തമ്മിലുള്ള ശീതസമരത്തിന്റെ തുടർച്ചയാണ് ഈ മാസം 24നു പുറപ്പെടുവിച്ച സർക്കുലർ. കാസ്പ് അംഗങ്ങൾക്കു കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് ഡിസംബർ 31 വരെ തുടർചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നെങ്കിലും ധനമന്ത്രി തോമസ് ഐസക് അന്നേ ഇതിനു വിരുദ്ധമായ നിലപാടാണു സ്വീകരിച്ചത്.

കാസ്പ് അംഗമല്ലെങ്കിലും റേഷൻകാർഡിൽ വാർഷികവരുമാനം 3 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ചികിത്സാസഹായം തുടരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. സർക്കാർ നിലപാടിൽ അന്നേ അവ്യക്തത നിലനിൽക്കെയാണ് കെബിഎഫിൽ നിന്ന് ഇനി ചികിത്സാ സഹായം ലഭിക്കില്ലെന്ന് കാരുണ്യ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ സർവീസസ് കോർപറേഷനും നൽകിയ സർക്കുലറിൽ വ്യക്തമാക്കിയത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരും തൊഴിലാളികളുമായ 40.96 ലക്ഷം പേരാണു കാസ്പ് അംഗങ്ങളായുള്ളത്.

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ ചേർത്ത് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്നു. ഇതേത്തുടർന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂൺ 30-ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയിൽപ്പെട്ടവർക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടു.

സാധാരണക്കാരിൽനിന്നു പ്രതിഷേധം ശക്തമായതിനെ തുടർന്ന് പദ്ധതിയുടെ സമയ പരിധി നീട്ടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. കാരുണ്യ ലോട്ടറിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതി തുടരാൻ ധന വകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയിൽ അടുത്ത വർഷം മാർച്ച് 31 വരെ ചേരാമെന്നും മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചിരുന്നു. ഉത്തരവിറങ്ങും വരെ ചികിത്സ തേടി എത്തുന്നവരെ തിരിച്ചയ്ക്കരുതെന്നും ആശുപത്രികൾ കണക്കുകൾ സൂക്ഷിക്കണമെന്നും പണം സർക്കാർ നൽകുമെന്നുമായിരുന്നു മന്ത്രി അറിയിച്ചത്. ഇതു തള്ളിയാണ് ധനവകുപ്പ് രംഗത്തെത്തിയത്.

കിടത്തിച്ചികിത്സയിലുള്ള രോഗികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇൻഷ്വറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. റിലയൻസിനാണു നടത്തിപ്പു ചുമതല നൽകിയത്.പുതിയ ചികിത്സാ പദ്ധതി വന്നതോടെ കാരുണ്യ ചികിത്സ സഹായ പദ്ധതിയുടെ രജിസ്ട്രേഷൻ ജൂൺ മുപ്പതിന് സർക്കാർ അവസാനിപ്പിച്ചിരുന്നു. ആശുപത്രിയിൽ അഡ്‌മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാൽ നേരത്തേ കാരുണ്യ വഴി ഇതു ലഭിച്ചിരുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ പദ്ധതിയിൽ നിന്നും ഇതുവരെയും ഇൻഷുറൻസ് തുക ലഭ്യമായി തുടങ്ങിയിട്ടില്ല. അതിനാൽ മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയ കാത്തുകഴിയുന്ന നിർധനരോഗികളുടെ ബന്ധുക്കൾ നെട്ടോട്ടമോടുകയാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011-12 വർഷത്തെ ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിക്കും പ്രതിച്ഛായത്തിളക്കം നൽകിയ പദ്ധതിയിൽ ഒട്ടേറെ പാവപ്പെട്ട രോഗികൾക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു. കാൻസർ, ഹൃദ്രോഗം, വൃക്ക, കരൾ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ചെലവുകൾ താങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് കാരുണ്യ തുടങ്ങിയത്.

ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കും പ്രതിവർഷം 3 ലക്ഷം രൂപവരെ വരുമാനമുള്ള എപില്ലുകാർക്കും ആയിരുന്നു ആനുകൂല്യം. അത്യാവശ്യ ഘട്ടങ്ങളിൽ രോഗിക്കു 24 മണിക്കൂറിനകം 2 ലക്ഷം രൂപവരെ ചികിത്സാനുകൂല്യം ലഭിച്ചതും നേട്ടമായിരുന്നു. സർക്കാരിനു ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴിയായിരുന്നു ആനുകൂല്യം നൽകിയിരുന്നത്.

ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ടനുസരിച്ച് ജില്ലാ തല സമിതിയുടെ ശുപാർശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയാൽ തുക ബന്ധപ്പെട്ട ആശുപത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു ഉടൻ എത്തുന്ന തരത്തിൽ സുതാര്യമായിരുന്നു പദ്ധതി. ഇടക്കാലത്ത് തുക മുൻകൂർ ലഭിച്ചിരുന്നത് മാറി ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും ആശുപത്രികൾക്കു ലഭിക്കാതെ വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP